/indian-express-malayalam/media/media_files/DQZ327eAMYyfFYxToTvR.jpg)
'സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ രാഷ്ട്രീയം' എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിലാണ് അയോധ്യയും രാമജന്മഭൂമി പ്രസ്ഥാനവും ഉൾപ്പെടുത്തിയിരിക്കുന്നത്
ഡൽഹി: പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ പരിഷ്ക്കാരങ്ങളുമായി എൻസിഇആർടി. അയോധ്യാ ഭൂമി തർക്കവും രാമജന്മഭൂമി പ്രക്ഷോഭവും പ്രതിപാദിക്കുന്ന പാഠഭാഗത്തിൽ നിന്നും ബാബറി മസ്ജിദ് തകർത്ത സംഭവം ഒഴിവാക്കിയിരിക്കുകയാണ്. ക്ഷേത്രത്തിന് അനുമതി നൽകിയ 2019 ലെ സുപ്രീം കോടതി വിധിയടക്കം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പാഠഭാഗങ്ങൾ പരിഷ്ക്കരിച്ച പുസ്തകം ഒരു മാസത്തിനകം കുട്ടികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് എൻസിഇആർടി നടപ്പാക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്കരണത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങളെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനെ (സിബിഎസ്ഇ) അടുത്തിടെ അറിയിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാരിന് ഉപദേശം നൽകുന്ന എൻസിഇആർടി, പ്രതിവർഷം 4 കോടിയിലധികം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് പുറത്തിറക്കുന്നത്.
'സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ രാഷ്ട്രീയം' എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിലാണ് അയോധ്യയും രാമജന്മഭൂമി പ്രസ്ഥാനവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 2006-07 മുതലുള്ള പാഠമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അഞ്ച് പ്രധാന സംഭവവികാസങ്ങളിൽ ഒന്നായാണ് അയോധ്യ പ്രസ്ഥാനത്തെ പാഠഭാഗം വിശേഷിപ്പിക്കുന്നത്.
1989-ലെ പരാജയത്തിന് ശേഷമുള്ള കോൺഗ്രസിന്റെ പതനം, 1990-ൽ മണ്ഡൽ കമ്മീഷൻ, 1991 മുതലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ, 1991-ലെ രാജീവ് ഗാന്ധിയുടെ കൊലപാതകം എന്നിവയാണ് അധ്യായത്തിൽ പരാമർശിക്കുന്ന മറ്റ് നാല് സംഭവങ്ങൾ.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയമെന്ന എട്ടാം അധ്യായത്തിലാണ് ബാബ്റി മസ്ജിദ് തകർത്തത് ഉണ്ടായിരുന്നത്. 1986 ല്‍ പൂട്ട് തുറന്നതും അയോധ്യയിലെ സംഘർഷങ്ങളും തുടർന്നുള്ള സംഭവ വികാസങ്ങളുമടക്കം പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. പള്ളി പൊളിക്കലിന്റെ അനന്തരഫലങ്ങൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം, വർഗീയ അക്രമം, മതേതരത്വത്തെക്കുറിച്ചുള്ള ഗുരുതരമായ ചർച്ച തുടങ്ങിയവയും പാഠഭാഗത്തിൽ നേരത്തെ ഇടം പിടിച്ചിരുന്നു.
എന്നാല്‍ രാമജന്മഭൂമിക്ക് മേലുണ്ടായിരുന്ന വർഷങ്ങള്‍ നീണ്ട നിയമപ്രശ്നവും തർക്കവും രാഷ്ട്രീയത്തെ സ്വാധീനിച്ചുവെന്നും അത് മാറ്റങ്ങള്‍ക്ക് കാരണമായെന്നുമാണ് പുതിയ പാഠഭാഗത്തില്‍ പറയുന്നത്.
ഈ പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും മാറ്റി എന്ന വസ്തുതയും മാറ്റത്തിന് പിന്നിലെ കാരണങ്ങളും എൻസിഇആർടി പരസ്യമാക്കി. “രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസമനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി കൊണ്ടുവന്ന ഏറ്റവും പുതിയ മാറ്റങ്ങളും വിഷയത്തിനുള്ള സ്വീകാര്യതയും കാരണം അയോധ്യ വിഷയത്തെക്കുറിച്ചുള്ള വാചകം സമഗ്രമായി പരിഷ്കരിച്ചു, ”എൻസിഇആർടി വെബ്‌സൈറ്റിൽ പറയുന്നു. അധ്യായത്തിലെ നാല് മാറ്റങ്ങളും എൻസിഇആർടി പരസ്യമാക്കിയിട്ടുണ്ട്.
Read More
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.