Uppum Mulakum: കഴിഞ്ഞ നാലു വർഷത്തിലേറെയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയവരാണ്, പാറമട വീട്ടിലെ ബാലചന്ദ്രൻ തമ്പിയും നീലിമയും മക്കളും അടങ്ങുന്ന കുടുംബം. ഇങ്ങനെ ഒരു കുടുംബം ശരിക്കും ജീവിച്ചിരിക്കുന്നു എന്നു തോന്നുന്നത്ര സ്വാഭാവികതയോടെ ആ പരമ്പര മുന്നോട്ടു പോവുന്നതിനു പിന്നിൽ വലിയൊരു കൂട്ടായ്മ തന്നെയുണ്ട്. അതിൽ വലിയൊരു പങ്കുവഹിക്കുന്ന വ്യക്തിയാണ് തിരുവനന്തപുരം ഇടപ്പഴഞ്ഞി സ്വദേശിയായ സുരേഷ് ബാബു.
സുരേഷ് ബാബു എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചയം ഭാസിയെന്നോ ഭാസി അണ്ണൻ എന്നോ ആവാം. ‘ഉപ്പും മുളകി’ൽ ഉടായിപ്പുകളും തമാശകളും മണ്ടത്തരങ്ങളുമൊക്കെയായി ഇടയ്ക്കൊക്കെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഭാസി ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നാൽ ഉപ്പും മുളകിലെ വെറുമൊരു അഭിനേതാവ് മാത്രമല്ല സുരേഷ് ബാബു. ആയിരത്തിലേറെ എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ഉപ്പും മുളകിന്റെ 750ൽ ഏറെ എപ്പിസോഡുകളുടെ തിരക്കഥയൊരുക്കിയത് ഈ തിരുവനന്തപുരത്തുകാരനാണ്. ഉപ്പും മുളകും വിശേഷങ്ങളും തന്റെ അഭിനയ- എഴുത്തു ജീവിതത്തിലെ നാൾവഴികളെ കുറിച്ചുമെല്ലാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സുരേഷ് ബാബു.
“എഴുത്താണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് വളരെ യാദൃശ്ചികമായിട്ടായിരുന്നു,” സുരേഷ് ബാബു പറയുന്നു. ” മുപ്പതു വയസ്സിനു ശേഷമാണ് എഴുത്തിലേക്കും അഭിനയത്തിലേക്കുമൊക്കെ വരുന്നത്. അതിനു മുൻപ് കുറേ ബിസിനസ്സ് ചെയ്തു നോക്കി, ഒന്നും വിജയിച്ചില്ല. കലകളിലും സ്പോർട്സിലുമെല്ലാം ഒരുപാട് ഇഷ്ടമുണ്ടായിരുന്നു, ധാരാളം സൗഹൃദങ്ങളും ഉണ്ടായിരുന്നു എല്ലാകാലത്തും. ഒന്നും ശരിയാവുന്നില്ലല്ലോ, എന്താണ് എന്റെ വഴി എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് അമൃത ടിവിയിൽ ഒരു പ്രോഗ്രാം ചെയ്യാനായി ആളെ അന്വേഷിക്കുന്ന കാര്യം അറിയുന്നത്. ഞാനങ്ങനെ എന്റെ ഒരു സുഹൃത്തിന്റെ അതിലേക്കായി നിർദ്ദേശിച്ചു. അവന്റെ കൂടെ ഒരു കമ്പനിയ്ക്ക് ഞാനും മീറ്റിംഗിനു പോയി. വളരെ സൗഹൃദത്തോടെയുള്ള ആ ചർച്ചയ്ക്കിടെ ഞാനും എന്റെ ചില ആശയങ്ങളും നിർദേശങ്ങളുമൊക്കെ പങ്കുവച്ചു. ആ മീറ്റിംഗിൽ ‘ഉപ്പും മുളകി’ന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ സാറൊക്കെ ഉണ്ടായിരുന്നു. ഞാൻ പറയുന്നത് പലതും അവർ കുറിച്ചുവെയ്ക്കുന്നുണ്ടായിരുന്നു. ”
