Uppum Mulakum: നിത്യജീവിതത്തിൽ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുന്ന ‘ഉപ്പും മുളകും’ മലയാളസീരിയൽ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഏറെ വർഷങ്ങളായി നാടകരംഗത്ത് പ്രവർത്തിച്ചുവരുന്ന ബിജു സോപാനം എന്ന നടന്റെ കരിയറിലും വലിയൊരു ബ്രേക്ക് സമ്മാനിച്ചത് ‘ഉപ്പും മുളകും’ എന്ന സീരിയലാണ്. ‘ഉപ്പും മുളകി’നു മുൻപും പിൻപും എന്നു രണ്ടായി വേർതിരിക്കാവുന്ന രീതിയിൽ ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ‘ഉപ്പും മുളകി’ലെ ബാലു. ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ബിജു സോപാനം അവരുടെ പ്രിയപ്പെട്ട ബാലുചേട്ടൻ ആണ്.

സീരിയൽ വിശേഷങ്ങളെ കുറിച്ചും കാവാലത്തിനൊപ്പമുള്ള നാടകജീവിതത്തെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ബിജു സോപാനം.

“എങ്ങനെ അതിഭാവുകത്വമില്ലാതെ ഒരു സീരിയൽ ചെയ്യാം എന്ന ചിന്തയിൽ നിന്നുമാണ് ഉപ്പും മുളകും എന്ന ആശയം വരുന്നത്. ഇതുവരെ ഉപ്പും മുളകിൽ അഞ്ഞുറോളം മേക്ക് ഓവർ കഥാപാത്രങ്ങളെയെങ്കിലും ഞാൻ ചെയ്തിട്ടുണ്ടാകും. ഇഷ്ടമുള്ള വേഷങ്ങളൊക്കെ ചെയ്ത് അർമാദിച്ചു എന്നു തന്നെ പറയാം,” ബിജു സോപാനം പറയുന്നു.

“ഉപ്പും മുളകും പോലെ വേറെ ഒന്നില്ല, ഇതിനു മുകളിൽ നിൽക്കുന്ന ഒന്ന് ചിലപ്പോൾ വന്നേക്കാം. പക്ഷേ ഇതുപോലെ ഒന്നു വരുന്നുണ്ടാവില്ല. എല്ലാവരുടെയും സഹകരണമാണ് ഉപ്പും മുളകിന്റെ വിജയത്തിനു പിറകിൽ. ഇല്ലാത്തവന്റെ കഥ, ജീവിക്കാൻ തന്ത്രപ്പാടുള്ളവന്റെ, കുട്ടികളെ സ്നേഹിക്കുന്ന രക്ഷിതാക്കളുടെ കഥ. പിണക്കങ്ങളും പരിഭവങ്ങളുമുള്ള കഥ. സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്ന ഫീലാണ് പ്രേക്ഷകർക്ക് നൽകുന്നത്. പലരും ചോദിച്ചിട്ടുണ്ട്, ഇത് നിങ്ങൾ ക്യാമറ ഹൈഡ് ചെയ്ത് വെച്ചിട്ട് ചെയ്യുന്നതല്ലേ എന്ന്. ഞങ്ങളിൽ ഒരാൾ അല്ലെങ്കിൽ ഇത് ഞാനാണ് എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുന്നതാവും ഈ വിജയത്തിന്റെ കാരണം.” ബിജു പറഞ്ഞു.

Read more: പാറുക്കുട്ടി ആദ്യമായി ‘അച്ഛാ’ എന്നു വിളിച്ചപ്പോൾ: ‘ഉപ്പും മുളകും’ വിശേഷങ്ങളുമായി ബിജു സോപാനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook