scorecardresearch

ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7

"പറയുന്നത് മോഹൻലാലാണ്, മലയാള​സിനിമയുടെ നെടുംതൂണായ താരങ്ങളിലൊരാൾ. ബിഗ് ബോസ് പോലുള്ളൊരു വലിയ വേദിയിൽ വച്ച് 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ' എന്നു പറഞ്ഞുകൊണ്ടുള്ള ആ ചേർത്തുപിടിക്കലിന് എത്രയോ മനുഷ്യരെ സ്വാധീനിക്കാനുള്ള കഴിവുണ്ട്"

"പറയുന്നത് മോഹൻലാലാണ്, മലയാള​സിനിമയുടെ നെടുംതൂണായ താരങ്ങളിലൊരാൾ. ബിഗ് ബോസ് പോലുള്ളൊരു വലിയ വേദിയിൽ വച്ച് 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ' എന്നു പറഞ്ഞുകൊണ്ടുള്ള ആ ചേർത്തുപിടിക്കലിന് എത്രയോ മനുഷ്യരെ സ്വാധീനിക്കാനുള്ള കഴിവുണ്ട്"

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Mohanlal Adhila Noora Controversy

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് കേവലം ഒരു റിയാലിറ്റി ഷോ മാത്രമല്ല, അതിനപ്പുറം ഒരു സോഷ്യൽ എക്സ്പെരിമെന്റൽ- സർവൈവൽ ഗെയിം​ കൂടിയാണ്. വ്യത്യസ്ത നിലപാടുകളും വിശ്വാസങ്ങളുമുള്ള, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള മനുഷ്യർ അവരുടെ നിലപാടുകളോടെ തന്നെ ആ ഷോയിൽ ഏറ്റുമുട്ടുന്നു എന്നതാണ് ബിഗ് ബോസിനെ പ്രസക്തമാക്കുന്നത്. 

Advertisment

ലോകപ്രശസ്തമായ ബിഗ് ബ്രദർ  റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. 1999-ൽ നെതർലാൻഡ്സിൽ ആരംഭിച്ച ആ​ ഷോയ്ക്ക് ഇന്ന് ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലും മലയാളത്തിലുമെല്ലാം പതിപ്പുകളുണ്ട്. 100 ദിവസം അപരിചിതരായ മനുഷ്യർക്കൊപ്പം പുറംലോകവുമായി ബന്ധമില്ലാതെ, എന്തിന് സമയബോധം പോലുമില്ലാതെ ജീവിക്കേണ്ടി വരുന്നു.  അതിനിടയിൽ സംഭവിക്കുനന സമ്മർദ്ദം, ഒറ്റപ്പെടൽ/ ഒറ്റപ്പെടുത്തൽ, മത്സരവീര്യം, തർക്കങ്ങൾ എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ ഓരോരുത്തരും എങ്ങനെ പെരുമാറും? ആ മനുഷ്യാവസ്ഥയെ ആണ് ഒരു കണ്ണാടിയിലെന്ന പോൽ ബിഗ് ബോസ് പ്രതിഫലിപ്പിക്കുന്നത്, തീർച്ചയായും അതിനൊരു എന്റർടെയിൻമെന്റ് വാല്യൂ ഉണ്ടുതാനും. 

Also Read: ആദിലയും നൂറയും എനിക്കെന്റെ അക്ബറിനെ പോലെയാണ്; വീഡിയോയുമായി അക്ബറിന്റെ ഉമ്മ: Bigg Boss Malayalam 7

വിനോദത്തിനുള്ള ഒരു ഷോ എന്നതിനപ്പുറം, ഇന്ന് പ്രേക്ഷകർക്കിടയിൽ നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട് ബിഗ് ബോസ്.  കുടുംബങ്ങളിലും ഓഫീസുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം ഇന്ന് ബിഗ് ബോസ് വീട്ടിലെ സംഭവവികാസങ്ങൾ ചർച്ചയാവുന്നു. സ്ത്രീപുരുഷ സമത്വം, LGBTQ+ അവകാശങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിലൊക്കെയുള്ള പൊതുചർച്ചകൾക്ക് ഈ ഷോ വഴി തെളിച്ചിട്ടുണ്ട്.

Advertisment

ആ ഒരു സാഹചര്യത്തിൽ തന്നെയാണ്, "ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ," എന്ന മോഹൻലാലിന്റെ വാക്കുകൾ പ്രസക്തമാവുന്നതും.

Also Read: ആദിലയും നൂറയും; പ്രണയത്തിനായി ലോകത്തോട് യുദ്ധം ചെയ്ത പൂമ്പാറ്റകൾ- Bigg Boss Malayalam Season 7

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ​ തന്നെ ആദ്യമാണ്, ലെസ്ബിയൻ കപ്പിൾ മത്സരിക്കാൻ എത്തിയത്. ആദിലയും നൂറയും.  ബിഗ് ബോസ് വരെ എത്തിയ ഇരുവരുടെയും യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പ്രണയത്തിനായി ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യേണ്ടി വന്നവരാണ് അവർ. ആ യുദ്ധത്തിനിടയിൽ അച്ഛനമ്മമാരും വീടും കുടുംബവുമെല്ലാം  ഇരുവരെയും കൈവിട്ടു. ഒടുവിൽ ഒരുപാട് പീഡനങ്ങളും ഭീഷണികളും വെല്ലുവിളികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങുകയായിരുന്നു. ‘വീ ആർ ലെസ്ബിയൻ കപ്പിൾ’ എന്ന് നെഞ്ചുറപ്പോടെ പറയുമ്പോഴും സമൂഹവും കുടുംബവുമെല്ലാം തങ്ങളെ മാറ്റി നിർത്തുന്നതിന്റെ നോവ് ഇരുവരും അനുഭവിക്കുന്നുണ്ട്. 

ആദിലയും നൂറയും ഷോയിലേക്ക് എത്തിയപ്പോൾ അവരെ സംശയത്തോടെയും വിദ്വേഷത്തോടെയും നെറ്റിചുളിച്ചും നോക്കിയ പ്രേക്ഷകർ അനവധിയാണ്. എന്നാൽ കഥ മാറിയിട്ടുണ്ട്. വ്യക്തിത്വവും പെരുമാറ്റവും പരസ്പരമുള്ള സ്നേഹ- ബഹുമാനങ്ങളും കൊണ്ട് ആദിലയും നൂറയും  പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കാഴ്ചയാണിപ്പോൾ കാണാനാവുക. അതുകൊണ്ടു തന്നെയാണ്, ആദിലയേയും നൂറയേയും കുറിച്ച് ഹൗസിൽ നടന്ന ഒരു തർക്കത്തിനിടയിൽ വേദ ലക്ഷ്മി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിലെങ്ങും വലിയ ചർച്ചയായത്. 

Also Read: ഓടി നടന്ന് മാപ്പ് ചോദിച്ച് ലക്ഷ്മി; പറപറത്തി അനീഷ്; ദുരുദ്ദേശം തെളിവ് സഹിതം പറഞ്ഞ് ഷാനവാസ് ; Bigg Boss Malayalam Season 7

"നിന്റെയൊക്കെ വീട്ടിൽ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേ ഇവർ,"  എന്നായിരുന്നു ആദിലയേയും നൂറയേയും കുറിച്ച് അക്ബറിനോട് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ വാക്കുകൾ കേട്ട് സങ്കടപ്പെട്ട ആദിലയുടെ മുഖം പ്രേക്ഷകരിൽ നല്ലൊരു വിഭാഗം ആളുകളെയും അസ്വസ്ഥമാക്കി.  ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശങ്ങളെ ഗൗരവകരമായി തന്നെ ബിഗ് ബോസ് അണിയറപ്രവർത്തകർ നോക്കി കാണണമെന്ന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു.

വാരാന്ത്യ എപ്പിസോഡിനായി വീട്ടിലെത്തിയ മോഹൻലാൽ,  ആ പരാമർശത്തിൽ ലക്ഷ്മിയോട് വിശദീകരണം തേടുകയും ചെയ്തു.  "ലക്ഷ്മിയുടേത് വളരെ തെറ്റായ സ്റ്റേറ്റ്‌മെന്റ് അല്ലേ? നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത്? ഉത്തരം പറഞ്ഞേ പറ്റൂ...  നിന്റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നു പറയാന്‍ നിങ്ങള്‍ക്കൊക്കെ എന്ത് അധികാരമുണ്ട്? നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ അവർ? ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. എന്താ കുഴപ്പം?  നിങ്ങള്‍ ഏത് സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്?" 

ചോദിക്കുന്നത് മോഹൻലാലാണ്, മലയാള​സിനിമയുടെ നെടുംതൂണായ താരങ്ങളിലൊരാൾ. ബിഗ് ബോസ് പോലുള്ളൊരു വലിയ വേദിയിൽ വച്ച് 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ' എന്നു പറഞ്ഞുകൊണ്ടുള്ള ആ ചേർത്തുപിടിക്കലിന് എത്രയോ മനുഷ്യരെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. സാധാരണക്കാരായ ഒരുപാട് പ്രേക്ഷകരുടെ മനസ്സു തൊടാനും ആ വാക്കുകൾക്ക് ആവും. 

"നിങ്ങളുടെ താല്‍പര്യങ്ങള്‍ നിങ്ങളില്‍ മാത്രം നിക്ഷിപ്തമാണ്. നിങ്ങളുടെ സൗകര്യത്തിനു ജീവിക്കാന്‍ മറ്റൊരാളെ നിങ്ങള്‍ പ്രേരിപ്പിക്കരുത്," എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ വളരെ ധീരമായൊരു സ്റ്റേറ്റ്‌മെന്റായി അതു മാറി.  ആദിലയ്ക്കും  നൂറയ്ക്കുമെതിരെ ലക്ഷ്മി നടത്തിയ ഹോമോഫോബിക് പരാമര്‍ശങ്ങളെ മോഹൻലാൽ അഡ്രസ് ചെയ്ത രീതി തീര്‍ച്ചയായും മാതൃകാപരമാണ്. 

ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം ആദിലയ്ക്കും നൂറയ്ക്കും ലഭിച്ച ഏറ്റവും മികച്ച വേദികളിൽ ഒന്നാവുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള ഉത്തരവും സെപ്റ്റംബർ 13ന് ടെലികാസ്റ്റ് ചെയ്ത എപ്പിസോഡിൽ കാണാം. സമൂഹത്തിന്റെ  ഹോമോഫോബിക് പ്രവണതയേയും തെറ്റിദ്ധാരണകളെയുമെല്ലാം കൃത്യമായി തന്നെയാണ് ആദില അഡ്രസ്സ് ചെയ്യുന്നത്.  

"ലാലേട്ടാ, ഞങ്ങളുടെ റിലേഷന്‍ഷിപ്പ് അവര്‍ക്ക് ഓക്കെയല്ല എന്ന തരത്തില്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അവരുടെ മകന്‍ അടക്കമുള്ള ആളുകള്‍ ഇതുകണ്ട് ഇന്‍ഫ്‌ളുവന്‍സ് ആകും എന്നൊരു സ്റ്റേറ്റ്‌മെന്റ് അവർ പറഞ്ഞിരുന്നു. ഞങ്ങൾ രണ്ടാളും ചെറുപ്പം മുതലേ ലെസ്ബിയന്‍ കണ്ടുവളര്‍ന്ന ആള്‍ക്കാര്‍ അല്ല. ഞങ്ങള്‍ക്കു ഞങ്ങളുടെ സ്വത്വം മനസിലായത് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ആണ്."

"ഇതുകണ്ട് ആരും ഇന്‍ഫ്‌ളുവന്‍സ് ആകില്ല എന്നെനിക്ക് പറയണമെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ പറയുന്നത് ഇന്‍ഫ്‌ളുവന്‍സ് ആകുമെന്നാണ്. ഒരാളുടെ സെക്ഷ്വാലിറ്റിയൊക്കെ അവർ ജനിക്കുമ്പോള്‍ തൊട്ട് ഉണ്ടാകുന്ന സംഗതിയാണ്. ഒരു സമയം  എത്തുമ്പോള്‍ നമ്മള്‍ അത് തിരിച്ചറിയുന്നു എന്നേയുള്ളൂ. ആരെയും നമുക്ക് ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയെങ്കില്‍ ഇവിടെ ഇരിക്കുന്ന ഹെട്രോസെക്ഷ്വല്‍സിനെ എല്ലാവരെയും എനിക്കും നൂറയ്ക്കും ഇന്‍ഫ്‌ളുവന്‍സ് ചെയ്തു ഹോമോസെക്ഷ്വല്‍സ് ആക്കാം. അത് ഒരിക്കലും സാധ്യമല്ല. കുറേപേര്‍ക്ക് ആ തെറ്റിദ്ധാരണയുണ്ട്, ലെസ്ബിയന്‍ കപ്പിള്‍സ് എന്നു പറഞ്ഞാല്‍ ഭയങ്കര അണ്‍കംഫര്‍ട്ടബിള്‍ ആയിരിക്കുമെന്ന്.  ഞങ്ങള്‍ക്ക് ഇത് നോര്‍മലൈസ് ചെയ്യണം. കാരണം ഞങ്ങളും എല്ലാവരെയും പോലെ സാധാരണ ആള്‍ക്കാരാണ്. സെക്ഷ്വല്‍ ലൈഫ് മാത്രമല്ല, എല്ലാവരെയും പോലെ സ്‌നേഹം, ബഹുമാനം തുടങ്ങിയ ബേസിക്  കാര്യങ്ങളിലാണ് ഞങ്ങളുടെ  റിലേഷന്‍ഷിപ്പും നില്‍ക്കുന്നതെന്ന് ഞങ്ങള്‍ക്കൊന്ന് കാണിക്കണമെന്നുണ്ടായിരുന്നു," എന്നാണ് ഏറ്റവും കൃത്യമായും വ്യക്തമായും ആദില പറഞ്ഞുവയ്ക്കുന്നത്. മോഹൻലാലിനും മത്സരാർത്ഥികൾക്കുമൊപ്പം ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകർ കൂടിയാണ് ആ വാക്കുകൾ കേട്ടിരുന്നത്. 

ഇതുപോലൊരു മൊമന്റ് ആയിരുന്നു, ബിഗ് ബോസ് നാലാം സീസണിൽ  റിയാസ് സലിം LGBTQ കമ്യൂണിറ്റിയെ കുറിച്ച് സംസാരിച്ചതും.  വീക്ക്‌ലി ടാസ്കിനിടെ റിയാസിനോട്  ബ്ലെസ്‌ലി ചോദിച്ച എന്താണ് LGBTQ? എന്ന ചോദ്യത്തിന് റിയാസ് നൽകിയ ഉത്തരമിതായിരുന്നു: 

"എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികതയുള്ള ആളുകൾ ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ 'എല്‍' എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നത്. 'ജി' എന്നാല്‍ ഗേ എന്നാണ്, പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നത്. 'ബി' എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നത്. 'ക്യൂ' എന്നാല്‍ ക്യൂയിര്‍ മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ വരുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. 'ഐ' എന്നാല്‍ ഇന്റര്‍ സെക്‌സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പറയുന്നതാണ്. ജനിക്കുമ്പോള്‍ ഒരു ജെൻഡറിന്റെ ഫിസിക്കാലിറ്റി മാത്രമല്ലാതെ ചില എക്‌സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ, കുറവ് എന്നാല്‍ അതിന്റെ വലിപ്പത്തിലുള്ള കുറവോ, അല്ലെങ്കിൽ രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്സ് എന്ന് പറയുന്നത്. 'എ' എന്നാൽ അസെക്ഷ്വൽ ആയവർ, അതായത് ഒരു ജെൻഡറിലുള്ള മനുഷ്യരോടും ഒരു തരത്തിലുള്ള ലൈംഗികതയും തോന്നാത്തവർ. പിന്നെ 'പ്ലസ്' ഉണ്ട്, ഇതൊന്നും അല്ലാതെ വേറെയും കുറെ സെക്ഷ്വാലിറ്റികളുണ്ട്. ജെൻഡർ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം പ്രണയം തോന്നുന്നവരെ ഡെമി സെക്ഷ്വൽ എന്ന് പറയും. ജെൻഡർ നോക്കാതെ എല്ലാവരോടും പ്രണയം തോന്നുവരെ പാൻസെക്ഷ്വൽ എന്ന് പറയും. ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര ജെൻഡറും സെക്ഷ്വലിറ്റികളുമുണ്ട്," ഈ വിഷയത്തിൽ അതിലും മികച്ചതും സ്പഷ്ടവുമായൊരു  മറുപടി ​അതുവരെ മലയാളി പ്രേക്ഷകർ കേട്ടിരുന്നില്ല. 

വെറും വഴക്കവും ബഹളവും മാത്രമുള്ള ഒരു അരസികൻ പരിപാടിയെന്ന് ബിഗ് ബോസിനെ പഴിചാരിയവർ പോലും റിയാസിന്റെ ആ മറുപടി കേട്ടിരുന്നു.  ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർ അല്ലാത്തവർ പോലും റിയാസിന്റെ വാക്കുകൾ ഏറ്റെടുത്തതോടെ വീഡിയോ  വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ലക്ഷകണക്കിന് മനുഷ്യരിലേക്ക് ആ വീഡിയോ എത്തി. അതുമാത്രമല്ല, ഫെമിനിസം, ലിംഗ സമത്വം, മാനസിക ആരോഗ്യം, LGBTQIA+, സിംഗിൾ പേരന്റിങ്, ടോക്സിക് പേരന്റിങ്, വസ്ത്ര സ്വാതന്ത്ര്യം, ആർത്തവം അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ എന്നു തുടങ്ങി റിയാസ് ഷോയിൽ സംസാരിച്ച ഒരുപാട് വിഷയങ്ങൾ ആളുകൾ ശ്രദ്ധയോടെ കേട്ടു. 

ബിഗ് ബോസിൽ റിയാസും നാദിറ മെഹ്റിനുമെല്ലാം തുടങ്ങി വച്ചതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് ഇപ്പോൾ ആദിലയും നൂറയും. ഈ ഭൂമിയിൽ സന്തോഷത്തോടെയും അഭിമാനത്തോടെയും തുല്യതാബോധത്തോടെയും ജീവിക്കാനുള്ള അവകാശങ്ങൾക്കു വേണ്ടി ജീവിതം കൊണ്ട് പടപൊരുതുന്ന ആ മനുഷ്യർക്കൊപ്പം നിൽക്കുന്നു എന്നത് ബിഗ് ബോസ് ഷോയുടെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. ആ ഷോയിൽ, മോഹൻലാലിനെ പോലെ സമൂഹത്തിൽ വലിയ രീതിയിൽ സ്വാധീനശേഷിയുള്ള ഒരു ഐക്കൺ വന്ന്, "ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ," എന്ന് പറയുമ്പോൾ അത്  വെറും ഭംഗിവാക്കല്ല, ധീരമായൊരു സ്റ്റേറ്റ്‌മെന്റ് ആണ്.  അഭിനന്ദിക്കേണ്ടതുണ്ട് ആ നിലപാടിനെ. 

Also Read: ബിഗ്ഗ് ബോസ്സിൽ നിന്നും മസ്താനി പുറത്തേക്ക്? Bigg Boss Malayalam Season 7

Bigg Boss Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: