/indian-express-malayalam/media/media_files/uploads/2020/03/skk1.jpg)
International Women's Day 2020: റാഷിദിയയിലെ വഴികളിലൂടെയല്ലാതെ മരുഭൂമിയിലേക്ക് എനിക്ക് കടന്നു ചെല്ലാനാവില്ല. വേപ്പുമരങ്ങള്‍ക്കിടയിലെ ഒളിച്ചു കളിക്കുന്ന വെയിലിലൂടെയും പരുക്കന്‍ മുഖമുള്ള ഈന്തപ്പനകളിലൂടെയുമാണ് മരുഭൂമിയെ ഞാന്‍ ആദ്യം അടുത്തറിഞ്ഞത്.
ജോലിയില്ലാത്ത ഏതൊരു വീട്ടമ്മയെ പോലെയും ആയിരുന്നു ഞാനും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പകലുകള്‍, രാത്രികള്‍, അവയുടെ തനിയാവര്‍ത്തനങ്ങള്‍. പതുക്കെ പതുക്കെ ഞാനറിഞ്ഞു ചിതലരിക്കുന്ന എന്നെ.
എന്റെ പഴകിയ മണം എനിക്കു തന്നെ സഹിക്കാന്‍ വയ്യാതായി. പാര്‍ക്കുകളിലും ഷോപ്പിങ് മാളുകളിലും ഉരുണ്ടും മറിഞ്ഞും വെയിലിലും മഞ്ഞിലും വിയര്‍ത്തും കുളിര്‍ന്നും ജീവിക്കുന്ന മരുഭൂമിയായി എന്‍റെ പെണ്‍ ജീവിതം.
ചിലപ്പോഴൊക്കെ ഞാന്‍ പഴയ പിടിവാശിക്കാരിയായ പെൺകുട്ടിയായി. സ്നേഹത്തിനു വേണ്ടി എത് പെരുമഴയിലേക്കും ഇറങ്ങിച്ചെല്ലാനും മടിയില്ലാത്തവള്‍. അച്ഛന്റെ നെഞ്ചിലെ സ്നേഹമാകാം കൂട്ടുകാരനില്‍ ഞാന്‍ തിരഞ്ഞത്. പക്ഷേ സ്നേഹങ്ങളൊരിക്കലും എനിക്കൊപ്പം എത്തിയില്ല. ആന്തരികമായ ഒറ്റപ്പെടല്‍ മാറ്റാന്‍ ആര്‍ക്കുമായില്ല. കൂടുതല്‍ കൂടുതൽ വാശിയോടേ ഞാനത് തിരഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ ലഭിച്ചത് തീവ്ര ദുഖങ്ങള്‍ മാത്രമായിരുന്നു. എന്നിലെ പെണ്‍കുട്ടിയെ സന്തോഷിപ്പിക്കാന്‍ ആര്‍ക്കുമായില്ല. അവളുടെ കരച്ചില്‍, പൊട്ടിച്ചിരിയൊക്കെ ഞാന്‍ മാത്രം കേട്ടു.
മരുഭൂമി ശരിക്കും ഒരു പാഠശാലയാണ്. ഇവിടെ നിന്ന് ഒന്നും പഠിക്കാതെ ആരും പടിയിറങ്ങുന്നില്ല. കൂട്ടമായി ഇരിക്കുമ്പോളും ഉള്ളിൽ ഒറ്റപ്പെട്ടവരുടെ ലോകമാണിത്. മരണത്തിനും ജീവിതത്തിനുമിടക്കുള്ള ഈ കണ്ണുപൊത്തിക്കളിയില്‍ ചിലര്‍ വിജയിക്കുമ്പോൾ മറ്റു ചിലര്‍ ദയനീയമായി പരാജയപ്പെടുന്നു. ചിലര്‍ ഈ മണ്ണിൽ തന്നെ ലയിച്ചു ചേരുന്നു.
/indian-express-malayalam/media/media_files/uploads/2020/03/sindhu-m1.jpg)
ഈ രാജ്യത്തിലേക്ക് വിമാനം കയറി വരുമ്പോൾ ഞാൻ പതിനെട്ടുകാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. ആവശ്യത്തിലധികം കനമുള്ള ഒരു വിവാഹപ്പുടവ അണിയിച്ചിട്ടാണ് വീട്ടുകാർ ഇങ്ങോട്ട് യാത്രയാക്കിയത്. വലിയ എന്തോ കാര്യം നടക്കാൻ പോകുന്ന ഭാവമായിരുന്നു എല്ലാർക്കും.
അമ്മ എയർപോർട്ട് വരെ അനുഗമിച്ചിരുന്നു. അമ്മായിയമ്മയും നാത്തൂൻമാരും കുറെ ഉപദേശങ്ങൾ തന്നിരുന്നു. ഭർത്താവിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യണമെന്ന് എല്ലാരും ഓർമപ്പെടുത്തി. എന്നിലെ കുരുത്തക്കേട് കാട്ടുന്ന പെൺകുട്ടിയെ പിടലിക്കു പിടിച്ച് പുറത്താക്കി. വിമാനത്തിലൂടെ താഴോട്ടു നോക്കുമ്പോൾ കാണുന്ന നാടു പോലെ ഞാൻ എന്നിൽ നിന്ന് വളരെ ദൂരത്തേക്ക് യാത്രയായി.
പട്ടുസാരിയൊക്കെ അഴിഞ്ഞു കണ്മഷിയൊക്കെ പടർന്നു വാരിക്കെട്ടിയ രൂപത്തിൽ എന്നെ കണ്ട ഭര്‍ത്താവും ഏട്ടനും ഏട്ടത്തിയമ്മയും പൊട്ടിച്ചിരിച്ചു, നീയെന്താ കല്യാണത്തിനൊക്കെ പോകാൻ ഒരുങ്ങി വന്ന മാതിരി... എന്ന് പരിഹസിച്ചു. പരിചയമില്ലാത്ത നാട്, ഭക്ഷണം, പരിചയമുള്ള കുറച്ചു പേരാകട്ടെ അതിലും അപരിചിതരെ പോലെ പെരുമാറുന്നു. ഞാൻ അപകർഷതയോടെ മുഖം കുനിച്ചു.
പിന്നീടുള്ള ജീവിതം ഫ്ലാറ്റുകളിൽ നിന്ന് ഫ്ളാറ്റുകളിലേക്ക്. കുട്ടികൾ വലുതാവുന്നതിനും ഭര്‍ത്താവിന്‍റെ പ്രമോഷനും അനുസരിച്ചു വലുതായി കൊണ്ടിരുന്ന വീടുകൾ. വലിപ്പങ്ങൾക്കനുസരിച്ചു വണ്ണം വച്ച നിശബ്ദത.
കൗമാരക്കാരിയിൽ നിന്ന് പെട്ടെന്ന് സ്ത്രീയായി മാറേണ്ടി വന്ന ഒരുവൾ. എന്‍റെ ഇഷ്ടങ്ങൾ, സന്തോഷങ്ങൾ, ഒക്കെ ചോര വാർന്ന് നരച്ചു നിറം മങ്ങി. പെട്ടെന്നാണ് എല്ലാ ജോലികളും തീർന്നു പോയത്. മക്കൾ വളർന്ന് വലുതാവുന്നതോടെ ഉപയോഗശൂന്യമായ പഴയ മിക്സി പോലെയാകുന്നു സ്ത്രീകൾ. എല്ലാരും അവരുടെ ഇഷ്ടങ്ങളിലേക്ക് വളർന്നു. ഞാന്‍ മാത്രം അതേ പോലെ. ആള്‍പ്പാര്‍പ്പില്ലാതെയായ കെട്ടിടം പോലെ. പുറമെയുള്ള മാറ്റങ്ങൾ ഒഴിച്ചാൽ ഒന്നും മാറിയില്ല. അതേ ഇരുണ്ട അടുക്കള, വരണ്ട ഗർഭപാത്രം പോലെയുള്ള വീട്.
ജോലിയായിരുന്നു പിന്നെയും എന്നെ തിരക്കുകളിലേക്ക് വലിച്ചെറിഞ്ഞത്. ഉറക്കം തൂങ്ങിയെത്തുന്ന മഞ്ഞബസ്സിലെ കുട്ടികൾ. നിറങ്ങളുടെ ലോകം. അവർക്കു മുൻപിൽ ഞാനും പൂവും പൂമ്പാറ്റയുമൊക്കെയായി. അവർ കാണാത്ത കാടിനെക്കുറിച്ചും പുഴയെക്കുറിച്ചും അവർക്കു മുൻപിൽ വിവരിച്ച് വിഷണ്ണയായി. പിന്നെയും പഠിച്ച് തീരാത്ത അനുഭവങ്ങളുടെ പാഠപുസ്തകമുണ്ടെന്ന് അവരെ ഓർമിപ്പിച്ചു.
Read Here: International Women’s Day 2020: ചില വനിതാദിന പരിപാടികൾ നമ്മെ പഠിപ്പിക്കുന്നത്
/indian-express-malayalam/media/media_files/uploads/2020/03/sindhu-m2.jpg)
ഇടക്കൊക്കെ കവിതകളെഴുതി. അമ്മമ്മയുടെ വീട്ടിലെ പാമ്പിൻകാവിലെ മരങ്ങളിൽ നിന്നും കിളികളിൽ നിന്നുമാണ് കവിതയുടെ ഭാഷ കണ്ടുകിട്ടിയത്. ഉള്ളിലെ ആരും കാണാത്ത ലോകമായിരുന്നു എനിക്ക് കവിത.
എന്‍റെ ജന്മം മയിലിന്റേതായിരുന്നു. ശരീരത്തിന്റെ വിശപ്പ് ഞാനറിഞ്ഞിരുന്നു. എങ്കിലും അതിലേക്ക് നടന്നടുക്കാനുള്ള വഴികള്‍ അഞ്ജാതമായിരുന്നു.
നീല നിറത്തിലുള്ള കെട്ടിടവും, സുന്ദരിയായ പെൺകൊടി നൃത്തച്ചുവടുകളുമായി നിൽക്കുന്ന പടവുമുള്ള ആ സ്ഥാപനവും നഗരത്തിന്‍റെ കോണിൽ വര്‍ഷങ്ങളായുണ്ട്. എന്നാൽ അതിലേക്കെത്താൻ എന്‍റെ ചെറുപ്പത്തിന് കഴിഞ്ഞില്ല. മുൻപും എത്രയോ തവണ ഭര്‍ത്താവിനോടൊപ്പം അതിലൂടെ പോയിട്ടുണ്ട്. അപ്പോളൊക്കെ ഞാൻ ഓരോരോ തിരക്കുകളിലായിരുന്നു. അതൊന്നും മയിലിന്‍റെ ഭാവങ്ങൾക്ക് ഇണങ്ങുന്നതായിരുന്നില്ല, വെറും ചലനങ്ങൾ മാത്രം ആയിരുന്നു. ഒരു വീട്ടുകാരിയുടെ സാധാരണ ചലനങ്ങൾ.
സൂപ്പർ മാർക്കറ്റിലേക്ക്, ഷോപ്പിങ് മാളിലേക്ക്, അടുക്കളയിൽ, സ്വീകരണമുറിയിൽ, കിടപ്പറയിൽ അങ്ങനെ... അങ്ങനെ... അതിനു പ്രത്യേകിച്ച് താളമോ ബുദ്ധിയോ പോലും വേണ്ടായിരുന്നു. എനിക്ക് അങ്ങനെയെന്തെങ്കിലും തരത്തിലുള്ള വികാരങ്ങൾ ഉള്ളതായി പോലും ആർക്കും തോന്നിയിരുന്നില്ല. വീട്ടിലെ മറ്റു ഉപകരണങ്ങൾ പോലെ ഒന്നായി ഞാനും മാറി. എന്നിലെ സ്ത്രീ എവിടെയോ തേഞ്ഞു തേഞ്ഞു ഇല്ലാതായി, അവളെ എനിക്കു തന്നെ കാണാതായി...
അടുത്തയിടെ നൃത്തം പഠിക്കാനായി ആ സ്ഥാപനത്തിന്‍റെ പടവുകളിൽ ചെന്ന് നിന്നപ്പോൾ വല്ലാത്ത ഭയവും ലജ്ജയും തോന്നി. എത്ര പടവുകൾ കയറിയാലാണ് ഞാൻ എന്‍റെ ലക്ഷ്യത്തിൽ എത്തുക. അതോ എത്ര പടവുകൾ ഇറങ്ങിയാലാണ് കൗമാരത്തിലേക്ക് തിരിച്ചെത്തുക. വീണ്ടും ചിലങ്ക അണിയുക.
എന്‍റെ ശരീരഭാഷ മാറിയിരിക്കുന്നു. മനസ്സ് മറ്റെന്തോ ആയിരിക്കുന്നു. പെണ്ണിന്‍റെ ശരീരം ശരിക്കും അവളുടേതല്ല. പല കാലത്തും അത് പലരുടേതുമാണ് കാമുകന്‍റെ, ഭർത്താവിന്‍റെ, മറ്റു ചിലപ്പോൾ മക്കൾക്ക് വേണ്ടി പാൽചുരത്താനുള്ള അകിട്, അവസാനം തിരിച്ചു കിട്ടുമ്പോളേക്കും അത് ആകെ നാശപ്പെട്ടു പോയിരിക്കും. ഏതെങ്കിലും ഗൈനോക്കോളജിസ്റ്റിന്‍റെ കത്രികയ്ക്കു പാകമായിരിക്കും.
/indian-express-malayalam/media/media_files/uploads/2020/03/sindhu-m3.jpg)
സരിതയെന്ന കൂട്ടുകാരിയുമൊത്തു, ഒമർഖയാം എന്ന, അച്ഛന്‍റെ ഓഫീസിനു അടുത്തുളള സ്ഥാപനത്തിൽ ഡാൻസ് ക്ലാസിനു പോയിരുന്ന ആ പെൺകുട്ടിയല്ല ഞാനിന്ന്. സരിത ഇന്നെവിടെ? അവൾക്കും അത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ആ ഏട് അവൾ പിന്നീട് മറിച്ചു നോക്കിയിരിക്കുമോ? എങ്ങനെയാണ് പെൺകുട്ടികൾ മാത്രം മറ്റുള്ളവരുടെ കൈയ്യിലെ ചരടു വലിക്കൊത്തു നൃത്തം ചെയ്യുന്ന പാവകളാവുന്നത്? സ്വന്തം ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഇടം കൊടുക്കാതെ, അവളെക്കാൾ പ്രായമുള്ള, അന്നത്തെ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, കാണാൻ ചെത്തല്ലാത്ത ഒരാളെ കല്യാണം കഴിച്ചു അവൾക്കു പോകേണ്ടി വന്നത് എന്തു കൊണ്ടാണ്?
എന്‍റെ പഴയ കൊലുസിട്ട കാലുകളെ കാലത്തിനപ്പുറത്തുനിന്ന് എനിക്ക് മടക്കിക്കിട്ടുമോ? നടന്നു തളർന്ന് തഴമ്പിച്ച ഈ കാലുകൾക്കാവുമോ ഭാരമുള്ള ഒരു പദം ചെയ്യാൻ. പിന്നെ എന്താണ് എന്നെ ഇവിടെ എത്തിച്ചത്?
സങ്കൽപ്പത്തിൽ ഞാൻ സാധകം ചെയ്യുകയായിരുന്നു ഇത്രയും കാലം. പക്ഷേ, യാഥാർഥ്യത്തിൽ എനിക്കുള്ളത് ആകെ പരുക്കേറ്റ, ആവശ്യത്തിലേറെ ഭാരമുള്ള, ആകൃതി നഷ്ടമായ ഒരു ശരീരമാണ്. ഒരു നൃത്തരൂപത്തിന്‍റെ ചിട്ടക്കൊത്തു മാറാൻ അതിനു കഴിയുമോ ഇനി? എന്നൊക്കെ ഓർത്തപ്പോൾ ഞാന്‍ ആകെ തകർന്നു പോയി.
ആ കെട്ടിടത്തിൽനിന്ന് ഇറങ്ങി ഓടാനാണ് തോന്നിയത്. ഒരു സ്ത്രീ എത്ര കാലമാണ് ശരിക്കും സ്ത്രീയായി ജീവിക്കുന്നത്? പിറന്ന കാലം മുതൽ പെണ്ണായി പിറന്നതിന്‍റെ പഴി കേട്ടവൾ, എവിടെയും മുന്‍പില്‍ ഇടം കിട്ടാത്തവൾ.
മുടി അഴിച്ചിടുന്നതിന്, വള കിലുക്കം പോലെ പൊട്ടിച്ചിരിച്ചതിന്, ഉറക്കെ സംസാരിച്ചതിന് ഒക്കെ പഴി കേൾക്കേണ്ടി വന്നവൾ. ആർത്തവമാകുന്നതോടെ അമ്പലത്തിൽ നിന്നും പൂജാ മുറിയിൽ നിന്നും അകന്നു നിൽക്കേണ്ടവൾ... ശരിക്കും പ്യൂപ്പക്കുള്ളിലെ ജീവിതം. അവസാനം പതിനെട്ടിലോ ഇരുപതിലോ അവസാനിക്കുന്ന ചാപല്യങ്ങൾ. വിവാഹം കഴിയുന്നതോടെ മറ്റൊരു വീട്ടിലേക്കുള്ള കൂടുമാറ്റം. അതിന്റെ കഠിനഭാവങ്ങളിലേക്ക് പൊരുത്തപ്പെട്ടു പോകേണ്ടവൾ. ഭർത്താവ് എന്ന അമൂല്യ വസ്തുവും അവരുടെ വീട്ടുകാരും കുട്ടികളും മാത്രം ലോകമാക്കുന്നവൾ. അങ്ങിനെ ദുരിതപൂർണമായ പ്രസവവും മാസക്കുളിയും ഒക്കെയായ ജീവിതം. പിന്നെയും കാലം തെറ്റി പെയ്യുന്ന മഴകൾ.
Read Here: International Women's Day 2020: അമ്മവിഷാദത്തിന്റെ നീലക്കയങ്ങള്‍
/indian-express-malayalam/media/media_files/uploads/2020/03/sindhu-m4.jpg)
ഭ്രാന്തമായൊഴുകുന്ന പുഴകൾ. അവസാനം ഒഴുക്ക് നിലച്ചു നിശബ്ദമാകുന്ന ഗർഭപാത്രം. അതല്ലെങ്കിൽ രോഗാതുരമായി നീക്കം ചെയ്യപ്പെടുന്ന സ്ത്രീത്വത്തിന്‍റെ അവസാന ശ്വാസം. സർജറികൾ, ദുരിതപർവ്വങ്ങൾ... ഇതിൽ എവിടെയാണ് ഒരു സ്ത്രീ അവളായി ജീവിച്ചിട്ടുള്ളതെന്ന് ചോദിച്ചാൽ വളരെ തുച്ഛം സമയമായിരിക്കും.
പുരാതനമായ കഥകൾ വിശ്വാസങ്ങളൊക്കെ മനുഷ്യൻ തന്നെ പറഞ്ഞും ചിട്ടപ്പെടുത്തിയും ഉണ്ടാക്കിയിട്ടുള്ളതാണ്. മുടി പോലെ ചായ്ച്ചും ചരിച്ചും കെട്ടാവുന്നവയാണ്. ഉദാഹരണത്തിനു കുളി വേഗം കഴിക്കണം. ഭക്ഷണം പതുക്കെ കഴിച്ചാലും മതിയെന്ന് പണ്ടു കാലത്തെ തറവാടുകളിൽ പറയുമായിരുന്നു സ്ത്രീകളോട്. അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് അതെന്നു തോന്നിയിട്ടുണ്ട്.
കുളിക്കാൻ പോകുന്നത് വീട്ടിലെ എല്ലാ പണിയും കഴിഞ്ഞിട്ടാണ്. ആകെ അഴുക്കും ചെളിയും പുരണ്ടിട്ടുണ്ടാവും. എന്നാൽ പെട്ടെന്ന് കുളിച്ചു കയറണം. കാരണം വീട്ടിലുള്ളോർക്ക് വച്ചത് വിളമ്പി കൊടുക്കാൻ. ഭക്ഷണം പതുക്കെ ആവാം. കാരണം എല്ലാരും കഴിച്ചതിന്‍റെ ബാക്കിയാണ് കഴിക്കുന്നത്. പതുക്കെ സമയമെടുത്തു കഴിച്ചാൽ മതി. വൈകുന്നേരത്തെ ചായ പരിപാടിക്ക് മുൻപ് തീരണം എന്നേയുള്ളൂ. പിന്നെ മറ്റൊന്ന് ചൊവ്വയും വെള്ളിയും മാത്രേ എണ്ണ തേക്കാവൂ. അല്ലാത്ത ദിവസങ്ങൾ തേക്കുന്നത് ദോഷം ആണെന്ന്.
ഇത് കുടുംബച്ചെലവ് കുറക്കാനുള്ള കാരണവൻമാരുടെ സൂത്രം ആയിരുന്നു. നീളമുള്ള മുടിയുള്ള സ്ത്രീകൾ കൂടുതൽ എണ്ണ ചെലവാക്കാതിരിക്കാൻ. ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ എല്ലാത്തിലും കാണും സ്ത്രീ വിരുദ്ധമായ നിലപാടുകൾ. ഇതേക്കുറിച്ചൊക്കെ കുട്ടിയായ കാലം മുതൽക്കേ ആലോചിക്കാറുണ്ട്.
പകുതിക്കു വച്ച് നിര്‍ത്തിയ, മാറ്റിവച്ച, കഴിഞ്ഞു പോയ ഒരോ കാലത്തെയും കണ്ണാടിയിലെ പതിച്ചു വച്ച പൊട്ടുകള്‍ പോലെ വീണ്ടും വീണ്ടും എടുത്തണിഞ്ഞ് പൂര്‍വ്വാധികം സ്വയം സന്തോഷിപ്പിക്കാനുള്ള വയസാണ് നാല്‍പ്പതുകള്‍. രണ്ടാമത്തെ ഋതു.
ഓർത്തോർത്തു നിൽക്കെ എനിക്കു പിറകിൽ നാല്പത്തിനാല് വർഷത്തിന്‍റെ ഭാരമേറിയ തോലുകൾ അഴിഞ്ഞു പോകുന്നു. ഞാൻ വീണ്ടും കന്യകയായി ഇറുകിയ പാവാടയും ബ്ലൗസും ധരിച്ച കൗമാരക്കാരിയായി ഓരോ പടവും നൃത്തചുവടുകളാക്കി ആ കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറിക്കൊണ്ടേയിരിക്കുന്നു. വർഷങ്ങളോളം സഹിച്ച വേനൽ മറന്നു അവിചാരിതമായി പെയ്ത മഴയിൽ കുളിർന്ന് ആകാശത്തിലേക്ക് മയിലായി പീലി വിടർത്തിയാടുന്നു...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.