/indian-express-malayalam/media/media_files/uploads/2019/08/Jacob-Thomas-DGP.jpg)
തൃശൂര്‍: ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ മനസ് മാറിയോ എന്ന് ഡിജിപി ജേക്കബ് തോമസ്. പൂര്‍വ്വാധികം ശക്തിയോടെ ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു എന്നും ജേക്കബ് തോമസ് പൊതുവേദിയില്‍ പ്രസംഗിച്ചു. വിവാദങ്ങള്‍ക്കിടെയാണ് ജോക്കബ് തോമസ് ജയ് ശ്രീറാം വിളിയുമായി പൊതുവേദിയില്‍ എത്തുന്നത്. തൃശൂരില്‍ നടന്ന 'രാമായണ ഫെസ്റ്റ്' എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ജേക്കബ് തോമസ്. വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിക്കേണ്ടി വന്നേനെ എന്നും ജേക്കബ് തോമസ് പ്രസംഗത്തിനിടെ പറഞ്ഞു.
Read Also: ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കില്ല; ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
"ശ്രീരാമന്‍ നന്മയുടെയും ധാര്‍മികതയുടെയും പ്രതിരൂപമാണ്. നമ്മുടെ നാട്ടില്‍ ശ്രീരാമന്‍ ഇല്ലേ?. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളൊക്കെ കാട്ടാളന്‍മാരായി മാറിയോ?. പൂര്‍വ്വാധികം ശക്തിയോടെ ജയ് ശ്രീറാം വിളിക്കേണ്ട കാലം അതിക്രമിച്ചു."-രാമായണ ഫെസ്റ്റില്‍ പങ്കെടുത്തുകൊണ്ട് ജേക്കബ് തോമസ് പ്രസംഗിച്ചു.
സസ്പെൻഷനിലായ ഡിജിപി ജേക്കബ് തോമസിനെ ഉടൻ സർക്കാർ സർവീസിലേക്ക് തിരിച്ചെടുക്കണം എന്ന ട്രിബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസംഗം നടത്തിയിരിക്കുന്നത്. സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന ഉത്തരവ് ഉണ്ടെങ്കിലും ജേക്കബ് തോമസിന്റെ ആർഎസ്‌എസ് ബന്ധം ആരോപിച്ച് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ജേക്കബ് തോമസിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരള കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്.
Read Also: ‘ജേക്കബ് തോമസ് ബിജെപിയിൽ ചേരുമോ?’; അഭിമുഖം
കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായുള്ള സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. യോഗ്യതയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.
നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്ന് ട്രിബ്യൂണലിന്റെ ഉത്തരവിന് ശേഷം ജേക്കബ് തോമസ് പ്രതികരിച്ചു. സർക്കാർ വകുപ്പിലുള്ളവർ അഴിമതി തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. ഡൽഹിയിൽ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. അതുകൂടാതെ ആർഎസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കൽ അപേക്ഷ നൽകിയതെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.