International Women’s Day 2020: വർഷത്തിന്‍റെ തുടക്കം തന്നെ ഭയാനകമാണെങ്കിലും പതിവു പോലെ ഇത്തവണയും അന്താരാഷ്ട്രവനിതാദിനവും അതോടനുബന്ധിച്ചു സ്ത്രീകൾക്കു നൽകാറുള്ള അഭിനന്ദനപ്രവാഹങ്ങളും വന്നെത്തിയിരിക്കുന്നു.
1990കൾക്കു ശേഷമുള്ള ഓരോ വർഷവും വനിതാദിനത്തിന്‍റെ ആചരണം കൂടുതൽക്കൂടുതൽ പൊള്ളയായി അനുഭവപ്പെടുന്നുവെന്നതാണ് സത്യം. അന്താരാഷ്ട്രതലത്തിൽ വലതുപക്ഷ സ്വരാഷ്ട്രദുരഭിമാനപ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുന്നു. ഇന്ത്യയിലും അമേരിക്കൻ ഐക്യനാടുകളിലും ബ്രിട്ടനിലും റഷ്യയിലും ഹംഗറിയിലും തുർക്കിയിലും ഈജിപ്തിലും ഫിലിപ്പീൻസിലും ശ്രീലങ്കയിലും ബ്രസീലിലും മറ്റു പല രാജ്യങ്ങളിലും നവലിബറൽ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ സൃഷ്ടിച്ച സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ അരക്ഷിതാവസ്ഥകളുടെ വൻതിരകളിലേറി ഏകാധിപതികൾ – തികഞ്ഞ സ്ത്രീവിരുദ്ധരും പുരുഷ ഹുങ്കിന്‍റെ ആൾരൂപങ്ങളുമായ ഭരണാധികാരികൾ – അധികാരത്തിൽ എത്തിയിരിക്കുന്നു. പ്രകൃതിയെയും അതിനോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരെയും അവർ നിർദയം പീഡിപ്പിക്കുന്നു. ഇടുങ്ങിയ രാഷ്ട്രീയദുരഭിമാനത്തിന്‍റെ പേരിൽ ലോകത്തെ വീണ്ടും വീണ്ടും യുദ്ധത്തിലേയ്ക്കും സംഘർഷത്തിലേക്കും അവർ തള്ളിയിടുന്നു. അതിൽ മുറിവേറ്റു പിടയുന്നവരുടെ അവസ്ഥ കണ്ട് അവരും അവരുടെ കൂട്ടാളികളും നീചമായ ആനന്ദം അനുഭവിക്കുന്നു. സ്ത്രീകൾ ചരിത്രത്തിൽ ദീർഘപോരാട്ടങ്ങളിലൂടെ നേടിയെടുത്ത മനുഷ്യരായി കരുതപ്പെടാനുള്ള അവകാശത്തെപ്പോലും ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നു.
സ്ത്രീകളുടെ തുല്യ പൗരത്വത്തിന്‍റെ കഥ പിന്നെ പറയാനുമില്ല. ഉദാഹരണത്തിന്, ലോകമെമ്പാടുമുള്ള പുതിയ വലതുപക്ഷ രാഷ്ട്രീയാധികാരികൾ പഴയ സാമൂഹ്യാധികാരികളോടൊപ്പം ചേർന്ന് സ്ത്രീകളുടെ പ്രജനനസംബന്ധമായ അവകാശങ്ങളെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മുടെ മുന്നിൽ. ഗർഭമഴിക്കൽ നിയമവിരുദ്ധമാക്കാൻ, അതിനുള്ള സൗകര്യവും അവസരവും പരിമിതപ്പെടുത്താൻ, ഇന്നവർ കിണഞ്ഞു ശ്രമിക്കുന്നു. ബലാത്സംഗത്തിന്‍റെ ഇരകൾക്കോ ബന്ധുക്കളാൽ പീഡിപ്പിക്കപ്പെട്ട കുട്ടികൾക്കോ പോലും ഒഴിവു നൽകാത്തത്ര കർക്കശമായ ഗർഭമഴിക്കൽ നിരോധനമാണ് അമേരിക്കയിലെ അലബാമയിൽ കഴിഞ്ഞ വർഷം നടപ്പാക്കിയിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയിൽ ഈ യാഥാസ്ഥിതിക അജണ്ട നടപ്പിലാക്കാൻ ട്രംപ് ഭരണം തീവ്രശ്രമം നടത്തി – അന്താരാഷ്ട്ര വനിതാസമ്മേളനങ്ങളിൽ ലൈംഗികവും പ്രജനനപരവുമായ ആരോഗ്യപരിപാലനത്തെപ്പറ്റി യാതൊരു പരാമർശവും പാടില്ല എന്നു ശഠിച്ചു കൊണ്ട്. ജൻഡർ എന്ന പ്രയോഗവും ഒഴിവാക്കണമെന്ന നിർദ്ദേശവും വന്നു – ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ ഒളിച്ചുകടത്താനുള്ള കോഡ് വേഡാണ് ജൻഡർ, അമേരിക്കൻ വലതുപക്ഷത്തിന്‍റെ കണ്ണിൽ.

പുതിയ നൂറ്റാണ്ടിൽ സ്ത്രീകൾക്കു ലഭിച്ച പുതിയ പരിരക്ഷകളും കാര്യമായി മുന്നേറുന്നില്ല, പലയിടങ്ങളിലും – ഇന്ത്യയിലടക്കം – അവ മാനിക്കപ്പെടുന്നില്ല. റഷ്യയിൽ പ്രത്യേകിച്ചും മദ്ധ്യേഷ്യയിൽ പൊതുവെയും ഗാർഹികപീഡനവിരുദ്ധനിയമങ്ങൾ ഇനിയും ഫലപ്രദമായിട്ടില്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും സ്ത്രീകളുടെ അദ്ധ്വാനത്തിന്‍റെ നിരന്തരമായ ചൂഷണവും വളരുന്നതല്ലാതെ തളരുന്നതായി കാണുന്നില്ല. ആഗോളസാമ്പത്തിക വ്യവസ്ഥയെ ബാധിച്ച മാന്ദ്യവും ഇനി നിഷേധിക്കാനാവാത്ത വിധം പ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന കാലാവസ്ഥാവ്യതിയാനവും ഉത്തരവാദിത്വമില്ലാത്ത ഭരണാധികാരികളുടെ പോർവിളികളുമെല്ലാം സ്ത്രീകളെയാണ് കൂടുതൽ അരക്ഷിതരാക്കുന്നത്.
ഇതിനെല്ലാം പുറമേ ഡൽഹിയിൽ ഇപ്പോഴും നിലനിൽക്കുന്ന ഭയങ്കരമായ അവസ്ഥ. പോലീസിന്‍റെ ഒത്താശയോടെ, കോടതിയുടെ മെല്ലപ്പോക്കിലൂടെ, അവഗണനയിലൂടെ, തഴച്ചു വളരുന്ന ഭൂരിപക്ഷഹിംസയുടെ അന്തരീക്ഷം. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ ലക്ഷക്കണക്കിനു സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനെ കള്ളപ്രചരണത്തിലൂടെ താറടിക്കാൻ നടക്കുന്ന കുത്സിതശ്രമങ്ങളുടെ അസഹ്യമായ ദുർഗന്ധം.
ഇതിനിടയിലാണ് ഐക്യരാഷ്ട്രസഭ സ്ത്രീകളോട് അന്താരാഷ്ട്രവനിതാദിനത്തിൽ ‘തുല്യതയുടെ തലമുറ’ എന്ന വിഷയത്തെപ്പറ്റി ചർച ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്. ഈ തലമുറ എത്രനാൾ, ഇനിയൊരു തലമുറയുണ്ടോ, ഇനിയൊരു തലമുറയെ പ്രസവിച്ചു വളർത്താനാവശ്യമായ കുറഞ്ഞ സാഹചര്യങ്ങളെങ്കിലും നൽകാൻ കൃത്രിമബുദ്ധിയെ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ആഗോളമുതലാളിത്തത്തിനും അവരുടെ ആജ്ഞാനുവർത്തികളായ പുരുഷാധികാര ഭരണകൂടങ്ങൾക്കും മനസ്സുണ്ടാകുമോ, എന്നൊക്കെ ചിന്തിച്ചു ഖിന്നരായിരിക്കുന്ന നമ്മോടാണ് ഈ ആഹ്വാനം! എന്തൊരു ക്രൂരമായ വിരോധാഭാസം! ഐസ്ലാണ്ടിലോ ഫിൻലാണ്ടിലോ, നമ്മുടെ ഒരു ജില്ലയോളം ജനസംഖ്യ കഷ്ടിച്ചുള്ള ചില യൂറോപ്യൻ രാജ്യങ്ങളിലെയോ വനിതകൾ നേടിയെടുത്ത രാഷ്ട്രീയനേട്ടങ്ങളെ ഓർത്ത് ആശ്വസിക്കാൻ പറയുന്നത് അല്പം കടുപ്പമാണ്.

ഇങ്ങനെയെല്ലാം ഓർത്ത് ഈ വർഷത്തെ വനിതാദിന പ്രസംഗങ്ങളിൽ എന്തു പറഞ്ഞ് സ്ത്രീകളുടെ മനസ്സുകളെ സന്തോഷിപ്പിക്കും എന്ന് ചിന്തിച്ചു വിഷമിച്ചിരുന്ന എനിക്ക്, പക്ഷേ, ഒരു കച്ചിത്തുരുമ്പ് കിട്ടി. കേരളത്തെ സംബന്ധിച്ചുള്ള എന്‍റെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ എല്ലാ ധാരണകളെയും റദ്ദുചെയ്യുന്ന ഒന്നായിരുന്നു അത്.
ആളുമാറി വന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിൽ നിന്നായിരുന്നു ഈ ആഹ്ളാദകരമായ ഉൾക്കാഴ്ച ഉയിരെടുത്തത്. അയച്ചത് ആരെന്നറിയില്ല. തിരുവന്തപുരം ബാർ അസോസിയേഷന്‍റെ വനിതാദിന പരിപാടികളുടെ വിശദാംശങ്ങൾ അടങ്ങുന്ന സന്ദേശമായിരുന്നു അത്. മാർച് 5നു വനിതാദിനാഘോഷത്തിൻറെ ഭാഗമായി ഫുഡ് ഫെസ്റ്റിവലിലും ഫാഷൻ ഷോയിലും (മലയാളി മങ്കകൾക്കു മാത്രമുള്ള കുലസ്ത്രീഷോ ആണ് – സാരി, ഹാഫ്സാരി, സെറ്റുമുണ്ട് മാത്രം) പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതാ അഭിഭാഷകർ ഫെബ്രുവരി 26നും മാർച്ച് 2നും മുൻപുമായി പേരു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു അത്.
ദൽഹിനഗരത്തിലെ പാവങ്ങൾ ഭയന്നോടുന്നതും ജീവനിൽ പേടിച്ചു വാവിട്ടു കരയുന്നതും കണ്ട് തൊണ്ട വരണ്ടും കണ്ണുകൾ കത്തിക്കാളിയും ഇരുന്ന എനിക്ക് വല്ലാത്ത സ്ഥലജലഭ്രമമുണ്ടായി. ഒരിടത്ത് നിലയ്ക്കാത്ത ചോരമണം – മറ്റൊരിടത്ത് പൊരിച്ച വിഭവങ്ങളുടെയും മധുരപലഹാരങ്ങളുടെയും മദിപ്പിക്കുന്ന ഗന്ധം. ഒരിടത്ത് ഉണ്ടായിരുന്ന അല്പവിഭവങ്ങൾ മുഴുവൻ നഷ്ടപ്പെട്ടവരുടെ രോദനം, മറ്റൊരിടത്ത് പുത്തൻ സെറ്റുസാരികളുടെ പരസ്പരമത്സരം.
മൂർത്തമായ വസ്തുതകളിൽ നിന്ന് അമൂർത്തമായ തിരിച്ചറിവുകളും സാമാന്യവത്ക്കരണങ്ങളും നടത്തുന്നതാണല്ലോ സാമൂഹ്യപഠനങ്ങളുടെ രീതി. ഇവിടെ കേരളത്തിലെ മദ്ധ്യവർഗ-വരേണ്യ സ്ത്രീകളെപ്പറ്റി സാമാന്യവത്ക്കരണം നടത്താനാവും വിധം വലുതാണോ തിരുവനന്തപുരം ബാറിലെ വനിതാ അംഗങ്ങളുടെ എണ്ണം എന്നറിയില്ല. എങ്കിലും കേരളം ജാതിവരേണ്യരുടെ സങ്കല്പസ്വർഗമാണെന്ന് കേരളോൽപ്പത്തിയിൽ സൂചിപ്പിച്ചത് സത്യമാണെന്നല്ലേ തിരുവനന്തപുരം ബാറിലെ സ്ത്രീകളുടെ ആഘോഷം തെളിയിക്കുന്നത്? അതിന് വെറും കീടങ്ങളെപ്പോലുള്ള ഇന്ത്യാക്കാർ ജീവിക്കുന്ന ഈ നാടുമായി ബന്ധമില്ലെന്നും? കേരളം സങ്കല്പസ്വർഗം തന്നെയെന്നും നാമെല്ലാം യക്ഷ-ഗന്ധർവ്വ-കിന്നര-അപ്സരവർഗക്കാരാണെന്നും കരുതാം, തീർച്ചയായും. കർമ്മബന്ധത്തിൽപ്പെട്ടുഴറുന്ന പാപികളായ മനുഷ്യർ അധിവസിക്കുന്ന ഇന്ത്യാക്കാരുടെ വേദന നമ്മെ ബാധിക്കില്ല, അവിടെ നടക്കുന്ന ബ്രാഹ്മണിത സാമൂഹ്യപരീക്ഷണങ്ങൾ നമ്മെപ്പോലുള്ള സ്വർലോകസ്ത്രീകളെ ബാധിക്കില്ലെന്നുമല്ലേ ഈ സ്വർലോകവാസികളുടെ വനിതാദിനപരിപാടികൾ നമ്മേ പഠിപ്പിക്കുന്നത്?
വനിതാദിനത്തിൽ നാം സ്ത്രീകളെ ഓർത്ത് കൂട്ടക്കരച്ചിൽ നടത്തണമെന്നല്ല ഞാൻ പറയുന്നത്. എങ്കിലും സ്ത്രീകൾക്ക് ഓർക്കാൻ പ്രത്യേകിച്ചൊരു പ്രശ്നവുമില്ല, അതു കൊണ്ട് വനിതാദിനം ശുദ്ധമായ റിലാക്സേഷന്‍റെ ദിനമായിക്കൊള്ളട്ടെ എന്നു കരുതാൻ മാത്രം നാം സാമൂഹ്യജീവിതത്തിൽ ലിംഗതുല്യത നേടിക്കഴിഞ്ഞെന്ന് കരുതാൻ കോടതികളിൽ നിയമം കൈകാര്യം ചെയ്യുന്നവർക്ക്, ലിംഗാസമത്വത്തിന്‍റെ മുഴുവൻ മാനങ്ങളും ദിനംപ്രതി കണ്ടു കൊണ്ടിരിക്കുന്നവർക്ക്, എങ്ങനെ കഴിയുന്നു എന്നു മനസ്സിലാകുന്നില്ല. ഇന്ത്യയുടെ ഇന്നത്തെ നില, നിയമവ്യവസ്ഥയിൽ നേരിട്ടിടപെടുന്ന ഇവരെ സ്പർശിക്കുന്നതേയില്ല എന്നാണോ കരുതേണ്ടത്?
ഇതുപോലുള്ള സ്വർലോക- വനിതാഅഭിഭാഷകർ സ്ത്രീജീവിതത്തിൽ ആഘോഷിക്കേണ്ട ഘടകങ്ങൾ ഏതൊക്കെ എന്നു കാട്ടിത്തന്നത് ഇഹലോകവാസികളും പാപികളുമായ നമ്മളെപ്പോലുള്ളവർക്ക് ബാധകമല്ലെന്നു മാത്രം മനസ്സിലാക്കിയാൽ മതി, ഈ വർഷത്തെ അന്താരാഷ്ട്രവനിതാദിനം ധന്യമാകും.