/indian-express-malayalam/media/media_files/pDTE4SNqoem6QtmgpxtB.jpg)
കൊറിയോഗ്രാഫറും സംവിധായകയുമായ ഫറാ ഖാനും ഷാരൂഖ് ഖാനും തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. ആ സൗഹൃദം തുടങ്ങിയതിനെ കുറിച്ചും ഷാരൂഖുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും ഫറാ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യക്കാഴ്ചയിൽ തന്നെ പരസ്പരം ഒത്തുപോകുന്നവരാണ് തങ്ങളെന്ന് മനസ്സിലായെന്നും ഫറാ ഖാൻ പറയുന്നു.
കുന്ദൻ ഷാ സംവിധാനം ചെയ്ത 'കഭി ഹാൻ കഭി നാ' എന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം ആദ്യമായി പ്രവർത്തിച്ച ഓർമകളും ഫറാ ഖാൻ പങ്കിട്ടു. ആ ചിത്രത്തിന്റെ നിർമാതാക്കളുടെ കയ്യിൽ വളരെ കുറച്ചു പണമേ ഉണ്ടായിരുന്നുള്ളുവെന്നും അതിനാൽ പലപ്പോഴും ഷാരൂഖ് തന്റെ സഹായിയായി പ്രവർത്തിച്ചെന്നും ഫറ ഓർത്തെടുത്തു. ആ ചിത്രത്തിൽ, താൻ യഥാർത്ഥത്തിൽ ഷാരൂഖിനെക്കാൾ കൂടുതൽ പണം സമ്പാദിച്ചിരുന്നുവെന്നും ഫറാ ഖാൻ വെളിപ്പെടുത്തി.
റേഡിയോ നാഷയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തെക്കുറിച്ച് ഫറ മനസ്സു തുറന്നത്. “1991ൽ ആയിരുന്നു ഞങ്ങൾ ഒന്നിച്ചുള്ള ആദ്യ ഷൂട്ടിംഗ്, അന്ന് ഞാനും ഫീൽഡിലെ പുതിയ ആളായിരുന്നു. ഗോവയിലായിരുന്നു ആ ഷൂട്ട്. അതിനു മുൻപു ഷാരൂഖിൻ്റെ ഒരു അഭിമുഖം മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ, അതിൽ അദ്ദേഹം വളരെ ധാർഷ്ട്യവും അഹങ്കാരവുമുള്ള ഒരാളായാണ് എനിക്കു തോന്നിയത്. അതിനാൽ തന്നെ, കൂടെ ജോലി ചെയ്യാൻ എനിക്കു വല്ലാത്ത പേടിയുണ്ടായിരുന്നു."
"ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോഴുള്ള അദ്ദേഹത്തിന്റെ ലുക്ക് എനിക്കിപ്പോഴും ഓർമയുണ്ട്. സംവിധായകൻ കുന്ദൻ ഷാ ഞങ്ങളെ പരിചയപ്പെടുത്തി. ചിലപ്പോൾ ഒരാളെ കാണുമ്പോൾ നിങ്ങൾക്ക് തൽക്ഷണം ഒരു കണക്ഷൻ തോന്നില്ലേ? സ്കൂൾ കാലം മുതൽ കൂടെ പഠിച്ച ഒരു സുഹൃത്തിനെപ്പോലെ? ഷാരൂഖിൻ്റെ കാര്യത്തിൽ അങ്ങനെയാണ് സംഭവിച്ചത്. ഞങ്ങൾക്ക് ഏറെക്കുറെ ഒരേ താൽപ്പര്യങ്ങൾ ആയിരുന്നു, ഞങ്ങൾ ഒരേ പുസ്തകങ്ങൾ വായിക്കും, ഞങ്ങളുടെ നർമ്മബോധം പോലും ഏറെക്കുറെ ഒരേപ്പോലെയായിരുന്നു."
'കഭി ഹാൻ കഭി നാ' പരിമിതമായ ബജറ്റിൽ ചിത്രീകരിച്ച ചിത്രമായിരുന്നുവെന്നും അതിനാൽ തനിക്കൊരു അസിസ്റ്റന്റിനെ കൂടി നിയമിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഫറാ ഖാൻ ഓർത്തു. ആ സിനിമയുടെ ഷൂട്ടിനിടെ ഒരു അസിസ്റ്റന്റായി നിന്ന് ഷാരൂഖ് തന്നെ വളരെയധികം സഹായിച്ചുവെന്നും ഫറ കൂട്ടിച്ചേർത്തു.
"ബജറ്റ് വളരെ കുറവായിരുന്നു. 25,000 രൂപയാണ് ആ ചിത്രത്തിനായി ഷാരൂഖ് പ്രതിഫലം വാങ്ങിയത്. ആ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഞാനായിരുന്നു. എനിക്ക് ഒരു പാട്ടിന് 5000 രൂപയെന്ന രീതിയിൽ പ്രതിഫലം ലഭിച്ചു, ആറ് പാട്ടുകൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് 30,000 രൂപ പ്രതിഫലം കിട്ടി. പക്ഷേ ഒരു സഹായിയെപ്പോലും വയ്ക്കാനുള്ള ബജറ്റ് അവരുടെ കയ്യിൽ ഇല്ലായിരുന്നു. അതിനാൽ, 'ആനാ മേരേ പ്യാർ കോ' എന്ന ഗാനത്തിലേക്ക് ഞങ്ങൾ ഗോവയിൽ കണ്ടുമുട്ടിയ സാധാരണക്കാരായ ആളുകളെ കാസ്റ്റ് ചെയ്തു. അവർക്ക് എപ്പോൾ സ്ക്രീനിലേക്ക് എത്തണം, എങ്ങനെ അഭിനയിക്കണം എന്നൊന്നുമുള്ള യാതൊരു ധാരണയുമില്ലായിരുന്നു. പാട്ടു വരുമ്പോൾ മതിലിനു പിന്നിൽ നിന്ന് അവർ എഴുന്നേൽക്കണം. അവിടെ രക്ഷയായത് ഷാരൂഖാണ്. അദ്ദേഹം അവരെ എണീക്കേണ്ട സമയമാവുമ്പോൾ മൃദുവായി നുള്ളും," ഫറാ ഖാൻ പറഞ്ഞു.
മെയിൻ ഹൂ നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ഫറയുടെ മൂന്ന് ചിത്രങ്ങളിലും ഷാരൂഖ് ആയിരുന്നു നായകൻ.
ഇടയ്ക്ക് ഇരുവർക്കുമിടിയിൽ വഴക്കുകളും ഉണ്ടായി. 2000-കളുടെ അവസാനത്തിലും 2010-കളുടെ തുടക്കത്തിലും അവർ വർഷങ്ങളോളം സംസാരിച്ചിരുന്നില്ല, എന്നാൽ പിന്നീട് പിണക്കമൊക്കെ പറഞ്ഞുതീർത്തു ഇരുവരും പിന്നീട് സൗഹൃദം പുനസ്ഥാപിച്ചു.
Read More Entertainment Stories Here
- മാറിടത്തിന്റെ വലുപ്പം കൂട്ടണമെന്ന് പറഞ്ഞു; സിനിമയിൽ നേരിട്ട സമ്മർദ്ദങ്ങളെ കുറിച്ച് നടി സമീറ റെഡ്ഡി
- കൂവുന്നത് കോമ്പ്ലെക്സ് കൊണ്ട്, കൈയ്യടിക്കുന്നത് സന്തോഷം കൊണ്ട്: സുരേഷ് ഗോപി
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.