/indian-express-malayalam/media/media_files/uploads/2021/05/Soorya-menon-bigg-boss-1.jpg)
Bigg Boss Malayalam Season 3: ഓരോ തവണയും ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പുറത്ത് ഫാൻസ് തമ്മിലുള്ള പോർവിളികളും സാധാരണമാണ്. ഇത്തവണയും സ്ഥിതി മറ്റൊന്നല്ല. മണിക്കുട്ടൻ, ഡിംപൽ, കിടിലം ഫിറോസ്, സജ്ന- ഫിറോസ്, സൂര്യ, റംസാൻ, സായി എന്നിവരെല്ലാം ഇത്തവണ ശക്തമായ ഫാൻ ബേസ് ഉള്ള മത്സരാർത്ഥികളായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളെ സേഫ് സോണിലാക്കാൻ വേണ്ടി ഓടിനടന്ന് വോട്ട് ചെയ്തും ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചും എതിർ മത്സരാർത്ഥിയ്ക്ക് എതിരെ ട്രോളുകൾ ഉണ്ടാക്കിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായ ആരാധകവൃന്ദം ഇത്തവണയും പുറത്തുണ്ടായിരുന്നു.
ഇപ്പോഴിതാ, ബിഗ് ബോസ് മലയാളം സീസൺ 3 യുടെ സംപ്രേക്ഷണം തമിഴ്‌നാട്ടിൽ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താത്കാലികമായി നിർത്തി വച്ചെന്ന വാർത്തകൾ പുറത്തുവരുമ്പോഴും ഒരു പറ്റം ആരാധകർ അത് ആഘോഷമാക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയ സൂര്യയുടെ ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഷോ നിർത്തിയത് ആഘോഷമാക്കുന്നത്.
ഈ സീസണിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുകയും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനത്തിന് ഇരയാവുകയും ചെയ്ത മത്സരാർത്ഥിയാണ് സൂര്യ. ബിഗ് ബോസ് വീടിനകത്ത് മെഡിറ്റേഷനിൽ ഇരിക്കുകയും പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുകയുമൊക്കെ ചെയ്ത സൂര്യയുടെ ചെയ്തികളും ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രപഞ്ചശക്തി എന്നൊരു പേരു തന്നെ ട്രോളന്മാർ സൂര്യയ്ക്ക് നൽകിയിരുന്നു.
സൂര്യ പുറത്തായതിന് പിന്നാലെ, ഷോ നിർത്തി വയ്ക്കുന്നു എന്ന വാർത്തകൾ കൂടി വന്നതോടെ ആഘോഷമാക്കുകയാണ് സൂര്യ ആർമി. "ഇത് സൂര്യയുടെ ശാപം ആണ്. പ്രപഞ്ച ശക്തി ഉണ്ട് എന്ന് ബോധ്യമായില്ലേ," എന്നിങ്ങനെ പോവുന്നു സൂര്യ ആർമിയുടെ പോസ്റ്റുകൾ. ശാപം, പ്രപഞ്ചശക്തി എന്നൊക്കെ പറഞ്ഞ് അന്തവിശ്വാസം ഉയർത്തിപ്പിടിച്ചു നടക്കുന്ന നിങ്ങളൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന ചോദ്യവുമായി മറ്റ് മത്സരാർത്ഥികളുടെ ആർമികളും രംഗത്തുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണും കോവിഡ് പ്രതിസന്ധി മൂലം പൂർത്തിയാക്കാനാവാതെ സംഘാടകർക്ക് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. അച്ചടക്കനടപടികളുടെ ഭാഗമായി ഡോ. രജിത് കുമാർ ഷോയിൽ നിന്നും പുറത്തായതിനു പിന്നാലെയായിരുന്നു അന്ന് ഷോ നിർത്തിവച്ചത്. ആ സമയത്തും സമാന രീതിയിലുള്ള പ്രചരണവുമായി രജിത് ആർമി രംഗത്തുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ ആർമികൾ തമ്മിൽ ഏറ്റുമുട്ടുമ്പോഴും ഭൂരിഭാഗം പ്രേക്ഷകരും ഷോ നിർത്തിയതിൽ സങ്കടത്തിലാണ്. ഫൈനലിലേക്ക് വളരെ കുറച്ചു ദിവങ്ങൾ മാത്രമുള്ളപ്പോൾ ഷോ നിർത്തിയത് പ്രേക്ഷകരെ നിരാശരാക്കുകയാണ്.
Read more: ആറു പേര്‍ക്ക് കോവിഡ്, ഒരു ലക്ഷം രൂപ പിഴ; ബിഗ് ബോസ് നിര്‍ത്തിയതിനു പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.