തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സര്‍ക്കാരിന്റെ ജെസി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത അഭിനേത്രിയായ ഷീലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ഈ വിവരം അറിയിച്ചത്. പുരസ്കാരം 2019 ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത സംവിധായകന് കെ എസ് സേതുമാധവന് ചെയര്‍മാനും നടന് നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍,സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന നായികയായിരുന്നു. നിത്യഹരിതനായകൻ പ്രേം നസീറിനൊപ്പം നിരവധിയേറെ ചിത്രങ്ങളിൽ നായികയായും ഷീല അഭിനയിച്ചു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡും പ്രേം നസീറും ഷീലയുമാണ് പങ്കിടുന്നത്. 1980 ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയനരംഗത്തോട് വിട പറഞ്ഞ ഷീല പിന്നീട് തിരിച്ചെത്തിയത് സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ (2003) എന്ന ചിത്രത്തിലൂടെയായിരുന്നു.
മലയാളചലച്ചിത്രമേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമെന്ന് അറിയപ്പെടുന്ന ജെ സി ഡാനിയേൽ പുരസ്കാരം സമ്മാനിക്കുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ പേരിലുള്ള ഈ പുരസ്കാരം 1992 മുതലാണ് നൽകി തുടങ്ങിയത്. സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനായിരുന്നു ആദ്യ ജെ സി ഡാനിയേൽ പുരസ്കാര ജേതാവ്. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയായിരുന്നു കഴിഞ്ഞ വർഷം ഈ പുരസ്കാരം നേടിയത്.
Read more: ജെസി ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്
ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രതിഭകളുടെ പട്ടികയിൽ ഇതുവരെ ഒരേ ഒരു വനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ആറന്മുള പൊന്നമ്മയായിരുന്നു. 2005 ലാണ് ആറന്മുള പൊന്നമ്മയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്. മുൻ വർഷങ്ങളിൽ ദക്ഷിണാമൂർത്തി, കെ ജെ യേശുദാസ്, നവോദയ അപ്പച്ചൻ, മധു, ഐവി ശശി, എം ടി വാസുദേവൻ നായർ, ജോസ് പ്രകാശ്, കെ ജി ജോർജ്, അടൂർ ഗോപാലകൃഷ്ണൻ എന്നിവർക്കും ജെ സി ഡാനിയേൽ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.