International Women’s Day 2020: പ്രസവാനന്തര വിഷാദത്തെക്കുറിച്ച് എല്ലാവരും ഉറക്കെ സംസാരിച്ചു വരുന്ന കാലം ആണ്. ശരിയായ രീതിയിൽ പ്രചാരം ഏറിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ പരിപാടികൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഒന്നുമല്ലെങ്കിലും ഇതിലൂടെ കടന്നു പോകുന്നവർക്ക് എന്താണു സംഭവിക്കുന്നത് എന്ന് മനസ്സിലാകുകയെങ്കിലും ചെയ്യുമല്ലോ എന്നോർക്കാറുണ്ട്.
എന്താണു നടന്നു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകാതെ പേടിയുടേയും, നിസ്സഹായതയുടേയും, കുറ്റബോധത്തിന്റേയും അങ്ങേയറ്റത്തെ ഇരുട്ടിൽ ലോകത്തെ ഏറ്റവും ഏകാകിയായി കഴിച്ചു കൂട്ടിയ മഞ്ഞുകാലങ്ങളുടെ തുടക്കം എന്നാണെന്ന് ഓർമ്മയില്ല. ‘പോസ്റ്റ്പാർട്ടം സൈക്കോസിസ്’ എന്ന അവസ്ഥയുടെ ഇരയായി കഴിച്ചു കൂട്ടിയ ബാല്യകാലം നല്ലൊരു ബാക്ക്ഡ്രോപ് വിരിച്ചിട്ടിരിന്നിരിക്കണം. ഇരുപതാമത്തെ വയസ്സിലാണ് എക്ടോപ്പിക് പ്രെഗ്നൻസിയെ തുടർന്ന് ഒരു മേജർ സർജറി നടക്കുന്നതും, ഇടതുവശത്തെ ട്യൂബും ഓവറിയും നഷ്ടമാകുന്നതും. മരിച്ചു എന്നുറപ്പായ ഒരു ജീവനെ വയറ്റിലിട്ട് ഒരു മനുഷ്യനു താങ്ങാവുന്ന പരമാവധി മോർഫിനിലും വേദന അല്പം പോലും കുറയാതെ ആശുപത്രിയിൽ കിടന്ന ഒരാഴ്ചക്കാലം. മിണ്ടാനോ, സങ്കടം പറയാനോ, പേടി മാറ്റാനോ ഒരാളു പോലും രാവും പകലും അടുത്തില്ലാതെ, ജനലിലൂടെ നോക്കിയാൽ കാണുന്ന മരുഭൂമിയുടെ ഇരുട്ടിലേയ്ക്ക് നോക്കി മനസ്സിൽ ഉള്ള വികാരം മനസ്സിലാവാതെ അന്യനാട്ടിലെ ആശുപത്രിയിൽ കിടന്ന ആ ഒരാഴ്ചക്കാലത്തോ, അതോ അതേ തുടർന്നു വന്ന മരണം അടുത്തു കണ്ട, ‘എന്തെങ്കിലും കുത്തി വച്ചു കൊന്നു തരാമോ, വേദന സഹിക്കാഞ്ഞു ആണ്, എന്നെ എന്തു ചെയ്താലും പരാതി ഇല്ല എന്ന് എഴുത്തിത്തന്നോളാം’ എന്ന് നിസ്സഹായയായി കരഞ്ഞു കൊണ്ടിരുന്ന ഏതാനും മണിക്കൂറുകളിലോ ആയിരിക്കണം വിഷാദം ആദ്യമായി ശരീരത്തിലേയ്ക്ക് കടന്നു വന്നിരുന്നിരിക്കുക.
അവിടെ നിന്ന് ഒരു വർഷം കഴിഞ്ഞാണ് ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിക്കുന്നത്. അന്നത്തെ ഗർഭകാലവും, പ്രസവവും, പ്രസവാനന്തര ജീവിതവും ഇന്നും ഓർക്കുവാൻ സുഖമുള്ള, വളരെ ‘കംഫർട്ടബിൾ’ ആയ കാലഘട്ടങ്ങളാണ്. ആ നാട്ടിലെ ആശുപത്രി സൗകര്യങ്ങൾക്കും, ചികിത്സാ രീതികൾക്കും, ജീവനക്കാർക്കും, അന്ന് ചുറ്റിലും ഉണ്ടായിരുന്ന സഹപ്രവർത്തകരുടെ കുടുംബങ്ങൾക്കും തന്നെയാണ് അതിന്റെ ക്രെഡിറ്റ്. അവിടെ നിന്ന് ഒരു വർഷത്തിനു ശേഷം വന്ന അടുത്ത പ്രെഗ്നൻസിയുടെ ആരംഭഘട്ടത്തിൽ നാട്ടിലേയ്ക്ക് മാറേണ്ടി വന്നു.
വേണ്ടപ്പെട്ടവരും, ഉത്തരവാദിത്തപ്പെട്ടവരും ആയ എല്ലാവർക്കും ഇടയിൽ, എന്തിനും എന്റെ നിഴലായി നടക്കുന്ന ഒന്നര വയസ്സോളം പ്രായമുള്ള ഒരു കുഞ്ഞിനെ എടുത്ത്, ഒന്നു അനങ്ങി നടന്നാൽ പോലും ജീവൻ പോയേക്കാൻ സാധ്യതയുണ്ടെന്ന് കരുതിയിരുന്ന മറ്റൊരു ജീവനെ വയറ്റിലും ഇട്ട് കഴിച്ചു കൂട്ടിയ ഒമ്പത് മാസക്കാലം ഓർക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ജീവിതാദ്ധ്യായം ആണ്. അത്രയേറെ ഒറ്റപ്പെട്ടവരാണ് ഞങ്ങൾ മൂന്നും എന്ന തിരിച്ചറിവിന്‍റെ വ്യക്തതയിലേക്ക് പാകപ്പെട്ട ഒരു കാലം. വീണ്ടും പ്രസവസമയത്തെ കോമ്പ്ലിക്കേഷനുകൾ, കുഞ്ഞിനു 28 ദിവസം മാത്രം പ്രായമുള്ളപ്പോൾ ഒരു മേജർ സർജറി. അന്നത്തെ എന്‍റെ കുഞ്ഞുങ്ങളുടെ ഒറ്റപ്പെടലുകൾ, അവരനുഭവിച്ച യാതനകൾ, എന്‍റെ ശാരീരികാവസ്ഥകൾ.
വീണ്ടും ഇത്തിരിയുള്ള രണ്ട് കുഞ്ഞുങ്ങളെ വച്ച് മറുനാട്ടിലേയ്ക്ക്. കുഞ്ഞുങ്ങളെ നോക്കാൻ പോയിട്ട് കൈമാറി ഒന്ന് എടുക്കാനോ, വീട്ടിൽ പോലും സഹായത്തിനോ ആരും ഇല്ലാത്ത ജീവിതം. ആഴ്ചകൾ കൂടുമ്പോൾ ഒന്നോ രണ്ടോ മണിക്കൂറുകൾ കിട്ടുന്ന ഉറക്കം, വിശ്രമം. ഇരുട്ടിലേയ്ക്ക് നടന്നു പോയതിൽ അത്ര വലിയ അത്ഭുതം ഒന്നും തോന്നണ്ട. പതുക്കെ പ്രാഥമിക കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പോലും കഴിയാതെ അന്തം വിട്ട് ഇരുന്ന നിശ്ചലതയുടെ (Inertia) നാളുകൾ.
രാവിലെ എഴുന്നേറ്റു പല്ലുതേയ്ക്കാൻ ഇരിക്കും, ഇരുന്ന ഇരിപ്പിൽ പ്രഭാതവും, ഉച്ചയും, വൈകുന്നേരവുമെല്ലാം കണ്മുന്നിലൂടെ കടന്നു പോകും. ഒരു വീടു മുഴുവൻ കണ്‍മുന്നിൽ വന്നു ഭക്ഷണവും, വസ്ത്രവും, വൃത്തിയും, സ്വാസ്ഥ്യവും ആവശ്യപ്പെടും. ദേഷ്യപ്പെട്ടും, പരിഭവപ്പെട്ടും, കരഞ്ഞും, കടന്നു പോകും. സ്വന്തമായും, മറ്റുള്ളവരിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ടിരുന്ന കുറ്റപ്പെടുത്തലുകൾ, ഭീഷണികൾ, പരിഹാസങ്ങൾ. മനസ്സിലാക്കാൻ ആരും ഇല്ലായിരുന്നു കൂടെ. സ്വന്തം വീട്ടിൽ ഒരു വൃത്തികെട്ട രഹസ്യമായി മാറിക്കൊണ്ടിരിക്കുന്നത് നിസ്സഹായയായി മനസ്സിലാക്കുന്നുണ്ടായിരുന്നു.
‘ഹോർമോൺ ഇംബാലൻസ്’ എന്നു കരുതി എൻഡോക്രൈനോളജിസ്റ്റിനെ കാണാൻ പോയതാണ് വഴിത്തിരിവായത്. എന്താ അസുഖം എന്നു ചോദിച്ചതും അവിടെ ഇരുന്നു വാവിട്ടു പൊട്ടിക്കരഞ്ഞ എന്നെ ആശ്വസിപ്പിച്ച് സൈക്കോളജിസ്റ്റിനു അരികിലേയ്ക്ക് വിടുന്നത് അവരാണ്.
‘കുംബളങ്ങി’ സിനിമേലെ ഡോക്ടർമാരെ ഒന്നും അന്ന് എവിടെയും കണ്ടിട്ടില്ല. ഉണ്ടെങ്കിൽ ജീവിതം അന്നേ മാറിമറിഞ്ഞു പോയേനെ. നമ്മൾ അഞ്ചാറു പേരെ കണ്ടതൊക്കെ ഇങ്ങനെ മരം പോലെ ഇരിക്കും. കയ്യിലുള്ള ചോദ്യാവലികൾ തരും. അവരു നമ്മളു പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ എന്ന് സംശയം ചോദിച്ചാൽ വയലന്റ് ആകും. ഇത്രയും കാലം ഞാൻ ചികിത്സിച്ചിട്ടും നിങ്ങളു ‘നേരെ ആകാത്ത’ എന്താണെന്ന് നമ്മളെ കടിയ്ക്കാൻ വരും. പിന്നെ അവരെക്കാണാൻ പോകുന്നതാകും ഏറ്റവും വലിയ ‘പാനിക് അറ്റാക്ക്.’ ചികിത്സ അങ്ങ് നിറുത്തും, വീണ്ടും സീൻ ആകുമ്പോ അടുത്ത ആൾ. പിന്നേം ഇതന്നെ.
ഗൂഗിൾ നോക്കാനോ ആരോടെങ്കിലും സംസാരിക്കാനോ ഉള്ള ബുദ്ധി അന്ന് പോയില്ല. എല്ലാം ഒറ്റയ്ക്ക് ഉള്ളിൽ ഒതുക്കി നടന്നു. മനസ്സിൽ ഉള്ള റെഫറൻസുകൾ മുഴുവൻ കണ്ട സിനിമകളൂം. ഇടയ്ക്ക് മരുന്ന് എടുക്കണോ എന്ന് അറിയാൻ ‘സൈക്കോമെട്രിക് അനാലിസിസ്’ എന്നൊരു പരിപാടിയ്ക്ക് പോയിരുന്നു. അവിടെ വെയിറ്റ് ചെയ്തു ഇരുന്ന ദിവസം മാനസികമായി അനുഭവിച്ച പേടി ആയിരുന്നു പേടി. ചുറ്റും ഇരിക്കുന്നതൊക്കെ സിനിമയിൽ കണ്ടതു പോലെ സംസാരങ്ങളും ജെസ്ചറുകളും ഉള്ളവർ ആണ്. ഞാനും അതിനോളം എത്തിയോ, എന്നെ എല്ലാവരും ഇവിടെ ഇട്ടിട്ട് പോകുമോ, ഇനി ഒരിക്കലും വീടോ മക്കളെയോ കാണില്ലേ എന്നൊരു ആധി കയറി. സൈക്യാട്രിസ്റ്റിന്റെ മുറിയിൽ ഷോക്ക് കൊടുക്കുന്ന ഉപകരണം കണ്ടത് അടുത്ത ഷോക്ക്. ചോദ്യാവലി കഴിയുവോളം ആലോചിച്ചു കൊണ്ട് ഇരുന്നത് എന്നെ ഷോക്ക് കൊടുക്കാൻ പിടിക്കാൻ വന്നാൽ ഏതു വഴിയിലൂടെ ഓടണം എന്നായിരുന്നു.
മരുന്നുകൾ തരുമ്പോൾ ഇനി ഉറങ്ങി എഴുന്നേൽക്കുന്നത് മുഴുഭ്രാന്തിലേയ്ക്ക് ആയിരിക്കുമോ, സുബോധത്തൊടെ മക്കളെ കാണുന്ന അവസാന രാത്രി ഇതാണോ എന്നൊക്കെ ആണ് ചിന്തകൾ. മരുന്നു വിഴുങ്ങി ഉറങ്ങാതെ ഇരിക്കാൻ കഴിയുന്നത്ര നോക്കും. ആ ഇരിപ്പിൽ എപ്പൊഴോ ബോധം കെട്ട് ഉറങ്ങിപ്പോകും.
പിന്നെ മരുന്നിനോട് അഡിക്ഷൻ. യഥാർത്ഥ വിഷാദം എന്നത് ഒരാൾ ആത്മഹത്യ ചെയ്യാൻ നിൽക്കുന്നതിന്‍റെ തൊട്ടുമുന്നത്തെ നിമിഷത്തെ വികാരം എന്നൊക്കെ ആണല്ലോ. ഓവർ ഡോസ് വിഴുങ്ങി കളി കാര്യം ആകുന്ന ഘട്ടത്തിലാണ് സുഹൃത്തുക്കളിൽ ഒരാളോട് വിവരം പറയുന്നത്. ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്ന് അതായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തിയത് അവരായിരുന്നു. അവരെന്നെ ‘നന്നാക്കാൻ’ നോക്കിയിട്ടില്ല, ജഡ്ജ് ചെയ്തിട്ടില്ല. നിനക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഒരു പനിയോ, തലവേദനയോ പോലൊരു കാര്യം മാത്രമാണെന്ന് അവർ ബോദ്ധ്യപ്പെടുത്തി തന്നു.
അന്നു മുതൽ ഇന്നുവരെ എന്‍റെ ആൻസൈറ്റിയുടെ ഭാഗമായ ഒളിച്ചിരിക്കലുകളോടും, ഒഴിഞ്ഞു മാറലുകളലോടും യാതൊരു വിധ പരാതികളും ഇല്ലാതെ അവർ കൂടെ ഉണ്ട്. നന്ദി കൊണ്ടോ ഭംഗിവാക്കുകൾ കൊണ്ടോ ഒന്നും അളക്കാനോ അടയാളപ്പെടുത്താനോ കഴിയാത്തവർ.
പിന്നീട് മരുന്നുകളിലേയ്ക്കോ ഹോസ്പിറ്റലിലേക്കോ പോകാൻ ധൈര്യം വന്നിട്ടില്ല. അതൊരു നല്ല തീരുമാനം ആണോ എന്നും അറിയില്ല. മരുന്നിൽ മയങ്ങിക്കിടക്കുന്ന നിശ്ചലയായ അമ്മയെ എന്‍റെ കുഞ്ഞുങ്ങൾ ഇനിയും കാണേണ്ടി വരുമോ എന്ന ആകുലത കൊണ്ടു വരുന്ന ഓരോന്നിനേയും ക്രിയാത്മകതയിലേയ്ക്ക് പരാവർത്തനപ്പെടുത്തൽ ആണ് പതിവ്. യാതൊരു പ്രത്യേകതകളും കഴിവും ഇല്ലാതിരുന്ന ഒരു സാാധാരണക്കാരി വീട്ടമ്മ നിലംതൊടാതെ പറന്നു തുടങ്ങിയത് അവിടം മുതലാണ്.
വാൽക്കഷ്ണം: എന്റെ അവസ്ഥ അറിഞ്ഞ ഉടനെ ബന്ധപ്പെട്ടവരെ മുഴുവൻ വേണ്ട രീതിയിൽ വിവരങ്ങൾ ധരിപ്പിച്ച്, പിന്നെയും അവൻ എന്ത് വേണം എന്നറിയാതെ ഇരുന്ന ഇരിപ്പിൽ സ്വന്തം വൃത്തികെട്ട കൈപ്പടയിൽ ഒരു കത്തെഴുതി, അതും അതിന്‍റെ കൂടെ 2-3 പുസ്തകവും കൂടെ അയച്ചു തന്ന ഒരു പ്രാന്തൻ ഉണ്ട്. അതിലെ ഫ്രെൻഡ്ഷിപ്പിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ ഒരു പേജ് എന്നോട് എഴുതി മുഴുവനാക്കുവാൻ പറഞ്ഞിരുന്നു. അതൊക്കെ എങ്ങനെ പൂരിപ്പിക്കുവാൻ ആണിഷ്ടാ?