തിരുവനന്തപുരം: ഒരു സിനിമയുടെ പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാള സിനിമാ താരങ്ങൾ നൽകണമെന്ന് നടി ഷീല. ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങൾ മതിയായ സഹായം നൽകിയില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി താരനിശ സംഘടിപ്പിക്കണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറിയശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഷീല മലയാള താരങ്ങൾക്കെതിരെ തുറന്നടിച്ചത്.

പരസ്യങ്ങളിൽ അഭിനയിച്ച് 30-50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരങ്ങൾ നമ്മുടെ ഇൻഡസ്ട്രിയിലുണ്ട്. മൂന്നു നാലും കോടി രൂപ വിലമതിക്കുന്ന കാറുകളുളള താരങ്ങളുണ്ട്. അവർ ഓരോരുത്തരും നല്ലൊരു തുക നൽകിയിരുന്നുവെങ്കിൽ വലിയൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയേനെ. കേരളത്തിലെ ജനങ്ങൾ ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറാണെങ്കിൽ ആർട്ടിസ്റ്റുകൾ ഒരു സിനിമയുടെ പ്രതിഫലം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കൊടുക്കണം. കേരളത്തിലെ ഓരോരുത്തരും സിനിമ കാണാനായി തിയേറ്ററിലെത്തിയതുകൊണ്ടാണ് താനടക്കമുളള താരങ്ങൾ ഉയരങ്ങളിൽ എത്തിയത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി താരനിശ സംഘടിപ്പിക്കണം. അതിലൂടെ വലിയൊരു തുക സമാഹരിക്കാൻ കഴിയുമെന്നും ഷീല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാള സിനിമാ ഇൻഡസ്ട്രിക്ക് പുറത്തുനിന്നും പല താരങ്ങളും വൻ തുക സംഭാവനയായി നൽകിയ പശ്ചാത്തലത്തിലാണ് ഷീലയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് നല്‍കിയത്. മോഹൻലാൽ 25 ലക്ഷമാണ് നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.