മലയാള സിനിമാ നായികമാരില്‍​ ഒരു ‘ഓൾറൗണ്ടർ’ ഉണ്ടെങ്കില്‍ അതാണ്‌ ഉർവ്വശി എന്ന അഭിനേത്രി. കഥ ഹാസ്യമോ സീരിയസോ കണ്ണീരോ ആകട്ടെ, വേഷം എന്തായാലും അത് ഉർവ്വശിയുടെ കയ്യിൽ ഭദ്രമാണ്. മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക് ആയ അഭിനയം കാഴ്ച വെയ്ക്കുന്ന അഭിനേത്രി കൂടിയാണ് ഉർവ്വശി എന്ന് വേണമെങ്കില്‍ പറയാം. പലപ്പോഴും അഭിനയം എന്നതിനേക്കാൾ, സ്ക്രീനിൽ ജീവിക്കുകയായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ.

ദേശീയ അവാർഡും കേരള – തമിഴ്നാട് സർക്കാരുകളുടെ അവാർഡുകളുമടക്കം നിരവധിയേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ നടിയുടെ പ്രതിഭ മലയാളികൾ പലപ്പോഴും വേണ്ടത്ര ചർച്ച ചെയ്തിട്ടില്ലെന്നു പോലും തോന്നാറുണ്ട്. മലയാളം കണ്ട മികച്ച നടിമാരുടെ പട്ടികയെടുത്താൽ അനിഷേധ്യമായൊരു ഇടം തന്നെ കയ്യാളുന്ന അതുല്യ പ്രതിഭയാണ് ഉർവ്വശി. മറ്റാർക്കും അനുകരിക്കാനാവാത്ത, വേറിട്ട അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ അഭിനേത്രി.

Urvasi, Ente Ummaante Peru

‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തില്‍ ഐഷയായി ഉര്‍വ്വശി

ഒരുവിധം​ എല്ലാ ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ച ഉര്‍വ്വശി അവതരിപ്പിച്ചതിൽ കൂടുതലും അപാരമായ റേഞ്ചുള്ള കഥാപാത്രങ്ങളാണ്. ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ സൗത്ത് ഇന്ത്യയിൽ ഉര്‍വ്വശിക്ക് പകരക്കാരുണ്ടോ എന്ന് സംശയമാണ്. മറ്റു നായികാനടിമാരിൽ നിന്നും ഉര്‍വ്വശിയെ വേറിട്ട വ്യക്തിത്വമാക്കി മാറ്റുന്നതും ഹാസ്യം കൈകാര്യം ചെയ്യുന്നതിലുള്ള ആ കഴിവ് തന്നെയായിരിക്കും. അഭിനയത്തിലെ ‘വെർസറ്റാലിറ്റി’ കാണിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ‘മഴവിൽ കാവടി’യിലും യോദ്ധയിലുമൊക്കെ ഹാസ്യം ചെയ്ത് മലയാളികളെ ഒന്നടക്കം ചിരിപ്പിച്ച അതേ ഉര്‍വ്വശി തന്നെയാണ് ‘കഴകം’, ‘മൃഗയ’ പോലുള്ള ചിത്രങ്ങളിൽ സീരിയസ് വേഷങ്ങൾ ചെയ്ത് നമ്മളെ അമ്പരിപ്പിച്ചതും.

‘മിഥുന’ത്തിലെ തമാശയും ഏഷണികളും അതിമനോഹരമായി ഫലിപ്പിക്കുന്ന സുലോചന, ‘കടിഞ്ഞൂൽ കല്യാണ’ത്തിലെ അരവട്ടുള്ള ഹൃദയകുമാരി, ‘തലയണമന്ത്ര’ത്തിലെ സൂത്രക്കാരിയായ കാഞ്ചന, ‘മഴവിൽക്കാവടി’യിലെ തമിഴ് പെൺകൊടി ആന്ദനവല്ലി, ‘പൊൻമുട്ടയിടുന്ന താറാവി’ലെ സ്നേഹലത, ‘യോദ്ധ’യിലെ ദമയന്തി, ‘ലാൽസലാ’മിലെ അന്നക്കുട്ടി, ‘ഭാര്യ’യിലെ ശൈലജ, ‘സ്ത്രീധന’ത്തിലെ വിന്ധ്യ, ‘കളിപ്പാട്ട’ത്തിലെ സരോജം, ‘സ്ഫടിക’ത്തിലെ തുളസി തുടങ്ങി ഉർവ്വശി അഭിനയിച്ച ജീവസ്സുറ്റ ഓരോ കഥാപാത്രത്തിനും മറ്റൊരാളെ പകരം സങ്കൽപ്പിക്കാൻ പോലും കഴിയില്ല.​ അത്ര മാത്രം പൂർണതയോടെയാണ് ഉർവ്വശി കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുന്നത്.

 

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 500 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഉർവ്വശി തന്റെ എട്ടാം വയസ്സിലാണ് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 13-ാം വയസ്സിൽ നായികയായും അരങ്ങേറ്റം കുറിച്ചു. ‘മുന്താണൈ മുടിച്ചി’ലെ പരിമളം എന്ന കഥാപാത്രത്തെ അതിഗംഭീരമായി അഭിനയിപ്പിച്ച് ആ 13കാരി പെൺകുട്ടി അന്ന് തമിഴകത്തെ മുഴുവനാണ് വിസ്മയിപ്പിച്ചത്.

അഞ്ചു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ‘അച്ചുവിന്റെ അമ്മ’യിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സിനുള്ള അവാർഡും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡും ഉര്‍വ്വശി സ്വന്തമാക്കി. 1989 മുതൽ തുടർച്ചയായി മൂന്ന് തവണ കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ഉർവ്വശിയ്ക്കായിരുന്നു.

 

മലയാള സിനിമയിൽ നിന്ന് പലതവണ ബ്രേക്ക് എടുക്കുകയും ഗംഭീര തിരിച്ചു വരവ് നടത്തുകയും ചെയ്ത നടി കൂടിയാണ് ഉർവ്വശി. 1999 ൽ വിവാഹത്തോടെ അഭിനയത്തോട് താൽക്കാലികമായി വിട പറഞ്ഞ ഉർവ്വശി ആറു വർഷങ്ങൾക്ക് ശേഷം ‘അച്ചുവിന്റെ അമ്മ’യിലൂടെ ഗംഭീര മടങ്ങി വരവ് നടത്തി, മികച്ച സ്വഭാവ നടിയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം നേടിയെടുത്തു. 2016 ൽ പുറത്തിറങ്ങിയ ‘അരവിന്ദന്റെ അതിഥികൾ’ ആണ് അടുത്തിടെ പുറത്തു വന്ന ഉർവ്വശിയുടെ ശ്രദ്ധേയമായൊരു ചിത്രം. ചിത്രത്തിലെ ഉർവ്വശിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Read More: ഹമീദായി ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേര്’ ചിത്രങ്ങൾ

വീണ്ടുമിതാ ഒരു മലയാളം ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുകയാണ് ഉർവ്വശി. ടൊവിനോ നായകനാകുന്ന പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേരി’ൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്. ഉർവ്വശിയും ടോവിനോയും ഒന്നിച്ചു സ്‌ക്രീനിലെത്തുമ്പോൾ അത് രസകരമായ അഭിനയ മുഹൂർത്തങ്ങൾക്കു കൂടിയാവും സാക്ഷ്യം വഹിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook