തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് സംഭവിച്ച പരാജയത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എന്നിവരോടൊപ്പം മാധ്യമങ്ങളോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് നേരത്തേ മുതലേ താന്‍ പറഞ്ഞിരുന്നെന്നും ഇതൊരു ചരിത്ര വിജയമാണെന്നും ചെന്നിത്തല പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രാധാന്യം അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

യുഡിഎഫ് മുന്നോട്ടു വച്ച നിലപാടുകളും ആശയങ്ങളും കേരള ജനത അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അതി ശക്തമായ ജനവികാരം ഇവിടെ നിലനില്‍ക്കുന്നു, ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായി കേരളം ചിന്തിക്കുന്നു. കേരളത്തില്‍ രാഹുല്‍ തരംഗം ഉണ്ടായിരിക്കുന്നു എന്നീ മൂന്ന് കാര്യങ്ങളാണ് തങ്ങളെ പ്രധാനമായും വിജയത്തിലേക്ക് നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

‘കേരള ചരിത്രത്തില്‍ ഇതുപോലെ ദയനീയമായ ഒരു പരാജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൊര്‍ബച്ചേവാണ് പിണറായി വിജയന്‍ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്ക് ഇത്രയും വലിയ വിജയം ഉണ്ടാക്കി കൊടുത്തതില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചെറുതല്ല. ദേശീയതലത്തില്‍ രൂപപ്പെടേണ്ടിയിരുന്ന മതേതര മുന്നണിയെ പൊളിച്ചത് പിണറായി വിജയന്‍ ആണ്. ‘

പിണറായി വിജയന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook