/indian-express-malayalam/media/media_files/uploads/2018/12/Urvasi-on-selecting-roles-daughter-kunjatta-new-generation-directors-actors-wcc-social-media.jpg)
അഭിനയിക്കുന്ന സിനിമയുടെ വിജയ പരാജയങ്ങളാല്‍ താരമൂല്യം കുറയാത്ത ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാള്‍. മലയാള സിനിമാ നായികമാർക്കിടയിലെ 'ഓൾറൗണ്ടർ' എന്ന് വിശേഷിപ്പിക്കാന്‍ തക്കവണ്ണം വ്യത്യസ്തമായ 'ഫില്‍മോഗ്രാഫി'യുടെ ഉടമ. ഇടയ്ക്കിടെ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയും പിന്നീട് തിരിച്ചു വരുകയും വീണ്ടും കുറേക്കാലം കാണാതിരിക്കുകയും ചെയ്തിട്ടും, മലയാളിക്ക് ഒരിക്കലും മടുക്കാത്ത, മറക്കാനാവാത്ത പ്രിയ നായിക, ഉര്‍വ്വശി. ടൊവിനോ തോമസ് നായകനാകുന്ന 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായൊരു കഥാപാത്രവുമായി തിരിച്ചു വരികയാണവര്‍.
ഒരു വര്‍ഷത്തിനു ശേഷം ഒരു സിനിമ റിലീസ് ആവുന്നതിന്റെ ടെന്‍ഷനും തിരക്കുമൊന്നും ഫോണില്‍ ഒരു ഇന്റര്‍വ്യൂ എടുക്കാന്‍ വിളിക്കുമ്പോള്‍ ഉര്‍വ്വശിയുടെ ശബ്ദത്തില്‍ ഇല്ല. ഒരു നല്ല സിനിമ ചെയ്തതിന്റെ സന്തോഷം, എല്ലാവരുടേയും അധ്വാനത്തിനു ഫലമുണ്ടാകും എന്നൊരു ആത്മാര്‍ത്ഥമായ പ്രതീക്ഷ. അവിടെ നിന്ന് തുടങ്ങിയ സംഭാഷണം സിനിമ കടന്ന് ജീവിതത്തിലേക്കും വീണ്ടും തിരിച്ചു സിനിമയിലേക്കും ചക്രം പോലെ കറങ്ങിക്കൊണ്ടിരുന്നു. കാരണം, ഉര്‍വ്വശിയ്ക്ക് സിനിമയും ജീവിതവും രണ്ടല്ല. അങ്ങനെ ആക്കാനും സാധ്യമല്ല. അത് കൊണ്ട് കൂടിയാവാം ഉര്‍വ്വശി ഒരു സിനിമയില്‍ അഭിനയിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത് കാണാന്‍ വേണ്ടി മാത്രം മലയാളി ടിക്കറ്റ് എടുത്തു കയറുന്നത്.
/indian-express-malayalam/media/media_files/uploads/2018/12/Urvasi-in-Ente-Ummante-Peru.jpg)
"ലൊക്കേഷനിൽ ആണെങ്കിൽ ഞാൻ ഫ്രീയാണ്. വീട്ടിലാണ് തിരക്ക്," എന്ന മുഖവുരയോടെ, ചെന്നൈയിലെ വീട്ടിൽ നാലു വയസ്സുകാരൻ മകന്റെ വികൃതികൾക്കിടയില്‍ നിന്നും ഉർവ്വശി ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിച്ചു തുടങ്ങി.
മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയാണ്, എന്നിട്ടും ഇപ്പോള്‍ സിനിമയില്‍ അത്രകണ്ടു സജീവയല്ല ഉര്‍വ്വശി. ഇപ്പോള്‍ തേടി വരുന്ന കഥാപാത്രങ്ങള്‍ ഒരു നടി എന്ന നിലയില്‍ ഏക്സൈറ്റ് ചെയ്യുന്നില്ലേ?
എന്റെ മോന് ഇപ്പോൾ നാലു വയസ്സു കഴിഞ്ഞു. പ്രഗ്നൻസിയും അവന്റെ ജനനവുമൊക്കെയുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തോളമായി മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒന്നാമത് ഒരു ഏജ് കഴിഞ്ഞുള്ള പ്രസവം, തടി വെച്ചു. മോൻ അത്രയും കുഞ്ഞായതു കൊണ്ട് അവനെ വിട്ട് പോവാനുള്ള ബുദ്ധിമുട്ട്. ചെന്നൈയിൽ തന്നെയുള്ള ചെറിയ ഷൂട്ടുകളുമൊക്കെയായി അങ്ങനെ മുന്നോട്ടു പോവുകയായിരുന്നു. അല്ലാതെ ഒരു സിനിമയ്ക്ക് വേണ്ടി 30-35 ദിവസമൊക്കെ മാറി നിൽക്കാവുന്ന ചുറ്റുപാടായിരുന്നില്ല എന്നതാണ് സത്യം.
പിന്നെ​, നമ്മൾ മുൻപു ചെയ്ത ക്യാരക്ടർ വീണ്ടും ചെയ്യുന്നു എന്നു തോന്നാതെ, വ്യത്യസ്തവും എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്നതുമായ സിനിമകളും കഥാപാത്രങ്ങളും വരുമ്പോൾ ചെയ്യാം എന്ന തീരുമാനം കൂടിയുണ്ടായിരുന്നു.
സിനിമ തന്നെയാണ് ജീവിതം എന്ന് കരുതി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ്. എന്നിട്ടും എങ്ങനെ സാധിക്കുന്നു, സിനിമ വിട്ടു നില്ക്കാന്? വിഷമം തോന്നില്ലേ?
ഒരിക്കലുമില്ല. എന്റെ മകളെ പ്രസവിച്ചപ്പോഴും അവളുടെ വളർച്ച കണ്ടിരിക്കാം എന്നാഗ്രഹിച്ച ഒരാളാണ് ഞാൻ. ഒരു സങ്കടവുമില്ല. കിട്ടിയതെല്ലാം നല്ലത്, എന്തെങ്കിലും കിട്ടാതെ പോയിട്ടുണ്ടെങ്കിൽ അത് അതിനേക്കാൾ നല്ലത് എന്നാണ് എന്റെ വിശ്വാസം.
സിനിമ ചെയ്യാത്തപ്പോള്‍ വേറെ എന്തൊക്കെയാണ് ചെയ്യുന്നത്?
എന്റെ വീട്ടിലെ ഒരുവിധം എല്ലാ ജോലികളും ഞാൻ തന്നെ ചെയ്യും. എനിക്കതിഷ്ടമാണ്. അടുക്കളയിൽ തന്നെയാവും ഞാൻ മിക്കവാറും സമയങ്ങളിൽ. പിന്നെ​ എന്റെ സുഹൃത്തുക്കളുണ്ട്, കുടുംബ സുഹൃത്തുക്കളുണ്ട്, ചേട്ടന്റെ സുഹൃത്തുക്കളുണ്ട്. ഗസ്റ്റുകളുണ്ടാവും. ഗെറ്റ് റ്റുഗദറുകൾ ഉണ്ടാകും. മോനുമായി അമ്പലങ്ങളും മറ്റുമായി കറക്കം തന്നെയാണ്. ഞാൻ മുൻപേ പറഞ്ഞില്ലേ, ഒന്ന് ഫ്രീയാവുന്നത് ഷൂട്ടിംഗ് ലൊക്കേഷനിലാണ്. എന്റെ വീട്ടിൽ എനിക്ക് സമയം പോരാ എന്നതാണ് അവസ്ഥ.
മോൻ ഇപ്പോൾ എൽകെജി ആയി. നല്ല വികൃതിയാണ്, വികൃതിയ്ക്ക് കയ്യും കാലും വെച്ചത്ര കുസൃതിയാണ്. നമ്മൾ ചെയ്യുന്ന ജോലികളൊക്കെ അവനും ചെയ്യണം. ഞങ്ങളുടെ കുട്ടിക്കാലത്തു കൽപ്പന ചേച്ചിയായിരുന്നു ഏറ്റവും വലിയ കുസൃതി. ലോകത്തുള്ള സകല കുസൃതിയും കൊടുത്താണ് ചേച്ചിയെ ദൈവം ഇങ്ങോട്ട് വിട്ടത് എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്. ഞാനൊക്കെ വളരെ സൈലന്റായിരുന്നു അന്ന്, എന്റെ ആ പ്രകൃതം കിട്ടിയത് കല്പന ചേച്ചിടെ മോൾക്കാണ്. എന്റെ മോനും മോളുമൊക്കെ പ്രകൃതം കൊണ്ടും കുസൃതി കൊണ്ടും കൽപ്പനചേച്ചി തന്നെയാണ്. അവര്‍ രണ്ടും പേരും കൂടി ചേർന്നു കഴിഞ്ഞാൽ വീട് രണ്ടാകും.
മകള്‍ കുഞ്ഞാറ്റ കല്പനയെ അനുകരിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് കണ്ടിരുന്നോ, എന്തായിരുന്നു മനസ്സില്‍ അപ്പോള്‍?
ഞാൻ എല്ലാം കാണാറുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് എനിക്ക് അവൾ അയച്ചു തരും. ഞാൻ പിന്നെ അധികം പ്രോത്സാഹിപ്പിക്കാറില്ല. ഡിഗ്രി കഴിയട്ടെ എന്നു വച്ചിരിക്കാണ്.
ഞാൻ പറഞ്ഞില്ലേ, അവളുടെ സ്വഭാവം കുഞ്ഞിലെ മുതൽ കൽപ്പനചേച്ചിയെ പോലെ തന്നെയാണ്. ചേച്ചിയെ പോലെ തന്നെയാണ് മോളുടെ സംസാരവും പെരുമാറ്റവും എല്ലാം. നല്ല സെൻസ് ഓഫ് ഹ്യൂമറാണ്. നല്ലോണം തമാശകൾ പറയാനും അറിയാം.
മകളും സിനിമയില്‍ എത്തും എന്ന് പ്രതീക്ഷിക്കാമോ?
സിനിമയിൽ വരുമോ ഇല്ലയോ എന്നതൊക്കെ പിന്നീടുള്ള കാര്യമാണ്. അവളുടെ കോളേജിൽ എല്ലാവരും കുഞ്ഞാറ്റ അഭിനയിക്കണം, ടാലന്റുണ്ട് എന്നൊക്കെ അവളെ പ്രമോട്ട് ചെയ്യുന്നുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ച് പഠിത്തം കഴിഞ്ഞതിനു ശേഷം,​ അന്നും അഭിനയിക്കണമെന്നാണ് തീരുമാനമെങ്കിൽ അങ്ങനെ ആയ്ക്കൊട്ടെ എന്നുള്ളതേയുള്ളൂ. എനിക്കൊക്കെ കുറച്ചൂടെ പഠിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതു കൊണ്ടും കൂടിയാണ് ഞാൻ കുഞ്ഞാറ്റയോട് അങ്ങനെ പറയുന്നത്.
മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പോലെ സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ കൂടി കടന്നു പോയ്കൊണ്ടിരിക്കുകയാണ് മലയാള സിനിമ. ഏതാണ്ട് മൂന്ന്-ദശാബ്ദങ്ങളായി സിനിമയില്‍ നിൽക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഒരു പെൺകുഞ്ഞിന്റെ അമ്മയാണെന്ന രീതിയിൽ എനിക്ക് നല്ല ഭയമുണ്ട്. ഞാൻ വളർന്നതും വളരെ കൺസർവേറ്റീവ് ആയൊരു കുടുംബത്തിലാണ്. സ്ത്രീകൾ ജോലി ചെയ്യണം, സിനിമ തെരെഞ്ഞെടുക്കുന്നതിൽ തെറ്റില്ല, സിനിമ നല്ലൊരു ഇൻഡസ്ട്രിയാണ് എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ ഉള്ള കുടുംബമാണ് എന്റേത്. എന്നാൽ അതു കഴിഞ്ഞാൽ ആരുടെ വീട്ടിൽ പോവാനും ആരുമായും കൂട്ടുകൂടാനുമൊന്നുമുള്ള അനുമതി എനിക്കുണ്ടായിരുന്നില്ല.​ ഒറ്റയ്ക്ക് യാത്ര ചെയ്യുക, ഒറ്റയ്ക്ക് ഷൂട്ടിംഗിന് പോവുക അങ്ങനെയൊന്നും ഞങ്ങളുടെയൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല. കൂടെ എപ്പോഴും ഒരാളുണ്ടാവും. അതു ശീലിച്ചു പോയതോണ്ട് എനിക്കിപ്പോഴും ഒറ്റയ്ക്കൊരു കാര്യം ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്.
പുതിയ കുട്ടികൾ ധൈര്യമായി നടക്കുന്നത് നമുക്ക് സന്തോഷമൊക്കെയാണ്. പക്ഷേ കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണല്ലോ കൂടുതലും കേട്ടു കൊണ്ടിരിക്കുന്നത്. തുറന്നു പറയാനും മറ്റുള്ളവരുമായി പങ്കു വെയ്ക്കാനുമൊക്കെ പുതിയ കുട്ടികൾ തയ്യാറാവുന്നതും അതിനൊക്കെ സോഷ്യൽ മീഡിയ ഹെൽപ്പ് ചെയ്യുന്നതുമൊക്കെ നല്ലതായി തോന്നുന്നു. പണ്ടൊക്കെ ഒരു പ്രശ്നം ഉണ്ടായാൽ ആരോടാ ഒന്നു പറയുക, പറഞ്ഞാൽ പ്രശ്നമാകുമോ? അത്തരം ചിന്തകളാണ്. ഇപ്പോൾ അതൊക്കെ കുറവാണ്. ധൈര്യമായി പെൺകുട്ടികൾ പറയുന്നുണ്ട്. അതൊരു വലിയ കാര്യമായി ഞാൻ കണക്കാക്കുന്നു. മാറ്റങ്ങൾ ഉണ്ടാവുന്നത് നല്ലതാണ്. ധൈര്യം കൈവരിക്കുന്നതിനൊപ്പം തന്നെ പെൺകുട്ടികൾ കരുതലോടെയും ജാഗരൂകതയോടെയും ഇരിക്കണം.
Read Here: മായമില്ല, മന്ത്രമില്ല… അഭിനയവഴികള്‍ പറഞ്ഞ് ഉര്‍വ്വശി
/indian-express-malayalam/media/media_files/uploads/2018/12/Urvasi-on-Ente-Ummante-Peru-Tovino-Thomas.jpg)
ഡബ്ല്യൂ സി സി യുടെ പ്രവര്‍ത്തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ക്കൊപ്പം ചേരാനോ പ്രവര്‍ത്തിക്കാനോ ഒന്നും ആലോചിച്ചില്ലേ? അവരുടെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു ശ്രമം ഉണ്ടായോ?
അതിൽ ചേരുക എന്നതല്ലല്ലോ പ്രധാനം. കേരളത്തിലെ സിനിമാ രംഗത്തു അവരെല്ലാവരും ഉണ്ട്. സ്ത്രീകളുടെ ശബ്ദമാകാൻ കഴിവുള്ള, അവർക്ക് ബലം കൊടുക്കാൻ കഴിയുന്ന ഒരു സംഘടന ഉണ്ടാവുക എന്നു പറയുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. അതിനു വേണ്ടി മുഴുവൻ സമയവും നൽകാനുള്ള ഒരു പശ്ചാത്തലം എനിക്കിപ്പോഴില്ല. ഏതൊരു സ്ത്രീയ്ക്കും സപ്പോർട്ട് നൽകുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കണം എന്നെ ഞാൻ പറയുകയുള്ളൂ. കാരണം നമ്മൾ പറഞ്ഞാൽ വിവാദമാകുമോ എന്നു ഭയന്ന്, പറയാൻ പറ്റാതെ വരുമ്പോൾ നമ്മുടെ ശബ്ദമായി ഒരു സംഘടന ഉണ്ടാവുന്നത് ഒരു ബലമാണ്. എന്റെ കൂട്ടത്തിൽ നിൽക്കുന്ന ആളുകളാണ് അതു ചെയ്യുന്നത് എന്നത്​​ എനിക്കും പിന്തുണയേകുന്നുണ്ട്.
പുതിയ മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ? പുതിയ തലമുറയില്‍ ഇഷ്ടപ്പെട്ടവര്‍ ആരൊക്കെയാണ്?
എനിക്ക് എല്ലാവരെയും ഇഷ്ടമാണ്, ആരാണ് മോശം? പൃഥിയുടെ ജനറേഷൻ മുതൽ ഇങ്ങോട്ട് ഫഹദ്, ആസിഫ്, നിവിൻ, ടൊവിനോ... ഏതു ഹീറോയായാലും, ആരെയാണ് ഒരു കഥാപാത്രമാവാൻ കഴിയില്ലെന്നു പറഞ്ഞ് മാറ്റി നിർത്താൻ പറ്റുക? എന്തെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇവരൊക്കെ ചെയ്യുന്നത്. ഫഹദിനെയൊക്കെ നോക്കൂ, ഫഹദിന് ചെയ്യാൻ പറ്റാത്ത ഏതു ക്യാരക്ടർ ആണുള്ളത്? ഇവരാരും ഇമേജ് നോക്കി ചെയ്യുന്ന ആൾക്കാരല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടൊവിനോയെ നോക്കൂ, ഒരു അമ്മ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിൽ തനിക്കു തന്റെ റോൾ നന്നായി ചെയ്യാൻ പറ്റും, ആ സിനിമ വിജയിപ്പിക്കാൻ തനിക്കു കഴിയും എന്ന ആത്മവിശ്വാസത്തോടെ അഭിനയിക്കുന്നു. ഒരുപാട് ഓഫറുകളും അവസരങ്ങളും എല്ലാം ഉണ്ടായിട്ടും സിനിമയുടെ നന്മ അറിഞ്ഞ് നിൽക്കുകയാണ്. അത്തരം സമീപനങ്ങളാണ് ടൊവിനോ, ഫഹദ് പോലുള്ള ഇപ്പോഴത്തെ യുവതാരങ്ങളുടെയെല്ലാം നല്ല ക്വാളിറ്റികളിൽ ഒന്ന്.
അതുപോലെ തന്നെ ഇഷ്ടമാണ് സിനിമയിലെ പുതിയ പെൺകുട്ടികളെയും. സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ചെയ്യാനും എഴുതാനുമൊക്കെ​ ആളുകളുണ്ട്. പക്ഷേ, അത്തരം സിനിമകൾ കൂടുതൽ വിജയിച്ചാൽ മാത്രമേ നിർമ്മാതാക്കൾക്ക് കൂടുതൽ ചിത്രങ്ങൾ എടുക്കാനുള്ള ധൈര്യം ഉണ്ടാകൂ. അത്തരം സിനിമകൾ കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സ്ത്രീപക്ഷത്തു നിൽക്കുന്ന സിനിമ എന്നു പറയുമ്പോൾ അത് സ്ത്രീകളുടെ കരച്ചിൽ മാത്രമല്ല. വിവിധ ഭാവങ്ങളുണ്ട്. അതു മനസ്സിലാക്കിയുള്ള എഴുത്തുകൾ ഉണ്ടാവണം. ശ്രീനിയേട്ടനെ പോലെയും സത്യേട്ടനെ പോലെയുമൊക്കെയുള്ളവർ അത് മനസ്സിലാക്കിയവരാണ്.
Read More: ഉര്‍വ്വശിയെന്ന 'ഓൾറൗണ്ടർ'
പുതിയ കാലത്തെ സിനിമയെ എങ്ങനെ നോക്കി കാണുന്നു?
അന്നൊക്കെ കുടുംബ പശ്ചാത്തലമായിരുന്നു കൂടുതൽ. അച്ഛൻ,​ അമ്മ, അമ്മാവൻ പോലുള്ള കഥാപാത്രങ്ങൾ പഴയ സിനിമകളിൽ അവിഭാജ്യഘടകം പോലെ ആയിരുന്നു. ഇന്ന് അത്തരം ബന്ധങ്ങൾ പഴയത്ര സജീവമല്ല സിനിമകളിൽ, കുറഞ്ഞു വരികയാണ്. പേരിന് ഒരു അച്ഛനും അമ്മയും ഉണ്ടാകും. പിന്നെ കൂട്ടുകാർക്കൊക്കെയാണ് പ്രാധാന്യം.
നല്ല സിനിമകൾ വരട്ടെ, വിജയിക്കട്ടെ എന്നാണ് എപ്പോഴും ആഗ്രഹം. 'എന്റെ ഉമ്മാന്റെ പേര്' ഒരു കുടുംബ ചിത്രമാണ്. അതു വിജയിക്കട്ടെ എന്നു ഞാനാഗ്രഹിക്കുന്നതു അത്തരം നല്ല കുടുംബചിത്രങ്ങൾ കൂടുതലായി വരട്ടെ എന്നൊരു ആഗ്രഹം കൂടി കൊണ്ടാണ്. സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്ന സിനിമയാകുമ്പോൾ മാത്രമേ കൂടുതൽ കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് വരികയുള്ളൂ.
ഉര്‍വ്വശിയെ വച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ടാകും. ഉര്‍വ്വശിയ്ക്ക് ആരോടോപ്പമെങ്കിലും അഭിനയിക്കണം എന്നോ, എന്തെങ്കിലും പ്രത്യേക കഥയോ, അല്ലെങ്കില്‍ ഒരു സംവിധായകന്റെ, നടന്റെ, സാങ്കേതിക പ്രവര്‍ത്തകന്റെ കൂടെ ജോലി ചെയ്യണം എന്നോ ആഗ്രഹമുണ്ടോ?
ഇപ്പോഴത്തെ സംവിധായകരെല്ലാം വളരെ വ്യത്യസ്തമായ ആംഗിളിൽ കഥ പറയുന്നവരാണ്. മലയാളത്തിൽ ഇതു വരെ പറഞ്ഞിട്ടില്ലാത്ത വ്യത്യസ്ത പ്രമേയങ്ങൾ ചെയ്യണം​ എന്നാഗ്രഹിക്കുന്നവർ അക്കൂട്ടത്തിലുണ്ട്. ഉദാഹരണത്തിന് 'ആമേൻ' പോലെയൊക്കെയുള്ള സിനിമ. മലയാളി മുൻപ് കാണാത്ത തരത്തിലുള്ള പരീക്ഷണചിത്രമാണ് അത്. പുതിയ തലമുറയ്ക്ക് ഒപ്പം ചേർന്നു വർക്ക് ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ ഈ പറയുന്നതുപോലെ വളരെ ശക്തമായ സ്ത്രീ സാന്നിധ്യം ഉണ്ടാവുക എന്നതാണ് ഞാൻ നോക്കുന്നത്. എന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ സിനിമയിൽ അവരുടെ സാന്നിധ്യം രേഖപ്പെടുത്താൻ കഴിയുന്നവരായിരിക്കണം, കഥയുമായി ചേർന്നു പോകുന്നതായിരിക്കണം എന്നൊക്കെയാണ് എന്റെ പ്രിഫെറെൻസ്.
സിനിമയേ ഞാൻ രണ്ടു രീതിയിലാണ് അപ്രോച്ച് ചെയ്യുന്നത്, ​ഒന്നുകിൽ വിജയ ചിത്രങ്ങളുടെ ഭാഗമാവുക. അല്ലെങ്കിൽ ഞാൻ ആ സിനിമയുടെ വിജയത്തിന്റെ ഭാഗമാവുക. എന്റെ കൂടെ പ്രയത്നം ഈ സിനിമയ്ക്ക് പിറകിലുണ്ടെന്ന ഒരു അഭിമാനം സമ്മാനിക്കുന്ന സിനിമകൾ ചെയ്യുക. രണ്ടിൽ ഏതെങ്കിലും ഒന്ന് ശരിയാവുക എന്നുള്ളതാണ്.
/indian-express-malayalam/media/media_files/uploads/2018/12/Urvasi-and-Tovino-Thomasin-Ente-Ummante-Peru.jpg)
അടുത്തത് ഇനിയെപ്പോഴാണ് കാണുക?
ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. ആറോളം സ്ക്രിപ്റ്റുകൾ മുന്നിലുണ്ട്, വായിക്കുന്നു. ഒന്നും ഫൈനൽ ചെയ്തിട്ടില്ല. നെഗറ്റീവ് കഥാപാത്രമോ പോസിറ്റീവ് കഥാപാത്രമോ ആയിക്കൊള്ളട്ടെ, ഇംപ്രസീവ് ആയ കഥാപാത്രം ചെയ്യണം എന്നാണ് ആഗ്രഹം.
അതു പോലെ, ആദ്യം മുതൽ അവസാനം വരെ കരഞ്ഞോണ്ടിരിക്കുന്ന കഥാപാത്രങ്ങളോട് എന്തോ പണ്ടു മുതലേ​ എനിക്ക് താൽപ്പര്യമില്ല. കുറച്ചൊരു പ്രസന്നതയുള്ള, ഇടയ്ക്ക് കണ്ണുനിറയ്ക്കുന്ന, നല്ല കഥാപാത്രങ്ങൾക്കായി വെയിറ്റ് ചെയ്യുകയാണ്. എല്ലാറ്റിനും അപ്പുറം എല്ലാം ഈശ്വരന്റെ തീരുമാനമാണെന്നാണ് വിശ്വസിക്കുന്നത്. പുള്ളിയാണല്ലോ തിരക്കഥാകൃത്ത്, എല്ലാം എഴുതി വെച്ചിരിക്കുകയല്ലേ?
സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലല്ലോ?
പണ്ടു മുതലേ സോഷ്യൽ മീഡിയയോട് എനിക്ക് വലിയ ആകർഷണമില്ല. ടിവിയേക്കാളും എനിക്കിഷ്ടം പുസ്തകങ്ങളാണ്. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്ന കാര്യത്തിൽ എന്തോ ഞാനൊട്ടും ഫ്ളെക്സിബിൾ അല്ല, എനിക്ക് താൽപ്പര്യവും കുറവാണ്. ഇഷ്ടപ്പെട്ട പുസ്തകം അതൊരു പത്തു തവണ വായിച്ചതാണേലും വീണ്ടും എടുത്തുവെച്ച് വായിക്കാൻ മടിയില്ല. പക്ഷേ സോഷ്യൽ മീഡിയ കാര്യങ്ങൾ ഒക്കെ മടിയാണ്. അതിൽ താല്പര്യം കുറവാണെങ്കിലും കാര്യങ്ങൾ എല്ലാം അറിയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.