scorecardresearch

പൊലിഞ്ഞ സ്വപ്‌നം: കുട്ടികളുടെ നോവല്‍-ഭാഗം 9

അമ്മായി മധുരപലഹാരങ്ങൾ കൊണ്ടു വന്നിരുന്നു. അതൊക്കെ തുറന്നു നോക്കി, സിന്ധു പറഞ്ഞു, “ദൊക്കെ കുഞ്ഞു വാവണ്ടായിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നു. വാവക്ക് ഇഷ്ടായേനെ”

അമ്മായി മധുരപലഹാരങ്ങൾ കൊണ്ടു വന്നിരുന്നു. അതൊക്കെ തുറന്നു നോക്കി, സിന്ധു പറഞ്ഞു, “ദൊക്കെ കുഞ്ഞു വാവണ്ടായിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നു. വാവക്ക് ഇഷ്ടായേനെ”

author-image
Rajalakshmi
New Update
rajalakshmi, childrens novel, iemalayalam

സിന്ധുവിൻ്റെ അമ്മാവനും കുടുംബവും യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം സന്ദർശനത്തിന് എത്തി. സിന്ധു എന്നും കൊതിയോടെ കാത്തിരിക്കാറുള്ള ഒരു സംഭവമായിരുന്നു, അത്.

Advertisment

അവളെക്കാൾ ഒരു വയസ്സുകൂടുതലുള്ള അവരുടെ മകൾ ഭവ്യയും ഭവ്യയുടെ അനിയൻ ഭരത്തുമായിരുന്നു, സിന്ധുവിനാകെയുള്ള സഹോദരങ്ങൾ. സ്വന്തമായൊരനിയനോ അനിയത്തിയോ വേണമെന്ന് അവർ വന്നു പോകുമ്പോഴെല്ലാം സിന്ധു അച്ഛനോടും അമ്മയോടും നിർബന്ധം പിടിക്കുമായിരുന്നു. ആ നിർബന്ധം അല്പം കുറഞ്ഞത് മിങ്കു വന്നതിനുശേഷമാണ്.അവൾക്കെപ്പോഴും അവനുണ്ടല്ലോ കൂട്ട്.പക്ഷേ അവന്റെ വരവു കൊണ്ടുവന്ന ഭാഗ്യമെന്നോണം, സിന്ധുവിന്റെ അമ്മയുടെ വയറ്റിൽ അതിനിടെ  ഒരു കുഞ്ഞുവാവ വളര്‍ന്നു വരുനുണ്ടായിരുന്നു. ആദ്യമൊന്നും സിന്ധു അതറിഞ്ഞിരുന്നില്ല.

അമ്മയുടെ വയർ പതിവിലും വീർത്തു തുടങ്ങിയപ്പോൾ സിന്ധു ദേഷ്യപ്പെട്ടു.

“അമ്മ എന്തിനാണ് ഇത്രയധികം ചോറുണ്ടത്.” കണ്ടില്ലേ , വയർ വലുതായി വരുന്നത്? ഇങ്ങനെ വയറു വീർത്താൽ അമ്മേ ക്കാണാൻ ഒരു ഭംഗീമില്ലാണ്ടാവും” അമ്മ  അതു കേട്ടതും പൊട്ടിച്ചിരിച്ചു. അച്ഛൻ വിളിച്ചു ചോദിച്ചു,“എന്താണവിടെ വലിയ ചിരി.”

“അല്ലാ മോളു പറയുന്നു, ഞാൻ ചോറുണ്ണുന്നത് കുറയ്ക്കണമെന്ന്” അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു.

Advertisment

അച്ഛൻ എഴുന്നേറ്റുവന്ന് സിന്ധുവിനോടൊപ്പം കൂടി. “ശരിയാണ്. കൂടുതൽ തിന്നിട്ട് ഇടയ്ക്ക് ഛർദ്ദിക്കുന്നുമുണ്ട്.” അതും ശരിയാണല്ലോ എന്നോർത്തു സിന്ധു. അപ്പോഴും അമ്മ  ചിരിച്ചതേയുള്ളൂ.

സാരി വകഞ്ഞു മാറ്റി അവൾ അമ്മയുടെ വയർ നോക്കി. തീരെ ഭംഗിയല്ലാതായിരുന്നു, അമ്മയുടെ വയർ.  സിന്ധുവിന് ദേഷ്യവും സങ്കടവും വന്നു. സ്കൂളിൽ മറ്റാരുടേയും അമ്മമാർ തന്റെ അമ്മയോളം സുന്ദരിയല്ലെന്ന ഒരഭിമാനം അവൾ ഉള്ളിൽകൊണ്ടു നടന്നിരുന്നു. ഇനി ഓപ്പൺ ഹൗസിന് സ്കൂളിലേക്കൊന്നും അമ്മ വരേണ്ട ഈ പൊട്ട വയറും വച്ച് എന്നു അവൾ ശാഠ്യം പിടിച്ചു.

അപ്പോ അമ്മ ചിരിച്ചുകൊണ്ടു പറയുകയാണ്, “സാരല്യാ ഇനി മൂന്നു മാസം കഴിഞ്ഞാ മോള് ചേച്ചിയാവുമല്ലോ. അമ്മ വയറിനകത്ത് ഒരു കുഞ്ഞാവയുണ്ട്."

"ശരിക്കും," എന്നു ചോദിച്ചു പോയി സിന്ധു. അമ്മ വയറിൽ കെ വച്ച് തലയാട്ടിയതും അവളമ്മയെ ഇറുകെ കെട്ടിപ്പടിച്ചു തുള്ളിച്ചാടി.

മെല്ലെ കെട്ടിപ്പിടിക്ക് വാവക്ക് ശ്വാസം മുട്ടും,” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

സിന്ധുവിന് അമ്മയെ കടിച്ചു തിന്നാനുള്ള സ്നേഹം വന്നു. “ഇത്ര ദിവസം എന്നോട് പറഞ്ഞില്ലല്ലോ, അമ്മക്കള്ളി” അവൾ പരിഭവിച്ചു.

അപ്പോഴാണ് ആരോ ഗേറ്റു തുറന്നത്. നോക്കുമ്പോഴുണ്ട് അമ്മാവനും കൂട്ടരും .

rajalakshmi, childrens novel, iemalayalam ഗേറ്റു തള്ളിത്തുറന്ന് ഭവ്യചേച്ചി സിന്ധുവിനു നേരെ കൈകൾ വിടർത്തി പാഞ്ഞടുത്തു. എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപു് നടുക്കുന്ന ഒരു കുരയോടെ മിങ്കു ഭവ്യയ്ക്കു നേരെ ചെന്നു. ഒരൊറ്റക്കുതിപ്പിന് അവനവളുടെ നേരെ, മുഖാമുഖം എത്തി നിന്നു. അവൻ വിചാരിച്ചത് ആരോ സിന്ധുവിനെ ആക്രമിക്കാൻ പോകുന്നുവെന്നാവും.

ഭവ്യ ച്ചേച്ചിയെ മിങ്കുവിൽ നിന്ന് രക്ഷിക്കാൻ ഒരുപായവും സിന്ധുവിന് തോന്നിയില്ല. “മിങ്കു” എന്നുറക്കെ അലറിക്കൊണ്ടവൾ മുഖം പൊത്തി നിലത്തിരുന്നു.

ഭവ്യചേച്ചിയുടെ ഭംഗിയുള്ള മുഖത്ത് അവന്റെ കോമ്പല്ലുകളാഴ്ന്നതു തന്നെ എന്നവൾ ഉറപ്പിച്ചു. പതുക്കെ അവളുടെ കണ്ണു നിറഞ്ഞു. മുഖമുയർത്താൻഭയന്ന് ഒരു നിമിഷമിരുന്നശേഷമവൾ വിരലുൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.

സ്നേഹം തുളുമ്പുന്ന ഒരു ജോടി ബ്രൌൺ കണ്ണുകളാണവൾ കണ്ടത്. പതുക്കെ, മിങ്കുവിന്റെ ശ്വസമവളുടെ മുഖത്തു പതിഞ്ഞു. അവളവന്റെ കഴുത്തിൽ കൈചുറ്റി.

“അകത്ത് പോ,” എന്ന് മൃദുവായിപ്പറഞ്ഞതും അവൻ പതിവുപോലെ മുറിയക്കകത്തുകയറി, മൂക്കുകൊണ്ട് വാതിൽചാരി. ഇനി അവൻ പുറത്തു വരണമെങ്കിൽ സിന്ധുവാതിൽ തുറന്ന് വിളിക്കണം.

അമ്മായി മധുരപലഹാരങ്ങൾ കൊണ്ടു വന്നിരുന്നു. അതൊക്കെ തുറന്നു നോക്കി, സിന്ധു പറഞ്ഞു, “ദൊക്കെ കുഞ്ഞു വാവ ണ്ടായിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നു. വാവയ്ക്ക് ഇതെല്ലാം ഇഷ്ടായേനെ.

“ഇതൊക്കെ വാവയ്ക്കു തന്നെയാണ്. അമ്മ തിന്നാൽ പോരെ, അമ്മവയറ്റിനകത്തുള്ള വാവയ്ക്ക് കിട്ടിക്കോളും,” അമ്മായി ചിരിച്ചു.

“പെണ്ണിനെന്താ ഗമ, വലുതായി, ചേച്ചിയാവുകയല്ലേ...” അമ്മാവൻ കളിയാക്കി.

തന്നെ മിങ്കു ആക്രമിക്കാൻ വന്നതും സിന്ധു വിളിച്ചപ്പോഴവൻ തിരിച്ചുപോയതും, ഭവ്യ അവരോടു പറഞ്ഞു.

“ശരിയാണല്ലോ ഇവിടെ അങ്ങനെയൊരാളുള്ളത് ആലോചിച്ചില്ല. എന്നിട്ടതെവിടെ?” അവർ ചോദിച്ചു.

ഭവ്യ, ചെറിയ മുറിയിലേക്ക് വിരൽ ചൂണ്ടിപ്പറഞ്ഞു“സിന്ധു അകത്തേക്ക് പറഞ്ഞയച്ചു."   “എന്തൊരുബുദ്ധിയും  അനുസരണയുമാ  വിങ്കുവിന്,” ഭവ്യ കൂട്ടിച്ചേർത്തു.

മധുര പലഹാരങ്ങൾ ഓരോന്നെടുത്ത് സിന്ധു മുറിയിലേക്കു ചെന്നു. മിങ്കു ആർത്തിയോടെ മധുരം തിന്നു.

“ഇനി നല്ല കുട്ടിയായി ഉമ്മറത്തേക്കു ചെല്ല്. ആരേം പേടിപ്പിക്കരുത്. ഇതമ്മായി, അതമ്മാവൻ, ഇത് ഭവ്യ ചേച്ചി, ഇതനിയൻ. . ." സിന്ധു പരിചയപ്പെടുത്തുമ്പോൾ അവൻ ഓരോരുത്തരെയായി, മണത്തുനോക്കി, തൃപ്തിപ്പെട്ടു.

അമ്മായി നീട്ടിയ ഉണ്ണിയപ്പം വാങ്ങാതെ അവൻ സിന്ധുവിനെ നോക്കി. “ഉം . . . വാങ്ങിക്കോ” അവൾ സമ്മതിച്ചു.

ഉണ്ണിയപ്പം നിലത്തിട്ടുരുട്ടി പന്തു കളിച്ചശേഷം അവനതു തിന്ന് ചുണ്ട് നക്കി. പിന്നെ പൂമുഖത്തു ചെന്നിരുന്നു.

"ഹാവൂ” ഇപ്പോ വന്നവരാരും കുഴപ്പക്കാരല്ല, അവരാരും സിന്ധുവിനെ ആക്രമിക്കാൻ വന്നവരല്ല എന്ന ആശ്വാസമായിരുന്നു മിങ്കുവിന്റെ മുഖത്ത്.

തുടരും...

Children Literature Stories Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: