/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/07/09/arun-cherukavil-interview-ronth-dheeran-fi-2025-07-09-12-18-21.jpg)
Arun Cherukavil Interview
2000ൽ ലൈഫ് ഈസ് ബ്യൂട്ടിഫുളിൽ മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ടുകൊണ്ട് ഹരിശ്രീ കുറിച്ച ചെറുപ്പക്കാരൻ.... പിന്നീടയാൾ ക്ഷുഭിത യൗവന കഥാപാത്രങ്ങളിലൂടെ കാമ്പസുകളുടെ പ്രിയങ്കരനായി. കഴിഞ്ഞ 25 വർഷമായി നായകനായും സ്വഭാവനടനായും വില്ലനായുമൊക്കെ മലയാളസിനിമയിൽ തന്നെയുണ്ട് അരുൺ.
ഇപ്പോൾ തിയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന ഷാഹി കബീർ ചിത്രം റോന്തിലെ വില്ലനായും ദേവദത്ത് ഷാജിയുടെ ധീരനിലെ തമാശക്കാരൻ സുഹൈലായും അരുൺ തിളങ്ങുകയാണ്. മലയാള സിനിമയിൽ താൻ പിന്നിട്ട കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് അരുണ്‍.
തിരക്കഥ വായിച്ചപ്പോൾ അറിയില്ലായിരുന്നു ആ കഥാപാത്രം എനിക്കുള്ളതാണെന്ന്
ഷാഹി കബീറിനെ നേരത്തെ തന്നെ പരിചയമുണ്ട്. 'നിങ്ങളെ തീരെ കാണുന്നില്ല, കാണാത്തതു കൊണ്ട് നിങ്ങളെ പലപ്പോഴും ഓർക്കാതെപോവുന്നു' എന്ന് ഷാഹി എന്നോടെപ്പോഴും പറയും. നമ്മൾ വിചാരിക്കും നമ്മളെ കണ്ടില്ലെങ്കിലും ആളുകൾ ഓർക്കുമെന്ന്. പക്ഷേ അതങ്ങനെയല്ല, നമ്മൾ ചില സമയത്ത് മുന്നിലൂടെ നടന്നു പോവുക തന്നെ വേണമെന്ന് എനിക്കു അപ്പോഴാണ് മനസ്സിലായത്. ഷാഹി എന്നെ അതോർമപ്പെടുത്തി കൊണ്ടിരുന്നത് അയാൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണ്. അടുത്തിടെ ഒരു അഭിമുഖത്തിലും ഷാഹി പറയുന്നുണ്ടായിരുന്നു, 'ഇയാളെ ഞാനപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ ഞാനിയാളെ കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്ന്. പുള്ളിയുടെ കുഴപ്പം പുള്ളിയെ ആരും കാണാത്തതാണെന്ന്.'
ഒരു ദിവസം, 'നമ്മുടെ ഒരു പരിപാടി വരുന്നുണ്ട്. ഒരു തിരക്കഥയുണ്ട്, ഒന്നു വായിക്കണം' എന്ന് കക്ഷിയെന്നോട് പറഞ്ഞു. അത്തരം കാര്യങ്ങളും കഥകളും ആശയങ്ങളുമൊക്കെ ഞങ്ങൾ തമ്മിൽ ഷെയർ ചെയ്യാറുണ്ടായിരുന്നു. ആ തിരക്കഥ കൂടെ ഇരുത്തി വായിപ്പിക്കുകയാണ് ചെയ്തത്.
ഞാൻ തിരക്കഥ വായിച്ചു, സംഭവം എനിക്കിഷ്ടപ്പെട്ടു. പക്ഷേ അപ്പോൾ എനിക്കറിയില്ലായിരുന്നു ആ സിനിമയിൽ ഞാനുണ്ടെന്ന്. പിന്നീടൊരു ദിവസം സിനിമയുടെ ഡേറ്റ് പറയാനായി കൺട്രോളറുടെ കാൾ വന്നു. അപ്പോഴാണ് ഞാനറിയുന്നത് ഡിവൈഎസ്‌പി ജേക്കബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെന്ന്.
Also Read: സിനിമാറ്റിക് ഗിമ്മിക്കുകളൊന്നും ഉപയോഗിക്കാതെ കഥ പറയുന്നയാളാണ് ഷാഹി: ദിലീഷ് പോത്തൻ
മുൻപ് രണ്ടു പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും ഇതെങ്ങനെ വ്യത്യസ്തമാക്കാം? എന്നു ഞാൻ ആലോചിച്ചിരുന്നു. ഷാഹിയോട് സംസാരിച്ചപ്പോൾ 'അത് കുഴപ്പമില്ല, നിങ്ങളത് പിടിക്കും' എന്നു പറഞ്ഞു. ആ കഥാപാത്രത്തിനു ഞാൻ ചേരുമെന്ന കാര്യത്തിൽ ഷാഹി കോൺഫിഡന്റ് ആയിരുന്നു.
റോന്തിന്റെ ഷൂട്ടിംഗ് തുടങ്ങി രണ്ടുമൂന്നു ആഴ്ച കഴിഞ്ഞാണ് ഞാൻ സെറ്റിൽ ജോയിൻ ചെയ്യുന്നത്. ഞാൻ ചെല്ലുമ്പോൾ റോഷനും സെറ്റിലുണ്ട്. റോഷനുമായി സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ വെറുതെ എന്റെ ഡയലോഗ് ഒന്നു പറഞ്ഞുനോക്കി. അതുകേട്ട് ഷാഹി ചാടി എണീറ്റു. 'ഇതാണ് നമ്മടെ ക്യാരക്ടർ, ഇത് പിടിച്ചോ' എന്നു പറഞ്ഞു.
ആ കഥാപാത്രത്തിന് മുൻമാതൃകകളില്ലായിരുന്നു
അൽപ്പം നാടകീയതയുള്ള പൊലീസ് കഥാപാത്രങ്ങളെയാണ് നമ്മൾ പ്രേക്ഷകർ അധികവും സിനിമയിൽ കണ്ടു ശീലിച്ചിട്ടുള്ളത്. പക്ഷേ ഇപ്പോൾ ഉരുതിരിഞ്ഞുവന്ന മലയാള സിനിമയുടെ ഒരു പ്രത്യേകത കഥാപാത്രങ്ങളും കഥാപരിസരങ്ങളും വളരെ ഒർജിനലാണ് എന്നതാണ്. വളരെ റിയൽ ആയിട്ട് അഭിനയിക്കാൻ പറ്റും എന്നതാണ് പ്ലസ്. അതേസമയം, റിയൽ ആയി തോന്നിപ്പിക്കാൻ പറ്റണം എന്നത് വെല്ലുവിളിയുമാണ്.
എനിക്കേറ്റവും സന്തോഷം തോന്നിയത്, നേരിൽ നല്ല പരിചയമുള്ള ആളുകൾ വന്ന് സിനിമ കണ്ടപ്പോൾ നിങ്ങളോട് വല്ലാതെ ദേഷ്യം തോന്നി എന്നു പറഞ്ഞപ്പോഴാണ്. ആ കഥാപാത്രത്തിനു മുൻമാതൃകകളൊന്നും പിടിച്ചതേയില്ല. കഥാപാത്രത്തെ എന്റേതാക്കി മാറ്റാൻ സാധിച്ചു. എപ്പോഴും അങ്ങനെയാക്കാൻ പറ്റണമെന്നില്ല, പക്ഷേ ഇവിടെ അതുപറ്റി.
Also Read: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ
പൊതുവെ യൂണിഫോമിൽ കാണാൻ ഭംഗിയുള്ളവരെയും, ചടുലമായ സംഭാഷണങ്ങൾ പറയുന്ന കഥാപാത്രങ്ങളെയുമാണ് പലപ്പോഴും നല്ല പൊലീസ് വേഷമെന്നു നമ്മൾ പറയാറുള്ളത്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അത് അങ്ങനെയൊന്നുമല്ല. മറ്റു ചില ഫീച്ചേഴ്സ് ആണ് അവരെ ഷാർപ്പ് ആക്കുന്നത്. പിന്നെ ഈ കഥാപാത്രത്തിന് അൽപ്പം കുടിലതയൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. കുറച്ചുസമയമേ ആ കഥാപാത്രം സ്ക്രീനിലുള്ളൂ, അതിനിടയിൽ ആ ഫീൽ കൊണ്ടുവരണമായിരുന്നു. കുറഞ്ഞ ബോളിൽ കൂടുതൽ റൺസ് എടുക്കുക എന്നതുപോലുള്ള സാഹചര്യമാണത്. അതായിരുന്നു പ്രധാന വെല്ലുവിളി.
ഡിവൈഎസ് പി ജേക്കബ്, അയാൾക്കൊരു കള്ളത്തരമുണ്ട്, സ്വജനപക്ഷപാതമുള്ളയാളാണ്. ഷാഹി എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, 'അങ്ങനെ മോശമായി ആരുമില്ല. ചില പ്രത്യേക സമയത്ത്, ചില പ്രത്യേക സാഹചര്യങ്ങളിൽ ചില മനുഷ്യർ പ്രത്യേക രീതിയിൽ പെരുമാറുന്നു, പൊതുബോധത്തിനു അതു ഓക്കെയാവണമെന്നില്ലെന്നു മാത്രം.' ഒരർത്ഥത്തിൽ വിശാലമായൊരു ജീവിത വീക്ഷണമാണ് അത്. എല്ലാവർക്കും യോജിക്കാൻ പറ്റണമെന്നില്ല. ഒരു സാമ്പ്രദായിക വില്ലൻ എന്നതിനപ്പുറത്തേക്ക് അങ്ങനെയും ആ കഥാപാത്രത്തെ നമുക്ക് നോക്കി കാണാം.
സിനിമയ്ക്ക് ഹാപ്പി എൻഡിംഗ് വേണമെന്ന് നിർബന്ധം പിടിക്കാത്ത ആളാണ് ഷാഹി
ഇന്റലിജന്റായിട്ടുള്ള ഫിലിം മേക്കറാണ് ഷാഹി. എന്റെ അറിവിൽ ഷാഹി എഴുതിയ ആദ്യത്തെ തിരക്കഥ ഇതാണ്. ഹാപ്പി എൻഡിംഗ് ഇല്ലാതെ തിയേറ്ററിൽ ഓടിയ സിനിമകൾ താരതമ്യേന കുറവ് ആവും. പക്ഷേ റോന്ത് തിയേറ്ററിൽ സ്വീകരിക്കപ്പെട്ടു, നിർമാതാവിനു ലാഭം കിട്ടി. വലിയ അഴിച്ചുപണികളൊന്നും കൂടാതെ ഫെസ്റ്റിവൽ കട്ടിനും വിടാവുന്ന സിനിമയാണിത്. അത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.
Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ
ഷാഹിയുടെ കാസ്റ്റിംഗിലുമുണ്ട് പ്രത്യേകത. കൃത്യമായി മാത്രമേ ആള് കാസ്റ്റ് ചെയ്യൂ. ഒരാള് വേണം എന്നു പുള്ളി വിചാരിച്ചാൽ അതിൽ തന്നെ ലോക്ക് ചെയ്യാൻ ശ്രമിക്കുന്നത് കാണാം. പലപ്പോഴും വാണിജ്യതാൽപ്പര്യത്തിനു വരെ പിടികൊടുക്കാതെ പുള്ളി അത്തരം കാര്യങ്ങളിൽ ഉറച്ചു നിൽക്കാൻ ശ്രമിക്കാറുണ്ട്. സിനിമയ്ക്ക് ഹാപ്പി എൻഡിംഗ് വേണമെന്ന് നിർബന്ധം പിടിക്കാത്ത ആളാണ് ഷാഹി. അങ്ങനെ അവസാനിപ്പിക്കാൻ നോക്കിയാൽ ചിലപ്പോൾ ആ സിനിമയുടെ ഒർജിനിലാറ്റി പോവും. 'ഹാപ്പിയായി അവസാനിപ്പിക്കണം' എന്നത് പലപ്പോഴും കോമേഴ്സ്യൽ താൽപ്പര്യമാണ്. കോമേഴ്സ്യൽ താൽപ്പര്യങ്ങൾക്ക് വഴങ്ങാതിരിക്കുക എന്നു പറയുന്നതും ആർട്ടിന്റെ ഒരു ഉയർന്ന തലമാണ്. അത്തരം സിനിമകൾ ചെയ്യാൻ നിർമാതാക്കൾ തയ്യാറാവുന്നു എന്നു പറയുന്നതും വലിയൊരു കാര്യമാണ്. ആരോഗ്യകരമായൊരു ഇൻഡസ്ട്രിയുടെ ലക്ഷണം കൂടിയാണത്.
നമുക്ക് എല്ലാതരം സിനിമകളും വേണം. നന്നായി എന്റർടെയിൻ ചെയ്യിപ്പിക്കുന്നവ വേണം, കുട്ടികൾക്കിണങ്ങിയ സിനിമകൾ വേണം. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന രീതിയിലുള്ള സിനിമകൾ ഉണ്ടാവണം. വലിയ താരങ്ങളൊന്നുമില്ലെങ്കിലും കഥയുടെ കരുത്തിൽ നിലനിൽക്കുന്ന സിനിമകളും ഉണ്ടാവണം. വരാനിരിക്കുന്നവർക്കു അതു പ്രചോദനമാവുകയേ ഉള്ളൂ.
പ്രേക്ഷകർക്ക് ധാരാളം ചോയ്സുള്ള കാലമാണിത്. ഏതു സിനിമകളാണ് കാണേണ്ടത് എന്നകാര്യത്തിൽ പോലും കൺഫ്യൂഷൻ വരാം. ഓരോരുത്തരുടെയും വാച്ച് ലിസ്റ്റ് അനന്തമായി നീളുന്ന കാലമാണിത്. കാണാൻ മാറ്റിവച്ച് കാണാതെ പോവുന്ന ചിത്രങ്ങളും ധാരാളമുണ്ടാവും. അതിനിടയിൽ റോന്തു പോലൊരു ചിത്രത്തിനു പ്രേക്ഷകശ്രദ്ധ കിട്ടി, ആളുകളെ ആ ചിത്രം സ്പർശിച്ചു എന്നൊക്കെ അറിയുന്നത് വലിയ സന്തോഷമാണ്.
ധീരൻ വിശേഷങ്ങൾ
ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ധീരൻ. അൽപ്പം നർമ്മ സ്വഭാവമുള്ള സിനിമയാണ്. രാജേഷ് മാധവൻ ആണ് പ്രധാന കഥാപാത്രം. നമ്മുടെ ക്ലാസിക്കൽ ആക്ടേഴ്സ് എല്ലാവരും ഒന്നിച്ചുവരുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാവും എല്ലാവരും ഒരുമിച്ച് വരുന്നത്. മനോജ് കെ ജയൻ, ജഗദീഷ്, അശോകൻ, സുധീഷ്, വിനീത്... ഒപ്പം പുതിയ തലമുറയിൽ നിന്നും ശബരീഷ് വർമ്മ, പിന്നെ കുറേ പുതിയ ആളുകൾ. കൂടെ 2000 കാലഘട്ടത്തിൽ സിനിമയിൽ വന്ന ഞാനും സിദ്ധാർത്ഥ് ഭരതനും.
ധീരന്റെ ഷൂട്ടിംഗ് വളരെ രസകരമായിരുന്നു . കൃഷ്ണഗിരിയിൽ ആയിരുന്നു ചിത്രത്തിന്റെ ഒരു പോർഷൻ ഷൂട്ട് ചെയ്തത്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന ഹൈവേ ഗ്രാമമാണത്. ഷൂട്ടിംഗ് തീർന്നപ്പോൾ എല്ലാവർക്കും വിഷമമായിരുന്നു. പൊടിയ്ക്ക് നർമ്മമുള്ള വേഷമാണ് എനിക്ക് ചിത്രത്തിൽ.
റോന്തിലെ സീരിയസ് വേഷം കഴിഞ്ഞയുടനെ ഇതുപോലെ നർമ്മമുള്ളൊരു വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പറ്റിയതിൽ സന്തോഷമുണ്ട്. രണ്ടും രണ്ടറ്റത്തു നിൽക്കുന്ന കഥാപാത്രങ്ങളാണ്. കൊച്ചി ഭാഷ സംസാരിക്കുന്ന, വിനീതേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കയ്യാളായി നടക്കുന്ന സുഹൈൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഭയത്തിന്റെ പല വേർഷനുകൾ രസകരമായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ധീരൻ.
/filters:format(webp)/indian-express-malayalam/media/media_files/2025/07/07/arun-cherukavil-interview-ronth-dheeran-1-2025-07-07-14-48-28.jpg)
ഫോർ ദി പീപ്പീൾ പോലുള്ള ന്യൂ ജെൻ ചിത്രങ്ങളിൽ നിന്നും റോന്തിലേക്കും ധീരനിലേക്കും എത്തുമ്പോൾ, മലയാള സിനിമയിൽ വന്ന മാറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?
മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണ്. ലോജിക്കൽ ആയി നിർവചിക്കാൻ പറ്റാത്ത പല കാര്യങ്ങളെയും നമ്മൾ ഭാഗ്യം എന്ന വാക്കുകൊണ്ടാണല്ലോ വിശേഷിപ്പിക്കുന്നത്. അന്നുമിന്നും ഇവിടെ ഞാനുണ്ടായിരുന്നു എന്ന രീതിയിലെ അതിനെ കാണാൻ പറ്റൂ. മാറ്റം എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. പണ്ട് ഒരു ചെറിയ ഫ്രെയിം, 35 റോളുകളുള്ള ഒരു ഫിലിം, ക്യാമറയിൽ ലോഡ് ചെയ്തു ഫോട്ടോ എടുക്കുന്നു. അതിലെ ഓരോ റോളും പ്രധാനപ്പെട്ടവയാണ്. പലർക്കും ഫോട്ടോ എടുക്കുക എന്നൊക്കെ പറയുന്നത് കല്യാണദിവസം മാത്രം നടക്കുന്ന ആർഭാടമായിരുന്നു. ജീവിതത്തിൽ ഫോട്ടോ എടുക്കപ്പെടുകയേ ചെയ്യാതെ പോയ ആളുകളുണ്ട്. ഇന്ന് അതൊക്കെ മാറിയില്ലേ, എല്ലാവരുടെ കയ്യിലും ക്യാമറ വന്നു. ക്യാമറകളിലാണ് നമ്മൾ ജീവിക്കുന്നത്. ക്യാമറ കൊണ്ട് ചെയ്യുന്ന ഒരു ആർട്ട് ഫോമെന്ന രീതിയിൽ സിനിമയിലും വലിയ രീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല, പ്രമോഷൻ രീതികളിലും വലിയ രീതിയിൽ മാറ്റങ്ങൾ വന്നിട്ടില്ലേ. സിനിമ റിപ്പോർട്ടിംഗിന്റെ പോലും മുഖം മാറിയില്ലേ. ഒരിക്കൽ പ്രിൻ്റു മാത്രമായിരുന്നു, ഇപ്പോൾ വീഡിയോ ഇന്റർവ്യൂ ആയി കുറേക്കൂടി പോപ്പുലർ. അവയ്ക്ക് വേറൊരുതരം വ്യൂവർഷിപ്പ് ഉണ്ട്. അതു വേറൊരു കലാരൂപം പോലെയാണിന്ന്. സിനിമയുടെ റോ മെറ്റീരിയലുകൾ കുറേക്കൂടി ഉപയോഗിക്കപ്പെടുന്നു എന്നതിൽ സന്തോഷമുണ്ട്. അഭിമുഖങ്ങളിലും മറ്റും ഇന്ന് തുറന്ന സംസാരങ്ങൾ ധാരാളം കാണാം. നല്ല അഭിമുഖങ്ങൾ കാണുന്നത് സന്തോഷമാണ്.
തിരക്കഥയെഴുത്തിൽ താൽപ്പര്യമുള്ള ആളാണല്ലോ? തിരക്കഥാകൃത്തെന്ന രീതിയിൽ എപ്പോൾ കാണാനാവും?
സിനിമയുടെ രചന വലിയ ഇഷ്ടമുള്ളയാളാണ് ഞാൻ. വായനയോട് ഒക്കെയുള്ള അടുപ്പം കൊണ്ടാവാം അത്. ഒരു സിനിമ എഴുതി നോക്കണമെന്ന് ആഗ്രഹമുണ്ട്. അതിനു വേണ്ടിയുള്ള ശ്രമങ്ങളുമുണ്ട്. പക്ഷേ, ഒരു സിനിമ തട്ടിൽ കയറ്റുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ മനസ്സിൽ കൊണ്ടുനടക്കുന്ന സിനിമ എപ്പോൾ സംഭവിക്കുമെന്നറിയില്ല.
മലയാളസിനിമയിൽ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ സിനിമാജീവിതത്തിൽ മുന്നോട്ടു പോവാനുള്ള പ്രചോദനം എന്താണ്?
മുന്നോട്ടു പോവാനുള്ള പ്രചോദനം സിനിമയോടുള്ള സ്നേഹം തന്നെയാണ്. ജീവിതത്തിൽ എന്തു പ്രതിസന്ധി ഘട്ടങ്ങളിലും എപ്പോഴും നമ്മളെ മുന്നോട്ടു പോവാൻ പ്രേരിപ്പിക്കുന്നത് നമ്മുടെ ലക്ഷ്യത്തോടുള്ള ഇഷ്ടം തന്നെയായിരിക്കും, അല്ലേ?
ജീവിതം എല്ലാ കാലത്തും പ്രവചനാതീതമാണല്ലോ. അനിശ്ചിതത്വം തന്നെയാണ് അതിന്റെ സൗന്ദര്യം. ഒരു പോയിന്റ് കഴിഞ്ഞാൽ നമുക്കിതെല്ലാം ആസ്വദിക്കാൻ പറ്റും, അത് ആസ്വദിച്ചു മുന്നോട്ടുപോവുക എന്നേയുള്ളൂ.ഇതൊരു ഫിലോസഫിക്കലായ ഉത്തരമല്ല. ഇതാണ് റിയാലിറ്റി. ഫിലോസഫി എന്നു പറഞ്ഞാൽ എല്ലാം നേടി കഴിഞ്ഞ് മലമുകളിൽ ഇരുന്നുപറയേണ്ട കാര്യമല്ലെന്നു തോന്നിയിട്ടുണ്ട്. അത് ജീവിതത്തിലെ സ്നിഗ്ധമായ സാഹചര്യങ്ങളിൽ നമ്മൾ അപ്ലൈ ചെയ്യേണ്ട കാര്യമല്ലേ. സുഹൃത്തുക്കൾ, മനസ്സു തുറന്നു സംസാരിക്കുന്നയാളുകൾ അവരുടെയൊക്കെ ഒരു വാക്കു മതി ചിലപ്പോൾ നമ്മളെ ചാർജ് ചെയ്യാൻ. തളർന്നു കിടക്കുന്നിടത്തുനിന്നു എണീറ്റുവരാൻ ഒരു സംഭാഷണം മതി. പിന്നെ പ്രേക്ഷകരുടെ ഇഷ്ടവും പ്രചോദനമാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/07/08/arun-cherukavil-interview-ronth-dheeran-1-2025-07-08-10-04-03.jpg)
അതേസമയം, പ്രേക്ഷകർക്ക് നമ്മളോടുള്ള സ്നേഹത്തിനെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ എന്നു തോന്നിയിട്ടുണ്ട്. ഇതിനു കൃത്യമായൊരു മറുവശമുണ്ട്. അവർ വളരെ ഷാർപ്പായി വിമർശിക്കുകയും ചെയ്യും. 'ഞാൻ ഓപ്പൺ മൈൻഡ് ആണ് എന്നു പലരും പറയാറുണ്ട്,' വളരെ ക്രൂരമായി സംസാരിച്ചതിനു ശേഷമാവും അങ്ങനെ പറയുക. ഇതിനെയെല്ലാം ഉൾകൊള്ളാൻ നമ്മൾ തയ്യാറാവണം. ആളുകളുടെ അഭിനന്ദനം എടുക്കുന്നതിനൊപ്പം വിമർശനങ്ങളും എടുക്കേണ്ടതുണ്ട്, അവിടെ തളർന്നുപോവരുത്. കുറേകാലം കഴിയുമ്പോൾ തുറന്ന മനസ്സോടെ ഇതിനെയൊക്കെ കാണാനാവും. സമയം തന്നെയാണ് ഇവിടെ പ്രധാനം. നമ്മുടെ ഇമോഷൻസിനെ കൺട്രോളിൽ ആക്കിയെടുക്കാൻ സമയം ആവശ്യമാണ് എന്നാണ് എന്റെ തിരിച്ചറിവ്. ഒരു കലാകാരൻ സമയവും അനുഭവങ്ങളും കൊണ്ടാണ് കൂടുതൽ ജ്വലിക്കുക എന്നാണ് ഞാൻ കരുതുന്നത്.
Also Read: ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.