/indian-express-malayalam/media/media_files/xTvw1DH79rLRcodKQihw.jpg)
ഗോവിന്ദയും ഭാര്യ സുനിതയും
1990 കളിൽ ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായിരുന്നു ഗോവിന്ദ. ആരാധികമാരുടെ വലിയൊരു കൂട്ടം തന്നെ താരത്തിനുണ്ടായിരുന്നു. അക്കാലത്ത് ഗോവിന്ദയുടെ വീടിനു മുന്നിലും സിനിമാ സെറ്റുകൾക്ക് പുറത്തും താരത്തെ ഒരു നോക്ക് കാണാനായി സ്ത്രീകൾ തടിച്ചുകൂടാറുണ്ടായിരുന്നതായി നടന്റെ ഭാര്യ സുനിത പറഞ്ഞു. സ്റ്റേജിൽ ഗോവിന്ദയെ കണ്ട് ആരാധികമാർ ബോധം കെട്ടുപോലും വീണിരുന്നതായി അവർ പറഞ്ഞു.
ഒരിക്കൽ ഗോവിന്ദയുടെ കടുത്ത ആരാധികയായ ഒരു യുവതി വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസം അവരുടെ വീട്ടിനുള്ളിൽ താമസിച്ചുവെന്നും ഭാര്യ വെളിപ്പെടുത്തി. ആ യുവതി യഥാർത്ഥത്തിൽ ഒരു മന്ത്രിയുടെ മകളായിരുന്നുവെന്നും സുനിത വ്യക്തമാക്കി. ടൈംഔട്ട് വിത്ത് അങ്കിത് എന്ന പോഡ്‌കാസ്റ്റിലാണ് ഗോവിന്ദയുടെ ആരാധികമാരെക്കുറിച്ച് സുനിത സംസാരിച്ചത്.
''വീട്ടുജോലിക്കാരിയായി അഭിനയിച്ച് ഒരു യുവതി ഏകദേശം 20-22 ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. നല്ലൊരു കുടുംബത്തിൽനിന്നുള്ള കുട്ടിയാണെന്ന് കണ്ടപ്പോൾ തന്നെ തോന്നി. അവൾക്ക് പാത്രങ്ങൾ കഴുകാനോ വീട് വൃത്തിയാക്കാനോ അറിയില്ലെന്ന് എന്റെ അമ്മായിയമ്മയോട് ഞാൻ പറഞ്ഞു. പിന്നീടാണ് അവൾ ഒരു മന്ത്രിയുടെ മകളാണെന്നും ഗോവിന്ദയുടെ കടുത്ത ആരാധികയാണെന്നും ഞങ്ങൾ മനസിലാക്കിയത്,'' സുനിത പറഞ്ഞു.
“ഞാൻ അന്ന് ചെറുപ്പമായിരുന്നു, പക്ഷേ, അവളുടെ ചില പ്രവൃത്തിയിൽ എനിക്ക് സംശയം തോന്നി. രാത്രി ഏറെ വൈകിയും ഗോവിന്ദ വരുന്നതുവരെ അവൾ ഉറങ്ങാതെ കാത്തുനിൽക്കാറുണ്ടായിരുന്നു. ഇതു കണ്ടതും ഞാൻ സ്തംഭിച്ചുപോയി. ഞാനവളുടെ വീട്ടുകാരെ കുറിച്ച് തിരക്കി. പിന്നീടാണ് അവൾ കരഞ്ഞുകൊണ്ട് ഗോവിന്ദയുടെ ആരാധികയാണെന്ന് സമ്മതിച്ചത്. അവളുടെ അച്ഛൻ വന്നാണ് കൂട്ടിക്കൊണ്ടുപോയത്. ഏകദേശം 20 ദിവസത്തോളം ഞങ്ങൾക്കൊപ്പം അവൾ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ളവരായിരുന്നു ഗോവിന്ദയുടെ ആരാധികമാർ,'' സുനിത വ്യക്തമാക്കി.
1987 ലാണ് ഗോവിന്ദയും സുനിത അഹൂജയും വിവാഹിതരാകുന്നത്. അപ്പോൾ ഗോവിന്ദ സിനിമയിലെത്തിയിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. ഗോവിന്ദയുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന് ഒരു വർഷത്തോളം ഇരുവരും വിവാഹം രഹസ്യമാക്കി വച്ചു. മകൾക്ക് ഒരു വയസ് ആകാറായപ്പോഴാണ് ഇരുവരും വിവാഹത്തെക്കുറിച്ച് പരസ്യമാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.