scorecardresearch

കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുന്ന വിചിത്രമായ സിനിമ; 'അയ്യർ ഇൻ അറേബ്യ' റിവ്യൂ: Iyer in Arabia Movie Review

Iyer in Arabia Movie Review: ഫാമിലി ഡ്രാമയാവാന്‍ ശ്രമിക്കുന്നതിനൊപ്പം മത-രാഷ്ട്രീയ-ആക്ഷേപ ഹാസ്യത്തിന്‍റെ സാധ്യതകളും സിനിമ തേടുന്നുണ്ട്. പക്ഷേ ഇതൊന്നും ഒരിടത്തും സിനിമയെ സഹായിക്കുന്നില്ല.

Iyer in Arabia Movie Review: ഫാമിലി ഡ്രാമയാവാന്‍ ശ്രമിക്കുന്നതിനൊപ്പം മത-രാഷ്ട്രീയ-ആക്ഷേപ ഹാസ്യത്തിന്‍റെ സാധ്യതകളും സിനിമ തേടുന്നുണ്ട്. പക്ഷേ ഇതൊന്നും ഒരിടത്തും സിനിമയെ സഹായിക്കുന്നില്ല.

author-image
Aparna Prasanthi
New Update
Iyer in Arabia Movie Review

Iyer in Arabia Movie Review

Film Review: Iyer in Arabia Movie Review: ക്‌ളീഷേ സന്ദർഭങ്ങൾ, ക്ളീഷേ തിരക്കഥ, അതിലേറെ ക്‌ളീഷേ ആയ നിർമിതി, ആദ്യാവസാനം ലാഗ്... പൊതുവേ ആസ്വാദനങ്ങളിലും നിരോപണങ്ങളിലും ഒട്ടും ഉപയോഗിച്ചു കാണാത്ത പ്രയോഗങ്ങളിലൂടെ ചുരുക്കാം ധ്യാൻ ശ്രീനിവാസൻ - എം എ നിഷാദ് ടീമിന്റെ 'അയ്യർ ഇൻ ദുബായ്.' ഫീൽ ഗുഡ് ജോണ്‍റെ ഉദ്ദേശിച്ച്  കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുന്ന വിചിത്രമായ സിനിമയാണ് 'അയ്യർ ഇൻ അറേബ്യ'.

Advertisment

ധ്യാൻ ശ്രീനിവാസനൊപ്പം മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, സുധീർ കരമന, ശ്രീലത നമ്പൂതിരി, ഉല്ലാസ് പന്തളം, ബിജു സോപാനം, ജാഫർ ഇടുക്കി, സുനിൽ സുഖദ, ദുർഗ കൃഷ്ണ, സോഹൻ സീനുലാൽ, ഡയാന ഹമീദ് തുടങ്ങി നീണ്ട താരനിര തന്നെ ഈ സിനിമയിലുണ്ട്. വലിയ ക്യാൻവാസിൽ, ഒരു ഭാഗം മുഴുവൻ ദുബായിൽ ചിത്രീകരിച്ച സിനിമയണിത്. ഫാമിലി ഡ്രാമയാവാന്‍ ശ്രമിക്കുന്നതിനൊപ്പം   മത-രാഷ്ട്രീയ-ആക്ഷേപ ഹാസ്യത്തിന്‍റെ സാധ്യതകളും സിനിമ തേടുന്നുണ്ട്. പക്ഷേ ഇതൊന്നും ഒരിടത്തും സിനിമയെ സഹായിക്കുന്നില്ല. സ്വഭാവികതക്ക് വേണ്ടി അസ്വഭാവികമായി കഷ്ടപ്പെട്ട് കൊണ്ടാണ് 'അയ്യർ ഇൻ ദുബായ്' തുടങ്ങിയവസാനിക്കുന്നത്.

Iyer in Arabia Movie Review: ക്‌ളീഷേയോട് ക്ലിഷേ

ഒരു പരമ്പരാഗത അച്ഛനും പുതിയ കാലത്തെ മകനും തമ്മിലുള്ള ഈഗോ ക്ലാഷുകളാണ് പ്രാഥമികമായി ഈ സിനിമയുടെ പ്രമേയം. ഇതിനിടയിൽ സംഘപരിവാറിനെ പ്രത്യക്ഷമായി കളിയാക്കൽ, ജമാ അത്ത ഇസ്ലാമിക്കെതിരെ പരോക്ഷ വിമർശനം, ക്രിസ്ത്യൻ മതത്തിനകത്തെ ചില ദുഷിപ്പുകൾ തുറന്നു കാണിക്കൽ ഒക്കെ നടത്താൻ സിനിമ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഒരു രീതിയിലും ആഴത്തിലുള്ള അനുഭവമായോ വിനോദിപ്പിക്കുന്ന ആക്ഷേപ ഹാസ്യമായോ സിനിമയിൽ മാറുന്നില്ല. 

മുകേഷിനെ പോലെ ഹാസ്യം അയത്നലളിതമായി കൈകാര്യം ചെയ്യുന്ന നടൻ പോലും കഷ്ടപ്പെട്ട് ഇക്കിളിയിട്ട് ചിരിപ്പിക്കാൻ ശ്രമിക്കും പോലെ തോന്നി പല രംഗങ്ങളിലും. അഭിമുഖങ്ങളിലെ സരസത സിനിമകളിൽ മുഴുനീള കഥാപാത്രങ്ങളിലേക്ക് കാര്യമായി കൊണ്ട് വരാൻ ധ്യാൻ ശ്രീനിവാസന് ഇത് വരേ സാധിച്ചിട്ടില്ല. ഈ സിനിമയിലെ രാഹുലും അതിനു ഉദാഹരണമാണ്. പതിവ് മാനറിസങ്ങളിൽ നിന്നും വിടുതി നേടാൻ ഷൈൻ ടോം ചാക്കോക്ക് ഈ സിനിമയിലും സാധിച്ചിട്ടില്ല. മറ്റ് താരങ്ങളുടെയും അവസ്ഥ അത് തന്നെയാണ്. സാങ്കേതികമായി ഒരു മേഖലയിലും സിനിമയെ കുറിച്ച് എടുത്തൊന്നും പറയാനില്ല.

Advertisment

തിരുവനന്തപുരത്തിനുള്ള ട്രിബ്യൂട്ട് ആയ ഒരു പാട്ടോട് കൂടിയാണ് 'അയ്യർ ഇൻ ദുബായ്' തുടങ്ങുന്നത്. തിരുവനതപുരത്തോടുള്ള തന്‍റെ സ്നേഹവും നന്ദിയുമാണ് ഇതെന്ന് സംവിധായകൻ മുന്‍പ് പറഞ്ഞിരുന്നു. തിരുവനന്തപുരം, ദുബായ് എന്നീ ഭൂമികകളിലാണ് കഥ നടക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിൽ കഥ കൃത്യമായി പ്ലേസ് ചെയ്തു എന്നതാണ് ഈ സിനിമയിൽ സംവിധായകന്‍റെ ഇടപെടലായി തോന്നിയ ഒരേയൊരു കാര്യം. അവിടെ നിന്ന് സിനിമ പിന്നെ വളരുന്നുണ്ടായിരുന്നില്ല.

ശ്രീനിവാസ അയ്യർ എന്ന നവകാല സംഘ പരിവാർ വക്താവായി മുകേഷ് സിനിമയിലെത്തുന്നു. പുരോഗമന വാദിയും സ്നേഹമയിയും ആയ ഭാര്യ ചരിത്ര അധ്യാപിക ജാൻസി റാണി ആയി ഉര്‍വ്വശിയും എത്തുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ നടികളില്‍ ഒരാളായ ഉര്‍വ്വശി, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഒരു സിനിമയില്‍ വന്നു പോകുന്നത് കാണാന്‍ സങ്കടമാണ്. തമിഴ് സിനിമ 'സൂരരൈ പോട്രു' പോലെയുള്ള ഗംഭീര നല്‍കി അവരെ ആദരിക്കുമ്പോള്‍ അവരടെ സ്വന്തം ഭാഷയായ മലയാളത്തില്‍ അവരുടെ കഴിവുകള്‍ക്കൊത്ത സിനിമള്‍ കിട്ടുന്നില്ല എന്നത് അതിലേറെ സങ്കടകരം.

ഗോമാതാ, പതഞ്ജലി, സംസ്കാരം, ശാഖാ മീറ്റിംഗ് ഒക്കെയായി നടക്കുന്ന ഇയാൾക്ക് മകൻ ദുബായിൽ പോകുന്നതിനോട് എതിർപ്പാണ്. പക്ഷേ ഒരു ഘട്ടത്തിൽ അയാള്‍ക്കും ദുബായ്ക്ക് പോകേണ്ടി വരുന്നു. തുടർന്നു നടക്കുന്ന സംഭവങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് നീങ്ങുന്നത്. ആ കഥയെ വേണമെങ്കിൽ ഒരു മത സൗഹാർദ ടിക്ക് റ്റോക്ക് വീഡിയോ എന്നൊക്കെ വേണമെങ്കിൽ പറയാം. അത്തരം ഒരു നിർമിതിയാണ് കഥാപാത്രമായും സാങ്കേതികപരമായും 'അയ്യർ ഇൻ ദുബായ്.' ചില ആക്ഷേപഹാസ്യ രംഗങ്ങൾ ഫേസ്ബുക് മത യുദ്ധങ്ങളെയും ഓർമിപ്പിച്ചു.

ഫീൽ ഗുഡ്, ആക്‌ഷേപ ഹാസ്യ സിനിമയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് തന്നെ സാങ്കേതിക വശങ്ങളിലൊന്നും തന്നെ 'അയ്യർ ഇൻ അറേബ്യ' ശ്രദ്ധിച്ചിട്ടില്ല. കഥയുടെയും തിരക്കഥയുടെയും മുന്നോട്ടുള്ള പോക്കാവട്ടെ പ്രേക്ഷകരെ മുഷിപ്പിക്കും പോലെയാണ്. ട്രെൻഡിനൊത്ത രാഷ്ട്രീയ, മത വിമർശനം സിനിമയില്‍ കൊണ്ട് സിനിമകൾ വിജയിക്കും എന്ന് സിനിമാ പ്രവര്‍ത്തകര്‍ കരുതുന്നുണ്ടെങ്കില്‍ 'ഹാ കഷ്ടം' എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ഈ സിനിമയുടെ നിർമിതിയിലെ സൂക്ഷ്മത കുറവ് സിനിമയിലെ സാമൂഹ്യ-രാഷ്ട്രീയ വിമർശനത്തിലും പ്രതിഫലിച്ചു കാണാം. ആ സൂക്ഷ്മത കുറവ് ആദിമധ്യാന്തം പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന സിനിമയാണ് 'അയ്യർ ഇൻ അറേബ്യ.'

Read Here

Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: