/indian-express-malayalam/media/media_files/uploads/2020/01/darbar-movie-release-santosh-sivan-interview-332791.jpg)
Darbar Movie Release Santosh Sivan Interview: ലോകമൊട്ടാകെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. സിനിമാറ്റോഗ്രഫിയില്‍ തുടങ്ങി സംവിധാനത്തില്‍ എത്തി നില്‍ക്കുന്ന, തന്റെ കൈയ്യൊപ്പ് പതിഞ്ഞ ഓരോ ചിത്രവും സിനിമാ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാക്കി തീര്‍ക്കുന്ന പ്രതിഭ. അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമായ 'ദര്‍ബാര്‍' നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍, ഏറെ നാളുകള്‍ക്ക് ശേഷം രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഒരു ഛായാഗ്രഹകന്‍ എന്ന നിലയില്‍ സ്വയം നവീകരിക്കുന്നതിനെക്കുറിച്ചും സന്തോഷ് ശിവന്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2020/01/82465263_10157957135986228_284950013275013120_o.jpg)
'ദളപതി' മുതല്‍ 'ദര്‍ബാര്‍' വരെ - തലൈവര്‍ക്കൊപ്പം
അന്നത്തേതില്‍ നിന്നും പ്രായം കൂടി, ഇപ്പോള്‍ അദ്ദേഹത്തിനു എഴുപതു വയസ്സിനടുത്ത് ആകുന്നു. 'ദളപതി' ചെയ്യുന്ന സമയത്ത് രജനികാന്ത് ഇത്രയധികം ജനപ്രീതിയുള്ള നടനാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. മൈസൂരിലാണ് ഷൂട്ടിംഗ് ഏറിയ പങ്കും നടന്നത്. മൈസൂരിലും ചെന്നൈയിലും രജനി സാറിനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കണ്ടതിനു ശേഷമാണ് അദ്ദേഹം എത്ര വലിയ താരമാണെന്ന് എനിക്ക് മനസ്സിലായത്. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ തീതും സാധാരണക്കാരനും എല്ലായ്പ്പോഴും വളരെ വിനീതനും പ്രസന്നനുമാണ് അദ്ദേഹം. ക്യാമറയ്ക്ക് മുന്നിൽ അതിശയകരമായ സാന്നിധ്യമായി മാറുകയും ചെയ്യും. 'ഹൈറാര്‍ക്കി' പരിഗണിക്കാതെ ഒരു സിനിമയിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ വ്യക്തികളെയും ബഹുമാനിക്കുന്ന ഒരു പോലെ വ്യക്തിയാണ് അദ്ദേഹം. 'ദളപതി' ചിത്രീകരണസമയത്ത് ഞങ്ങള്‍ ഒരുമിച്ചു പുകവലിക്കും, ഇപ്പോള്‍ അദ്ദേഹം ഈ ശീലം ഉപേക്ഷിച്ചു.
ഒറ്റരാത്രി കൊണ്ട് സംഭവിച്ച ഒരു പ്രതിഭാസമല്ല രജനികാന്ത്. തന്റെ ജോലിയോട് അതിയായ അഭിനിവേശമുള്ള, കഠിനാധ്വാനം ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. മാത്രമല്ല, എല്ലാം വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന ആളും കൂടിയാണ്. ഇതല്ലാം ചേര്‍ന്നതാണ് ഇന്നത്തെ രജനികാന്ത് എന്ന വിജയനായകന്‍. ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹം ചെയ്യുന്നതെന്തും, വളരെയധികം ബോധ്യത്തോടെയാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി ഒരു 'എന്റര്‍റൈന്‍നര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു നടനാണ് എന്ന് തോന്നിയിട്ടുണ്ട്. പ്രായം കണക്കിലെടുക്കാതെ എല്ലാവരേയും രസിപ്പിക്കാൻ ഇഷ്ടപ്പെടുന്ന, ചാർലി ചാപ്ലിനെപ്പോലെ വിനോദത്തിനായി അദ്ദേഹം എന്തും ചെയ്യുന്ന ഒരു നടന്‍.
'ദളപതി'യ്ക്ക് ശേഷം വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. അതേക്കുറിച്ച് അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. ഞാൻ തിരക്കിലായിരുന്നു എന്നതാണ് വാസ്തവം. മുരുഗദാസ് 'തുപ്പാക്കി' ചെയ്യുന്ന സമയത്ത്, രജനികാന്ത് നായകനാകുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിയുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. 'തീർച്ചയായും' എന്ന് ഞാൻ പറഞ്ഞു. രജനിസാറിനെ ആഘോഷിക്കുന്ന ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ തന്നെ അത് ചെയ്യണം എന്നുണ്ടായിരുന്നു. വളരെ ആത്മാർത്ഥതയുള്ള ഒരു കലാകാരനാണ് അദ്ദേഹം അത് കൊണ്ട് തന്നെ നമ്മള്‍ ഏറ്റവും മികച്ചത് അവര്‍ക്ക് കൊടുക്കണം എന്ന് ആഗ്രഹിക്കും. കമൽ, വിജയ് സേതുപതി, അരവിന്ദ് സാമി അങ്ങനെ ഒരുപാട് അഭിനേതാക്കളുമായി വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ രജനി സർ അല്പം വ്യത്യസ്തനാണ്, അദ്ദേഹം ഒരു ഐക്കണാണ്, പ്രായം കണക്കിലെടുക്കാതെ ആളുകൾ സ്ക്രീനില്‍ ആഘോഷിക്കുന്ന വ്യകതിയാണ്.
ക്യാമറയ്ക്ക് മുന്നിൽ കാണുന്ന അഭിനേതാവിനേക്കാള്‍ ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ ബഹുമാനിക്കുന്നത്. ആളുകൾക്കും ആരാധകർക്കും വേണ്ടി എന്തെങ്കിലും ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതിന്റെ ഒരു കാരണം അതായിരുക്കാം എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ നർമ്മബോധവും പ്രധാനമാണ്. ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു, ‘നിങ്ങൾ സെറ്റില്‍ ഒരിക്കലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. എങ്ങനെയാണ് ഇതു സാധിക്കുന്നത്?' ഇതിന് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് ‘ക്യാമറയ്ക്ക് മുന്നിലും, വീട്ടിലും ദേഷ്യപ്പെടുന്നുണ്ടല്ലോ.'
Read Here: രജനിക്കൊപ്പം മമ്മൂട്ടി? മുരുഗദോസ് പങ്കുവച്ച ചിത്രത്തിന്റെ പൊരുള്‍ തേടി ആരാധകര്‍
Darbar Movie Release Santosh Sivan Interview: വരയില്‍ തെളിയുന്നത് ക്യാമറയില്‍ പതിയുമ്പോള്‍
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞാൻ സ്കെച്ച് ചെയ്യും. വരയ്ക്കുമ്പോള്‍ വ്യക്തിയുടെ ആകർഷകമായ വശങ്ങള്‍ എന്താണെന്നും, നമുക്ക് ഒരു ഇഷ്ടപ്പെടുന്ന ഘടകങ്ങൾ എന്താണെന്നും ഒക്കെ കൂടുതല്‍ മനസ്സിലാവും. വരയ്ക്കുമ്പോഴാണ് നമ്മള്‍ അവരെക്കുറിച്ച് ശരിക്കും പഠിക്കുന്നത് - ഏതു ആംഗിളിലാണ് ഇവര്‍ നന്നായിരിക്കുന്നത്, ഒഴിവാക്കേണ്ടത് എന്തൊക്കെ, അങ്ങനെ പലതും. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ നിരീക്ഷിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ ആഴത്തില്‍ നമുക്ക് വരയ്ക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.
ഇരുണ്ട നിറമുള്ള ചര്‍മ്മം എനിക്ക് ഇഷ്ടമാണ്. ഇരുണ്ട നിറ ടോണുകളോട് പ്രത്യേക താൽപ്പര്യമുണ്ട്. മനോഹരമായ ആ ടോണ്‍ നമ്മൾ ആഘോഷിക്കേണ്ടതുമാണ്. എല്ലാവർക്കും അപൂർണതകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പലപ്പോഴും, അപൂർണ്ണതയാണ് ഒരു വ്യക്തിയെ വ്യത്യസ്തവും 'യുനീക്കും' ആക്കുന്നത്. ക്യാമറയെ അഭിനേതാക്കളുടെ ചങ്ങാതിയാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അഭിനയിക്കുമ്പോള്‍ സ്വാഭാവികമാകണം. അതിനാൽ അഭിനേതാക്കൾക്ക് അവരുടെ ജോലി ചെയ്യാന്‍ എളുപ്പമുള്ള ഒരു ഇടം സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
രജനി സർ പൂര്‍ണ്ണമായും സ്വയം സമർപ്പിച്ച സിനിമയാണ് 'ദർബാർ.' അത് തന്നെ ഒരു പ്രചോദനമാണ്, നമ്മളും നമ്മുടെ കഴിവിന്റെ പരമാവധി നൽകണം എന്ന് തോന്നും. സിനിമയുടെ ചില ഭാഗങ്ങളിൽ അദ്ദേഹം തന്റെ ചെറുപ്പകാലം അഭിനയിക്കേണ്ടതുണ്ട്, കൂടാതെ നയൻതാരയ്‌ക്കൊപ്പം റൊമാൻസ് സീനുകളും ഉണ്ട്, അതിനാൽ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നതിന് അനുസൃതമായി അദ്ദേഹത്തിന്റെ ലുക്ക് ചെറുപ്പമായി എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനു സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, ചെറുപ്പത്തിന്റെ ഊര്‍ജ്ജം വരേണ്ടത് അദ്ദേഹത്തില്‍ നിന്ന് തന്നെയാണ്. ഊർജ്ജമുണ്ടെങ്കിൽ മാത്രമേ സാങ്കേതികവിദ്യ ഫലവാത്താകൂ.
രജനി സറിന്റെ എനെര്‍ജി ലെവല്‍ അമ്പരപ്പിക്കുന്നതാണ്. 'ദളപതി'യുടെ സമയത്ത് അദ്ദേഹം ജിമ്മിൽ പോയിരുന്നില്ല, പക്ഷേ ഇപ്പോൾ 70 ആം വയസ്സിൽ ജിമ്മിൽ പോകുന്നു. തന്റെ ആദ്യ സിനിമ ചെയ്യുന്നത് പോലെ, അത്രയും പാഷനോടെ ഓരോ സിനിമയേയും സമീപിക്കുന്നു. മറ്റ് അഭിനേതാക്കളെയും അവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാനും ഒരു മടിയും കാണിക്കില്ല. ഞാൻ സംവിധാനം ചെയ്ത 'ജാക്ക് ആൻഡ് ജിൽ' എന്ന സിനിമയിലെ മഞ്ജു വാര്യരുടെ വീഡിയോ ഗാനം ഞാൻ അടുത്തിടെ അദ്ദേഹത്തിന് കാണിച്ചു കൊടുത്തു, മഞ്ജുവിന്റെ അഭിനയം കണ്ടു അദ്ദേഹം ആശ്ചര്യപ്പെട്ടു പോയി. അത് സന്തോഷത്തോടെ എന്നോട് പറയുകയും ചെയ്തു. 'ദർബാർ' യഥാർത്ഥത്തിൽ വളരെ രസകരമായ ഒരു ചിത്രമാണ്, ഈ ചിത്രം മികച്ച രീതിയിൽ സ്വീകരിക്കപ്പെടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രജനി സാറിനൊപ്പം മറ്റൊരു ചിത്രം ഷൂട്ട് ചെയ്യാനും ആഗ്രഹിക്കുന്നു. എനിക്ക് അദ്ദേഹത്തെ ഇപ്പോൾ നന്നായി അറിയാമെന്നും 'ദർബാർ' സെറ്റിലെ ഊഷ്മളത എന്നെന്നേക്കുമായി നിലനിൽക്കുമെന്നും തോന്നുന്നു.
/indian-express-malayalam/media/media_files/uploads/2020/01/darbar-movie-release-santosh-sivan-interview-332791-1-1024x1024.jpg)
മാറുന്ന ഛായാഗ്രഹണ രീതികള്‍
ഛായാഗ്രഹണം മാത്രമല്ല, ഇന്ന് എല്ലാം മാറുകയാണ്. ചെറുപ്പകാലത്ത് ഞാന്‍ വരയ്ക്കാൻ തുടങ്ങിയപ്പോൾ, എന്റെ മുത്തശ്ശി എന്നോട് പറയുമായിരുന്നു, പെയിന്റിംഗ് ആണ് ഒറിജിനല്‍ എന്ന്, പിന്നീട് ഞാൻ ഫോട്ടോഗ്രാഫി ചെയ്യാന്‍ ആരംഭിച്ചപ്പോൾ, അച്ഛൻ ശിവൻ പറഞ്ഞു നെഗറ്റീവ് ആണ് ഒറിജിനൽ എന്ന്. ഇപ്പോൾ ഡിജിറ്റൽ യുഗത്തിൽ, എല്ലാം എന്തിന്റെയെങ്കിലും പകർപ്പാണ്. പക്ഷേ, സെന്‍സിബിലിറ്റിയില്‍ ശരിക്കും വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സെന്‍സിബിലിറ്റികളോടും സാംസ്കാരിക സ്വാധീനത്തോടും നിങ്ങൾ എത്രത്തോളം പറ്റിനിൽക്കുന്നുവോ അത്രത്തോളം ആഗോളതലത്തിൽ നിങ്ങൾ അംഗീകരിക്കപ്പെടും. നമ്മുടെ സംസ്കാരത്തിലേക്ക് വേരൂന്നിയതും ഹോളിവുഡ് ശൈലി അനുകരിക്കാത്തതും കൊണ്ട് മാത്രമാണ് ഞാൻ അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫർമാരിൽ അംഗമായത്.
ഛായാഗ്രഹണം ഒരു വിഷ്വൽ ഭാഷയാണ്, അത് 'ഗ്ലോബല്‍' ആണ്. പക്ഷേ അടിസ്ഥാനപരമായി നമ്മള്‍ നമ്മുടെ വേരുകളോട് പറ്റിനിൽക്കണമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒപ്പം കഴിയുന്നത്ര ലോകം കാണാനും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനും ശ്രമിക്കുക. ഞാന്‍ പല തരം കാര്യങ്ങള്‍ ചെയ്യുനുണ്ട് ഇപ്പോള്‍. വാണിജ്യ സിനിമകള്‍ ചെയ്യും, അതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് പരീക്ഷണ ചിത്രങ്ങള്‍ ചെയ്യും. ഡോക്യുമെന്ററികളും ചെയ്യുന്നുണ്ട്. കേരള മീഡിയ അക്കാദമിക്ക് വേണ്ടി ഞാൻ എന്റെ പിതാവ് ശിവനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു, കുട്ടനാട് കർഷകരെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തു. കാഴ്ചക്കാർക്കായി വ്യത്യസ്ത പുസ്‌തകങ്ങൾ വായിച്ചു കൊടുക്കുന്നത് പോലെയാണ് അതൊക്കെ.
Read Here: ദർബാർ അനുഭവങ്ങള്‍: രജനികാന്ത് ചിത്രത്തിന്റെ മലയാളി സഹസംവിധായകന്‍ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.