scorecardresearch

സൂപ്പർസ്റ്റാർ പിന്മാറിയതോടെ സംവിധായകൻ കടക്കെണിയിൽ, ഒടുവിൽ മകൾ നൃത്തം ചെയ്ത് കുടുംബം പോറ്റി

ആ സിനിമയോടെ സംവിധായകന് ജീവിതത്തിലെ മുഴുവൻ സമ്പാദ്യം നഷ്ടപ്പെട്ടു, ദരിദ്രനായി മരണത്തിനു കീഴടങ്ങി. അയാളുടെ മക്കളിന്ന് ബോളിവുഡിൽ സ്വന്തം മേൽവിലാസം സൃഷ്ടിച്ച പ്രതിഭകളാണ്

ആ സിനിമയോടെ സംവിധായകന് ജീവിതത്തിലെ മുഴുവൻ സമ്പാദ്യം നഷ്ടപ്പെട്ടു, ദരിദ്രനായി മരണത്തിനു കീഴടങ്ങി. അയാളുടെ മക്കളിന്ന് ബോളിവുഡിൽ സ്വന്തം മേൽവിലാസം സൃഷ്ടിച്ച പ്രതിഭകളാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kamran Khan Farah Khan

Kamran Khan Farah Khan

1960 കളിലും 1970 കളിലും, മുൻ നടനും സ്റ്റണ്ട്മാനുമായ കമ്രാൻ ഖാൻ, ദാരാ സിംഗിനെ നായകനാക്കി ബി ഗ്രേഡ് ആക്ഷൻ സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. ബെക്കാസൂർ, വതൻ സേ ദൂർ, ഇൽസാം, പഞ്ച് രത്തൻ തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങൾ. രണ്ടാമത്തെ കുട്ടി പിറന്നതിനു ശേഷം കമ്രാൻ ഖാൻ, ബോളിവുഡ് മുഖ്യധാര സിനിമകളുടെ ഭാഗമാവാൻ ആഗ്രഹിച്ചു. അതിനായി തന്റെ കൈവശമുള്ളതെല്ലാം പണയപ്പെടുത്തി.  ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ആ പദ്ധതിയിൽ നിക്ഷേപിച്ചു. നടൻ സഞ്ജീവ് കുമാറുമായി കരാർ വച്ചു. എന്നാൽ, സിനിമയുടെ  ചിത്രീകരണം പകുതിയായപ്പോൾ, സഞ്ജീവ് കുമാർ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു.

Advertisment

ആ പിൻമാറ്റമാവട്ടെ, കമ്രാനെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയിലാക്കി. ഒറ്റരാത്രികൊണ്ട് അയാൾക്ക് എല്ലാം നഷ്ടപ്പെട്ടു, മദ്യപാനത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണു. ഒരു പതിറ്റാണ്ടോളം ജോലിയില്ലാതെ അയാൾ അലഞ്ഞു. ദാമ്പത്യം തകർന്നു, ഒടുവിൽ അദ്ദേഹം ദരിദ്രനായി മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങുകൾക്ക് പോലും കുടുംബത്തിന് പണമില്ലായിരുന്നു. അവർ സംസ്കാര ചടങ്ങുകൾ  നടത്താൻ കമ്രാന്റെ അടുത്ത സുഹൃത്തായ എഴുത്തുകാരൻ സലിം ഖാനിൽ നിന്ന് ഒരു ചെറിയ തുക കടം വാങ്ങി. കമ്രാന്റെ രണ്ട് കുട്ടികൾ അന്ന് കൗമാരക്കാർ മാത്രമായിരുന്നു, പക്ഷേ പിതാവിന്റെ കടങ്ങൾ വീട്ടാൻ അവർക്ക് ചെറുപ്രായത്തിൽ തന്നെ അധ്വാനിക്കേണ്ടി വന്നു. ഇന്ന് അവരിരുവരും ബോളിവുഡിൽ സ്വന്തം മേൽവിലാസം സൃഷ്ടിച്ച പ്രതിഭകളാണ്. ഇരുവരെയും ലോകം ഇന്നറിയും- ഫറാ ഖാനും സാജിദ് ഖാനും. 

അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കവെ, താനും സാജിദും കടന്നു പോയ ദുഷ്കരമായ ബാല്യത്തെ കുറിച്ച് ഫറ മനസ്സു തുറന്നു. “ഏറ്റവും മോശം സമയങ്ങളിൽ പോലും സിനിമ എന്നെ സന്തോഷിപ്പിച്ചു. എന്റെ കുട്ടിക്കാലത്ത്, വീട്ടിൽ കാര്യങ്ങൾ മോശമായിരുന്നപ്പോഴും, മാതാപിതാക്കൾ വഴക്കിട്ടപ്പോഴുമെല്ലാം ഒരു സിനിമാ തിയേറ്ററിൽ പോയി മൂന്ന് മണിക്കൂർ ഇരുന്നു മൻമോഹൻ ദേശായിയുടെയോ നാസിർ ഹുസൈൻ്റെയോ സിനിമ കണ്ടപ്പോഴാണ് എനിക്ക് സന്തോഷം ലഭിച്ചത്. അക്കാലത്ത് ഞങ്ങൾ പോട്ട് ബോയിലറുകൾ കാണാറുണ്ടായിരുന്നു. അത് ഞങ്ങളെ സന്തോഷിപ്പിച്ചു.”  

“എന്റെ അച്ഛന്റെ പേര് ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം ദാരാ സിങ്ങിനൊപ്പം ബി-ഗ്രേഡ് സിനിമകൾ ചെയ്തിരുന്നു, അവ വളരെ രസകരമായിരുന്നു. അവയെല്ലാം റോബിൻ ഹുഡ് ബോംബെയിലേക്ക് വരുന്നു, ടാർസൻ ബോംബെയിലേക്ക് വരുന്നു... ദാരാ സിംഗ് ബോംബെ നഗരത്തിലുടനീളം ടാർസന്റെ കച്ചയിൽ ചുറ്റിത്തിരിയുന്നു... അത്തരത്തിലുള്ളതായിരുന്നു. പിന്നെയാണ് അതു സംഭവിച്ചത്. അദ്ദേഹം  തന്റെ മുഴുവൻ പണവും ഒരു സിനിമയ്ക്കായി ചെലവഴിച്ചു, അതിൽ ഞങ്ങളുടെ വീടും ഉൾപ്പെട്ടിരുന്നു. അതോടെ എല്ലാം പോയി. പിന്നെ 13-14 വർഷത്തോളം എന്റെ അച്ഛൻ ജോലി ചെയ്തില്ല. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങിയതേയില്ല.  സമയം വളരെ വളരെ മോശമായിരുന്നു.”

Advertisment

Also Read: അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ട്, അത് ഞാൻ നിനക്കു വാങ്ങിതരാം: ധ്യാനിനെ ട്രോളി ശ്രീനിവാസൻ

മുൻപ് പത്രപ്രവർത്തകനായ കരൺ ഥാപ്പറുമായുള്ള ഒരു അഭിമുഖത്തിൽ, അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ വെറും 30 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് ഫറാ പറഞ്ഞിരുന്നു. “അതുവരെ ഞാൻ ലാളിക്കപ്പെട്ടു വളർന്ന കുട്ടിയായിരുന്നു, എനിക്ക് വേണ്ടതെല്ലാം കിട്ടുമായിരുന്നു.  പക്ഷേ പെട്ടെന്ന് എല്ലാം മാറി... വീട് മാത്രം അവശേഷിച്ചു, മറ്റെല്ലാം പോയി... കാറുകൾ, എന്റെ അമ്മയുടെ ആഭരണങ്ങൾ, ഗ്രാമഫോൺ - എല്ലാം. ഒടുവിൽ, ഞങ്ങൾക്ക് അവശേഷിച്ചത്  ഒരു ഒഴിഞ്ഞ വീടും രണ്ട് സോഫകളും ഒരു ഫാനും മാത്രമായിരുന്നു. ഞങ്ങൾ കുറച്ച് മണിക്കൂറുകൾക്ക് ഡ്രോയിംഗ് റൂം പോലും വാടകയ്ക്ക് നൽകി. ആളുകൾ വരും, ഒരു കിറ്റി പാർട്ടി സംഘടിപ്പിക്കും, മുറിയിൽ കാർഡുകൾ കളിക്കും, പകരം കുറച്ച് പണം നൽകും, പോകും. അങ്ങനെയാണ് രണ്ട് വർഷത്തോളം ഞങ്ങൾ വീടു മുന്നോട്ടു കൊണ്ടുപോയത്. ”

ടൈംഔട്ട് വിത്ത് അങ്കിത് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സാജിദ് ഖാനും തന്റെ പിതാവിന്റെ പരാജയങ്ങളുടെ കഥ പറഞ്ഞിരുന്നു. "എന്റെ അച്ഛൻ ഒരു ചലച്ചിത്ര നിർമ്മാതാവായിരുന്നു, ദാരാ സിങ്ങിനൊപ്പം സിനിമകൾ ചെയ്തിരുന്നു. അദ്ദേഹം ബ്ലാക്ക് ആൻറ് വൈറ്റ് ബി-ഗ്രേഡ് സിനിമകൾ ചെയ്തിരുന്നു. സലിം ഖാൻ എന്റെ അച്ഛന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ഫറാ ജനിച്ചപ്പോൾ, എന്റെ അച്ഛൻ വളരെ നല്ല സമയത്തിലൂടെ കടന്നുപോകുകയായിരുന്നു, പക്ഷേ ഞാൻ ജനിച്ചതിനു ശേഷമാണ് അദ്ദേഹം മോശം അവസ്ഥയിലേക്ക് പോയത്. രണ്ട് കുട്ടികളുണ്ടല്ലോ, ജീവിതം കുറച്ചുകൂടി മികച്ചതാക്കണമെന്ന് അദ്ദേഹം കരുതിയിരിക്കണം, അതിനായി ഒരു എ-ഗ്രേഡ് സിനിമ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. സഞ്ജീവ് കുമാറിനൊപ്പം ഒരു വലിയ സിനിമ ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. പകുതി വഴിയിൽ, സഞ്ജീവ് കുമാർ ആ സിനിമ ഉപേക്ഷിച്ച് ഒളിച്ചോടി. എന്റെ അച്ഛന്റെ മുഴുവൻ പണവും നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം മദ്യപിക്കാൻ തുടങ്ങി, മദ്യപാനിയായി, വീട്ടിൽ കലഹമായി, എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. ഞാൻ എന്റെ അമ്മായിമാരുടെ കൂടെ പോയി താമസിച്ചു."

കുട്ടിക്കാലത്ത് പോലും താൻ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെ ഇടയിൽ ചുറ്റിത്തിരിയുമായിരുന്നുവെന്നും തന്റെ  മതത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലാകുമായിരുന്നുവെന്നും സാജിദ് ഓർക്കുന്നു.  

Also Read: ആ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി; ദിയയെ അഭിനന്ദിച്ച് പേളി

“ഒരു ദിവസം ഞാൻ അച്ഛനോട് ചോദിച്ചു, ‘എന്റെ മതം എന്താണ്’. രാവിലെ മുതൽ വൈകുന്നേരം വരെ മദ്യപിച്ചിരിക്കുകയായിരുന്നു അദ്ദേഹം. , ജനാലയിലൂടെ ലിഡോ സിനിമയിലേക്ക് വിരൽ ചൂണ്ടി. അദ്ദേഹം പറഞ്ഞു, ‘അതാണ് നിങ്ങളുടെ മതം’. ഏഴ് വയസ്സുള്ള കുട്ടിയായിരിക്കുമ്പോൾ തന്നെ അതെന്റെ ഉള്ളിൽ കയറിയിരുന്നു. ‘അവിടെ, ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാവരും ഒത്തുചേരുന്നു, അവർ ഒരുമിച്ച് ചിരിക്കുന്നു, കരയുന്നു, അതാണ് നിങ്ങളുടെ ഒരേയൊരു മതം’,” അദ്ദേഹം പറഞ്ഞു.

അച്ഛൻ മരിച്ചകാലത്ത് അനുഭവിച്ച ധാർമ്മിക പ്രതിസന്ധിയെക്കുറിച്ചും  സാജിദ് മനസ്സു തുറന്നു.  "രാജേഷ് ഖന്നയുടെ നയാ കദം എന്ന ചിത്രത്തിന്റെ വെള്ളിയാഴ്ചത്തെ ഷോയ്ക്ക് ഞാൻ ടിക്കറ്റ് വാങ്ങിയിരുന്നു. ചൊവ്വാഴ്ച എന്റെ അച്ഛൻ മരിച്ചു. അദ്ദേഹം മദ്യപിച്ചാണ് മരിച്ചത്. വ്യാഴാഴ്ച ആയപ്പോഴേക്കും, സിനിമയ്ക്ക് വാങ്ങിയ ടിക്കറ്റിനെക്കുറിച്ച് ഓർത്ത് ഞാൻ വിഷമിക്കാൻ തുടങ്ങി. ഞാൻ സിനിമ കാണാൻ പോകണോ വേണ്ടയോ? ചൊവ്വാഴ്ച എന്റെ അച്ഛനെ നഷ്ടപ്പെട്ടു. എനിക്ക് 14 വയസ്സായിരുന്നു. ഞാൻ എന്റെ സുഹൃത്തിനോട് എന്തുചെയ്യണമെന്ന് ചോദിച്ചു, 'നിനക്ക് ഭ്രാന്താണോ?' എന്നവൻ ചോദിച്ചു.  പക്ഷേ ഞാൻ അവനോട് പറഞ്ഞത്, എന്റെ അച്ഛൻ ഞാൻ സിനിമ കാണണമെന്ന് ആഗ്രഹിക്കുമായിരുന്നു എന്നാണ്. എന്റെ സുഹൃത്ത് എന്റെ കൈയിൽ നിന്ന് ടിക്കറ്റ് വാങ്ങി കീറിക്കളഞ്ഞു. ഞാൻ ഇപ്പോഴും അത് ആലോചിക്കാറുണ്ട്. എന്റെ അച്ഛൻ മരിച്ചതിനുശേഷം ഒരു സിനിമയെക്കുറിച്ച് ഞാൻ ചിന്തിച്ചത് ശരിയാണോ? പക്ഷേ ഇതാണ് അദ്ദേഹം എന്റെ മനസ്സിൽ കുത്തിവച്ചത്."

Also Read: ആലിയ ഭട്ടിൽ നിന്ന് തട്ടിയെടുത്തത് 77 ലക്ഷം;  മുൻ പിഎ അറസ്റ്റിൽ

 “സാധാരണയായി, മാതാപിതാക്കൾ മരിക്കുമ്പോൾ, അവർ കുറച്ച് റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ കുറച്ച് പണം ബാങ്കിൽ വെച്ചിട്ടുപോകും, ​​അല്ലെങ്കിൽ ഒരു വിൽപത്രം. എന്റെ അച്ഛൻ ഫറയെയും എന്നെയും കടക്കാരാക്കി. എനിക്ക് 14 വയസ്സായിരുന്നു, അവൾക്ക് 17 വയസ്സായിരുന്നു. 1984-ൽ ഞങ്ങൾക്ക് 3 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഞങ്ങൾ തകർന്നുപോയി. എങ്ങനെ പണം സമ്പാദിക്കണമെന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ലായിരുന്നു. ഞങ്ങൾ കടക്കാരോട് സംസാരിച്ച് പതിയെ തിരിച്ചടച്ചോളാമെന്ന് അവരോട് പറഞ്ഞു. ഫറ നൃത്തം ചെയ്യാൻ തുടങ്ങി, അവളൊരു ഡാൻസ് ട്രൂപ്പ് ആരംഭിച്ചു. പിറന്നാൾ പാർട്ടികളിൽ ഞാൻ മിമിക്രി ചെയ്യാൻ തുടങ്ങി. ഞായറാഴ്ചകളിൽ ഞാൻ ബീച്ചിൽ പ്രകടനം നടത്തുമായിരുന്നു. ഞാൻ ഫറയ്ക്ക് പണം നൽകുകയും സിനിമ കാണാൻ കുറച്ച് സൂക്ഷിക്കുകയും ചെയ്യുമായിരുന്നു." 

“ഞങ്ങളുടെ അയൽപക്കത്ത് ടിവി ഇല്ലാത്ത ഒരേയൊരു വീട് ഞങ്ങളുടേതായിരുന്നു. ഞങ്ങൾക്ക് പണമില്ലായിരുന്നു. ഒരു ഫാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഫറയും ഞാനും ഹാളിൽ ഉറങ്ങുമായിരുന്നു. മറ്റു മാർഗമില്ലാത്തതിനാൽ ഞങ്ങൾ ജോലി ചെയ്യാൻ തുടങ്ങി. ഞങ്ങൾ അത് മാന്യതയോടെ തന്നെ ചെയ്തു, ഞങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന്  അമ്മ നിർബന്ധിച്ചു. അമ്മയും ജോലിയ്ക്ക് പോയിരുന്നു. ഹോട്ടലിൽ ജോലി ചെയ്തു. അമ്മയും അച്ഛനും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.എന്റെ അച്ഛൻ മരിച്ചപ്പോൾ, ശവസംസ്കാരത്തിന് പണം ചോദിക്കാൻ ഞാൻ എന്റെ ബന്ധുക്കളിൽ ഒരാളുടെ അടുത്തേക്ക് പോയി. ശവസംസ്കാരത്തിന് ഞങ്ങളുടെ കൈവശം പണമില്ലായിരുന്നു. അന്ന്  പണം നൽകിയത് സലിം അമ്മാവനായിരുന്നു. സൽമാന്റെ അച്ഛൻ. അദ്ദേഹം എനിക്ക് പണം നൽകി.”

പിൽക്കാലത്ത് ഫറാ ഖാൻ നൃത്തസംവിധാനത്തിൽ തിളങ്ങി. മേം ഹൂം നാ എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഷാരൂഖ് ഖാനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം ഓം ശാന്തി ഓം ഒരുക്കി. സാജിദ് നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. എന്നാൽ ഇടയ്ക്ക് മീറ്റൂ ആരോപണത്തിനു വിധേയനായി.  അതിനുശേഷം അദ്ദേഹം ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല.

Also Read: രാമായണത്തിനായി രൺബീറും സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലമെത്ര?

Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: