/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2020/11/Sivani-Menon.jpg)
Uppum Mulakum Fame Shivani Menon Interview: 28ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ ഫ്ളവേഴ്സ് ടിവിയിലെ ടോപ്പ് സിംഗർ ഷോയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ശിവാനി മേനോൻ. അവാർഡ് വാർത്ത അറിഞ്ഞു വിളിച്ചവരോട് 'ഏത് അവാർഡ്? നിങ്ങൾക്ക് തെറ്റിയതാണോ, ഇനി ശിവാനിയെന്നു പേരുള്ള വേറെ വല്ല കുട്ടിയ്ക്കുമാണോ​?' എന്നൊക്കെയായിരുന്നു ശിവാനിയുടെ മറുചോദ്യം. അത്രയും അപ്രതീക്ഷിതമായായിരുന്നു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ടെലവിഷൻ പുരസ്കാരം ശിവാനിയെ തേടിയെത്തിയത്.
"ഫ്ളവേഴ്സിന്റെ ടോപ്പ് സിംഗറിന്റെ ഷൂട്ടിൽ നിൽക്കുമ്പോഴാണ് ആരൊക്കെയോ ശിവാനിയ്ക്ക് അവാർഡ് ഉണ്ടല്ലോയെന്ന് പറയുന്നത്. ഏത് അവാർഡ് എന്നാണ് ഞാൻ ചോദിച്ചത്. ഈ അവാർഡിന്റെ രീതികളൊന്നും എനിക്കറിയില്ലായിരുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നുമില്ല. ആദ്യമായിട്ടാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. കുറച്ചു നേരമെടുത്തു സ്വയമൊന്ന് വിശ്വാസം വരാൻ," ലോക്ക്ഡൗൺകാലത്ത് തേടിയെത്തിയ വലിയ സന്തോഷം പങ്കുവച്ചു കൊണ്ട് ശിവാനി പറഞ്ഞു.
"പിന്നീട് നിറയെ ഫോൺ കോളുകൾ ആയിരുന്നു. ഉപ്പും മുളകിന്റെ സംവിധായകനായിരുന്ന ഉണ്ണി സാർ ആണ് ആദ്യം വിളിച്ച് അഭിനന്ദിച്ചത്. അതെനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമാണ്. ഇന്ന് നിങ്ങളെല്ലാം കാണുന്ന ശിവയാക്കി എന്നെ മാറ്റിയത് അദ്ദേഹമാണ്."
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത 'കുട്ടിക്കലവറ' എന്ന പരിപാടിയിലൂടെ ആയിരുന്നു ശിവാനിയെന്ന തൃശൂർകാരിയുടെ തുടക്കം. ഏഴു വയസ്സിലാണ് ശിവാനി 'കുട്ടിക്കലവറ'യിൽ മത്സരാർത്ഥിയായി എത്തുന്നത്. വളരെ അപ്രതീക്ഷിതമായാണ് ശിവാനിയ്ക്ക് 'ഉപ്പും മുളകി'ലേക്ക് ഓഫർ വരുന്നത്.
"കുട്ടിക്കലവറയിൽ എന്നെ കണ്ടാണ് അവർ 'ഉപ്പും മുളകി'ലേക്ക് വിളിക്കുന്നത്. ഒരു ചെറിയ റോൾ, മാക്സിമം 15 ദിവസത്തെ ഷൂട്ട് എന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ആ പറഞ്ഞ 15 ദിവസം അഞ്ച് കൊല്ലമായി എന്നെയുള്ളൂ," ചിരിയോടെ ശിവാനി പറഞ്ഞു.
എന്റെ വലിയ കുടുംബം
വീട്ടിൽ ഞാൻ ഒറ്റക്കുട്ടിയാണ്, പക്ഷേ 'ഉപ്പും മുളകും' എനിക്കൊരു വലിയ ഫാമിലിയെ തന്നു. എന്റെ അച്ഛനമ്മമാരെ പോലെയാണ് ബാലുവച്ഛനും നീലുവമ്മയുമൊക്കെ എനിക്ക്. മുടിയൻചേട്ടൻ, ലക്ഷ്മി ചേച്ചി, കേശു, പാറുക്കുട്ടി അവരൊക്കെ സ്വന്തം സഹോദരങ്ങളെ പോലെയും. സത്യത്തിൽ, അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞങ്ങളൊക്കെ ലൊക്കേഷനിലാണ്. എന്തു പ്രശ്നം ഉണ്ടെങ്കിലും ബാലുവച്ഛനോടും നീലുവമ്മയോടും പറയാം. വീട്ടിൽ ഞാൻ അച്ഛനോടും അമ്മയോടുമൊക്കെ സംസാരിക്കുന്ന അത്രയും ഫ്രീഡത്തോടെ അവരോട് സംസാരിക്കാം. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് അവർ ഞങ്ങളെയെല്ലാം കാണുന്നത്. നീലുവമ്മയ്ക്ക് ആട്ടെ, ഞങ്ങൾ എത്ര മക്കളുണ്ടോ അത്രയും സന്തോഷമാണ്.
ആദ്യമൊക്കെ എവിടെയെങ്കിലും കുറച്ചൂസം പോയാൽ സെറ്റ് വല്ലാതെ മിസ് ചെയ്യുമായിരുന്നു. ആ സമയത്ത് ഞാനായിരുന്നു 'ഉപ്പും മുളകും' വീട്ടിലെ ഏറ്റവും ചെറിയ കുട്ടി. പാറു വന്നതോടെയാണ് എന്റെ കൊച്ചുകുട്ടി സ്ഥാനം പോയത്, വല്ലാത്തൊരു തിരിച്ചടിയായി പോയി (ചിരിക്കുന്നു). ഇപ്പോൾ ഞാൻ ആ വീട്ടിലെ കൊച്ചു ചേച്ചിയാണ്. തിരിച്ചടിയായി എന്നൊക്കെ ചുമ്മാ പറഞ്ഞതാണ് കെട്ടോ, പാറുവിനെ ഒരുപാട് ഇഷ്ടമാണ്. ലോക്ക്ഡൗൺ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ കുറച്ചു ദിവസം പാറുവില്ലായിരുന്നു. അപ്പോൾ സെറ്റിൽ സമയം പോവുകയേ ഇല്ല, പാറൂനെ കാണാൻ തോന്നും.
ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞ് പാറുക്കുട്ടിയുടെ ഒരു മാസ് എൻട്രി ഉണ്ടായിരുന്നു. അങ്ങോട്ടു പോയ പാറുവല്ല തിരിച്ചുവന്നത്. സൂപ്പർ സ്മാർട്ട് ആയാണ്. പാട്ടും ഡാൻസും സംസാരവുമൊക്കെയായി നല്ല രസമാണ് ഇപ്പോൾ. പാറുക്കുട്ടി വല്യ മിടുക്കിയാണ്, നല്ല ഷാർപ്പാണ്. ഒരു കാര്യം ഒന്നു രണ്ടു തവണ പറഞ്ഞാൽ പാറു അത് എളുപ്പം പിക്ക് ചെയ്യും. സെറ്റിലിരുന്ന് ഞങ്ങൾ പാടുന്ന പാട്ടുകളൊക്കെ മൂന്നു നാലു തവണ കേട്ടാൽ, അതിന്റെ ഈണം ഉടനെ പിടിച്ചെടുക്കും. പിന്നെ വാക്കുകൾ തെറ്റിയാലും ട്യൂണിൽ അങ്ങനെ പാടി നടക്കുന്നത് കാണാം.
എല്ലാവരും ചോദിക്കും, പാറൂന് ശരിക്കുള്ള ഫാമിലിയും സീരിയലിലെ ഫാമിലിയും തമ്മിൽ കൺഫ്യൂഷനാവില്ലേ എന്നൊക്കെ. അതൊക്കെ വെറുതെയാണ്. പാറുക്കുട്ടിയ്ക്ക് എല്ലാം കൃത്യമായി അറിയാം. ഞാനാരാണ്, എന്റെ യഥാർത്ഥ അമ്മയാരാണ്, അച്ഛനാരാണ്... അങ്ങനെ ലൊക്കേഷനിലെ ഓരോരുത്തരുടെയും കുടുംബാംഗങ്ങളെ ആൾക്ക് അറിയാം. രണ്ടും രണ്ട് ഫാമിലിയാണ്. ബാക്കി ഷൂട്ടിംഗ് ആണ്. ആക്ഷൻ പറയുമ്പോൾ അഭിനയിക്കണം, ഷൂട്ടിംഗ് തീരുമ്പോൾ പാക്കപ്പ് പറയും, എല്ലാം കൃത്യമായി അറിയാം.
എന്റെ അഭിനയക്കളരി
ശരിക്കും ഞാനും കേശുവുമൊക്കെ ഭാഗ്യം ചെയ്തവരാണ്. ബാലുവച്ഛനെ പോലൊരു നടനൊപ്പം അഭിനയിക്കാൻ പറ്റുന്നത് വല്യ കാര്യമാണ്. എത്രയോ കാലം കാവാലം സാറിന്റെ നാടകവേദിയിൽ നിന്ന്, വിയർപ്പൊഴുകിയ അടിസ്ഥാനമുള്ള നടനാണ് ബാലുവച്ഛൻ. അങ്ങനെ ഒരാൾ കൂടെ നിന്ന് നമുക്ക് കാര്യങ്ങൾ പഠിപ്പിച്ചു തരുന്നത് വല്യ ഭാഗ്യമല്ലേ?
ബാലുവച്ഛൻ എപ്പോഴും പറയുന്നൊരു ഡയലോഗുണ്ട്. 'അഭിനയം പഠിക്കുന്നതിന് ഒരു അവസാനം ഇല്ല. ഒരു നടൻ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് കേശുവിൽ നിന്നും പഠിക്കാനുണ്ട്. നിന്നിൽ നിന്ന് പഠിക്കാനുണ്ട്, എന്തിന് പാറുവിൽ നിന്നു പോലും പുതുതായി എന്തെങ്കിലും പഠിക്കാൻ ഉണ്ടാവും. ഓരോ ദിവസവും ഓരോ ആളുകളും നമ്മളെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്. ആ പഠനത്തിന് ഒരു അവസാനമില്ല,' എന്ന്. അതു സത്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ബാലുവച്ഛനും നീലുവമ്മയുമൊക്കെ ഇപ്പോഴും ഞങ്ങളെ ഗൈഡ് ചെയ്ത് കൊണ്ടു പോവുകയാണ്.
'ഉപ്പും മുളകും' ഫാമിലിയ്ക്ക് ഒപ്പം പോകുന്ന ഓരോ ട്രിപ്പും സ്പെഷലാണ്. കഥകളും പാട്ടും തമാശയുമൊക്കെയായി രസമാണ് ആ യാത്രകൾ. ഒരിക്കൽ ഞങ്ങൾ ഷോയ്ക്കായി ദുബായിൽ പോയി. ഷോപ്പിംഗ് ഒക്കെ ചെയ്ത് അടിച്ചുപൊളിച്ചു നടന്നു. അന്ന് ബുർജ് ഖലീഫയിലൊക്കെ പോയി.
എന്റെ ഡാൻസർ ബ്രോ
വിഷ്ണു ചേട്ടൻ എനിക്ക് ചേട്ടൻ തന്നെയാണ്. ഞങ്ങൾ തമ്മിൽ നല്ല ബോണ്ടിംഗ് ഉണ്ട്. ചേട്ടൻ എനിക്ക് ബ്രേക്ക് ഡാൻസ് പഠിപ്പിച്ച് തരും, ഞാൻ തിരിച്ച് ക്ലാസ്സിക്കൽ ഒക്കെ പഠിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അത് അത്രയ്ക്ക് അങ്ങട് ശരിയാവുന്നില്ല. ഞങ്ങളുടെ യൂട്യൂബ് വീഡിയോകൾക്ക് ഒക്കെയുള്ള കണ്ടന്റ് ഞങ്ങൾ ഒന്നിച്ചിരുന്നാണ് പ്ലാൻ ചെയ്യാറുള്ളത്. എന്തെങ്കിലും ഐഡിയ തോന്നുമ്പോൾ ഞാനത് കുറിച്ചിടും, ചേട്ടനും അതെ. പിന്നീട് അതെങ്ങനെ നന്നാക്കാം എന്ന ആലോചനയാണ്.
