മലയാളി സ്ത്രീയെ മായമേതുമില്ലാതെ വെള്ളിത്തിരയില്‍ പകര്‍ത്തിയ നടിയാണ് ഉർവശി. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ ആ കഥാപാത്രത്തെ ഉർവശി തന്മയത്വത്തോടെ, മലയാളിത്തത്തോടെ അവതരിപ്പിക്കും. മലയാളം കടന്നപ്പോഴും സ്ക്രീനിൽ ജീവിക്കുക തന്നെയായിരുന്നു ഉർവശിയുടെ കഥാപാത്രങ്ങൾ. ഏറ്റവും പുതിയതായി തമിഴില്‍ ‘സൂരറൈ പോട്ര്,’ ‘മൂക്കുത്തി അമ്മന്‍,’ ‘പുത്തം പുതു കാലൈ’ എന്നീ ചിത്രങ്ങളിലെ അവതരണത്തിനു വീണ്ടും കയ്യടി നേടുകയാണ് ഉര്‍വശി.
പുതിയ സിനിമകളിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനോടൊപ്പം തന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായൊരു സിനിമയെക്കുറിച്ചും ഉര്‍വശി സംസാരിക്കുന്നു. ഉര്‍വശിക്ക് മാത്രം ചെയ്യാന്‍ കഴിയുമായിരുന്ന ഒരു കഥാപാത്രം. മലയാളി നെഞ്ചോട് ചേര്‍ത്ത കാഞ്ചന. ശ്രീനിവാസന്റെ രചനയില്‍ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘തലമണയന്ത്രം.’
അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടുന്നു. തന്നോടു തന്നെ മത്സരിക്കുന്ന ഉര്‍വശിയെയാണ് പ്രേക്ഷകർക്ക് ഈ ചിത്രങ്ങളിലെല്ലാം കാണാൻ കഴിയുന്നത്?
അനൂപ് സത്യൻ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം പ്ലാൻ ചെയ്തപ്പോൾ തന്നെ പറഞ്ഞു, ‘ഇതൊരു അമ്മയും മകളും തമ്മിലുള്ള ബന്ധമാണ്. പക്ഷേ ‘അച്ചുവിന്റെ അമ്മ’ പോലുള്ള ഒരു അമ്മയല്ല. ആ പാറ്റേൺ അല്ല. ഈ കഥാപാത്രം ചേച്ചി ചെയ്തില്ലെങ്കിൽ ഞാൻ നിരാശനാവും.’ ഒരു ഗസ്റ്റ് റോൾ ആണെന്നു കേട്ടപ്പോൾ ഞാനൊന്നു മടിച്ചു, മറ്റൊന്നും കൊണ്ടല്ല അത്തരം വേഷങ്ങൾ ചെയ്തു തുടങ്ങിയാൽ പിന്നെ അതൊരു പതിവാകും. എല്ലാവരും പരിചയക്കാരാണ്, ആരോടും നോ പറയാൻ പറ്റില്ല. നമ്മളതിന്റെ പിറകെ നടക്കേണ്ടി വരും. മറ്റാരെയെങ്കിലും നോക്കാമോ? എന്നാണ് ഞാനാദ്യം അനൂപിനോട് ചോദിച്ചത്.
‘ആ പയ്യൻ മിസ്സായതിൽ എനിക്ക് സങ്കടമില്ല, പക്ഷേ ആ അമ്മ മിസ്സായതിൽ എനിക്ക് സങ്കടമുണ്ട് എന്ന് നായിക പറയണമെങ്കിൽ പ്രേക്ഷകർക്കും കൂടിയത് തോന്നുന്ന രീതിയിൽ പ്രസന്റ് ചെയ്യണം. അത് ചേച്ചിയ്ക്കേ പറ്റൂ,’ എന്നൊക്കെ നിർബന്ധിച്ചു. പുതിയ തലമുറയിലെ ഒരു സംവിധായകനാണ് പറയുന്നത്, വെറുതെ പറയുന്ന ഒരാളല്ല, സത്യേട്ടന്റെ മോനാണ് പറയുന്നത്. ആ പറയുന്നത് മനസ്സിൽ കൊണ്ടിട്ടാണ് എന്നെനിക്ക് തോന്നിയപ്പോഴാണ് ഞാൻ ഓകെ പറയുന്നത്. ഭാഗ്യത്തിന്, ആ റോൾ നന്നായി വന്നു, കുറേയാളുകൾ വിളിച്ച് നന്നായി എന്നൊക്കെ പറഞ്ഞു.
‘പുത്തൻ പുതു കാലൈ’യെ കുറിച്ച് പറഞ്ഞാൽ അത് ഞങ്ങൾ സുഹൃത്തുക്കളെല്ലാം കൂടി ചെയ്ത ഒരു പരീക്ഷണ ചിത്രമാണ്. ജയറാമും സുധയുമൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. പിന്നെ കാളിദാസനും കല്യാണിയുമൊക്കെ അടുപ്പമുള്ള കുട്ടികൾ. ജോളിയായിട്ട് ചെയ്ത ഒരു പടമായിരുന്നു അത്. ‘മധുചന്ദ്രലേഖ’യ്ക്ക് ശേഷം ഞാനും ജയറാമും നായികാനായകന്മാരായി അഭിനയിക്കുന്ന പടം കൂടിയാണ്.
‘മൂക്കുത്തിയമ്മൻ,’ ‘സൂരറൈ പോട്ര്’ എന്നീ രണ്ടു സിനിമകളും ലോക്ക്ഡൗണിനും മുൻപ് കൃത്യമായി പ്ലാൻ ചെയ്ത്, പല ലെവൽ ചർച്ചകൾ കഴിഞ്ഞ് കമ്മിറ്റ് ചെയ്ത പടമാണ്. രണ്ടും രണ്ട് പാറ്റേൺ സിനിമ. ‘മൂക്കുത്തിയമ്മൻ’ നല്ല എന്റർടെയിനറാണ്, സംവിധായകൻ ബാലാജിയെ മുൻപെ അറിയാം. വളരെ ആസ്വദിച്ചാണ് ഓരോ സീനും അഭിനയിച്ചത്.
‘സൂരറൈ പോട്ര്’ വളരെ ഇമോഷണൽ ആയ പടമാണ്. ഒരുപാട് പ്രീപ്രൊഡക്ഷൻ ജോലികൾ, വർക്ക് ഷോപ്പ് ഒക്കെ കഴിഞ്ഞാണ് ആ സിനിമയിലെത്തുന്നത്. ആ സ്ക്രിപ്റ്റ് കുറേകാലമായി എന്റെ കയ്യിൽ ഉണ്ടായിരുന്നു, സൂക്ഷ്മമായി വായിച്ചും കഥാപാത്രത്തെ കുറിച്ച് നല്ല ധാരണയോടെയുമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയിലെ ഇമോഷണൽ സീനുകൾ കൊണ്ടു തന്നെയാണ് ബയോപിക് ആയിട്ടും ഒരു ഡോക്യുമെന്ററി സ്വഭാവം വരാതെ നമുക്കത് ആസ്വദിക്കാൻ കഴിയുന്നത്. എന്തുകൊണ്ട് ഒരു എയർക്രാഫ്റ്റ്? എന്ന ചോദ്യത്തിന് മനസ്സിനെ സ്പർശിക്കുന്ന ഒരു ബാക്ക്ഗ്രൗണ്ട് കഥ വേണമല്ലോ. സൂര്യയുടെ കഥാപാത്രം പ്രസിഡന്റിനോട് കഥ പറയുമ്പോൾ പറയുന്നുണ്ട്, ഒരമ്മയുടെ ശാപം കൊണ്ടാണ് ഞാൻ നടക്കുന്നത് എന്ന്. അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മയും മകനും തമ്മിലുള്ള ആ ഇമോഷണൽ സീനിന് കഥയിൽ ഏറെ പ്രസക്തിയുണ്ട്.
മുപ്പതു വര്‍ഷമായി ‘തലയണമന്ത്രം’ റിലീസ് ചെയ്തിട്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്തരത്തില്‍ ഓര്‍ക്കപ്പെടുന്ന ഒരു സിനിമയാകും അതെന്ന് അന്ന് കരുതിയിരുന്നോ?
ഒരിക്കലുമില്ല. ഇത്ര വർഷങ്ങൾക്കിപ്പുറവും ആ സിനിമ ഓർക്കപ്പെടുമെന്ന് ഓർത്തിട്ടില്ല. അന്ന് സാറ്റലൈറ്റ് ചാനലുകൾ വരുമെന്നോ ചാനൽ രംഗം ഇങ്ങനെ വളരുമെന്നോ ഒന്നുമറിയില്ലല്ലോ. എന്തിന്, മൊബൈൽ ഫോൺ വരുമെന്നോ സോഷ്യൽ മീഡിയോ ഇത്ര സജീവമാകുമെന്നോ പോലും ആരും ഓർക്കുന്നില്ലല്ലോ.
സത്യേട്ടൻ എന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ട് ഏറ്റെടുത്ത സിനിമയാണ് ‘തലയണമന്ത്രം.’ പടം നന്നായിരിക്കുമെന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. ഞാനൊരു കലാകാരിയല്ലേ, സിനിമകൾ വരുമ്പോൾ നല്ലതെന്ന് തോന്നിയാൽ ഏറ്റെടുക്കുന്നു, അഭിനയിക്കുന്നു, പടം നന്നായിരിക്കാൻ പ്രാർത്ഥിക്കുന്നു. അത്രയേ ഉള്ളൂ, അന്നുമിന്നും. നമ്മൾ പഠിച്ചെഴുതിയ ഒരു പരീക്ഷയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടുന്നതു പോലെയാണ് പിന്നീട് സിനിമയുടെ വിജയവും പുരസ്കാരവുമെല്ലാം.
നമ്മള് ചുറ്റിലും കാണുന്ന ഒരുപാടു സ്ത്രീകളെപ്പോലെ ഒരാളാണ് കാഞ്ചന. ആ കഥയിലാണെങ്കില്‍ പ്രത്യേകിച്ച് എടുത്ത് പറയാന്‍ ഡ്രാമയോ ഒരു അഭിനേതാവിനെ എക്സൈറ്റ് ചെയ്യിക്കുന്ന മുഹൂര്‍ത്തങ്ങളോ ഇല്ല. ഒരു നടി എന്ന നിലയില്‍ ഈ കഥാപാത്രം ഉയര്‍ത്തിയ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
സാധാരണഗതിയിൽ നായികനടിമാർ ഏറ്റെടുക്കുന്ന ഒരു കഥാപാത്രമല്ല കാഞ്ചന. നമ്മുടെ വീടുകളിലും അയൽപ്പക്കത്തുമൊക്കെ കണ്ട് സുപരിചിതയായ കഥാപാത്രമാണെങ്കിലും ഒരു പ്രധാന നായിക ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് അന്ന് പുതുമയുള്ള കാര്യമായിരുന്നു. നുണയും കൊതിയുമൊക്കെ പറഞ്ഞ് കുടുംബത്തിൽ അന്തഛിദ്രം വരുത്തി ഭർത്താവിനെ പൊലീസ് സ്റ്റേഷനോളം എത്തിക്കുന്ന ഒരു കഥാപാത്രം. സാധാരണഗതിയിൽ അത്തരമൊരാളെ, വില്ലത്തിയായേ ചിത്രീകരിച്ചു കണ്ടിട്ടുള്ളൂ. പക്ഷേ സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെയും ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിന്റെയും സവിശേഷത അതിനെ കേന്ദ്രകഥാപാത്രമാക്കി, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു എന്നതാണ്. പ്രേക്ഷകരുടെ മാറുന്ന അഭിരുചികൾ മനസ്സിലാക്കി തന്ന സിനിമയായിരുന്നു എനിക്കത്.
അതിനു മുൻപ് ഞാൻ ചെയ്ത സത്യേട്ടൻ ചിത്രം ‘പൊൻമുട്ടയിടുന്ന താറാവ്’ ആയിരുന്നു. അതിലും ഒരിത്തിരി നെഗറ്റീവ് ആണെന്റെ കഥാപാത്രം. അതു ചെയ്യുമ്പോൾ ആളുകൾ എന്നോട് പറഞ്ഞു, ‘ഉർവശി കണ്ടും നോക്കിയുമൊക്കെ സിനിമ ചെയ്യണം.’ എന്റെ വീട്ടിലാണെങ്കിൽ എല്ലാവരും ആർട്ടിസ്റ്റുകളാണ്, ആ അന്തരീക്ഷത്തിൽ വളർന്നതിനാലാവാം, കുട്ടിക്കാലം മുതലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്നതാണ് ചലഞ്ച് എന്നാണ് എന്റെയൊരു ചിന്ത. ‘തലയണമന്ത്ര’ത്തിന്റെ കഥ ആദ്യം കേൾക്കുന്നത് എന്റെ അമ്മാവനാണ്, ഞാനന്ന് ഓടിനടന്ന് അഭിനയിക്കുന്ന സമയമാണ്. ചെറിയ വില്ലത്തരമുള്ള ഉഗ്രൻ കഥാപാത്രമാണ് , നന്നായി പെർഫോം ചെയ്യാൻ സാധ്യതയുള്ള സംഗതിയാണ്, എന്നാണ് അമ്മാവൻ എന്നോട് പറഞ്ഞത്.
കാലടി ജയൻ എന്നു പറഞ്ഞ നടന്റെ വീടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ആദ്യത്തെ ദിവസം ഞാൻ ഷൂട്ടിനു ചെന്നപ്പോൾ, പാർവതിയും ഫിലോമിനയമ്മയും ഞാനുമൊക്കെയുള്ള ഒരു സീനാണ് എടുക്കുന്നത്. ഫിലോമിന ആന്റിയ്ക്ക് പാർവതി ഒരു 100 രൂപ കൊടുക്കുന്നു. അത് കണ്ട് അൽപ്പം കുശുമ്പോടെ ഞാൻ, ‘അങ്ങനെ കാശ് കൊടുത്ത് ആരെയും പ്രീതി പെടുത്തേണ്ട കാര്യമൊന്നും എനിക്കില്ല,’ എന്നു പറഞ്ഞ് കയ്യിലിരിക്കുന്ന വെള്ളം മുറ്റത്തേക്ക് ഒഴിച്ചു കളഞ്ഞിട്ട് അകത്തേക്ക് കയറിവരുന്ന ഷോട്ടാണ് ആദ്യം എടുത്തത്. വീട്ടിൽ വന്നുകയറിയ പുതിയ മരുമകളോടുള്ള എന്റെ കുശുമ്പ് പ്രകടിപ്പിക്കുന്ന സീനായിരുന്നു അത്. ഭർത്താവിന്റെ അനിയന്റെ ഭാര്യയായി എത്തുന്ന ആൾ തന്നെ പോലയല്ല, അവൾക്ക് ജോലിയുണ്ട്, വിദ്യഭ്യാസമുണ്ട്, സാമ്പത്തികം കൂടുതലുണ്ട്. അതൊന്നും കാഞ്ചനയ്ക്ക് പിടിക്കുന്നില്ലെന്ന് ആ സീനിൽ തന്നെ പ്രകടമാക്കണം.
‘കഥാപാത്രം വില്ലത്തിയാണെന്ന് കരുതി ഉർവശി പ്രത്യേകം എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ട, വളരെ സ്വാഭാവികമായി അഭിനയിച്ചാൽ മതി. കഥയിൽ ഓരോ സംഭവങ്ങൾ വരുമ്പോൾ അത് ഈ സ്ത്രീയുടെ മണ്ടത്തരമാണെന്ന് തോന്നിപ്പിച്ചാൽ മതി. അല്ലാതെ മനപൂർവം കുടുംബം കലക്കാൻ നടക്കുന്ന ഒരു വില്ലത്തി പരിവേഷം കൊടുക്കേണ്ട. ഞാനും എന്റെ ഭർത്താവും കുഞ്ഞും നന്നായിരിക്കണം എന്നു കരുതുന്ന ഒരു സ്ത്രീ, കാഞ്ചനയെ അങ്ങനെ കണ്ടാൽ മതി,’ എന്നാണ് സത്യേട്ടൻ എന്നോട് പറഞ്ഞത്.
അന്നും എന്നോട് അടുപ്പമുള്ള കുറച്ചുപേർ പറഞ്ഞു, ഇതിത്തിരി നെഗറ്റീവ് ആണ് കെട്ടോ. നല്ല സിനിമകൾ ചെയ്തോണ്ടിരിക്കുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ശരിയല്ല. പിന്നെ അതൊരു ഇമേജായി പോവും എന്നൊക്കെ. സത്യം പറയാലോ, എനിക്ക് അന്നുമിന്നും അങ്ങനെ തോന്നിയിട്ടില്ല. ചിലപ്പോൾ അത് എഴുത്തുകാരനിലും സംവിധായകനിലുമുള്ള വിശ്വാസമാവാം. കാരണം സ്ത്രീ കഥാപാത്രങ്ങളെ ഇത്രയും സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുള്ള രണ്ടു പേർ കാണില്ല. അവരുടെ മുൻപിൽ നമ്മൾ സംസാരിക്കുമ്പോള്‍ പോലും ജാഗരൂകരായിരിക്കണം, കാരണം നമ്മുടെ കുഞ്ഞുകുഞ്ഞു കുസൃതികളും കള്ളത്തരങ്ങളും വരെ പിടിച്ചെടുത്തു കളയും. സത്യേട്ടൻ കുറിച്ചു പറയുകയാണെങ്കിൽ, എന്നെ കൊണ്ട് എത്രത്തോളം പെർഫോം ചെയ്യാൻ പറ്റുമെന്ന് നന്നായി അറിയുന്ന സംവിധായകനാണ് അദ്ദേഹം.
സത്യേട്ടനും ശ്രീനിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസം, അത് നഷ്ടപ്പെടുത്താതെ ചെയ്യാൻ പറ്റിയെന്നതാണ് എന്റെ വലിയ സന്തോഷം. ആ പടം ഓടിയില്ലായിരുന്നെങ്കിൽ, എന്നെ വിശ്വസിച്ച് ആ കഥാപാത്രം ഏൽപ്പിച്ചവരുടെ ആത്മവിശ്വാസം അതില്ലാതെ ആക്കിയേനെ. സ്ത്രീപ്രാധാന്യമുള്ള ഇത്തരം സിനിമകൾ എടുക്കാൻ ചിലപ്പോൾ അവർ പിന്നെ മടിക്കുമായിരുന്നു.
Read Here: കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നല്ല നോക്കുന്നത്, ഇംപ്രസ്സിവ് ആണോ എന്നാണ്: ഉര്‍വ്വശി
കാഞ്ചനയും സ്നേഹലതയും (പൊന്മുട്ടയിടുന്ന താറാവ്) ഏതാണ്ട് ഒരേ തരം കഥാപാത്രങ്ങളല്ലേ?
അച്ഛന്റെയും അമ്മയുടെയും ഒറ്റമകളായി വളരുന്ന പെൺകുട്ടിയാണ് ‘പൊന്മുട്ടയിടുന്ന താറാവി’ലെ സ്നേഹലത. സ്നേഹിക്കുന്നയാൾ തനിക്ക് ചേരുന്നില്ലെന്നു തോന്നിയപ്പോൾ അറിഞ്ഞു കൊണ്ട് അയാളെ ഒന്ന് പറ്റിക്കുകയാണ് സ്നേഹലത ചെയ്യുന്നത്. ഒരു നാട്ടിൻ പുറത്തുകാരിയ്ക്ക് ഗൾഫുകാരന്റെ ആലോചന വന്നപ്പോഴുള്ള മനസിന്റെ ചാഞ്ചാട്ടവുമുണ്ട്. സത്യത്തിൽ കഥയിൽ പ്രാക്റ്റിക്കൽ ആവുകയാണ് സ്നേഹലത. ഒരു മതിലിന് അപ്പുറത്ത് തനിക്കറിയാവുന്ന ലോകത്തല്ല തന്റെ ജീവിതം ഉണ്ടാവേണ്ടത്, അതു വരെ കാണാത്ത ഒരിടത്തേക്ക്, കുറേക്കൂടി യോഗ്യനായൊരാൾക്ക് ഒപ്പം പോവാം എന്നു കരുതുന്നവളാണ് സ്നേഹലത.
കാഞ്ചന ശ്രീനിവാസന്റെ സൃഷ്ടിയാണ്, സ്നേഹലത രഘുനാഥ് പലേരിയുടെയും. ഏതാണ്ട് ഒരേതരം ഗ്രാഫ് ഉള്ള ഒരു കഥാപാത്രം (പണത്തോടുള്ള അവരുടെ ആര്‍ത്തി ഡ്രൈവ് ചെയ്യുന്ന സ്ത്രീകള്‍ ആണ് രണ്ടു പേരും) ഇവരുടെ എഴുത്തുകളില്‍ എങ്ങനെ വ്യത്യസ്തമായിരുന്നു?
രസകരമായ നിരവധി കഥാപാത്രങ്ങൾ എഴുതിയിട്ടുള്ള ആളാണ് പലേരി. ‘മഴവിൽ കാവടി’യിലെ ആനന്ദവല്ലിയെന്ന എന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത് പലേരിയാണ്. ശ്രീനിയേട്ടനായാലും പലേരി ആയാലും നാട്ടിൻപുറത്തെ കഥകൾ പറയാനും രസകരമായ കഥാപാത്രങ്ങളെ ഉണ്ടാക്കാനുമൊക്കെ മിടുക്കരാണ്. എങ്കിൽപ്പോലും ശ്രീനിയേട്ടന് അതിന്റെയൊരു സിനിമാറ്റിക് ടച്ച് കൂടി അറിയാം. രണ്ടു പേരുടെയും സ്ക്രിപ്റ്റ് ഒരേ സംവിധായകൻ ചെയ്യുമ്പോഴും അതിന്റെ പാക്കേജിൽ നമുക്ക് വ്യത്യസ്തത തോന്നുന്നത് എഴുത്തിലെ ആ തനിമ കൊണ്ടാവാം. ശ്രീനിയേട്ടൻ സ്ക്രിപ്റ്റിൽ ഹ്യൂമർ എവിടെ കിട്ടുമെന്ന വ്യക്തമായ ധാരണയോടുകൂടി തന്നെയാവും എഴുതുന്നത്. പിന്നെ മുൻകൂട്ടി പൂർത്തിയാക്കി വച്ച് സിനിമ തുങ്ങുന്ന രീതിയൊന്നും അക്കാലത്ത് ശ്രീനിയേട്ടനില്ലായിരുന്നു. അദ്ദേഹത്തിന്റെ മനസിൽ മുഴുവൻ സ്ക്രിപ്റ്റ് കാണും, അത് എഴുതി എഴുതി മെച്ചപ്പെടുത്തിക്കൊണ്ടു വരികയാണ് ചെയ്യുക. ഇന്നയാൾ ആ കഥാപാത്രം ചെയ്താൽ തമാശയായി വരും, അല്ലെങ്കിൽ അതിനൊരു ഇമോഷണൽ ഫീൽ വരും എന്നൊക്കെ പിന്നെയാവും തീരുമാനിക്കുക. പലേരിയെ സംബന്ധിച്ച്, അദ്ദേഹം എഴുതിവച്ച സ്ക്രിപ്റ്റിലേക്ക് ആർട്ടിസ്റ്റിനെ യോജിപ്പിക്കുകയാണ് ചെയ്യുന്നത്.
ഒരുവശത്ത് ‘തലയണമന്ത്രം’ മലയാളികള്‍ ഏറ്റെടുത്ത വിജയചിത്രമാവുമ്പോഴും, മറുവശത്ത് അതിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയാവുന്നുണ്ട്. ശരാശരി മലയാളി വീട്ടമ്മയുടെ വളരെ സാധാരണമെന്ന് പറയാവുന്ന ആഗ്രഹങ്ങളാണ് സിനിമയില്‍ പ്രശ്നങ്ങളുടെ മൂലകാരണമായി പറയുന്നത്?
‘തലയണമന്ത്ര’ത്തിന്റെ ക്ലൈമാക്സിൽ ശ്രീനിയേട്ടന്റെ കഥാപാത്രം പറയുന്നുണ്ട്, ‘എന്റെ ഭാര്യയായി നല്ല മനസ്സോടെ കഴിയാൻ പറ്റുമെങ്കിൽ ഇങ്ങോട്ട് കയറിവരാം,’ എന്ന്. ‘അതൊന്നും നീ പറയേണ്ട, എല്ലാം അവൾക്കറിയാം,’ എന്ന് പറഞ്ഞ് അമ്മയാണ് മരുമകളെ അകത്തേക്ക് കൂട്ടികൊണ്ടുപോവുന്നത്. അത് അന്നൊക്കെ വീടുകളിൽ സാധാരണമായി നടക്കുന്നൊരു കാര്യമാണ്.
വർഷങ്ങൾക്കു ശേഷം, ‘സകുടുംബം ശ്യാമള’ ചെയ്തപ്പോൾ സമാനമായൊരു ക്ലൈമാക്സായിരുന്നു കഥാകൃത്ത് ആദ്യം എഴുതിയിരുന്നത്. രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് ശ്യാമള നല്ല ഗൃഹസ്ഥയായി മാറുന്നൊരു ക്ലൈമാക്സ്. പിന്നീട് വന്ന ചർച്ചകളിൽ ഞാനടക്കമുള്ളവർ അഭിപ്രായം പറഞ്ഞു, ‘അങ്ങനെ പാടില്ല. സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തും പുരുഷനൊപ്പം തന്നെ നിൽക്കുന്നവരാണ്. ഒരു വാശിയ്ക്ക് കിണറ്റിൽ ചാടിയതു പോലെയല്ല ശ്യാമള ഇപ്പോൾ രാഷ്ട്രീയത്തിൽ നിൽക്കുന്നത്. അവരതിനെക്കുറിച്ച് പഠിച്ചു. കുറച്ചു കൂടി പക്വത നേടിയിട്ടുണ്ട്. ആ പക്വതയോടെ ശ്യാമള മന്ത്രിമന്ദിരത്തിൽ തന്നെ തുടരുന്നതാണ് നല്ലത്.’ ആ രീതിയിലേക്ക് പിന്നീട് ക്ലൈമാക്സ് മാറ്റിയെഴുതുകയായിരുന്നു. അതാണ് കാലത്തിന്റെ മാറ്റം.
കാലവും സമൂഹവും മാറുന്നതിന് അനുസരിച്ച് സിനിമകളും മാറുന്നുണ്ട്. മുൻപ് രണ്ടോ മൂന്നോ മക്കളൊക്കെ ആയി കഴിഞ്ഞാൽ സ്ത്രീകൾ കുടുംബിനിയായി ഇരുന്നോണം എന്നായിരുന്നുവെങ്കിൽ ഇന്ന് ഏതു പ്രായത്തിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിച്ച് കർമരംഗങ്ങളിൽ തിളങ്ങുന്നുണ്ട്. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങൾ സിനിമയിലും പ്രതിഫലിക്കും.
പിന്നെ ഇക്കാലത്ത് തീ എന്നു പറഞ്ഞാൽ വായ പൊള്ളും എന്നൊരു അവസ്ഥയുണ്ട്. എന്തു പറഞ്ഞാലാണ് പ്രശ്നമാവുക, എങ്ങനെയാണ് തെറ്റിദ്ധരിക്കപ്പെടുകയെന്ന് അറിയില്ല. എന്ത് സംസാരിക്കുമ്പോഴും ശ്രദ്ധാലു ആവണം. അതുകൊണ്ടു തന്നെ, കാര്യങ്ങൾ തുറന്നു പറയാനോ വ്യക്തിത്വം പ്രകടിപ്പിക്കാനോ ആവാതെ ആളുകൾ മുഖംമൂടിയിട്ട് നടക്കേണ്ട അവസ്ഥ വരുന്നുണ്ട്. അതെത്രത്തോളം ആരോഗ്യകരമാണെന്ന് എനിക്കറിഞ്ഞു കൂടാ.
സെറ്റിലെ ഓർമകൾ?
‘തലയണമന്ത്ര’ത്തെക്കുറിച്ച് ഓർക്കുമ്പോൾ ജയറാമും പാർവതിയും തമ്മിലുള്ള പ്രണയകാലമാണ് ഓർമകളിൽ ആദ്യം വരിക. അവർ രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാനും പാർവതിയും അഭിനയിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ ജയറാമും പാർവതിയും പ്രണയത്തിലായിരുന്നു. ചില എതിർപ്പും കാര്യങ്ങളുമൊക്കെ പാർവതിയുടെ വീട്ടിൽ നിന്നുമുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റിൽ അതൊക്കെയാണ് അന്നത്തെ വലിയ തമാശ. ഇവർ രണ്ടുപേരും എപ്പോഴാണ് മുങ്ങുന്നത്, ഷോട്ട് ഇല്ലാത്ത സമയത്ത് ഏത് ഭാഗത്തേക്കാണ് പോവുന്നത് എന്നൊക്കെ പാർവതിയുടെ അമ്മ സദാ നിരീക്ഷിക്കുന്നുണ്ടാവും. അമ്മയെ ആ സീനിൽനിന്ന് ഒഴിവാക്കി, ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്. അപ്പുറത്ത് ഷൂട്ട് നടക്കുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയെ വേറെ മുറിയിൽ കൊണ്ടുപോയി സംസാരിക്കും. ആ ഗ്യാപ്പിൽ ജയറാമും പാർവതിയും സംസാരിക്കുകയാവും. കൂട്ടുകാരെ ഹെൽപ്പ് ചെയ്യുന്നതിന്റെ ഒരു രസമുണ്ടല്ലോ. അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട് ഞങ്ങൾ.
ലൊക്കേഷനിൽ വന്നാലേ ജയറാമിന് പാർവതിയെ ഒന്നു കാണാനോ മിണ്ടാനോ പറ്റൂ, അതു കൊണ്ടെന്താ ആ ദിവസം സീനില്ലെങ്കിലും സീനുണ്ടെന്ന് പറഞ്ഞ് മേക്കപ്പ് ഒക്കെ ഇട്ട് ജയറാം ലൊക്കേഷനിൽ വന്നിരിക്കും. അന്നത്തെ കാലത്ത് മൊബൈൽ ഫോണൊന്നും ഇല്ലാത്തതിനാൽ പ്രണയിക്കലൊക്കെ വല്യ പാടാണ്. കോണ്ടാക്റ്റ് ചെയ്യാൻ വേറെ മാർഗമൊന്നുമില്ല, ലാൻഡ് ഫോണിൽ വിളിച്ചാൽ വീട്ടിലെ പ്രായമായവരാവും ഫോണെടുക്കുക. എന്റെ വീട്ടിലെ ലാൻഡ് ഫോണൊക്കെ ഞാൻ എടുത്ത ഓർമ പോലുമില്ല. കാസറ്റിൽ ശബ്ദം റെക്കോർഡ് ചെയ്ത് പരസ്പരം കൈമാറലൊക്കെയായിരുന്നു ഇവരുടെ വേറെ കലാപരിപാടി. ജയറാം ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ആ കാസറ്റ് കേട്ട് ആസ്വദിച്ചിരിക്കും. പ്രണയകാലത്തെ അവരുടെ വെപ്രാളവും ചെറിയ ചെറിയ പിണക്കങ്ങളും ആ പ്രണയം കണ്ടിരിക്കുമ്പോൾ നമുക്കു കിട്ടുന്ന തമാശയുമൊക്കെ ഇപ്പോഴും ഓർമയിലുണ്ട്.
പൊതുവേ, സത്യേട്ടന്റെ ലൊക്കെഷനിൽ എല്ലാവരും എപ്പോഴും പ്രസന്നരായിരിക്കും. ഒരു വീടു പോലെയാണ്, എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു, സംസാരിക്കുന്നു. ഇന്നത്തെ കാരവാൻ സമ്പ്രദായമൊന്നുമില്ലല്ലോ അന്ന്. എല്ലാവർക്കും പരസ്പരം അറിയാം. സത്യേട്ടന്റെ ലൊക്കേഷനുകളിൽ സ്ഥിരം ആർട്ടിസ്റ്റുകളാവും കൂടുതലും, അതിന്റെ ആഘോഷം വേറെയും കാണും. ഷൂട്ടിനിടെ ഡയലോഗ് തെറ്റിക്കുകയോ ടേക്ക് കുളമാക്കുകയോ ചെയ്താൽ ഉടൻ സത്യേട്ടൻ പ്രഖ്യാപിക്കും, ‘ഇന്നത്തെ അക്ഷരത്തെറ്റിന്റെ കപ്പ് ഞാൻ ഉർവശിയ്ക്ക് കൊടുത്തിരിക്കുന്നു.’
രസകരമായ കുറേ ഓർമകൾ വേറെയുണ്ട്. ചിത്രത്തിൽ വളരെ ഗൗരവം നിറഞ്ഞൊരു സീനുണ്ട്, ഇന്നസെന്റ് ചേട്ടനെയും വിളിച്ചു കൊണ്ട് ശ്രീനിയേട്ടൻ വീട്ടിൽ വന്ന് സ്വത്ത് ചോദിക്കുന്നതാണ്. അപ്പോൾ ജയറാം ഇന്നസെന്റ് ചേട്ടനെ തല്ലുന്നു. ഉടനെ രോഷാകുലനായി ശ്രീനിയേട്ടൻ, ‘നീ എന്റെ സുഹൃത്തിനെ തല്ലിയല്ലേ, എന്റെ സുഹൃത്തിനെ തല്ലിയത് എന്നെ തല്ലിയതിന് തുല്യമാണ്’ എന്ന് പറയണം. പക്ഷേ, ശ്രീനിയേട്ടന് ആദ്യം തന്നെ തെറ്റി, ‘നീയെന്റെ സുഹൃത്തിനെ തുല്ലിയല്ലേടാ, എന്റെ സുഹൃത്തിനെ തുല്ലിയത് എന്നെ തുല്ലിയതിന് തല്യമാണ്,’ എന്നൊക്കെയാണ് പറയുന്നത്. എല്ലാവരും കൂടി ആർത്തു ചിരിച്ച് ആ സീനിന്റെ ഗൗരവ സ്വഭാവമേ മാറിപ്പോയി. അതിലും തമാശ, അപ്പോഴും പാർവതി ഉണ്ടക്കണ്ണും മിഴിച്ച് ജയറാമിനെയും നോക്കിക്കൊണ്ടിരിക്കുകയാണ്. പാവത്തിന് ഇതിന്റെ കോമഡി മനസിലായതേയില്ല. അതുകണ്ടപ്പോൾ ഞങ്ങൾ വീണ്ടും ചിരി തന്നെ.
ശങ്കരാടിയമ്മാവനും ഇതുപോലെ ഡയലോഗ് തെറ്റിപ്പോയൊരു അനുഭവമുണ്ട്. അദ്ദേഹം ക്ലൈമാക്സിൽ എന്നെ ഉപദേശിക്കുന്നൊരു സീൻ എടുക്കുകയാണ്. ‘കുട്ടീ ഇതൊന്നും ശരിയല്ല, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്,’ എന്നാണ് ഡയലോഗ്. ആ ഷോട്ട് എടുത്തോണ്ടിരിക്കുമ്പോൾ ക്യാമറയുടെ മുന്നിലൂടെ സംവിധായകൻ വിജി തമ്പി നടന്നുപോവുന്നു. തമ്പിയെ നോക്കി കൊണ്ട് ശങ്കരാടിയമ്മാവൻ ഡയലോഗ് പറഞ്ഞപ്പോൾ അത്, തമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് എന്നായിപ്പോയി. പത്തു മിനിറ്റ് പിന്നെ അതിന്റെ ചിരിയായിരുന്നു. ഒടുക്കം സത്യേട്ടൻ, ‘തമ്പി അവിടെ നിന്നൊന്നു മാറി നിൽക്കൂ, ഞാനീ ഷോട്ടൊന്ന് എടുത്തോട്ടെ,’ എന്നായി.
ശങ്കരാടിയമ്മാവൻ, സുകുമാരിയമ്മ, മീനാമ്മ, ഒടുവിൽ, പറവൂർ ഭരതൻ അവരാരും ഇന്നില്ല. തീരാനഷ്ടമാണത്, പകരക്കാരില്ല അവർക്കൊന്നും. സത്യേട്ടന്റെ സിനിമകളിൽ നമുക്ക് ആരെയൊക്കെയോ മിസ് ചെയ്യുന്നുവെന്നു തോന്നും ഇപ്പോൾ.
‘തലയണമന്ത്ര’ത്തിൽ ഞാൻ ഒടുവിലിനെ അടിക്കുന്നൊരു ഷോട്ടുണ്ട്. അദ്ദേഹം ശൃംഗാരവുമായി വീടിനകത്തേക്കു കയറി വരുമ്പോൾ ഇറങ്ങിപ്പോവാൻ പറഞ്ഞ് മുഖത്തടിക്കുന്ന സീനാണ്. സാധാരണ സിനിമയിൽ അത്തരം സീനുകൾ എടുക്കുമ്പോൾ ടൈമിങ് നോക്കി മുഖം തിരിക്കുന്നതാണ് ഒരു രീതി. എന്നാൽ ഇവിടെ പുള്ളി അത് ചെയ്തില്ല, കവിൾ തിരിച്ചില്ലെന്നു മാത്രമല്ല അടി ശരിക്കും കൊള്ളുകയും ചെയ്തു. ഞാനാകെ വിയർത്തു, സോറിയൊക്കെ പറഞ്ഞു. ‘അയ്യോ അങ്കിളേ, എന്തിനാ അങ്ങനെ മുഖം വച്ചത്, റിഹേഴ്സൽ സമയത്ത് മുഖം തിരിച്ചതായിരുന്നല്ലോ, പിന്നെന്താ ടേക്കിൽ മാറ്റാതിരുന്നത്,’ എന്ന് ചോദിച്ചു.
ചോദിച്ചു വന്നപ്പോൾ അത് അദ്ദേഹം മനപൂർവം തിരിക്കാതിരുന്നതാണ്. അദ്ദേഹമൊരു സീനിയർ ആർട്ടിസ്റ്റാണെന്നതിനാൽ ഞാൻ വളരെ കോൺഷ്യസ് ആയാണ് അടിക്കുന്നതെന്ന് അദ്ദേഹത്തിനു മനസിലായി. ‘അങ്ങനെ വച്ചിട്ട് ശരിയാവുന്നില്ല ഉർവശീ. ഭർത്താവില്ലാത്ത സമയത്ത് ഒരു പുരുഷൻ വീട്ടിൽ വന്ന് ശൃംഗാരം പറയുമ്പോൾ ഒരു സ്ത്രീ അടിക്കുന്നതിന് കുറച്ചു കൂടെ തീവ്രത വേണം.’ എന്റെ ആ പതർച്ച ഒഴിവാക്കാനാണ്, എന്റെ കൈയ്ക്ക് അടിക്കാവുന്ന പാകത്തിന് അദ്ദേഹം കവിൾ വച്ചുതന്ന് തല്ലുകൊണ്ടത്. ‘ഇയാൾ അടിച്ചാൽ എന്റെ പല്ലൊന്നും പോവത്തില്ല. ഇനി അതോർത്ത് വിഷമിക്കേണ്ട,’ എന്നെന്നെ സമാധാനിപ്പിക്കുകയും ചെയ്തു. അവരിൽ നിന്നൊക്കെ കിട്ടുന്ന പ്രചോദനം വളരെ വലുതാണ്. ഇപ്പോൾ സിനിമ കാണുമ്പോൾ അവരെയൊക്കെ മിസ് ചെയ്യാറുണ്ട്. പിന്നെ ഇങ്ങനെയെങ്കിലും അവരെ കണ്ടോണ്ടിരിക്കാൻ പറ്റുന്നല്ലോ എന്നതാണ് ആശ്വാസം.
‘തലയണമന്ത്രം’ ഇന്ന് സിനിമയാവുന്നുവെങ്കില് കാഞ്ചന ആരാവണം എന്നാണ് കരുതുന്നത്?
കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള ഒരുപാട് കുട്ടികൾ പുതിയ കാലത്തുണ്ട്. ഇപ്പോഴത്തെ കുട്ടികളുടെ പടങ്ങളൊക്കെ ഞാൻ കാണുന്നുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു. ‘ഡയമണ്ട് നെക്ലേസ്’ ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്.
ആ വര്‍ഷം തന്നെ ചെയ്ത സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘വര്‍ത്തമാനകാലം.’ സംസ്ഥാന പുരസ്കാരം ലഭിച്ച കഥാപാത്രമാണെങ്കിലും അതും അത്രകണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഉര്‍വശി അത് വരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രം എന്ന് പറയാമോ?
സത്യത്തിൽ, അന്ന് ആ സിനിമ ചെയ്യാനുള്ള പ്രായവും പക്വതയും എനിക്ക് ആയിട്ടില്ലായിരുന്നു. ഷീലാമ്മ ചെയ്ത ‘ഒരു പെണ്ണിന്റെ കഥ’ എന്ന സിനിമയുടെ മറ്റൊരു വകഭേദമായിരുന്നു ‘വർത്തമാനകാലം.’ കുറേ ദുരനുഭവങ്ങളിലൂടെ കടന്നുപോവുകയും പിന്നീട് പ്രതികാരം ചെയ്യുകയും ചെയ്യുന്ന നാൽപ്പത്തിയഞ്ചിനടുത്ത് പ്രായമുള്ള സ്ത്രീയുടെ കഥാപാത്രമായിരുന്നു അത്. കണ്ണടയൊക്കെ വച്ച് രൂപത്തിൽ മാറ്റം വരുത്താൻ പറ്റിയെങ്കിലും എനിക്ക് പ്രായത്തിന്റേതായ ആ പക്വത നൽകാൻ കഴിഞ്ഞില്ല. പിന്നെ ആ പ്രായത്തിൽ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ചെയ്യാൻ ശ്രമിച്ചു എന്നതിനാലാവാം ആ വർഷം പുരസ്കാരം ലഭിച്ചത്. നല്ല സിനിമയായിരുന്നു അത്, ഒരുപാട് അഭിപ്രായവും കിട്ടി ആ ചിത്രത്തിന്.
മറ്റൊരു പ്രധാനപ്പെട്ട വേഷം ചെയ്തത് എം പി സുകുമാരന്‍ നായരുടെ ‘കഴകം’ എന്ന സിനിമയിലാണ്. മറ്റാരും കാണാത്ത കണ്ണനെ രാധ മാത്രമാണ് കാണുന്നത്. ഒരു അബ്നോര്മാലിറ്റിയാണത്. എന്നാല്‍ അവരെ സംബന്ധിച്ച് വളരെ നോര്‍മല്‍ ആയ ഒന്നും?
ഭ്രാന്ത്, ബുദ്ധിമാന്ദ്യം എന്നൊക്കെ പറയുന്ന അവസ്ഥയില്ലേ, അത് നമുക്ക് നേരിട്ട് കണ്ടിരിക്കാൻ പ്രയാസമാണ്. നമ്മുടെ ചുറ്റുവട്ടത്ത് അത്തരം അവസ്ഥകളിലൂടെ കടന്നുപോവുന്ന ആളുകളെ കാണുമ്പോൾ പോലും നമുക്ക് സഹതാപവും വിഷമവുമൊക്കെ തോന്നില്ലേ. രണ്ടര മണിക്കൂറുള്ള ഒരു സിനിമയിൽ അത്തരം കഥകൾ എടുക്കുമ്പോൾ അതിനെ അത്രയ്ക്ക് അങ്ങോട്ട് വിഷമകരമാക്കാതെ അവതരിപ്പിക്കാൻ നോക്കണം. അത്തരമൊരു കഥാപാത്രമാണ് മുഴുനീള റോളിൽ എത്തുന്നതെങ്കിൽ അവർ വന്നുപോകുന്ന ഓരോ സീനും പ്രേക്ഷകരിൽ വേദന പടർത്തരുത്. അങ്ങനെയായാൽ ആ സിനിമയ്ക്ക് റിപ്പീറ്റഡ് ഓഡിയൻസ് ഉണ്ടാവില്ല. പടം കണ്ട് ഇറങ്ങുന്നവർ വലിയ വിഷമമാണ് കണ്ടിരിക്കാൻ എന്നു പറഞ്ഞാൽ പിന്നെ കൂടുതൽ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിയെന്നു വരില്ല. ഇതെല്ലാം ആലോചിച്ചാണ്, അൽപ്പം വേറിട്ടൊരു സമീപനം ആ ചിത്രത്തിൽ കൊണ്ടു വരാൻ ശ്രമിച്ചത്.
സിനിമ തന്നെയാണ് ജീവിതം എന്ന് കരുതി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ്. എന്നിട്ടും ഇടയ്ക്കിടയ്ക്ക് സിനിമ വിട്ടുനിൽക്കുമ്പോൾ വിഷമം തോന്നില്ലേ?
സിനിമയിൽനിന്നു മാത്രമല്ലേ നമുക്ക് അങ്ങനെയൊരു ലീവ് ഒക്കെ എടുത്ത് മാറിനിൽക്കാൻ പറ്റൂ. ഒരു സിനിമ ചെയ്യണോ വേണമോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ട്. മറ്റേതെങ്കിലും ജോലിയാണെങ്കിൽ നമുക്കത് പറ്റുമോ? സിനിമയിൽ നിന്നും ഞാനെടുത്ത ഓരോ ബ്രേക്കും എന്റെ സൗകര്യാർത്ഥവും ബോധപൂർവ്വവും എടുക്കുന്നതാണ്. അത് അഭിനയത്തോട് മടുപ്പു തോന്നിയതു കൊണ്ടല്ല, മറ്റുള്ളവരെ മടുപ്പിക്കാതിരിക്കാൻ വേണ്ടിയെങ്കിലും മാറി നിൽക്കണം എന്നു തോന്നിയിട്ടാണ്. അങ്ങനെ വിചാരിക്കുമ്പോഴും ഞാൻ മറ്റെതെങ്കിലും ഒരു ഭാഷയിൽ ചെയ്തു കൊണ്ടിരിക്കുകയാവും. ഇടയ്ക്ക് തെലുങ്കിൽനിന്ന് മാറി നിന്നു, ആ സമയം കന്നട സിനിമകളിൽ അഭിനയിച്ചു. അവിടെ ബ്രേക്ക് വേണം എന്നു തോന്നിയപ്പോൾ മലയാളത്തിൽ ആക്റ്റീവായി.
എപ്പോൾ സംസാരിക്കുമ്പോഴും വളരെ പച്ചയായി സംസാരിക്കുന്ന ഒരു വ്യക്തിയായിട്ടാണ് തോന്നിയിട്ടുള്ളത്. താരജാഡകളില്ലാതെ ഇങ്ങനെ സംസാരിക്കാനും ഇടപഴകാനും പറ്റുന്നതെങ്ങനെയാണ്?
എന്റെ വീട്ടിലെ അന്തരീക്ഷമാവാം കാരണം, നമ്മൾ ജനിച്ചു വളരുന്ന ചുറ്റുപാടുകൾ നമ്മളെ സ്വാധീനിക്കുമല്ലോ. ഞാനെന്തെങ്കിലും ജാഡ കാണിക്കാൻ പോയാൽ ആദ്യം കളിയാക്കുക എന്റെ വീട്ടിലുള്ളവർ തന്നെയാവും. പൊതുവെ ഞാൻ ആളുകളോട് ഞാനായിട്ട് തന്നെയാണ് സംസാരിക്കാറുള്ളത്. പിന്നെ ആരോടെങ്കിലും ബലം പിടിക്കുന്നതെങ്കിൽ അതിനർത്ഥം നമ്മൾ സംസാരിക്കുന്ന ആൾ നമ്മളോട് ബലം പിടിച്ചു സംസാരിക്കുന്നുണ്ട് എന്നാണ്. അതുപോലെ, മലയാളം ഇത്ര അക്ഷരസ്ഫുടതയോടെ സംസാരിക്കുന്നത് എങ്ങനെയാ എന്ന് ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട്. അതും ഞങ്ങൾ മക്കളെല്ലാം അക്ഷരശുദ്ധിയോടെ മലയാളം സംസാരിക്കണമെന്ന് വീട്ടുകാർക്ക് നിർബന്ധമുള്ളതു കൊണ്ടാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook