പ്രളയ നഷ്ടങ്ങള്‍ നീന്തിക്കടന്ന് മലയാള സിനിമ പതുക്കെ തിരിച്ചു വരികയാണ്. ഓണത്തിനു തയ്യാറാക്കി വച്ചിരുന്ന ചിത്രങ്ങള്‍ ഓരോന്നോരോന്നായി  കഴിഞ്ഞ ആഴ്ച മുതലാണ് റിലീസ് ചെയ്തു തുടങ്ങിയത്.   മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗും’ ബിജു മേനോൻ ചിത്രം ‘പടയോട്ടവും’ ഇന്ന് തിയേറ്ററുകളിലേക്കെത്തും. ചെറിയ ഒരു കാത്തിരിപ്പിന് ശേഷം എത്തുന്ന ചിത്രങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട് സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും.

മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്‌’

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ൽ, ബ്ലോഗ് എഴുത്തുകാരനായ ഹരിയായാണ് മമ്മൂട്ടി എത്തുന്നത്. കുട്ടനാടിനെ ഓർമ്മിപ്പിക്കുന്ന ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പിക ഗ്രാമമാണ് കഥയുടെ പശ്ചാത്തലം.

ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, ദീപ്തി സതി, സുരാജ് വെഞ്ഞാറമൂട്, സഞ്ജു ശിവറാം, ഗ്രിഗറി, ജൂഡ് ആന്റണി എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥയായാണ് ഷംന കാസിം അഭിനയിക്കുന്നത്.  വിനീത് ശ്രീനിവാസനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

‘ഒരു കുട്ടനാടൻ ബോഗ്ലി’ലെ മറ്റൊരു താരം  ഉണ്ണിമുകുന്ദനാണ്. പക്ഷേ, ഇത്തവണ ക്യാമറയ്ക്കു മുന്നിലല്ല,  പിറകിലാണ് നടൻ.  ചിത്രത്തിന്റെ സഹസംവിധായകനാണ് ഉണ്ണി മുകുന്ദൻ. അനന്തവിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്ത മുരളീധരനുമാണ് ‘ഒരു കുട്ടനാടൻ ബോഗ്ല്’  നിര്‍മ്മിക്കുന്നത്. ‘മെമ്മറീസ്’ എന്ന സിനിമയ്ക്ക് ശേഷം ഇവരൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. പ്രദീപ് ഛായാഗ്രാഹണവും ശ്രീനാഥ് സംഗീത സംവിധാനവും നിർവ്വഹിക്കും. പശ്ചാത്തല സംഗീതം ബിജിബാൽ ആണ്.

ബിജുമേനോൻ ടീമിന്റെ ‘പടയോട്ടം’

ചെങ്കര രഘുവിന്റെയും കൂട്ടുകാരുടെയും കഥയാണ് ‘പടയോട്ടം’. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ ചെങ്കര രഘുവും സംഘവും നടത്തുന്ന യാത്രയുടെയും അതിന്റെ ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. റഫീഖ്​ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോനാണ് നായകൻ. മാസ് ലുക്കിലാണ് താരം എത്തുന്നത്.

അനു സിത്താര, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, സുരേഷ്‌കൃഷ്ണ, ഐമാ സെബാസ്റ്റ്യൻ, സേതുലക്ഷ്മി, അലൻസിയര്‍, ശ്രീനാഥ്, സുധികോപ്പ, മിഥുൻ രമേഷ് എന്നിവരും ചിത്രത്തിലുണ്ട്.

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും രതീഷ്‌ രാജ് എഡിറ്റിങ്ങും നിർവഹിക്കും. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിർമാണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