/indian-express-malayalam/media/media_files/uploads/2019/05/CPM-Winners-Lok-Sabha.jpg)
Lok Sabha Election 2019 Result Latest Updates: ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയിലേക്ക് ഇടതുപക്ഷത്തിന്റെ സ്വരമാകാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്തത് അഞ്ച് പേരെ മാത്രം. സിപിഎമ്മിന് മൂന്ന് സീറ്റും സിപിഐക്ക് രണ്ട് സീറ്റുമാണ് ആകെ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ആലപ്പുഴയും തമിഴ്‌നാട്ടില്‍ നിന്ന് കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന് ലഭിച്ചത്. സിപിഐയ്ക്കാകട്ടെ തമിഴ്‌നാട്ടിലെ തിരുപ്പൂരും നാഗപ്പട്ടണവും ലഭിച്ചു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്.
Read More: അമേഠിയിൽ അടിതെറ്റിയ രാഹുൽ; സ്മൃതി ഇറാനിക്ക് ജയം
ആലപ്പുഴയില്‍ സിപിഎമ്മിനായി ജനവിധി തേടിയ എ.എം.ആരിഫ് 9,213 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കേരളത്തിലെ 20 സീറ്റുകളില്‍ ഇവിടെ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ലഭിച്ചത്. മറ്റ് 19 സീറ്റുകളിലും യുഡിഎഫിനാണ് വിജയം.
കോയമ്പത്തൂര്‍ സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി പി.ആര്‍ നടരാജന്‍ 45.58 ശതമാനം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥിയായ സി.പി രാധാകൃഷ്ണനെയാണ് സിപിഎം സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെടുത്തിയത്. 1,76,918 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎം സ്ഥാനാര്‍ഥി കോയമ്പത്തൂരില്‍ സ്വന്തമാക്കിയത്.
Read More: ‘പിണറായി ഗൊര്‍ബച്ചേവ്’; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മധുര സീറ്റിലും സിപിഎം സ്ഥാനാര്‍ഥി മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. 43.91 ശതമാനം വോട്ടാണ് സിപിഎം സ്ഥാനാര്‍ഥി എസ്.വെങ്കിടേഷൻ മധുരയില്‍ നേടിയത്. 1,37,119 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മധുരയില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയെ സിപിഎം സ്ഥാനാര്‍ഥി മറികടന്നത്.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥി കെ.സുബ്ബരായനാണ് ജയിച്ചത്. മണ്ഡലത്തിലെ 45.44 ശതമാനം വോട്ട് നേടിയ സുബ്ബരായയുടെ ഭൂരിപക്ഷം 93,360 വോട്ടുകളാണ്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്.
സിപിഐക്ക് ലഭിച്ച രണ്ടാം സീറ്റായ നാഗപ്പട്ടത്ത് 52 ശതമാനം വോട്ടുമായി എം.സെല്‍വരാജാണ് വിജയിച്ചത്. രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ സിപിഐ സ്ഥാനാര്‍ഥിക്കുള്ളത്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയാണ് ഇവിടെയും രണ്ടാം സ്ഥാനത്ത്.
Read More: ഇതൊന്നും പ്രതീക്ഷിച്ചതല്ല, കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സന്തോഷിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണന്‍
ത്രിപുരയിൽ നേരത്തെ ഉണ്ടായിരുന്ന രണ്ട് സീറ്റുകളും സിപിഎമ്മിന് നഷ്ടമായി. ബംഗാളിലാകട്ടെ വോട്ട് ശതമാനത്തിൽ വലിയ ഇടിവുണ്ടായി. ബംഗാളില്‍ ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിന് സാധിച്ചില്ല. 1977 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ബംഗാളില്‍ ഇത്രയും മോശം പ്രകടനം സിപിഎം ഇതുവരെ കാഴ്ചവച്ചിട്ടില്ല എന്ന് വേണം പറയാന്‍.
2011 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം പിന്നീടിങ്ങോട്ട് തിരിച്ചുവരാന്‍ സിപിഎമ്മിന് ബംഗാളില്‍ സാധിച്ചിട്ടില്ല. ഇത്തവണ ബിജെപി ഇടത് വോട്ടുകളിലേക്ക് വേരിറക്കി. മത്സരം പലയിടത്തും തൃണമൂലും ബിജെപിയും തമ്മിലായി. സിപിഎം ചിത്രത്തിലേ ഇല്ലാത്ത അവസ്ഥ. ഒരിടത്തും സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
Read More: ’ഇന്ത്യ വീണ്ടും ജയിച്ചു’; ബിജെപി മുന്നേറ്റത്തില്‍ മോദിയുടെ പ്രതികരണം
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടി സിപിഎം ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ അതും നഷ്ടപ്പെട്ടിരിക്കുകയാണ്. 2014 ല്‍ 34 ശതമാനം വോട്ടുണ്ടായിരുന്ന ഇടത് പാര്‍ട്ടിക്ക് ഇത്തവണ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അവകാശമായുള്ളത് ഏഴ് ശതമാനം വോട്ട് മാത്രം.
കഴിഞ്ഞ തവണ സിപിഎമ്മിന് 9 സീറ്റും സിപിഐക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ പിന്നെയും കുറവുണ്ടായി. ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കാൻ പ്രധാന പങ്കുവഹിച്ച ഇടത് പാർട്ടികളാണ് 15 വർഷങ്ങൾക്കിപ്പുറം ഒറ്റ സംഖ്യയിലേക്ക് ചുരുങ്ങിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us