scorecardresearch

മാർക്കോ സോഷ്യൽ ക്രൈം, ഇത്ര പൈശാചിക ആവിഷ്ക്കാരം കൊറിയൻ സിനിമയിൽ പോലും ഇല്ലെന്ന് സംവിധായകൻ

'മാർക്കോ'യ്ക്കെതിരെ വിമർശനവുമായി സംവിധായകൻ വി.സി അഭിലാഷ്

'മാർക്കോ'യ്ക്കെതിരെ വിമർശനവുമായി സംവിധായകൻ വി.സി അഭിലാഷ്

author-image
Entertainment Desk
New Update
VC Abhilash, Marco

ചിത്രം: ഫേസ്ബുക്ക്

ഇന്ത്യയിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന വിശേഷണത്തോടെ എത്തിയ 'മാർക്കോ' വീണ്ടും ചർച്ചയാവുകായാണ്. കേരളത്തിൽ വർധിച്ചുവരുന്ന അക്രമം മാർക്കോ അടക്കമുള്ള സിനിമകളുടെ സ്വാധീനം മൂലമാണെന്ന തരത്തിലുള്ള വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം സജീവമാണ്. ഇപ്പോഴിതാ മാർക്കോയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വി.സി അഭിലാഷ്.

Advertisment

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ കറുത്ത അധ്യായവും വലിയ സോഷ്യൽ ക്രൈമുമാണ് മാർക്കോയെന്ന് ഫോസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ അഭിലാഷ് കുറിച്ചു. ഇത്രയും പൈശാചികവും മനുഷ്യത്വ രഹിതമായ ആവിഷ്ക്കാരം കൊറിയൻ സിനിമകളിൽ പോലും കണ്ടിട്ടില്ലെന്നും ഈ സാമൂഹിക വിരുദ്ധ സൃഷ്ടി  ഉണ്ടാക്കിയവരും അതിനെ വാഴ്ത്തിയവരും സ്വയം മനോനില പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും അഭിലാഷ് പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

"മാർക്കോ തീയറ്ററിൽ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ''ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ"ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു. ഈ സാമൂഹിക വിരുദ്ധ സൃഷ്ടി  ഉണ്ടാക്കിയവരും ഇതിനെ വാഴ്ത്തിയവരും സ്വയമൊന്ന് മനോനില പരിശോധിക്കുന്നത് നന്നായിരിക്കും എന്നൊരഭ്യർത്ഥനയുണ്ട്.

'നിങ്ങളെന്തിന് ഇത് കാണാൻ തയ്യാറായി?' 'തീയറ്ററിൽ വിജയിച്ചില്ലേ?' എന്നീ ചോദ്യങ്ങൾക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികവും മനുഷ്യത്വ രഹിതമായ ആവിഷ്ക്കാരം ഞാനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ല..!

Advertisment

ഒരു കൊച്ചുകുട്ടിയുടെ തല ഗ്യാസ് സിലിണ്ടറുപയോഗിച്ച് ഇടിച്ച് പരത്തി പേസ്റ്റ് പരുവത്തിലാക്കി മാറ്റുന്നത് കാണേണ്ടി വന്നു എനിക്ക്..! ഒരു ഗർഭിണിയുടെ വയറിനകത്ത് നിന്ന് ഗർഭസ്ഥ ശിശുവിനെ കീറി വലിച്ചെടുത്ത് അലറുന്നതും കാണേണ്ടിവന്നു എനിക്ക്..!

ഇതൊക്കെ ഈ സൊസൈറ്റിയിൽ സർവ്വസാധാരണമെന്ന് വാദിച്ചാൽ പോലും മാർക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസൾട്ട് സാഡിസം മാത്രമാണ്. പരിശുദ്ധിയുടെ പുനരവതരണം മാത്രമായിരിക്കണം സിനിമ എന്നൊരു വാദം എന്നിലെ ഫിലിം മേക്കർക്കും പ്രേക്ഷകനുമില്ല. ക്രൈം- ത്രില്ലർ സിനിമകൾ എൻ്റെയും ഇഷ്ടമാണ്, സ്വപ്നമാണ്. എന്നാൽ മാർക്കോ പോലെയുള്ള സൃഷ്ടികൾ കാരണം സെൻസർ ബോർഡിൻ്റെ 'ഇടപെടൽ' ഇപ്പോളുള്ളതിനേക്കാൾ കൂടും. 

സിനിമകളുടെ കഥാഗതിയിൽ ഉണ്ടാവുന്ന സ്വാഭാവിക ക്രൈം സീനുകൾ പോലും നാളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാവും. കാലം കുറേ കഴിയുമ്പോൾ ഇപ്പൊ ഇത് പടച്ച് വിട്ടവർ കുറ്റബോധവിവശരായി ഏതെങ്കിലും അഭിമുഖങ്ങളിൽ വന്നിരുന്ന് 'വേണ്ടിയിരുന്നില്ല' എന്ന് പരവശപ്പെടുമായിരിക്കും. 

അപ്പോഴേക്കും നാട്ടിലെ സകല കൊള്ളരുതായ്മകളുടേയും കാരണം സിനിമയാണെന്ന അടിസ്ഥാനരഹിത വ്യാഖ്യാനത്തിന് ആർട്ടെന്ന ലേബലൊട്ടിച്ച ഈ വിഷസന്തതി ഊർജം നൽകി കഴിഞ്ഞിരിക്കും! ശരിയാണ്, പാശ്ചാത്യ സ്ലാഷർ/ബ്രൂട്ടാലിറ്റി പ്രമോട്ട് ചെയ്യപ്പെടുന്ന സിനിമകളും ഇന്ന് നമ്മുടെ കൈവള്ളയിലുണ്ട്. എന്ന് കരുതി അതിനെ പിന്തുടരുന്നതല്ല നമ്മുടെ കല. നാളെയൊരുത്തൻ പീഡോഫീലിയയെ സപ്പോർട്ട് ചെയ്യുന്ന ഒരു സിനിമയെടുത്താൽ അതും കല എന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും പ്രദർശനാനുമതി കൊടുക്കാനും നമുക്കാവുമോ? പൊതു സമൂഹവും സിനിമാ ഫ്രട്ടേണിറ്റിയും ഒന്നടങ്കം ഈ വിഷ സർപ്പത്തെ തള്ളിപ്പറയുകയാണ് വേണ്ടത്.  

പിൻകുറിപ്പ്: സിനിമാക്കാരനായ ശേഷം ഇതാദ്യമായാണ് 'സിനിമ'യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും ഞാൻ പറയുന്നത്. 'ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ"ന്ന്  സാക്ഷ്യപ്പെടുത്തി, രണ്ടാം പകുതി കാണാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തും  ആദ്യപകുതി വരെ മാത്രമേ ഈ 'ഐറ്റം' കണ്ടിട്ടുള്ളൂ എന്ന് ഇന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്," വി.സി അഭിലാഷ് കുറിച്ചു.

Read More

Unni Mukundan Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: