കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് എന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറെടുത്തിരുന്നു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാന്‍ സാധിക്കാതെ പോയി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ താന്‍ രാഷ്ട്രീയത്തിലേക്ക് തന്നെയാണെന്ന് ജോക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ന് ‘ട്വന്റി – ട്വന്റി’ എന്ന പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നീക്കമെങ്കില്‍ ഇന്നിപ്പോള്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് കാണുന്നത്.
Read Also: ചാലക്കുടിയില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ല: ജേക്കബ് തോമസ്
ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്നുമുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പം ഡല്‍ഹിയില്‍ എത്തി ബിജെപി ദേശീയ സഹസംഘടന സെക്രട്ടറിയുമായാണ് ജേക്കബ് തോമസ് ചര്‍ച്ച നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തയ്ക്ക് പിന്നാലെ അഭ്യൂഹങ്ങളും പ്രചരിക്കപ്പെട്ടു. ഈ അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കുകയാണ് ജേക്കബ് തോമസ്. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെന്ന് ജേക്കബ് തോമസ് ‘ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു.
ഡല്‍ഹിയില്‍ വച്ച് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തകളോടുള്ള പ്രതികരണം?
പ്രതികരണം നടത്താനുള്ള സ്റ്റേജിലല്ല ഇപ്പോള്‍ ഞാന്‍. ഡല്‍ഹിയില്‍ പോയിരുന്നു എന്നുള്ളത് ശരിയാണ്. എന്നാല്‍, അതേകുറിച്ച് മറ്റ് പ്രതികരണങ്ങള്‍ നടത്താന്‍ ഇപ്പോള്‍ തയ്യാറല്ല.
ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാക്കും എന്നാണോ അതില്‍ നിന്ന് മനസിലാക്കേണ്ടത്?
ഞാന്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വി.ആര്‍.എസിന് കൊടുത്തിരുന്നു (സ്വയം വിരമിക്കല്‍). ആ കൊടുത്തതിന്റെ ഉദ്ദേശം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മത്സരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് ട്വന്റി – ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ എന്റെയൊരു ലക്ഷ്യം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്.
Read Also: ഉമ്മൻചാണ്ടിയെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ്
രാഷ്ട്രീയത്തിലേക്ക് ആണ് എന്നാണോ?
അതെ, മാര്‍ച്ചില്‍ തന്നെ ഞാന്‍ അതിനൊരു സ്റ്റെപ്പ് എടുത്തു തുടങ്ങിയല്ലോ. ഇനി അത് മുന്നോട്ട് കൊണ്ടുപോകാമല്ലോ?.
ട്വന്റി – ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നല്ലോ അന്നത്തെ വാര്‍ത്തകള്‍? ഇപ്പോള്‍ ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ബിജെപിയുമായി ട്വന്റി ട്വന്റിക്ക് ബന്ധമില്ലല്ലോ?
ബന്ധമില്ലെന്ന് ആര് പറഞ്ഞു? അന്ന് ചര്‍ച്ചകളൊക്കെ നടന്നിട്ടുണ്ട്.
ഇനി ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനങ്ങളുണ്ടെങ്കില്‍ താങ്കള്‍ തന്നെ നേരിട്ട് അറിയിക്കുമെന്നാണോ?
അല്ല. അത് ഞാന്‍ അറിയിക്കേണ്ട കാര്യമില്ലല്ലോ. ഞാന്‍ തന്നെ അറിയിക്കേണ്ട കാര്യമല്ലല്ലോ അത്.

എന്നാല്‍ ജേക്കബ് തോമസ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയെ കുറിച്ചൊന്നും അറിയില്ലെന്ന് ട്വന്റി-ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
“എന്‍ഡിഎയുമായി സഹകരിക്കാന്‍ ട്വന്റി-ട്വന്റി തീരുമാനിച്ചിട്ടൊന്നുമില്ല. ബിജെപി നേതാക്കളുമായി ജേക്കബ് തോമസ് ചര്‍ച്ച നടത്തിയതിനെ കുറിച്ചൊന്നും അറിയില്ല. ഞങ്ങളുമായി അദ്ദേഹം മറ്റ് ചര്‍ച്ചകള്‍ നടത്തിയിട്ടുമില്ല. ജേക്കബ് തോമസുമായി തിരഞ്ഞെടുപ്പിന് ശേഷവും പല കാര്യങ്ങളും സംസാരിക്കാറുണ്ട്. ട്വന്റി-ട്വന്റിക്ക് വേറെ ആരെങ്കിലുമായി ഒരു സഖ്യത്തിന് താല്‍പര്യമില്ല. ട്വന്റി-ട്വന്റി എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും സംസാരങ്ങളുണ്ടായിട്ടുണ്ട്. അല്ലാതെ ബിജെപിയായിട്ട് മാത്രമല്ല. എന്നാല്‍, സഖ്യവുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരു ഉറപ്പ് നല്‍കിയിട്ടില്ല. അത്തരം ചര്‍ച്ചകളേ നടന്നിട്ടില്ല,” സാബു പറഞ്ഞു.
“ജേക്കബ് തോമസ് ട്വന്റി-ട്വന്റി എന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗികമായിട്ടുള്ള ഒരാളല്ല. പുള്ളി അങ്ങനെയൊരു സ്ഥാനം എടുത്തിട്ടുമില്ല. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കങ്ങള്‍ നടത്തിയെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ആരെങ്കിലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തപരമായ കാര്യമാണല്ലോ. ട്വന്റി-ട്വന്റിക്ക് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തില്‍ ചേരാനൊന്നും താല്‍പര്യമില്ല. ജേക്കബ് തോമസിന് ട്വന്റി-ട്വന്റിയുടെ ഔദ്യോഗികമായി എന്തെങ്കിലും പദവിയുണ്ടെങ്കില്‍ അല്ലേ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനോട് പ്രതികരിക്കേണ്ട ആവശ്യമുള്ളൂ,” സാബു പറഞ്ഞു.