/indian-express-malayalam/media/media_files/uploads/2021/04/raja-fi-2.jpg)
അനിയന്‍വാവ പെട്ടെന്നു പെട്ടെന്നു വലുതായിക്കൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോയത്.
മൂന്നു നാലു മാസമായപ്പോള്‍ അവന് ആളുകളെ തിരിച്ചറിയാന്‍ തുടങ്ങി. അമ്മ അടുത്തു കിടന്നാലവന് അമ്മയുടെ നേരെ ഉരുണ്ടുചെന്ന് നെഞ്ചിലെ വസ്ത്രങ്ങള്‍ പിടിച്ചു വലിക്കും. അവന് പാല് വേണം എന്നതിന്റെ അടയാളമാണത്.
അച്ഛനെ കണ്ടാല്‍ നടു ഉയര്‍ത്തി ഞെളിപിരി കൊള്ളും . അച്ഛാ എന്നെ എടുത്തോ എന്നാണതിന്റെയര്‍ത്ഥം.
സിന്ധു, അവനൊരു കളിപ്പാട്ടമായിരുന്നു. ഒച്ചയുണ്ടാക്കി ക്ഷണിച്ച് അവനവളുടെ മുടിയിലും മുഖത്തും പിടിച്ച് വായ്ക്കുനേരെ കൊണ്ടു പോകാന്‍ ശ്രമിക്കും. അവളുടെ കുഞ്ഞിക്കവിള്‍ ചപ്പും. സിന്ധുവിന് ഇക്കിളിയാവും. കാലുകളാല്‍ അവനവളെ കെട്ടിപ്പിടിക്കും.
അവന് കരയുകയാണെങ്കില്‍ അവള്, അവന്റെ നെഞ്ചില്‍ തന്റെ തല ചാരിവെച്ചു കൊടുക്കും. അവനവളെ പല്ലില്ലാ വായ കൊണ്ട് കടിക്കാന്‍ ശ്രമിച്ച് കരച്ചില് മറക്കും. പിന്നെ മോണ കാട്ടി ചിരിക്കും.
അവളുടെ കവിളില്‍ വായ കൊണ്ട് അവന് കപ്പുന്ന ശബ്ദം കേട്ടാല്‍ അച്ഛനുമമ്മയും പൊട്ടിച്ചിരിക്കും.
''ന്റെ മോളെ മുഴുവന്‍ കഴിക്ക്വോ ഉണ്ണീ നീയ്,'' എന്ന് അമ്മ ചോദിച്ചാല്‍ ''ഗീ'' എന്ന് ഒച്ചയുണ്ടാക്കി, അവനവളെ ഒന്നു കൂടി അള്ളിപ്പിടിക്കും.
മിങ്കുവിന് ആദ്യമെല്ലാം അവനെ ഭയമായിരുന്നു. മിങ്കു അടുത്തു ചെന്നാല്‍ ഉണ്ണി, മിങ്കുവിന്റെ ചെവിയും മുഖവും പിടിച്ചു വലിക്കും. വലിയ കാവല്നായാണെങ്കിലും, ആ കുഞ്ഞിക്കൈകൊണ്ടുള്ള പിടുത്തം അവന്റെ മുടികള്‍ പറിച്ചെടുക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നിട്ടും മിങ്കു, അവനടുത്ത് ചെന്ന് നിന്നുകൊടുത്തു. അവന്റെ വാല് ഒരിക്കല്‍ ഉണ്ണിവാവ പിടിച്ചു വലിച്ച് കൈക്കലാക്കി.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
ധീരനായ മിങ്കു, അവന്റെ ധീരതയൊക്കെ മറന്ന് ഉറക്കെ കരഞ്ഞു. അമ്മ ചെന്ന് അവന്റെ വാല് സ്വതന്ത്രമാക്കിയപ്പോള്‍, ആശ്വാസത്തോടെ ഓടി വാതില്ക്കല് ചെന്നു നിന്ന് അവന് ഉണ്ണിവാവയെ പേടിയോടെ എത്തിനോക്കുന്നതു കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
/indian-express-malayalam/media/media_files/uploads/2020/11/raja-2-1.jpg)
അനിയന്‍കുട്ടി മുട്ടിലിഴയാന്‍ തുടങ്ങിയപ്പോള്‍ സദാ മിങ്കുവിന്റെ പിറകെ ഇഴഞ്ഞുചെല്ലുക പതിവായി. തന്റെ വാലില്‍ മാത്രം പിടിക്കാനനുവദിക്കാതെ, തന്റെ കണ്ണും ചെവിയുമൊക്കെ അവന് കുട്ടിക്ക് കളിപ്പാട്ടമായി കൊടുത്തു.
അനിയന് ഇഴഞ്ഞു നടക്കുമ്പോള്‍ സംരക്ഷകനായി നിന്നു, മിങ്കു. ഉമ്മറത്തിന്റെ വക്കത്തേക്കു പോകാനനുവദിക്കാതെ, ചവിട്ടുപടികളിലേക്ക് കുട്ടിയെ നയിക്കാന്‍ അവനറിയാമായിരുന്നു.
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
ഒരിക്കല്‍ ഗേറ്റു തുറന്നു കിടക്കുമ്പോള്‍ അനിയന് റോഡിനരികിലേക്ക് നീന്തിച്ചെന്നു. "വാവ എങ്ങാന്‍ റോഡ് ക്രോസ് ചെയ്താല്‍ ഏതെങ്കിലും വാഹനം വന്ന് വാവയെ ഇടിച്ചു താഴത്തിടില്ലേ?" അപ്പോഴങ്ങോട്ടോടി വന്ന സിന്ധു ആകെ പേടിച്ചു കരഞ്ഞു.
അതു കേട്ട് അമ്മ ഓടി വന്നു അപ്പോഴേക്ക്. ചുമലിലൂടെ സ്ട്രാപ്പുള്ള വാവയുടെ ഉഠുപ്പില് കടിച്ചു പിടിച്ച് മിങ്കു കുഞ്ഞിനെ അകത്തേക്കെടുത്തു കൊണ്ടുവന്നുകഴിഞ്ഞിരുന്നു.
അനിയന്‍കുട്ടിക്ക്, മിങ്കു അങ്ങനെ ചെയ്തത് ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല അവന് കരയുകയും ചെയ്തു. പക്ഷേ, അമ്മ ഓടി വന്ന് വാവയെ എടുത്ത്, "എത്ര നല്ല മിങ്കുവാ, മിങ്കൂ നീയ്," എന്നു പറഞ്ഞ് മിങ്കുവിനെ അഭിനന്ദിച്ചു.
മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു നിന്നാല്‍, ലോകത്തിന്റെ ഒരു നല്ല ചിത്രം ലഭിക്കുമെന്നു പതുക്കെ വാവ കണ്ടുപിടിച്ചു. പിടിച്ചെണീറ്റി നില്ക്കാനവന് ഉപയോഗിച്ചത് മിങ്കുവിനെയായിരുന്നു. വാവ അങ്ങനെ ഒറ്റയടിവെച്ചു നടക്കുന്ന ഓരോ തവണയും മിങ്കുവിന്റെ രോമങ്ങള്‍ പറിഞ്ഞു പോന്നു.
ഇടയ്ക്കെല്ലാം കുട്ടി, മുട്ടിലിഴഞ്ഞവന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ വേദന ഭയന്ന് മിങ്കു ഓടിപ്പോയി. പിന്നീട് അതൊരു കളിയായി മാറി. കുട്ടി പിച്ച നടക്കുമ്പോള്‍, അവന് കാലിടറി വീഴാതിരിക്കാന്‍ മിങ്കുകൂടെ നിന്നു.
'ഉങ്കു,' എന്നാണ് ഉണ്ണി അവനെ വിളിക്കുക. അതുകേട്ടാല്‍ മിങ്കു അവനുമുന്നില്‍ ഹാജരാവും. താന്‍ തിന്നുന്ന ബിസ്കറ്റ് കുട്ടി മിങ്കുവിന് വായില്‍ വെച്ചു കൊടുക്കുക പതിവായി. അങ്ങനെ കുട്ടികളും മുതിര്‍ന്നവരും മിങ്കുവും ചേര്‍ന്ന് ജീവിതം ഒരു ആഘോഷമായി മാറുകയായിരുന്നു മെല്ലെമെല്ലെ.
തുടരും...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us