ഫുട്ബോൾ താരം വി.പി.സത്യന്‍റെ ജീവിതം അഭ്രപാളിയിലെത്തിയപ്പോൾ അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അനു സിതാര. സത്യന്‍റെ  ഭാര്യ അനിതയുടെ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞുവെന്ന വിശ്വാസവുമുണ്ട് അനുവിന്. രാമന്‍റെ ഏദൻതോട്ടത്തിലെ മാലിനിയെപ്പോലെ ‘ക്യാപ്റ്റനി’ലെ അനിതയും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് അനുവിന്‍റെ പ്രത്യാശ. ‘ക്യാപ്റ്റനെ’ക്കുറിച്ച് അനു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട്…

അനിത ചേച്ചി പറഞ്ഞു, ഞാൻ കൂടെയുണ്ട്, ധൈര്യമായിട്ട് ചെയ്തോ

റിയൽ ലൈഫ് ക്യാരക്ടർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം പേടിയുണ്ടായിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമോ എന്നു ടെൻഷൻ തോന്നി. കഥ കേട്ടു കഴിഞ്ഞപ്പോൾ അനിത ചേച്ചി (വി പി സത്യന്‍റെ ഭാര്യ)യെ പോയി കണ്ടു. കുറേ നേരം സംസാരിച്ചിരുന്നു. അനിത ചേച്ചി സംസാരിക്കുമ്പോൾ ഞാൻ കുറേ നേരം ചേച്ചിയെ നോക്കിയിരുന്നു. ചേച്ചിയെ പോലെയാകാൻ എന്തൊക്കെ മാറ്റങ്ങളാണ് ഞാൻ വരുത്തേണ്ടതെന്ന് കുറേ നേരം ചേച്ചിയെ നോക്കി ഇരുന്നിട്ടും എനിക്ക് പിടി കിട്ടിയില്ല. ഒടുവിൽ ഞാനെന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് അനിത ചേച്ചിയോട് തന്നെ ചോദിച്ചു. അനു ഞാൻ കൂടെയില്ലേ, ധൈര്യമായിട്ട് ചെയ്തോ എന്നു പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിൽ ചേച്ചി വരുമായിരുന്നു. ചേച്ചി വന്നില്ലെങ്കിൽ ഞാൻ വിളിച്ചു വരുത്തുമായിരുന്നു. അവരുടെ ജീവിതത്തിൽ നടന്ന പഴയ കാര്യങ്ങളൊക്കെ പറഞ്ഞു തരും. ഓരോ സീൻ കണ്ടിട്ട് അതിൽ മാറ്റങ്ങൾ വേണമെങ്കിൽ അതു പറയും. പിന്നെ സംവിധായകനും ജയേട്ടനും (ജയസൂര്യ) ഒരുപാട് ഹെൽപ് ചെയ്തു. ക്യാപ്റ്റൻ സിനിമ നല്ലൊരു അനുഭവമായിരുന്നു.

വായിക്കാം: ‘ക്യാപ്റ്റന്‍’ സിനിമാ റിവ്യൂ

അനിതയാകണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ നടക്കുമെന്ന് കരുതിയില്ല

‘ഫുക്രി’യുടെ ലൊക്കേഷനിൽ തന്നെ ‘ക്യാപ്റ്റനെ’ക്കുറിച്ച് കേട്ടിരുന്നു. സിദ്ദിഖ് സാറിന്‍റെ അസോസിയേറ്റ് ആയിരുന്നു പ്രജേഷ് സെൻ. ‘ഫുക്രി’യുടെ ലൊക്കേഷനിൽവച്ച് പ്രജീഷേട്ടൻ ‘ക്യാപ്റ്റനെ’ക്കുറിച്ച് പറയുമായിരുന്നു. നല്ല സ്ക്രിപ്റ്റാണെന്നും ജയസൂര്യയാണ് നായകനെന്നും അന്ന് പറഞ്ഞു. നല്ല സിനിമയാണല്ലോ, അനിതയുടേത് നല്ല റോളായിരിക്കുമല്ലോ എന്ന് ഞാനും ആ സമയത്ത് വിചാരിച്ചിരുന്നു. പക്ഷേ എനിക്കാണ് ആ കഥാപാത്രം എന്നു കരുതിയില്ല. രാമന്‍റെ ഏദൻതോട്ടത്തിന്‍റെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ക്യാപ്റ്റൻ സിനിമയിൽ ഞാനാണ് നായികയാണെന്ന് അറിയുന്നത്.

ജയേട്ടൻ ചോദിച്ചു പേടിയുണ്ടോ?

സിദ്ധിഖ്, ജയസൂര്യ തുടങ്ങി വലിയൊരു ടീം ആയിരുന്നു ‘ഫുക്രി’യുടേത്. അതുകൊണ്ട് തന്നെ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ സീൻ തന്നെ ജയേട്ടന്‍റെ കൂടെയായിരുന്നു. അത് കേട്ടപ്പോൾ ഉണ്ടായിരുന്ന ധൈര്യം കൂടി ചോർന്നുപോയി. സീൻ എടുക്കുന്നതിന് മുൻപ് പേടിയുണ്ടോ എന്നു ജയേട്ടൻ ചോദിച്ചു. ഞാൻ അതെ എന്നു പറഞ്ഞു. എന്‍റെ കണ്ണിൽ അത് കാണാനുണ്ട്, പേടിക്കേണ്ടെന്ന് പറഞ്ഞു. ”അനു നീ എന്‍റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്. എന്‍റെ മുഖത്ത് തെറ്റു വന്നാൽ നീ പറഞ്ഞു തരണം” എന്നു ജയേട്ടൻ പറഞ്ഞു. ഞാൻ ശരിക്കും അതിശയിച്ചുപോയി. ഞാനെങ്ങനെയാ അങ്ങനെ ചെയ്യുകയെന്നു തിരിച്ചു ചോദിച്ചു. ”നീ അല്ലേ എന്‍റെ മുന്നിൽ നിൽക്കുന്നത്, അപ്പോൾ എന്‍റെ തെറ്റ് നീ പറയണം. നിന്‍റെ തെറ്റ് ഞാനും പറയും”. അങ്ങനെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ജയേട്ടൻ. ‘ക്യാപ്റ്റൻ’ സിനിമയിൽ ജയേട്ടൻ ഹെൽപ് ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ‘ക്യാപ്റ്റനി’ൽ ചില സീരിയസ് സീനിൽ എനിക്ക് നാടകീയത വരുമായിരുന്നു. അത് കറക്ട് ചെയ്ത് തന്നത് ജയേട്ടനാണ്.

ജയസൂര്യയോടൊപ്പം ‘ക്യാപ്റ്റനി’ല്‍

പ്രജീഷേട്ടനെ ഫുക്രി മുതൽ അറിയാം

പ്രജീഷേട്ടനുമായി നല്ല അടുപ്പമുണ്ട്. ഫുക്രി മുതൽ അറിയാം. സാധാരണ നമുക്ക് സംവിധായകനോട് എന്തെങ്കിലും സംശയം ചോദിക്കാൻ ബുദ്ധിമുട്ട് തോന്നും. പ്രജീഷേട്ടന്‍റെ അടുത്ത് അതില്ല. ചെറിയൊരു കാര്യവും ചോദിക്കാം. ഓരോ സീനും നല്ല ഫീലിലാണ് പ്രജീഷേട്ടൻ പറഞ്ഞു തരിക. അപ്പോൾ തന്നെ അതെങ്ങനെ ചെയ്യണമെന്ന് നമുക്ക് മനസ്സിലാകും. ഓരോ സീനും എത്ര ടേക്ക് വേണമെങ്കിലും എത്രം സമയം വേണമെങ്കിലും എടുത്ത് ചെയ്തോ, നന്നായിട്ട് ചെയ്താൽ മതിയെന്നാണ് പ്രജീഷേട്ടൻ പറയാറുളളത്.

ഏത് വേഷമായാലും ആത്മവിശ്വാസം വേണം

എനിക്ക് ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതു കഥാപാത്രവും സ്വീകരിക്കും. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. നാടൻ പെൺകുട്ടിയാണ് ഞാൻ. അതുകൊണ്ട് അത്തരം റോളുകൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. മോഡേൺ വേഷം ചെയ്യാനും ഇഷ്ടമാണ്. ഏത് വേഷമായാലും എനിക്ക് കോൺഫിഡൻസ് വേണം.

ഇഷ്ടം ഇപ്പോഴും മാലിനിയോട്

മാലിനിയെ ഭയങ്കര ഇഷ്ടമാണ്. ആ കഥാപാത്രമാണ് എന്നെ ഇത്രയും പോപ്പുലറാക്കിയത്. എവിടെ പോയാലും ‘രാമന്‍റെ ഏദൻതോട്ടത്തി’ലെ മാലിനിയായാണ് ഞാൻ തിരിച്ചറിയപ്പെടുന്നത്. ഇനി ‘ക്യാപ്റ്റനി’ലെ അനിതയായും തിരിച്ചറിയപ്പെടുമെന്നാണ് വിശ്വാസം.

 

ലാലേട്ടനും മമ്മൂക്കയും ഒപ്പം

ടൊവിനോ തോമസ് നായകനാവുന്ന മധുപാലിന്‍റെ സിനിമ ‘കുപ്രസിദ്ധ പയ്യൻ’ ആണ് ഇപ്പോൾ ഷൂട്ട് നടക്കുന്നത്. ‘പടയോട്ട’ത്തിൽ ഗസ്റ്റ് റോൾ, സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ‘കുട്ടനാടൻ ബ്ലോഗ്’, രഞ്ജിത്തിന്‍റെ മോഹന്‍ലാല്‍ സിനിമ ‘ബിലാത്തി കഥ’ എന്നിവയാണ് അടുത്ത പ്രോജക്ടുകൾ എല്ലാ നടന്മാരുടെ കൂടെയും അഭിനയിക്കണമെന്നാണ് മോഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook