Darbar Movie Release: തെന്നിന്ത്യ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് രജനികാന്ത്-മുരുഗദാസ് ടീമിന്റെ ‘ദർബാർ’. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ സഹസംവിധായകനും മലയാളിയുമായ സുധാസ്, ‘ദർബാർ’ സിനിമ സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചും ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു.
സിനിമയുടെ വഴികള്‍
കോഴിക്കോട് മലാപ്പറമ്പ് ആണ് സ്വദേശം. സിനിമാപശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചത്. അച്ഛന് ജയദാസ് പി ജി വിശ്വംഭരന്റെ സഹസംവിധായകന് ആയിരുന്നു. അച്ഛന് എഴുതിയ ചില തിരക്കഥകളും വീട്ടില്‍ തന്നെയുണ്ടായിരുന്ന മറ്റു ക്ലാസ്സിക് തിരക്കഥകളും ഒക്കെ വായിച്ചാണ് വളര്‍ന്നത്. അച്ഛന്റെ സിനിമാ സുഹൃത്തുക്കളുമായുള്ള ഇടപെടലുകള്‍, അത് വഴി കാണാന്‍ സാധിച്ച ധാരാളം സിനിമകള്‍, കൂടാതെ എന്റെ തന്നെ തീവ്രമായ അഭിനിവേശം ഇതൊക്കെയാണ് സിനിമയില്‍ എത്തിച്ചത്. അച്ഛന്റെ പിന്തുണയും വഴികാട്ടലും എന്നും ഉണ്ടായിരുന്നു. ഇന്നും എന്റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും കൂടെ നില്‍ക്കുന്നത് എന്റെ കുടുംബം തന്നെയാണ്.
പഠനം കഴിഞ്ഞു അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് എ ആര് മുരുഗദാസ് സാറിന്റെ ഒപ്പം ജോലി ചെയ്യാന്‍ എത്തുന്നത്. ആദ്യം കണ്ടപ്പോള്‍ അദ്ദേഹം എന്നോട് ഒരു ചെറിയ തിരക്കഥ എഴുതി കാണിക്കാന്‍ പറഞ്ഞു. ഞാന്‍ എഴുതി കൊടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ തുടക്കത്തില്‍ ‘എന്ഗെയും എപ്പോതും’ എന്ന ചിത്രത്തില്‍ ട്രെയിനിയായി ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം നിര്‍മ്മിച്ച ‘വത്തിക്കുച്ചി’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. ‘അറിമാ നമ്പി’ മുതല്‍ മുതല്‍ മുരുഗദാസ് സാറിന്റെ എല്ലാ ചിത്രങ്ങളിലും അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്, ‘സര്‍ക്കാര്‍’ ഒഴികെ. മലയാളത്തില്‍ ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് കൊണ്ടാണ് ‘സര്‍ക്കാര്‍’ ചെയ്യാന്‍ സാധിക്കാത്തത്. മലയാളത്തില്‍ രഞ്ജിത് സാറിനൊപ്പം ‘ലോഹം’ എന്ന ചിത്രത്തിലും അസോസിയേറ്റ് ചെയ്തിട്ടുണ്ട്.

Darbar Movie Release: ‘ദര്‍ബാര്‍’ അനുഭവം
എ ആര് മുരുഗദാസ് സാറിനൊപ്പം ജോലി ചെയ്യുന്നതിന്റെ ഏറ്റവും മനോഹരമായ അനുഭവം അദ്ദേഹത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പ്രോസെസ്സ് ആണ്. രാവിലെ ആറു മണി മുതല്‍ രാത്രി ഒന്‍പതര വരെ നീളുന്ന, ഏതാണ്ട് മൂന്നു-നാല് മാസക്കാലമുള്ള ഒരു പ്രീ-പ്രൊഡക്ഷന്‍ ആണ് അദ്ദേഹം ചെയ്യുക. ഒരു കഥാതന്തുവിനെ വികസിപ്പിച്ച്, തിരക്കഥയാക്കി, അതിന്റെ വീണ്ടും വീണ്ടും ചെത്തിമിനുക്കി എടുക്കുന്ന ആ പ്രക്രിയയാണ് എനിക്ക് ഏറ്റവും അര്‍ത്ഥവത്തായി തോന്നിയിട്ടുള്ളത്. ‘ദര്‍ബാറി’ലും അങ്ങനെ തന്നെയായിരുന്നു.
ഒരു പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘ദര്‍ബാര്‍’ സങ്കല്പ്പിക്കപ്പെട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലായിടങ്ങളിലെയും ‘സെന്‍സിബിലിറ്റി’യ്ക്ക് ചേര്‍ന്ന പോലെ അത് ആവിഷകരിക്കേണ്ടതുണ്ട്. ആക്ഷന്‍ ചിത്രമാണെങ്കിലും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടണം എന്നുണ്ടായിരുന്നു. മുരുഗദാസ് സാറിന്റെ ചിത്രത്തിന്റെ പ്രത്യേകതയായ ‘ഹീറോ ബ്രില്ലന്‍സ്’, ‘സ്ക്രീന്‍പ്ലേയുടെ ലേയറിംഗ്’ ഏതൊക്കെ അതില്‍ അനുസ്യൂതമായി ചേര്‍ക്കണം, എല്ലാറ്റിനും ഉപരി, രജനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിന്റെ താരങ്ങള്‍ക്ക് അത് ഇഷ്ടപ്പെടണം, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് തിരക്കഥ ഒരുക്കിയത്.
രജനികാന്ത്
ഏതൊരു സംവിധായകനെ സംബന്ധിച്ചും ഒരു രജനികാന്ത് ചിത്രം ഒരുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരിക്കും. തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ പൊതുസമ്മതിയ്ക്ക് എല്ലാം കൊണ്ടും ചേര്‍ന്ന തരത്തില്‍ ഒരു സിനിമ ഒരുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പിന്നെ ഓരോ രജനി ചിത്രത്തിനും സ്വാഭാവികമായി ഉണ്ടാവുന്ന വലിയ ഇന്‍വെസ്റ്റ്മെന്റ്, അതിനോട് ഒരു ഫിലിംമേക്കര്‍ കാണിക്കേണ്ട കമിറ്റ്മെന്റ്, ഒരു കാരണവശാലും ചിത്രം പരാജയപ്പെടാന്‍ പാടില്ല എന്നത് ഒരു നിമിഷവും ഓര്‍ത്തു കൊണ്ട് വേണം അത്തരത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ചെയ്യാന്‍.
ആരാധകര്‍ രജനി സാറിന്റെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു രീതിയുണ്ട്. അദ്ദേഹത്തിന്റെ സ്റ്റൈല്‍ കോശ്യന്റ്റ് ആണ് അതില്‍ ഏറ്റവും പ്രധാനം. സിനിമയുടെ പ്രോഗ്രെഷനില്‍ അതിനു ഒരു കോട്ടവും വരാന്‍ പാടില്ല. അങ്ങനെ ഒരുപാട് വെല്ലുവിളികള്‍ ഒരു രജനി ചിത്രത്തിനുണ്ട്. പക്ഷേ അതെല്ലാം തന്നെ മുരുഗദാസ് സാര്‍ മനോഹരമായി മറികടന്നിട്ടുണ്ട് ‘ദര്‍ബാറില്‍’ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സന്തോഷ് ശിവന്
ഷൂട്ടിംഗില്‍ ഞാന്‍ പ്രധാനമായും നോക്കിയിരുന്നത് ആര്‍ട്ട്, ലൊക്കേഷന്‍ എന്നീ വിഭാഗങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ സിനിമയുടെ ച്ഛായാഗ്രാഹകാനായ സന്തോഷ് ശിവന് സാറിന്റെ ഒപ്പം ധാരാളം സമയം ചെലവഴിക്കാന്‍ സാധിച്ചു. പോസ്റ്റ്-പ്രൊഡക്ഷനില്‍, സിനിമയുടെ ഡി ഐ സമയത്തും അദ്ദേഹത്തിനൊപ്പം ഉണ്ടാവാന്‍ സാധിച്ചു. അതൊരു വലിയ ഭാഗ്യമായി തോന്നുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുകള്‍, ക്യാമറയാണെങ്കിലും, സംവിധാനമാണെങ്കിലും, എല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് അടുത്ത് നിന്ന് കാണാന്‍ സാധിച്ചു ‘ദര്‍ബാറി’ല്‍.
സന്തോഷ് ശിവന് സാറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് എടുത്തു പറയാനുള്ളത് അദ്ദേഹത്തിന്റെ വേഗമാണ്. ഒരു ഷോട്ടും ലൈറ്റ് അപ്പ് ചെയ്യാന്‍ അദ്ദേഹം എടുക്കുക വളരെ കുറച്ചു സമയമാണ്. സാധാരണ ഒരു സിനിമയില്‍ ഒരു ഷോട്ട് ചിത്രീകരിച്ചു കഴിഞ്ഞാല്‍ അടുത്ത് ലൈറ്റ് അപ്പ് ചെയ്തെടുക്കാന്‍ മിനിമം ഒരു പതിനഞ്ചു മിനുട്ട് എങ്കിലും എടുക്കും. അണിയറപ്രവര്‍ത്തകരെ സംബന്ധിച്ച് ആ പതിനഞ്ചു മിനുറ്റ് അടുത്ത ഷോട്ടിനു ആവശ്യമുള്ള തയ്യാറെടുപ്പുകള്‍ നടത്താനോ, അല്ലെങ്കില്‍ ഒരു ചെറിയ ബ്രേക്ക് എടുക്കാനോ ഒക്കെ ഉപയോഗിക്കാം. പക്ഷേ ഇദ്ദേഹത്തിന്റെ സിനിമകളില്‍ ആ ഇടവേള ഇല്ല. വളരെ പെട്ടന്ന് ലൈറ്റ് അപ്പ് ചെയ്യും. അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍.
Read Here: വേരുകളോട് ചേര്‍ന്ന് നില്ക്കൂ, ലോകം നിങ്ങളെ അംഗീകരിക്കും: സന്തോഷ് ശിവന് അഭിമുഖം
ദര്‍ബാര്‍ പ്രതീക്ഷകള്‍
നാല്പതു-നാല്പത്തിയഞ്ചു വയസ്സ് പ്രായമുള്ള രജനികാന്തിനെ, ഫുള്‍ എനെര്‍ജിയില്‍ കാണാന്‍ കഴിയും ‘ദര്‍ബാറില്‍’ എന്നാണ് പ്രതീക്ഷ. ആരാധകരേയും മറ്റു പ്രേക്ഷകരേയും നിരാശപ്പെടുത്തില്ല എന്നും കരുതുന്നു.

അടുത്ത പ്രൊജെക്റ്റ്
‘ദര്‍ബാറിന്’ ശേഷം സ്വന്തന്ത്രമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ എന്റെ സുഹൃത്തായ മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കപ്പേള’ എന്ന ചിത്രവുമായി സഹകരിക്കുന്നുണ്ട്. അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ഇപ്പോള്‍ നടക്കുന്നു.
Read Here: നയൻതാരയ്ക്ക് ഒപ്പം പൊലീസ് യൂണിഫോമിൽ രജനികാന്ത്; ‘ദർബാർ’ ലൊക്കേഷൻ ചിത്രങ്ങൾ