കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടു. നിലവിൽ 47598 വോട്ടുകളുടെ ലീഡാണ് രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ സ്മൃതി ഇറാനിക്കുള്ളത്. 2004 മുതൽ അമേഠിയെ പ്രതിനിധികരിച്ച് പാർലമെന്റിലെത്തിയ രാഹുലിന് നാലാം വട്ടം ജയം സ്വന്തമാക്കാൻ സാധിച്ചില്ല. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്മൃതി ഇറാനി രാഹുലിനെ വീഴ്ത്തിയത്.

കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയിൽ കോൺഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ബിഎസ്‌പി – എസ്‌പി സഖ്യം സ്ഥാനാർഥിയെ നിർത്താതെ തന്നെ വലിയ രീതിയിൽ രാഹുൽ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാർഥികളാണ് അമേഠിയിൽ നിന്ന് ജനവിധി തേടിയത്.

വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വാർത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധി തോൽവി അംഗീകിരക്കുകയും സ്മൃതി ഇറാനിയെ അഭിന്ദിക്കുകയും ചെയ്തിരുന്നു. ‘എവിടെയാണ് പിഴച്ചതെന്ന് ചര്‍ച്ച ചെയ്യാനുളള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആവട്ടേയെന്ന ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. സ്മൃതി ഇറാനിക്കും അഭിനന്ദനങ്ങള്‍,’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Also Read: Lok Sabha Elections 2019 Result: ജനവിധി അംഗീകരിക്കുന്നു, മോദിക്കും സ്മൃതി ഇറാനിക്കും അഭിനന്ദനങ്ങള്‍: രാഹുല്‍ ഗാന്ധി

റായ്ബറേലി പോലെ തന്നെ കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണായിരുന്നു അമേഠിയും. ഗാന്ധി – നെഹ്‌റു കുടുംബത്തില്‍ നിന്ന് അമേഠിയെ ആദ്യം പ്രതിനിധീകരിച്ചത് ഇന്ദിരാ ഗാന്ധിയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധിയാണ്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977 ലെ പൊതുതിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ജനവിധി തേടിയ സഞ്ജയ് ഗാന്ധി പരാജയപ്പെടുകയായിരുന്നു.

1980 ലെ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധി അമേഠിയില്‍ നിന്ന് തന്നെ ജനവിധി തേടുകയും ലോക്‌സഭയിലെത്തുകയും ചെയ്തു. എന്നാല്‍, വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ 1981 ല്‍ അമേഠിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലാതിരുന്ന മൂത്ത മകന്‍ രാജീവ് ഗാന്ധിയെ ഇന്ദിര സജീവ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് അമേഠിയിലെ ഉപതിരഞ്ഞെടുപ്പില്‍ രാജീവ് സ്ഥാനാര്‍ത്ഥിയായി. സഞ്ജയ് ഗാന്ധിയെ തോല്‍പ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മണ്ഡലത്തില്‍ നിന്ന് രാജീവ് ഗാന്ധി പാര്‍ലമെന്ററി രാഷ്ട്രീയം ആരംഭിച്ചു. സഞ്ജയ് ഗാന്ധി 1980 ല്‍ നേടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് 1981 ല്‍ രാജീവ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്.

Also Read;Lok Sabha Election Results 2019: ബംഗാളില്‍ വട്ടപൂജ്യം; കേരളത്തിലുള്ളത് ഒരു തരി കനല്‍

1984 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നടന്നത് ഗാന്ധി – നെഹ്‌റു കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജീവ് ഗാന്ധിക്കെതിരെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേകാ ഗാന്ധി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എന്നാല്‍, വിജയം രാജീവിനൊപ്പമായിരുന്നു. തുടര്‍ന്ന് 1989 ലും 1991 ലും രാജീവ് തന്നെ അമേഠിയില്‍ നിന്ന് ലോക്‌സഭയിലെത്തി.

1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ അമേഠിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ക്യാപ്റ്റന്‍ സതീഷ് ശര്‍മയിലൂടെ 1991 ലും 1996 ലും കോണ്‍ഗ്രസ് അമേഠി നിലനിര്‍ത്തി. 1998 ലെ പൊതുതിരഞ്ഞെടുപ്പില്‍ അമേഠി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ സതീഷ് ശര്‍മയെ വീഴ്ത്തി വിഎച്ച്പി നേതാവ് സഞ്ജയ് സിംഗ് ലോക്‌സഭയിലെത്തി.

Also Read: Lok Sabha Election Results 2019: രാഹുൽ രാജിവെക്കില്ല; വാർത്ത തെറ്റ്

ഒരു വര്‍ഷത്തിനിപ്പുറം 1999 ല്‍ സോണിയ ഗാന്ധിയിലൂടെ കോൺഗ്രസ് അമേഠി പിടിച്ചടക്കി. 1999 ല്‍ 67.12 ശതമാനം വോട്ട് നേടിയാണ് സോണിയ അമേഠിയില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയത്. അച്ഛന്‍ രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അമേഠി മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഹരിശ്രീ കുറിച്ചു. 2004, 2009, 2014 വര്‍ഷങ്ങളില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് തുടര്‍ച്ചയായി ലോക്‌സഭയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് അമേഠി സുരക്ഷിത താവളമായിരുന്നു.

2004 ലും 2009 ലും മികച്ച മാര്‍ജിനോടെയാണ് രാഹുല്‍ അമേഠിയില്‍ നിന്ന് ജയിച്ചുകയറിയത്. 2004 ല്‍ 66.18 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച രാഹുല്‍ 2009 ല്‍ അത് 71.78 ശതമാനമായി ഉയര്‍ത്തി. എന്നാല്‍, 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് ശക്തമായ മത്സരം നടത്തേണ്ടി വന്നു. അമേഠിയില്‍ നിന്ന് 46.72 ശതമാനം വോട്ടുകള്‍ മാത്രമാണ് 2014 ലേക്ക് എത്തിയപ്പോള്‍ രാഹുലിന് നേടാനായത്. ഇത്തവണ അത് 43.42 ശതമാനമായി കുറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.