Read more: ഉപ്പും മുളകും പോലെ വേറെ ഒന്നില്ല; ബിജു സോപാനം പറയുന്നു
“മീറ്റിംഗ് കഴിഞ്ഞപ്പോൾ നിങ്ങൾക്കും ഒന്നു എഴുതി നോക്കിക്കൂടെ എന്നെന്നോട് ചോദിച്ചു. എന്തിന്? എന്നായിരുന്നു ഉടനെയുള്ള എന്റെ മറുചോദ്യം. വെറുതെ എഴുതി നോക്കൂ എന്ന് അവർ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ‘ചിരികിടതോം’ എന്നൊരു പ്രോഗ്രാമിനായി സ്ക്രിപ്റ്റ് എഴുതുന്നത്. അവരെല്ലാം നിർബന്ധിച്ചപ്പോൾ അതിലൊരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സത്യം പറഞ്ഞാൽ ആ പരിപാടി ഫ്ളോപ്പ് ആയിരുന്നു. പക്ഷെ എനിക്കവിടെ വെച്ച് രണ്ടു നല്ല സുഹൃത്തുക്കളെ കിട്ടി. നടനും സംവിധായകനുമായ മുസ്തഫയും നടൻ എസ് പി ശ്രീകുമാറും. ആ സൗഹൃദം ഒരു വഴിത്തിരിവായി.”
“പിന്നീട് ‘ഉണ്ട’ സിനിമയുടെ ഒക്കെ നിർമ്മാതാവായ കൃഷ്ണൻ സേതുകുമാർ നിർബന്ധിച്ച് ‘കഥയറിയാതെ’ എന്നൊരു പരമ്പരയ്ക്കും തിരക്കഥയെഴുതി. കഥയറിയാതെ കണ്ടാണ് ബൈജു ദേവരാജ് സൂര്യയിൽ ‘സരയൂ’ എന്ന സീരിയലിന്റെ തിരക്കഥ എഴുതാൻ വിളിക്കുന്നത്. അത് 400 എപ്പിസോഡുകളോളം എഴുതി, ‘സരയൂ’വും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.”
“അപ്പോഴേക്കും ഞാനും മുസ്തഫയും ശ്രീകുമാറുമൊക്കെയായുള്ള ബന്ധം ഏറെ സട്രോങ്ങായിരുന്നു. അവരെന്നെ ‘മറിമായ’ത്തിലേക്ക് വിളിച്ചു. അതിലും ഞാൻ കുറച്ചുനാൾ അഭിനയിച്ചു. പിന്നീട് മുസ്തഫയും ഞാനും ഉണ്ണികൃഷ്ണൻ സാറും ബിജു സോപാനവുമെല്ലാം ചേർന്ന് അമൃതയിൽ ‘ബാക്ക് ബെഞ്ചേഴ്സ്’ എന്നൊരു പരമ്പര ചെയ്തു. അതും നന്നായി വന്നു, ബിജു അതിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ആ പരമ്പര വിജയമായതാണ് ‘ഉപ്പും മുളകും’ തുടങ്ങാൻ പ്രചോദനമായത്. ”
‘ഉപ്പും മുളകും’ പിറന്ന കഥ
ഞാൻ ആദ്യം ‘ഉപ്പും മുളകി’ൽ അഭിനയിക്കാൻ ആണ് ചെന്നത്. പിന്നീടാണ് തിരക്കഥയെഴുതി തുടങ്ങിയത്. ബന്ധങ്ങളുടെ വേരുകൾ തേടി പോവുന്നതിന്റെ ഒരു സൗന്ദര്യമുണ്ടല്ലോ, പടവലം വീട്, നെയ്യാറ്റിൻക്കര വീട് എന്നതൊക്കെ അങ്ങനെ വികസിപ്പിച്ചെടുത്തതാണ്. ‘മാൽഗുഡി ഡെയ്സ്’ പോലുള്ള വലിയ സീരിസ് കണ്ട കാലത്തു തന്നെ അത്തരത്തിലുള്ള കഥകളെ കുറിച്ചൊക്കെ ഓർത്തിട്ടുണ്ട്. പലയിടത്തും ആ ആശയം അവതരിപ്പിച്ചിരുന്നെങ്കിലും നടന്നില്ല. ഫ്ളവേഴ്സ് തന്നൊരു സ്വാതന്ത്ര്യം എടുത്തു പറയാതെ വയ്യ. അമ്പത് എപ്പിസോഡ് മുതൽ നിഷ ചേച്ചിയും ബാലുവും ഞാനുമൊക്കെ സ്വന്തം ഇഷ്ടത്തിന് എന്ന പോലെ അങ്ങ് കളിച്ചു കയറുകയായിരുന്നു. അത് ഹിറ്റായതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.”
Read more: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു
ഞാനൊരു ഈശ്വരവിശ്വാസിയാണ്, അതുകൊണ്ട് തന്നെ ഈ വിജയത്തിൽ ദൈവത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ടെന്ന് വിശ്വസിക്കുന്നു. ചിലയിടങ്ങളിലൊക്കെ പോവുമ്പോൾ ആളുകളുടെ പ്രതികരണം കണ്ട് ഇത്രയൊക്കെ ആഘോഷിക്കാൻ ഉണ്ടോ അമ്പരന്ന് നിന്നിട്ടുണ്ട്. ചില ബന്ധു വീടുകളിലൊക്കെ പോവുമ്പോൾ അവിടെയുള്ള കുട്ടികളൊക്കെ പറയും, ദേ ഭാസി അണ്ണൻ വന്നു എന്ന്. ഞാൻ ചോദിക്കും എന്തുവാടെ, എന്റെ പേരും നിങ്ങള് മാറ്റിയോ എന്ന്. പക്ഷേ അതൊക്കെ വലിയ സന്തോഷമാണ്.
ബിജുവും ഞാനും തമ്മിൽ നല്ല ആത്മബന്ധമുണ്ട്, അതും ഞങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. ആ ടീമിലേക്ക് നിഷ ചേച്ചി വന്നു. ആദ്യം മുതൽ ഡയലോഗ് ഒക്കെ മുഴുവൻ എഴുതി തന്നെയാണ് ഷൂട്ട് മുന്നോട്ട് പോവുന്നത്. എന്നാലും അതിലേക്ക് അവരുടെയും കുട്ടികളുടെയുമെല്ലാം ഭാഗത്തുനിന്നുള്ള ചില കൊടുക്കൽവാങ്ങലുകൾ ഉണ്ട്. അതുകൂടി ചേരുന്നതാണ് പരമ്പരയുടെ വിജയം.
