scorecardresearch

Bazooka Review: മമ്മൂട്ടി ഇറങ്ങി കളിച്ച ത്രില്ലിംഗ് ഗെയിം; ബസൂക്ക റിവ്യൂ

Bazooka Malayalam Movie Review & Rating: ബസൂക്കയുടെ രണ്ടാം പകുതിയിലെ മമ്മൂട്ടി താണ്ഡവം പ്രേക്ഷകരെ അമ്പരപ്പിക്കും. ഇത്ര നാൾ കണ്ടിട്ടും ഇതുവരെ പ്രേക്ഷകർ കാണാത്തൊരു മമ്മൂട്ടിയെ, മമ്മൂട്ടി ഭാവങ്ങളെ, സ്വാഗിനെ ബസൂക്കയിൽ പ്രേക്ഷകർക്കു കാണാനാവും

Bazooka Malayalam Movie Review & Rating: ബസൂക്കയുടെ രണ്ടാം പകുതിയിലെ മമ്മൂട്ടി താണ്ഡവം പ്രേക്ഷകരെ അമ്പരപ്പിക്കും. ഇത്ര നാൾ കണ്ടിട്ടും ഇതുവരെ പ്രേക്ഷകർ കാണാത്തൊരു മമ്മൂട്ടിയെ, മമ്മൂട്ടി ഭാവങ്ങളെ, സ്വാഗിനെ ബസൂക്കയിൽ പ്രേക്ഷകർക്കു കാണാനാവും

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bazooka Review

Bazooka Malayalam Movie Review & Rating

Mammootty Starrer Bazooka malayalam Movie Review & Rating: മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ബസൂക്ക' മലയാളസിനിമയിൽ ഇതുവരെ നമ്മൾ കാണാത്ത ഗെയിമിംഗിന്റേതായ ഒരു ലോകം എക്സ്പ്ലോർ ചെയ്യുന്ന ചിത്രമാണ്. ഏറ്റവും രസകരമായും ത്രില്ലിംഗായും തന്നെ ആ ലോകം ആവിഷ്കരിക്കുന്നതിൽ ബസൂക്ക വിജയിച്ചിരിക്കുന്നു. 

Advertisment

ബാംഗ്ലൂരിലേക്കുള്ള ഒരു ബസ് യാത്രയിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഹാക്കറും കട്ട ഗെയിമറുമായ സണ്ണി വർഗ്ഗീസ് (ഹക്കീം ഷാജഹാൻ)  യാത്രയ്ക്കിടയിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുന്നു. ഇടയ്ക്ക് ഉടക്കിയും ഇണങ്ങിയുമൊക്കെ ഇരുവർക്കുമിടയിൽ പതിയെ ഒരു സൗഹൃദം രൂപപ്പെടുന്നു. തുടർയാത്രയിൽ തന്റെ സഹയാത്രികൻ കേവലമൊരു ചാർട്ടേർഡ് അക്കൗണ്ടന്റല്ലെന്ന കാര്യം സണ്ണി മനസ്സിലാക്കുന്നു. ഒരു സീക്രട്ട് മിഷനുമായി എത്തിയ ഫോറൻസിക് എക്സ്പെർട്ട് ജോൺ സീസറാണ് (മമ്മൂട്ടി) കൂടെയിരിക്കുന്നതെന്നു സണ്ണി മനസ്സിലാക്കുന്നു.

കൊച്ചി നഗരത്തെ നടുക്കിയ ഒരു സീരിയൽ റോബറിയ്ക്കു പിന്നാലെയുള്ള അന്വേഷണത്തിലാണ് ജോൺ സീസറും കൂട്ടുകാരനും കൊച്ചിൻ സിറ്റി എസിപിയുമായ ബെഞ്ചമിൻ ജോഷ്വായും (ഗൗതം വാസുദേവ് മേനോൻ).  കുറ്റവാളികളെ കണ്ടെത്താൻ ജോൺ സീസറിനും ബെഞ്ചമിൻ ജോഷ്വായ്ക്കും സാധിക്കുമോ? ആ ആകാംക്ഷയിൽ കൊരുത്തിട്ടാണ് ചിത്രം പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്നത്. 

ബ്രില്ല്യന്റായി ഒരുക്കിയ ഒരു തിരക്കഥ തന്നെയാണ് ബസൂക്കയുടെ പ്ലസ്.  'വളരെ പുതുമ തോന്നിയ കഥ ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു,' എന്ന് ബസൂക്കയെ മമ്മൂട്ടി വിശേഷിപ്പിച്ചത് വെറുതെയല്ല. മലയാളം സിനിമ കണ്ടു മടുത്ത  ക്രൈം ത്രില്ലറുകളുടെ സ്ഥിരം പാറ്റേൺ പിടിക്കാതെ, ട്രാക്ക് മാറ്റി പിടിച്ച ഡീനോ ഡെന്നീസ് തിരക്കഥാകൃത്ത് എന്ന രീതിയിൽ തന്റെ വരവ് രേഖപ്പെടുത്തുന്നുണ്ട് ബസൂക്കയിൽ. നവാഗതരിൽ നിന്നും പ്രതിഭയുടെ സ്പാർക്ക് കണ്ടെത്തി സംവിധായകരെ പിക്ക് ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവ് മലയാളസിനിമയ്ക്ക് പുതിയ അനുഭവമല്ല. ഇവിടെയും ആ ചരിത്രം ആവർത്തിക്കുകയാണ് ഡീനോ ഡെന്നീസിലൂടെ.

Advertisment

പല ഷെയ്ഡുകളുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ ജോൺ സീസർ. സാധാരണക്കാരനായും മിസ്റ്ററി മാനായും ഉന്മാദിയായുമൊക്കെ ഞൊടിയിടയിൽ വേഷപ്പകർച്ച നടത്തുന്നൊരു കഥാപാത്രം. വളരെ സ്റ്റൈലിഷായാണ് ബസൂക്കയിലെ പല രംഗങ്ങളിലും മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിയിലെ താരത്തെയും മമ്മൂട്ടിയെന്ന നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട് സംവിധായകൻ ഡീനോ ഡെന്നിസ്. ഒരു മാസ് എന്റർടെയിനർ ചിത്രത്തിൽ പലപ്പോഴും മിസ്സാവുന്ന ആ എലമെന്റ് ഏറ്റവും ബ്രില്ല്യന്റായി തന്നെ ബസൂക്ക സാധ്യമാക്കിയിരിക്കുന്നു.

സ്പോയിലർ ആവുമെന്നതിനാൽ, മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ പറയാനാവില്ല. എങ്കിലും ഒന്നുമാത്രം പറയാം, ബസൂക്കയുടെ രണ്ടാം പകുതിയിലെ മമ്മൂട്ടി താണ്ഡവം പ്രേക്ഷകരെ അമ്പരപ്പിക്കും. ഇത്ര നാൾ കണ്ടിട്ടും ഇതുവരെ പ്രേക്ഷകർ കാണാത്തൊരു മമ്മൂട്ടിയെ, മമ്മൂട്ടി ഭാവങ്ങളെ, സ്വാഗിനെ ബസൂക്കയിൽ പ്രേക്ഷകർക്കു കാണാനാവും. 

ബെഞ്ചമിൻ ജോഷ്വായായി എത്തിയ ഗൗതം വാസുദേവ് മേനോനും നിർണായകമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കരിയറിൽ സംവിധായകൻ എന്ന രീതിയിൽ ഗ്രാഫ് അൽപ്പം ഇടിഞ്ഞുനിൽക്കുന്ന ഈ സമയത്തും നടനെന്ന രീതിയിൽ തന്റെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട് ഗൗതം വാസുദേവ് മേനോൻ.  ഹക്കീം ഷാജഹാൻ്റെ സണ്ണി വർഗീസ് എന്ന കഥാപാത്രവും ചിത്രത്തെ ലൈവാക്കി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. 

സിദ്ധാർത്ഥ് ഭരതൻ, ദിവ്യാ പിള്ള, ബാബു ആന്‍റണി, ഐശ്വര്യ മേനോൻ, ഷൈൻ ടോം ചാക്കോ, സുമിത് നേവൽ, ബിനു പപ്പു, മീനാക്ഷി രവീന്ദ്രൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, വസിഷ്ഠ് ഉമേഷ്  എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടുപോവുന്നതിൽ നിമിഷിന്റെ ക്യാമറയ്ക്ക് വലിയ റോളുണ്ട്. ബസൂക്കയുടെ പശ്ചാത്തലസംഗീതവും  ഇംപ്രസീവാണ്, മൊത്തത്തിൽ ഒരു ഓളം തീർത്ത് ചിത്രത്തിന്റെ വൈബ് നിലനിർത്തി കൊണ്ടു പോവാൻ മ്യൂസിക് ഡയറക്ടറായ  മിഥുൻ മുകുന്ദനു സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതവും ഒർജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് മിഥുനാണ്. നിഷാദ് യൂസഫും പ്രവീൺ പ്രഭാകറുമാണ് ചിത്രത്തിന്റെ എഡിറ്റർമാർ. പലയിടത്തും ത്രില്ലിംഗായൊരു ഗെയിമിംഗ് പ്ലാറ്റ്‌ഫോമിന്റെ അന്തരീക്ഷം നിലനിർത്താൻ എഡിറ്റിംഗിനു സാധിക്കുന്നുണ്ട്. 

ആദ്യ പകുതിയിലെ ലാഗും കഥാപുരോഗതിയിൽ വന്നുചേരുന്ന വിരസതയുമൊക്കെ നെഗറ്റീവായി എടുത്തു പറയുമ്പോഴും, പുതുമയുള്ള പ്ലോട്ട്, പ്രേക്ഷകരെ ഹുക്ക് ചെയ്തിടുന്ന കഥാമുഹൂർത്തങ്ങൾ, ഒരു 'കള്ളനും പൊലീസും' കളിയുടെ ത്രില്ലിംഗ് മൊമന്റുകൾ, ട്വിസ്റ്റുകൾ, മമ്മൂട്ടിയുടെ ഹൈ വോൾട്ടേജ് പ്രകടനം, സ്റ്റൈലിഷ് മേക്കിംഗ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കൊണ്ട് കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ബസൂക്ക. ആദ്യഭാഗത്തെ വിരസകാഴ്ചകളെയും തിരക്കഥയിലെ താളപ്പിഴകളെയും ക്ലൈമാക്സിനോട് അനുബന്ധിച്ചു വരുന്ന മമ്മൂട്ടി പെർഫോമൻസ് കൊണ്ട് ബാലൻസ് ചെയ്യാനും ചിത്രത്തെ അപ്‌ലിഫ്റ്റ് ചെയ്യാനും സംവിധായകനു  സാധിച്ചിട്ടുണ്ട്. 

നിങ്ങളൊരു മമ്മൂട്ടി ആരാധകനല്ലെങ്കിൽ കൂടി, അഭിനയത്തോട് അടങ്ങാത്ത 'ആർത്തി' സൂക്ഷിക്കുന്ന, കഥാപാത്രമായി 'അഴിഞ്ഞാടുന്ന' ഒരു മമ്മൂട്ടിയെ കണ്ട് വിസ്മയത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയും നിങ്ങൾക്ക് തിയേറ്റർ വിട്ടിറങ്ങാനാവും. 

Read More

Mammootty Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: