ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഒരുമിച്ച് എല്ലാവരും വളരും ഒരുമിച്ച് വികസിക്കുമെന്ന് പറഞ്ഞ മോദി ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചെന്നും ട്വീറ്റ് ചെയ്തു.

ശക്തമായൊരു ഇന്ത്യയെ നമ്മള്‍ ഒരുമിച്ച് പടുത്തുയര്‍ത്തുമെന്നും മോദി ട്വീറ്റില്‍ പറയുന്നു. 2014 ലെ ഫലത്തെ മറി കടക്കുന്നതായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നാണ് ഇതുവരെയുള്ള ലീഡ് നില സൂചിപ്പിക്കുന്നു.

ദേശീയതയിലൂന്നിയ പ്രചരണമാണ് ബിജെപി നടത്തിയതെന്നും അതാണ് അവര്‍ക്ക് വലിയ നേട്ടമായതെന്നും സിപിഐ പ്രതികരിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങളൊന്നും ദേശീയതയ്ക്ക് മുന്നില്‍ വില പോയില്ലെന്നും സിപിഐ പറഞ്ഞു.

മോദി തരംഗം സുനാമിയായിയെന്ന് ദേവന്ദ്ര ഫഡ്‌നാവീസ് പ്രതികരിച്ചു. ”കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമായിരുന്നു. ഇത്തവണ അത് സുനാമിയായി മാറി” പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയേയും അമിത് ഷായേയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അഭിനന്ദിച്ചു.

മോദിയേയും അമിത് ഷായേയും അഭിനന്ദിച്ച അദ്വാനി പാര്‍ട്ടി പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ബിജെപിയുടെ സന്ദേശം രാജ്യത്തെ ഓരോ വോട്ടറിലുമെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.