/indian-express-malayalam/media/media_files/uploads/2017/03/sheela.jpg)
കൊച്ചി: 'മീ ടു' വിവാദങ്ങളെ കുറിച്ച് മനസു തുറന്ന് നടി ഷീല. ഭക്ഷണത്തിലെ ഹോര്‍മോണുകളാണ് ആണുങ്ങള്‍ ഇങ്ങനെ പെരുമാറാന്‍ കാരണം. ഭക്ഷണത്തിലെ ഹോര്‍മോണുകള്‍ ആണുങ്ങളെ 90 ശതമാനം മനുഷ്യരും പത്ത് ശതമാനം മൃഗങ്ങളുമാക്കുന്നു. പണ്ടൊക്കെ 20 വയസ് ആകുമ്പോഴാണ് കുട്ടികള്‍ പ്രണയത്തിലാകുക. എന്നാല്‍, ഇപ്പോള്‍ കുട്ടികള്‍ ആ പ്രായമാകുമ്പോഴേക്കും പ്രണയത്തെ കുറിച്ച് ചിന്തിച്ച് കഴിഞ്ഞിട്ടുണ്ടാകും. ഇതെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണെന്ന് തനിക്ക് തോന്നുന്നതായും ഷീല പറഞ്ഞു. ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച ശേഷം ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read More: ഷീലയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം
അഭിനയിക്കാനായി എന്തെങ്കിലും പ്രത്യേക കഴിവ് വേണമെന്നില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഒരു ദിവസം അഭിനയിക്കാന്‍ പോകാവുന്നതേയുള്ളൂ. നല്ല ഒരു എഡിറ്റര്‍ ഉണ്ടെങ്കില്‍ കൈകള്‍ കൊണ്ടുള്ള ചലനം പോലും വളരെ മികച്ച നൃത്തമാക്കി മാറ്റാന്‍ സാധിക്കും. മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യറും വളരെ വ്യത്യസ്ത അഭിനയ ശൈലി ഉള്ളവരാണെന്നും ഷീല പറഞ്ഞു.
Read More: ദുരിതാശ്വാസ നിധിയിലേക്ക് മതിയായ സഹായം നൽകിയില്ല; താരങ്ങളെ വിമർശിച്ച് ഷീല
പണ്ടൊക്കെ കുറേ മരങ്ങളുണ്ടായിരുന്നു. പ്രകൃതി വളരെ സുന്ദരമായിരുന്നു. നിറയെ മരങ്ങള്‍ ഉള്ള പ്രദേശങ്ങളിലൊക്കെയാണ് പണ്ട് സിനിമ ഷൂട്ടിങ് നടക്കാറുള്ളത്. അത് നമുക്ക് സമാധാനപരമായ അന്തരീക്ഷം നല്‍കുമെന്നും ഷീല അഭിമുഖത്തില്‍ പറഞ്ഞു. തന്റെ കാലത്ത് ഇന്നത്തേത് പോലെ സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സിനിമയിൽ ആരും തന്നെ ശല്യം ചെയ്തിട്ടില്ല. ബഹുമാനമില്ലായ്മകൾ അനുഭവിച്ചിട്ടില്ലെന്നും ഷീല കൂട്ടിച്ചേർത്തു.
ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സര്‍ക്കാരിന്റെ ജെസി ഡാനിയേല്‍ പുരസ്‌കാരം ജൂൺ നാലിനാണ് ഷീലയ്ക്ക് ലഭിച്ചത്.. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ഈ വിവരം അറിയിച്ചത്. പുരസ്കാരം 2019 ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍,സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Read More: ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കി ശ്രീകുമാരന്‍ തമ്പി
1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന നായികയായിരുന്നു. നിത്യഹരിതനായകൻ പ്രേം നസീറിനൊപ്പം നിരവധിയേറെ ചിത്രങ്ങളിൽ നായികയായും ഷീല അഭിനയിച്ചു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡും പ്രേം നസീറും ഷീലയുമാണ് പങ്കിടുന്നത്. 1980 ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയനരംഗത്തോട് വിട പറഞ്ഞ ഷീല പിന്നീട് തിരിച്ചെത്തിയത് സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ (2003) എന്ന ചിത്രത്തിലൂടെയായിരുന്നു.
മലയാളചലച്ചിത്രമേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമെന്ന് അറിയപ്പെടുന്ന ജെ സി ഡാനിയേൽ പുരസ്കാരം സമ്മാനിക്കുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ പേരിലുള്ള ഈ പുരസ്കാരം 1992 മുതലാണ് നൽകി തുടങ്ങിയത്. സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനായിരുന്നു ആദ്യ ജെ സി ഡാനിയേൽ പുരസ്കാര ജേതാവ്. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയായിരുന്നു കഴിഞ്ഞ വർഷം ഈ പുരസ്കാരം നേടിയത്.
ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രതിഭകളുടെ പട്ടികയിൽ ഇതുവരെ ഒരേ ഒരു വനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ആറന്മുള പൊന്നമ്മയായിരുന്നു. 2005 ലാണ് ആറന്മുള പൊന്നമ്മയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്. മുൻ വർഷങ്ങളിൽ ദക്ഷിണാമൂർത്തി, കെ ജെ യേശുദാസ്, നവോദയ അപ്പച്ചൻ, മധു, ഐവി ശശി,​ എം ടി വാസുദേവൻ നായർ, ജോസ് പ്രകാശ്, കെ ജി ജോർജ്, അടൂർ ഗോപാലകൃഷ്ണൻ എന്നിവർക്കും ജെ സി ഡാനിയേൽ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.