/indian-express-malayalam/media/media_files/2zvIuoEbxiGW2bpQ2Cx2.jpg)
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് ദീപിക പദുകോൺ. 2007 ൽ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിനെ ഇരു കൈകളും നീട്ടിയാണ് സിനിമാ ലോകം സ്വീകരിച്ചത്. അവിടുന്നിങ്ങോട്ട് ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് ദീപിക ഉയരുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും ദീപികയ്ക്ക് സാധിച്ചു. ഹോളിവുഡിൽ നിന്നടക്കം നിരവധി അവസരങ്ങൾ ദീപികയെ തേടിയെത്തി. എന്നാൽ പ്രിയങ്ക ചോപ്രയെ പോലെ ഹോളിവുഡിലേക്ക് ചേക്കേറാൻ തയ്യാറാകാതെ, ഇന്ത്യയാണ് തന്റെ വീടെന്ന നിലപാടിൽ ബോളിവുഡിൽ തന്നെ തുടരാനാണ് ദീപിക ആഗ്രഹിച്ചത്.
ഒട്ടും എളുപ്പമായിരുന്നില്ല ബോളിവുഡിലെ തന്റെ ആദ്യകാല ഘട്ടങ്ങൾ എന്നാണ് ദീപിക പറയുന്നത്. അടുത്തിടെ വോഗിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. "തുടക്കകാലത്ത് എനിക്ക് തൊഴില്‍പരമായി മാത്രമല്ല, വ്യക്തിപരമായും ധാരാളം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നു. ഒരു പുതിയ മേഖല, കുടുംബമോ സുഹൃത്തുക്കളോ കൂട്ടിനില്ല, പുതിയ നഗരം, പുതിയ ആളുകൾ, ഞാനാകട്ടെ ഒരു ചെറിയ പെൺകുട്ടിയും. ഭാരമുള്ള ബാഗുമായാണ് യാത്രയും ഭക്ഷണവുമെല്ലാം, അന്ന് അത് ഒരു ഭാരമായി കരുതിയിരുന്നില്ല. വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഉറക്കം, തന്റെ ക്ഷേമത്തെയും ആരോഗ്യത്തെയും കുറിച്ചായിരുന്നു അമ്മയുടെ ആശങ്ക. എന്നാൽ ആ ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലാം ഒറ്റയ്ക് ചെയ്തതിൽ അഭിമാനം തോന്നുന്നു."
നെപ്പോട്ടിസത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്ന ചോദ്യത്തിന്, "എനിക്ക് വേറെ വഴിയില്ലായിരുന്നു" എന്നായിരുന്നു ദീപികയുടെ മറുപടി. "15- 20 വർഷങ്ങൾക്ക് മുൻപ് ചലച്ചിത്രമേഖലയ്ക് പുറത്തുനിന്നുള്ള ഒരാളായി ബോളിവുഡിലേക്ക് എത്തിയപ്പോൾ മറ്റൊരു മാർഗവും എന്റെ മുൻപിൽ ഇല്ലായിരുന്നു. തങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ഹോൾഡുമില്ലാത്ത മേഖലയിലോ തൊഴിലിലോ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഇതൊരു ഭാരിച്ച കടമയാണ്. നെപ്പോട്ടിസം പോലുള്ള കാര്യങ്ങൾ നമ്മൾ അറിയാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. ഇത് അന്നും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയും നിലനിൽക്കും. അതായിരുന്നു എന്റെ യാഥാർത്ഥ്യം."
തന്റെ മോഡലിംഗ് കരിയറിന്റെ തുടക്കത്തിൽ, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ധാരാളം വന്നിരുന്നുവെന്നും ദീപിക അഭിമുഖത്തിൽ പറയുന്നു. "ഗുരുക്കന്മാരടക്കം എല്ലാവരും പറഞ്ഞത്, നിങ്ങൾ ഇവിടെ അല്ല, പാരീസിലോ ന്യൂയോർക്കിലോ മിലാനിലോ ആയിരിക്കണം മോഡലിംഗ് ചെയ്യേണ്ടതെന്നാണ്. എന്നാൽ ആ സ്ഥലങ്ങൾ എന്റെ വീടല്ല, ഇന്ത്യയാണല്ലോ എന്റെ വീട് എന്നാണ് ഞാനോർത്തത്," ദീപിക പറയുന്നു.
2023 ദീപികയെ സംബന്ധിച്ച് വളരെ മികച്ച വർഷമായിരുന്നു. 'പത്താൻ', 'ജവാൻ' തുടങ്ങിയ ദീപിക അഭിനയിച്ച രണ്ടു ചിത്രങ്ങളും ഈ വർഷം 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. പദ്മാവത്, ബാജിറാവു മസ്താനി, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്‌സ്പ്രസ്, യേ ജവാനി ഹേ ദീവാനി തുടങ്ങിയ ചിത്രങ്ങളുടെ വിജയം ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരുടെ ലിസ്റ്റിലേക്ക് ദീപികയേയും ഉയർത്തി. സ്റ്റാർ കിഡ്സ് അടക്കി വാണ ബോളിവുഡിൽ തന്റേതായ സ്ഥാനമുണ്ടാക്കാൻ, ദീപിക പദുകോൺ എന്ന ബ്രാൻഡായി സ്വയം രേഖപ്പെടുത്താൻ ദീപിക ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്.
Check out More Entertainment Stories Here
- അതാണ് ഷാരൂഖും അജയ് ദേവ്ഗണും തമ്മിലുള്ള വ്യത്യാസം: കാജോൾ പറയുന്നു
- വേദന കഴുത്തിന്, കുത്തിയത് സ്വകാര്യ ഭാഗത്ത്; താൻ 'പെട്ടുപോയ' ചികിത്സയെക്കുറിച്ച് ഷാറൂഖ്
- സിവനേ ഇതേത് ജില്ല?; ചെന്നൈയില് പടക്കം കത്തിച്ച് കേരളം വരെ ഓടി ശോഭന, വീഡിയോ
- എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ചേച്ചി പക്ഷേ അടുത്തൊന്നും കെട്ടുന്ന ലക്ഷണം കാണുന്നില്ല: ദിയ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.