മനസ്സിൽ തട്ടിയ അനുഭവം
ലൊക്കേഷൻ അനുഭവങ്ങൾ പറയുമ്പോൾ എടുത്തു പറയേണ്ടത്, ബാലുവച്ഛന്റെയും നീലുവമ്മയുടെയുമൊക്കെ ഡെഡിക്കേഷൻ ആണ്. ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അച്ഛന് പാറമടയിൽ ആയിരുന്നു ഷൂട്ട്. കല്ലുപൊട്ടിക്കുന്ന ഒരു സീൻ എടുക്കുന്നതിനിടയിൽ ഒരു ചീള് കയറി കാല് മുറിഞ്ഞു. ചോര വരാൻ തുടങ്ങി. അച്ഛൻ പക്ഷേ​ ആ മുറിവും ചോരയും വച്ച് അഭിനയിച്ചു, സീൻ പൂർത്തിയാക്കി. ആ എപ്പിസോഡ് കാണുമ്പോൾ മനസ്സിലാവും, അത് മേക്കപ്പല്ല, ഒർജിനൽ മുറിവാണ്. നീലുവമ്മയും അതെ, കൈയ്ക്ക് വയ്യാതായിട്ടും ആ കൈയ്യും വെച്ച് അഭിനയിക്കുമായിരുന്നു. അവരെ പോലെ ഡെഡിക്കേറ്റ് ആയ ആർട്ടിസ്റ്റായി മാറണം എന്നാണ് എന്റെ ആഗ്രഹം.
ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡ്
'ഉപ്പും മുളകും' ഇപ്പോൾ ആയിരത്തിലേറെ എപ്പിസോഡുകൾ പിന്നിട്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡുണ്ട്. അതെത്ര തവണ കണ്ടിട്ടുണ്ടാവും എന്നൊരു ഐഡിയയുമില്ല. ഇപ്പോഴും കാണുമ്പോൾ ഞാനിരുന്ന് ചിരിക്കും. 'ഒരു എക്സിക്യൂട്ടീവ് ഫാമിലി' എന്ന എപ്പിസോഡായിരുന്നു അത്. എല്ലാവരും ഇംഗ്ലീഷ് ഒക്കെ പറഞ്ഞ് വളരെ പോഷ് ലൈഫ് നയിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അതെന്റെ ഫേവറേറ്റ് ആണ്, മിസ്റ്റർ ബീൻ ഒക്കെ കാണുന്നൊരു പ്രതീതിയാണ്.
ഞങ്ങളെ ഞെട്ടിച്ച മമ്മൂക്ക
'ഉപ്പും മുളകും' ലൊക്കേഷനിൽ പലപ്പോഴായി സിനിമാതാരങ്ങളൊക്കെ വരാറുണ്ട്. അതിൽ ഞങ്ങളെ ഞെട്ടിച്ചൊരു ആൾ മമ്മൂക്കയാണ്. ഷൂട്ടിംഗ് നടക്കുന്ന വാഴക്കാലയിലെ വീട്ടിലെ തൊട്ടടുത്ത വീട്ടിൽ ഒരിക്കൽ മമ്മൂക്ക ഷൂട്ടിന് വന്നു. അന്ന് രാവിലെ മുതൽ ആ വീടിനു മുന്നിൽ ആളും ബഹളവുമാണ്. മമ്മൂക്ക വരുന്നു എന്ന് ആരോ പറഞ്ഞപ്പോൾ വെറുതെ പറയാ എന്നാ ഓർത്തത്. പക്ഷേ അത് സത്യമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശരിക്കും മമ്മൂക്ക വന്നു.
ഞങ്ങളൊക്കെ കാണാൻ ചെന്നു. പരിചയപ്പെട്ടു. എല്ലാ ദിവസവും 'ഉപ്പും മുളകും' കാണുമെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ അതിശയമായി, ഞങ്ങളെ കണ്ടപ്പോൾ ശിവ, കേശു, മുടിയാ, ലെച്ചൂ എന്നൊക്കെ വിളിച്ചാണ് പരിചയപ്പെട്ടത്. കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു. കുറച്ചു ദിവസം മമ്മൂക്കയ്ക്ക് അവിടെ ഷൂട്ട് ഉണ്ടായിരുന്നു. എല്ലാ ദിവസവും ഷൂട്ടിന് വരുമ്പോൾ അപ്പുറത്ത് കുട്ടികളില്ലേ എന്നൊക്കെ അന്വേഷിക്കും. പിന്നീടൊരിക്കൽ കുഞ്ഞിക്ക (ദുൽഖർ) വന്നപ്പോഴും പറഞ്ഞു, വാപ്പച്ചി നിങ്ങളെ കുറിച്ചൊക്കെ വീട്ടിൽ പറയാറുണ്ട് എന്ന്.
ഉപ്പും മുളകും താരങ്ങളുടെ അഭിമുഖങ്ങള്‍ വായിക്കാം
- ഉപ്പും മുളകും പോലെ വേറെ ഒന്നില്ല; ബിജു സോപാനം പറയുന്നു
- മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു
- Uppum Mulakum: ഉപ്പും മുളകും പാകത്തിന്; എഴുത്തു വിശേഷങ്ങളുമായി സുരേഷ് ബാബു
ഇതുവരെ ഇംഗ്ലീഷ് മരുന്ന് കഴിക്കാത്ത കുട്ടി
അമ്മയ്ക്ക് പ്രകൃതിജീവനത്തിലും ഹോമിയോപ്പതിയിലുമൊക്കെ വലിയ വിശ്വാസമാണ്. ഞാനിതുവരെ ഒരിക്കൽ പോലും എന്റെ ലൈഫിൽ ഇംഗ്ലീഷ് മരുന്നു കഴിച്ചിട്ടില്ല. നല്ലൊരളവ് വരെ എനിക്ക് പ്രകൃതിജീവനവും ഹോമിയോപ്പതിയുമൊക്കെ സഹായമായിട്ടുണ്ട്. എന്റെ അമ്മയ്ക്ക് ഒരു പ്രത്യേകതയുണ്ട്, സാധാരണ അമ്മമാരെ പോലെ വയ്യ, പനിയ്ക്കുന്നു, ജലദോഷമാ എന്നൊന്നും പറഞ്ഞ് ഉടനെ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടില്ല. അതുകൊണ്ട് തന്നെ, ഹോസ്പിറ്റൽ എനിക്ക് പുതുമയുള്ള കാര്യമാണ്, ഞാനധികം പോയിട്ടില്ലാത്ത സ്ഥലമാണത്.
കട്ട സപ്പോർട്ട് നൽകി ടീച്ചേഴ്സ്
ചാലക്കുടി ബിലീവേഴ്സ് ചർച്ച് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഞാൻ. ഓൺലൈനായി പരീക്ഷയൊക്കെ തുടങ്ങികഴിഞ്ഞു ഇപ്പോൾ. കുട്ടിക്കലവറയിൽ വന്നതു മുതൽ തന്നെ ക്ലാസുകൾ മിസ് ചെയ്യുന്നുണ്ട്. പക്ഷേ ടീച്ചേഴ്സ് ഒക്കെ വളരെ സപ്പോർട്ടാണ്. പിന്നെ അമ്മയാണ് എന്റെ ട്യൂഷൻ മാസ്റ്റർ. ക്ലാസ് മിസ്സാവുന്ന പോർഷൻ ഒക്കെ കൃത്യമായി അമ്മ പഠിപ്പിച്ചു തരും. അഞ്ചുകൊല്ലമായി ഇങ്ങനെയാണ് പോവുന്നത്. ഞാനിടയ്ക്ക് മാവേലിയെ പോലെയാണ് ക്ലാസിൽ പോവുന്നത്. പക്ഷേ എന്നാലും കൊറോണ ആയതിൽ പിന്നെ സ്കൂൾ ശരിക്കും മിസ് ചെയ്യുന്നുണ്ട്.
എനിക്ക് കുട്ടികളുടെ ഡോക്ടറാവണം
കുഞ്ഞായപ്പോൾ മുതൽ ആരേലും എന്നോട് എന്താവണം എന്നു ചോദിച്ചാൽ ഞാൻ ചാടിക്കയറി ഗൈനക്കോളജിസ്റ്റ് എന്നു പറയുമായിരുന്നു.കുഞ്ഞു വാവകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതാണ് അങ്ങനെ പറഞ്ഞിരുന്നത്. പക്ഷേ, പിന്നെ ആലോചിച്ചപ്പോഴാണ് ഗൈനക്കോളജിസ്റ്റ് ആവുമ്പോൾ സിസേറിയൻ ഒക്കെ ചെയ്യേണ്ടേ? അതൊക്കെ എനിക്കു പേടിയാ. അതു കൊണ്ട് ഒടുവിൽ പീഡിയാട്രീഷൻ ആയാൽ മതിയെന്ന് തീരുമാനിച്ചു. അതാണെന്റെ ലക്ഷ്യം. ഒപ്പം ജിംനാസ്റ്റിക്സ്, ഡാൻസ് മോഹങ്ങളുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.