എല്ലാവരിലും ഒരു ബാലു ഉണ്ട്
‘ഉപ്പും മുളകും’ എന്ന സീരിയലിന്റെ വിജയത്തെ വിലയിരുത്തുമ്പോൾ എനിക്ക് തോന്നുന്ന ചില കാര്യങ്ങളുണ്ട്. ബാലു എന്ന കഥാപാത്രം ഒരുപാട് മലയാളി പുരുഷന്മാരെ പ്രതിനിധീകരിക്കുന്നുണ്ട്. അയാൾ പാവപ്പെട്ടവനാണ്, അതേ സമയം പണക്കാരനാണ്. അത്താഴത്തിനില്ല, ആധാരത്തിലുണ്ട് എന്നു പറയുന്നതാവും അയാളുടെ കാര്യത്തിൽ ശരി. ആ കഥാപാത്രത്തിന് ധാരാളം ഭൂസ്വത്തുണ്ട്. ബാലു കുഴിമടിയനാണ് പലപ്പോഴും, എന്നാൽ മക്കൾക്ക് വേണ്ടി അയാള് പാറ ഉടക്കാൻ വരെ പോവും. മദ്യപാനിയാണോ എന്നു ചോദിച്ചാൽ, അയാൾക്ക് സത്യത്തിൽ അതിന്റെ രുചി പോലും ഇഷ്ടമല്ല, പക്ഷേ ആളുകൾക്ക് മുന്നിൽ ഷോ കാണിക്കാൻ കുടിക്കും. വലിയ ദേഷ്യക്കാരനാണ്, പക്ഷേ ഒരുപാട് സ്നേഹമുള്ള മനുഷ്യനാണ്. ഈ ദ്വന്ദ്വ സ്വഭാവങ്ങൾ വച്ചിട്ടാണ് മൊത്തത്തിലുള്ള കളി. അപ്പോൾ കാണുന്നവർക്കും തോന്നും, ഇയാള് ഞാനല്ലേ എന്ന്. അവർക്ക് കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാൻ സാധിക്കും. പല സ്ത്രീകളും എന്നെ കാണുമ്പോൾ പറയാറുണ്ട്, ബാലുവിനെ പോലെ ഒരാൾ ഞങ്ങളുടെ വീട്ടിലും ഉണ്ടെന്ന്. ശരിയാണ്, എല്ലാവരിലും ഇയാളുണ്ട്.
ഞാൻ നേരിൽ പരിചയപ്പെട്ട ഒരുപാട് പുരുഷന്മാർ എന്നോട് പറഞ്ഞിട്ടുണ്ട്, സമൂഹത്തിനു മുന്നിൽ വിജയി ആയി നിൽക്കുമ്പോഴും എന്തോ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്, ഞാനൊരു പരാജയമാണോ എന്നൊക്കെ സ്വയം തോന്നാറുണ്ടെന്ന്. വേദനയുടെയോ പരാജയത്തിന്റെയോ ഒക്കെ ഒരു വേദന മിക്ക പുരുഷന്മാരിലും ഉണ്ട്. ബാലുവിലും അതൊക്കെ കൊണ്ടുവരാറുണ്ട്. ബിജുവിന് ആ കഥാപാത്രത്തെ കൃത്യമായി തന്നെ ഉൾകൊള്ളാനും പറ്റുന്നുണ്ട്. കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന പെർഫോമൻസ് കാഴ്ച വച്ച് നിഷചേച്ചിയും എതിർവശത്ത് നിൽക്കുമ്പോൾ ആ കാഴ്ചയ്ക്ക് ഒരു ഭംഗിയുണ്ട്.
750 ഓളം എപ്പിസോഡുകൾ ഞാൻ തന്നെയാണ് എഴുതിയത്. ഇടയ്ക്ക് ബ്രേക്ക് എടുക്കും, പിന്നെയും ജോയിൻ ചെയ്യും. ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ വീണ്ടും എഴുതുന്നുണ്ട്. പ്രിൻസി എന്നു പറഞ്ഞ ഒരാൾ കൂടെയുണ്ട്, ഞങ്ങൾ രണ്ടാളും മാറിമാറി എഴുതും.
കൺമുന്നിൽ വളർന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങൾ
വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് ആ കുട്ടികളെല്ലാം. എല്ലാവരും സ്നേഹത്തോടെ കണ്ണൻ മാമാ എന്നാണ് വിളിക്കുന്നത്. ആ കുട്ടികളെ കിട്ടിയത് ഭാഗ്യമായി കരുതുന്നു, എല്ലാം ഒന്നിച്ചുവരിക എന്നു പറയുമല്ലോ. അതുപോലെ ഒരു നിയോഗമായിരുന്നു അത്. അവരുടെ സന്തോഷങ്ങൾ മാത്രമല്ല, വിഷമങ്ങളും ഞങ്ങളുടേതു കൂടിയാണ് ഇപ്പോൾ. ഇടക്കാലത്ത് ഒരു 50 എപ്പിസോഡോളം ഞാൻ സീരിയലിൽ നിന്നും മാറി നിന്നിരുന്നു. അതു കഴിഞ്ഞ് ചെല്ലുമ്പോൾ അത്ഭുതമായിരുന്നു, പിള്ളേരൊക്കെ വളർന്ന് വല്യ കുട്ടികളായി. കേശുവിന്റെ ശബ്ദം മാറി.
കുട്ടികൾ ബിജുവും നിഷചേച്ചിയും ചെയ്യുന്നത് നോക്കി പഠിക്കുന്നതും മനസ്സിലാക്കുന്നതും അവരുടേതായ കോൺട്രിബ്യൂഷൻ നൽകാൻ ശ്രമിക്കുന്നതും കഥയെ കുറിച്ചു ചോദിക്കുന്നതുമെല്ലാം കാണുമ്പോൾ നമുക്ക് ബഹുമാനം തോന്നും. പ്രൊഫഷണലായി തന്നെ അവർ അഭിനയത്തെ സമീപിക്കുന്നുണ്ട് ഈ പ്രായത്തിലും. ഇടയ്ക്ക് അവര് തന്നെ കഥകളൊക്കെ കൊണ്ടുവരും. അവരു പറയുന്ന കഥാതന്തുക്കളും ഞങ്ങൾ എടുത്തിട്ടുണ്ട്.
പാറുക്കുട്ടി സൂപ്പർ സ്മാർട്ടാണ്
പലരും പറയും പാറുക്കുട്ടിയുടെ കല്യാണം കൂടി കഴിഞ്ഞേ നിർത്താവൂ എന്ന്. അത് കേൾക്കുമ്പോൾ സന്തോഷമാണ്. ‘ഉപ്പും മുളകും’ നിർത്തരുതേ എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നു എന്നറിയുമ്പോൾ. ഇപ്പോൾ ഡയലോഗുകളെല്ലാം എല്ലാവരും കൂടി പറഞ്ഞു കൊടുക്കും. അതിന് അനുസരിച്ച് നോക്കി ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
എല്ലാവരും സ്നേഹിച്ചു പുന്നാരിക്കുമ്പോൾ ആരെയെങ്കിലും പേടി വേണമല്ലോ എന്നോർത്ത് ഞാനിടയ്ക്ക് തമാശയ്ക്ക് ദേഷ്യമൊക്കെ കാണിച്ച് മിണ്ടാതെ മാറിയിരിക്കും. അപ്പോൾ ആളെന്നെ ഒന്നു നോക്കിയിട്ട് പോവും. പക്ഷേ അടുത്തിടെ പാറുക്കുട്ടി എന്നെയൊന്ന് ഞെട്ടിച്ചു കളഞ്ഞു. കുറച്ചുദിവസം ഞാനുണ്ടാവില്ല, വീട്ടിൽ അത്യാവശ്യമുണ്ട്, കുറച്ചു ദിവസം കഴിഞ്ഞേ കാണൂ എന്ന് ഞാൻ പാറുക്കുട്ടിയോട് പറഞ്ഞു. പാറുക്കുട്ടി പതിവുപോലെ എന്റെ അടുത്തുവരാതെ മാറി നിന്നൊന്നു നോക്കി. പക്ഷേ ഞാൻ ചക്കരേ എന്നു നീട്ടി വിളിച്ചപ്പോൾ ഓടിവന്ന് മടിയിൽ കയറി തലചായ്ച്ചു ഒരൊറ്റ കിടപ്പാണ്. കുഞ്ഞിന് അറിയാം, ഇയാള് തമാശയ്ക്ക് ദേഷ്യം കാണിക്കുന്നതാണ്, ഇതും നമ്മുടെ സ്വന്തം ആളാണ് എന്നൊക്കെ. അതെനിക്ക് ഷോക്കായിരുന്നു, ഞാനന്ന് കുറേ ചിരിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook