/indian-express-malayalam/media/media_files/ce8FieytEi3cpI61HA0W.jpg)
പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കില്ലാത്ത സ്കോർ കണക്കിലെടുക്കും
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആക്ഷേപമുയർന്നവരുടെ ഫലം റദ്ദാക്കും. 1563 പേർക്ക് അനുവദിച്ച ഗ്രേസ് മാർക്കാണ് റദ്ദാക്കുക. ഹരിയാനയിലെ ആറ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്കായി 23 ന് പുനഃപരീക്ഷ നടത്തും. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കില്ലാത്ത സ്കോർ കണക്കിലെടുക്കും.
നീറ്റ് യുജിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഉന്നതതല സമിതിയുടെ ശുപാർശകൾ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത്. പുനഃപരീക്ഷയുടെ നോട്ടിഫിക്കേഷൻ ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. ജൂൺ 30 ന് ഫലം പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ തുടരുമെന്നും ജൂലൈ ആറിനുള്ള കൗൺസിലിങ് നടപടികൾ തടസപ്പെടില്ലെന്നും എൻടിഎ അറിയിച്ചിട്ടുണ്ട്.
പ്രവേശന പരീക്ഷയ്ക്ക് മതിയായ സമയം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ ആറു കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളാണ് ഹൈക്കോടതികളെ സമീപിച്ചത്. ഇതിനുപിന്നാലെ വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇതിൽ ഹരിയാന സെന്ററിലെ 6 വിദ്യാർഥികൾക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു.
വിഷയം വിവാദമായതോടെ 6 സെന്ററുകളിലെ വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിച്ചതു പരിശോധിക്കാൻ യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് ലഭിച്ചവരുടെ ഫലം റദ്ദാക്കാനും പുനഃപരീക്ഷ നടത്താനും തീരുമാനിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.