scorecardresearch

അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍, യാദൃശ്ചികമെങ്കിലും സന്തോഷമെന്ന് അനു സിതാര

ഇന്ന് റിലീസ് ചെയ്യുന്ന രണ്ടു ചിത്രങ്ങള്‍ - മമ്മൂട്ടിയുടെ 'ഒരു കുട്ടനാടന്‍ ബ്ലോഗ്‌', ബിജു മേനോന്റെ 'പടയോട്ടം', ഇതില്‍ രണ്ടിലും അനു സിതാരയുടെ സാന്നിദ്ധ്യമുണ്ട്. ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ച് അനു സിതാര സംസാരിക്കുന്നു

ഇന്ന് റിലീസ് ചെയ്യുന്ന രണ്ടു ചിത്രങ്ങള്‍ - മമ്മൂട്ടിയുടെ 'ഒരു കുട്ടനാടന്‍ ബ്ലോഗ്‌', ബിജു മേനോന്റെ 'പടയോട്ടം', ഇതില്‍ രണ്ടിലും അനു സിതാരയുടെ സാന്നിദ്ധ്യമുണ്ട്. ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ച് അനു സിതാര സംസാരിക്കുന്നു

author-image
Dhanya K Vilayil
New Update
Anu Sithara interview Mammootty Oru Kuttanadan Blog Biju Menon Padayottam

Anu Sithara interview Mammootty Oru Kuttanadan Blog Biju Menon Padayottam

മലയാള സിനിമയുടെ ശാലീന സൗന്ദര്യത്തിന്റെ മുഖമാണ് അനു സിതാര. സജീവമായ നാലു വർഷങ്ങൾ കൊണ്ട് ഇരുപതിനടുത്ത് ചിത്രങ്ങളിൽ അനു സിതാര ഇതിനകം അഭിനയിച്ചു കഴിഞ്ഞു.  മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നായികാ നടി എന്ന വിശേഷണവും അനുവിന് ഇണങ്ങും. ഇന്ന് തിയേറ്ററിലെത്തുന്ന 'ഒരു കുട്ടനാടൻ ബ്ലോഗ്', 'പടയോട്ടം' - എന്നീ രണ്ടു ചിത്രങ്ങളിലും അനു സിതാര തന്നെയാണ് നായിക.  പുതിയ ചിത്രങ്ങളെയും സിനിമാവിശേഷങ്ങളെയും കുറിച്ച് അനു സിതാര ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

Advertisment
  • ഒരേ ദിവസം 'ഒരു കുട്ടനാടൻ ബ്ലോഗും' 'പടയോട്ടവും' തിയേറ്ററിലെത്തുന്നു. അതിന്റെ സന്തോഷത്തിലാണോ?

തീർച്ചയായും, സന്തോഷമുണ്ട്. യാദൃശ്ചികമായി സംഭവിച്ചതാണ് ഇത്. ആദ്യം ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം 'പടയോട്ട'മാണ്. മീരയെന്നാണ് ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര്. കഥയിൽ അൽപ്പം സസ്പെൻസ് ഉള്ളതുകൊണ്ട് കഥാപാത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ല.

'ഒരു കുട്ടനാടൻ ബ്ലോഗി'ൽ പക്ക കുട്ടനാട്ടുകാരിയുടെ വേഷമാണ്. മമ്മൂക്ക അവതരിപ്പിക്കുന്ന ഹരിയെ പ്രാണനായി സ്നേഹിക്കുന്ന ഹേമ എന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. ഹേമയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് കഥാഗതിയെ തിരിച്ചുവിടുന്നത്.

Advertisment

കഴിഞ്ഞ വർഷത്തെ എന്റെ പിറന്നാളിന് മമ്മൂക്ക എനിക്കു തന്ന പിറന്നാൾ സമ്മാനമാണ് ഹേമ എന്ന കഥാപാത്രം. പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടാണ്, പുതിയ ചിത്രത്തിലെ റോളിനെ കുറിച്ച് മമ്മൂക്ക അന്ന് സംസാരിച്ചത്. 'അച്ചായൻസി'ന്റെ സ്ക്രിപ്റ്റ് റെറ്റർ ആയ സേവ്യച്ചനെയും മുൻപ് അറിയാമായിരുന്നു. സേവ്യച്ചനും ആ ക്യാരക്ടറായി എന്നെ കാണാൻ താൽപ്പര്യമുണ്ടായിരുന്നു.

Read More: മമ്മൂക്ക നല്‍കിയ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് അനു സിതാര

publive-image

  • എങ്ങനെയുണ്ടായിരുന്നു മമ്മൂട്ടിയ്ക്കൊപ്പമുള്ള അഭിനയം?

മമ്മൂക്കയുടെ കൂടെ ഞാൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഒരു കുട്ടനാടൻ ബ്ലോഗ്'. 'ക്യാപ്റ്റനി'ൽ അതിഥി വേഷത്തിൽ മമ്മൂക്കയും ഉണ്ടായിരുന്നല്ലോ. മമ്മൂക്കയെ ഒരുപാട് നേരം നോക്കിയിരിക്കാൻ അവസരം തന്ന ചിത്രമാണ് 'ഒരു കുട്ടനാടൻ ബ്ലോഗ്.

അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ഒരു വലിയ എക്സ്പീരിയൻസ് തന്നെയാണ്. സെറ്റിൽ മമ്മൂക്ക നല്ല ഫ്രണ്ട്‌ലിയാണ്. എന്തു വിഷയത്തെ കുറിച്ച് ചോദിച്ചാലും മമ്മൂക്കയ്ക്ക് പറഞ്ഞു തരാൻ അറിയാം.​ അത്രയ്ക്കും അപ്ഡേറ്റഡ് ആണ്. നമുക്ക് അത്ഭുതം തോന്നും

ടേക്കിനു മുൻപ് ഞങ്ങളെല്ലാവരും സീൻ പ്രാക്ടീസ് ചെയ്തു നോക്കുമ്പോൾ മമ്മൂക്കയും വന്നു ഡയലോഗ് ഒക്കെ പറഞ്ഞ് കൂടെ കൂടും. എത്ര സിനിമകൾ ചെയ്ത ആളാണ്, എത്ര വലിയ നടനാണ്. എന്നിട്ടും ഓരോ സീനിനു വേണ്ടിയും എടുക്കുന്ന എഫേർട്ട് കാണുമ്പോൾ അതിശയമാണ്. നമ്മളത് കണ്ട് പഠിക്കേണ്ട കാര്യങ്ങളാണ്. എന്നെ പോലുള്ള പുതിയ ആളുകൾക്കൊക്കെ മമ്മൂക്കയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അതിനെനിക്ക് അവസരം തന്നത് 'ഒരു കുട്ടനാടൻ ബ്ലോഗാ'ണ്.

Image may contain: 1 person, smiling, text and close-up

  • 'പടയോട്ടം' വിശേഷങ്ങൾ എന്തൊക്കെയാണ്?

'പടയോട്ട'ത്തിൽ എനിക്ക് അതിഥി വേഷമാണ്. അതു കൊണ്ട് വളരെ കുറച്ചു സീനുകളെ ഉണ്ടായിരുന്നുള്ളൂ. ഐമയാണ് പടയോട്ടത്തിലെ മറ്റൊരു നായിക. ബിജുവേട്ടനും നല്ല ഫ്രണ്ട്‌ലിയാണ്. ബിജുവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ എല്ലാ ദിവസവും ഊണിനു ശേഷം പായസം കിട്ടും! അത് ബിജുവേട്ടന്റെ വകയാണ്. സെറ്റിലെല്ലാർക്കും ഊണിനു ശേഷം പായസം ഏർപ്പാടാക്കുന്നത് ബിജുവേട്ടനാണ്. എനിക്ക് ഷൂട്ട് ഉള്ള ദിവസങ്ങളിലൊക്കെ ഉച്ചയ്ക്ക് നല്ല ഒന്നാന്തരം പായസം കിട്ടി, അതും എനിക്കേറെ ഇഷ്ടമുള്ള പാൽപായസം തന്നെ.

  • നാലഞ്ചു വർഷം കൊണ്ട് ഇരുപതിനടുത്ത് ചിത്രങ്ങൾ ചെയ്തല്ലോ, ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ്?

'രാമന്റെ ഏദൻത്തോട്ട'ത്തിലെ മാലിനിയും 'ക്യാപ്റ്റനി'ലെ അനിത സത്യനുമാണ് എനിക്ക് ബ്രേക്ക് തന്ന രണ്ടു കഥാപാത്രങ്ങൾ. ആളുകൾ ഇപ്പോഴും ആ കഥാപാത്രങ്ങളുടെ പേരിൽ തിരിച്ചറിയുന്നത് കാണുമ്പോൾ സന്തോഷം തോന്നും.​ആ കഥാപാത്രങ്ങളോട് ഒരിഷ്ടക്കൂടുതലുണ്ട്.

Read More: ക്യാപ്റ്റനെക്കുറിച്ച് അനു സിതാര

  • എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള വരവ്?

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നെ സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. 'ഹാപ്പി വെഡ്ഡിംഗ്', 'ഫുക്രി', 'അനാർക്കലി' എന്നിവയൊക്കെ ചെയ്തതിനു ശേഷമാണ് 'രാമന്റെ ഏദൻത്തോട്ടത്തി'ലേക്ക് നായികയായി വിളിക്കുന്നത്. എന്റെ കരിയറിലെ ബ്രേക്ക് ആ ചിത്രമാണ്.

  • ഏതൊക്കയാണ് പുതിയ സിനിമകൾ?

മധുപാൽ സാറിന്റെ സംവിധാനത്തിൽ ടൊവിനോ നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ', ചാക്കോച്ചനൊപ്പം അഭിനയിക്കുന്ന 'ജോണി ജോണി എസ് പപ്പ' ഈ രണ്ടു ചിത്രങ്ങളുമാണ് അടുത്തതായി തിയേറ്ററിൽ എത്താനുള്ളത്. എകെ സാജൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ. ഷൊർണൂർ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഷറഫുദ്ദീനും സിജു വിൽസണും വിഷ്ണു ഉണ്ണികൃഷ്ണനും ഈ സിനിമയിലുണ്ട്. ടൊവിനോയുടെ കൂടെ 'ആന്റ് ദി ഓസ്കാർ ഗോസ് റ്റു...' എന്നൊരു ചിത്രം കൂടി കമിറ്റ് ചെയ്തിട്ടുണ്ട്."

Anu Sithara Madhupal Malayalam Films Kunchacko Boban Mammootty Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: