/indian-express-malayalam/media/media_files/2025/10/27/page-2025-10-27-12-30-09.jpg)
ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പുകളും പലപ്പോഴും ശ്രദ്ധ കവരാറുണ്ട്. ക്യാപ്ഷൻ്റെ കാര്യത്തിൽ രമേഷ് പിഷാരടിയുടെ അനിയത്തിയായി വരും മീനൂട്ടി എന്നാണ് സോഷ്യൽ മീഡിയയുടെ വിശേഷണം.
Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ
മീനാക്ഷിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"നീതീയും ന്യായവും എങ്ങനെ കാണുന്നു... (മുൻപത്തെ ഒരു കമൻ്റിലെ ചോദ്യമാണ്). വിഷയം വളരെ വിശദീകരിക്കേണ്ട ഒന്നാണ്. എനിക്കറിയുന്നത് ചെറുതായി ഒന്ന് വിശദീകരിക്കാൻ ശ്രമിക്കാം. മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്നരഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും. ഉദാഹരണം, ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക. അഥവാ ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തൻ്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധി. മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു... ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല. പുരുഷൻ്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി.
മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തൻ്റെ വീൽചെയറിൽ സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ എടിഎമ്മിലോ മാളുകളിലോ കോളേജിലോ ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം . നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാർത്ഥത്തിൽ ഇത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം. ഒരു നാട്ടിൽ ഉള്ള സൗകര്യങ്ങൾ ആ നാട്ടിലുള്ളവരേയും അഭിമാനാർഹരാക്കും.
Also Read: 'അവള്‍ ഇപ്പോഴും ആ തമാശക്കാരി പൊടി തന്നെ'; ഉർവശിയെ ചുംബിക്കുന്ന ചിത്രവുമായി ശോഭന
ഉദാഹരണം, നമ്മുടെ നാട്ടിലെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകളേയും മറ്റും കാണുമ്പോൾ അവരെന്തോ ഉയർന്ന നിലയിലാണ് എന്ന ഫീൽ അവർക്കും നമുക്കും. ഏതാണ്ടിതേ ഫീൽ മറ്റ് സ്റ്റേറ്റുകളിൽ നാം പോകുമ്പോൾ നമുക്കും തോന്നാറുണ്ട് എന്നതാണ് സത്യം. ഇത് ശരിയാണോ എന്നത് മറ്റൊരു കാര്യം. ചുരുക്കത്തിൽ നമ്മൾ മാത്രമല്ല ജീവിക്കേണ്ടത്, അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ്, അഥവാ തുല്യരാണ്, നമ്മൾ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാൽ ജീവിതം സുന്ദരം. അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാൽ മതിയാവും. മിക്ക വികസിത, പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഈ നിലയിലാണ് എന്നു കാണാം. എന്തു കൊണ്ടും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതകളും നിലനിൽക്കുന്ന നാടു തന്നെയാണ് കേരളം, മനസ്സ് വെച്ചാൽ!," ദീർഘമായ കുറിപ്പിൽ മീനാക്ഷി പറയുന്നതിങ്ങനെ.
മീനാക്ഷിയുടെ പക്വമായ ചിന്തകളെ അഭിനന്ദിക്കുന്ന കമന്റുകൾ പോസ്റ്റിനു താഴെ ധാരാളമായി കാണാം. "ഉയർന്ന ചിന്തയും നല്ല കാഴ്ചപ്പാടും ഉള്ള പെൺകുട്ടി," "ഇനി ടോപ് സിംഗറിൽ ഞാൻ കാണുന്ന മീനാക്ഷി വേറെ വല്ല ആളുമാണോ?", "കലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ ഈ പ്രായത്തിൽ ഇങ്ങനെ ഇത്രയും നല്ല നിലപാടോടുകൂടി നിൽക്കുന്ന ഒരാൾ വേറെയില്ല," ഇങ്ങനെ പോവുന്നു കമന്റുകൾ.
Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. 'വൺ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോപ്പ് സിംഗർ' എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
Also Read: കുടുംബദേവതയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് അജിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us