/indian-express-malayalam/media/media_files/uploads/2021/04/bigg-boss-malayalam-season-3-elimination-firoz-khan-rajith-kumar-481140-FI-2.jpeg)
Bigg Boss Malayalam Season 3: ലോകത്തിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോകളിൽ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോ ആണ് 'ബിഗ് ബോസ്.' പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വീട്ടിൽ ഒരുപിടി നിയമങ്ങളും നിയന്ത്രണങ്ങളും നൽകി പല മേഖലകളിൽ നിന്നുള്ള, പല സ്വഭാവക്കാരായ ആളുകളെ ഒന്നിച്ച് താമസിപ്പിച്ചാൽ എന്തായിരിക്കും സംഭവിക്കുക? അതിജീവനത്തിനായി ഓരോ ദിവസവും പരസ്പരം മത്സരിക്കേണ്ടി വരുമ്പോൾ ആരൊക്കെയാണ് വീണു പോവുക, ആരാണ് വിജയിയാവുക? 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയുടെ ഫോർമാറ്റിലെ ഈ പ്രത്യേകത തന്നെയാണ് ഇത്രയേറെ ജനപ്രീതി ഷോയ്ക്ക് ലഭിക്കാൻ കാരണവും.
സെലിബ്രിറ്റികളായവരാണ് ഷോയിൽ കൂടുതലും മത്സരാർത്ഥികളായി എത്തുന്നതെങ്കിലും ആദ്യത്തെ ഏതാനും ദിവസങ്ങൾ മാത്രമാണ് അവരെ സെലിബ്രിറ്റി പരിവേഷത്തോടെ പ്രേക്ഷകർ നോക്കി കാണുന്നത്. ദിവസങ്ങൾ കടന്നു പോകവേ, പ്രേക്ഷകർക്കു മുന്നിൽ അവർ അതിജീവനത്തിനായി മത്സരിക്കുന്ന സാധാരണ മനുഷ്യരായി മാറും. പുറത്തെ താരപ്രഭയോ സുഖസൗകര്യങ്ങളോ ഒന്നുമില്ലാതെ, എല്ലാവരും സമൻമാരാകുന്ന 'ബിഗ് ബോസ്' വീട്ടിലെ നാലു ചുമരുകൾക്കുള്ളിൽ, കരഞ്ഞും ചിരിച്ചും കലഹിച്ചും പ്രതിസന്ധികളിൽ തട്ടി വീണും എണീറ്റും വീണ്ടും നടന്നുമെല്ലാം മത്സരാർത്ഥികൾ മുന്നേറുമ്പോൾ അതവരിൽ മനശാസ്ത്രപരമായ നിരവധി മാറ്റങ്ങൾക്കും കാരണമാവുന്നുണ്ട്. സമൂഹത്തിന്‍റെ ഒരു പരിച്ഛേദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഷോ ഓരോ മനുഷ്യന് മുന്നിലേക്കും നീട്ടി പിടിക്കുന്ന കണ്ണാടിയാവുന്നത് അങ്ങനെയാണ്.
അതിജീവനം എന്തെന്ന്, മത്സരങ്ങളിൽ ആരോഗ്യകരമായി എങ്ങനെ വിജയിക്കാമെന്ന്, ഏകാന്തതയും പ്രതിബദ്ധതങ്ങളും ഓരോ മനുഷ്യരെയും എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് 'ബിഗ് ബോസ്' ഷോയിലൂടെ പ്രേക്ഷകർ കാണുന്നു. മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളെ മനസ്സിലാക്കാനുള്ള 'സ്പെസിമെൻ' ആണ് ഒരർത്ഥത്തിൽ 'ബിഗ് ബോസി'ലെ ഓരോ മത്സരാർത്ഥിയും. കോടികൾ ചിലവഴിച്ച് ഒരുക്കുന്ന ഷോയ്ക്ക് പിന്നിലെ കച്ചവട താൽപ്പര്യങ്ങളെല്ലാം മാറ്റി നിർത്തിയാലും 'ബിഗ് ബോസ്' പ്രേക്ഷകർക്ക് നൽകുന്ന ചില ഉൾക്കാഴ്ചകളും തിരിച്ചറിവുകളുമുണ്ട്. ചുറ്റുമുള്ള മനുഷ്യരെ കുറച്ചു കൂടി മനസ്സിലാക്കാനും പ്രതിസന്ധികൾ മനുഷ്യരെ എത്രത്തോളം ദുർബലരാക്കും അല്ലെങ്കിൽ ശക്തരാക്കുമെന്നുമൊക്കെയുള്ള തിരിച്ചറിവ് പ്രേക്ഷകർ പോലുമറിയാതെ അവരുടെ ബോധതലത്തിൽ രജിസ്റ്റർ ചെയ്യാനുമൊക്കെ 'ബിഗ് ബോസ്' പോലുള്ള റിയാലിറ്റി ഷോയ്ക്ക് കഴിയുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2021/02/firoz-bigg-boss.jpg)
മലയാളത്തിലേക്ക് 'ബിഗ് ബോസ്' റിയാലിറ്റി ഷോ എത്തിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും സംഭവബഹുലമായ രണ്ടു സീസണുകൾക്കാണ് മലയാളി പ്രേക്ഷകർ ഇതിനകം സാക്ഷിയായത്. രണ്ടാം സീസണിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഡോ. രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കിയ സംഭവം. ഇപ്പോഴിതാ, ഈ സീസണിൽ ശിക്ഷാനടപടികളുടെ ഭാഗമായി ഫിറോസ്- സജ്ന ദമ്പതിമാരെയും ഷോയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.
സൂക്ഷിച്ചു നോക്കിയാൽ, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വങ്ങളാണ് രജിത് കുമാറും ഫിറോസ് ഖാനും. ഏറെ സാമ്യങ്ങളും ഈ മത്സരാർത്ഥികൾക്ക് ഉണ്ട്. വീടിനകത്തെ ഒറ്റയാൻ, സത്യം വിളിച്ചു പറയുന്നവൻ എന്നിവയൊക്കെ ഇരുവരുടെയും വിശേഷണങ്ങളായിരുന്നു. പ്രതിപക്ഷബഹുമാനമില്ലാതെയും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് തെല്ലും വില നൽകാതെയും പ്രശ്നങ്ങൾ സ്വയം വരുത്തി വെച്ചിട്ട് ഒടുവിൽ ഇരവാദം, മറ്റുള്ളവർ തങ്ങൾക്കെതിരെ ഗ്രൂപ്പിസം കളിയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി കൊണ്ടു നടന്ന മത്സരാർത്ഥികൾ.
ഏറ്റവും രസകരമായ മറ്റൊരു വസ്തുത, ഇരുവരുടെയും സോഷ്യൽ മീഡിയയിലെ ആർമികളുടെയും ഫാൻസ് ഗ്രൂപ്പിന്‍റെയും പൊതുസ്വഭാവവും ഒന്നാണെന്നതാണ്. അക്രമോത്സുകത നിറഞ്ഞ ഒരു ആൾക്കൂട്ടമാണ് ഇരുവരെയും പിന്തുണച്ചത്. ഓരോ പ്രജയ്ക്കും അവരാഗ്രഹിക്കുന്ന രാജാവിനെ ലഭിക്കുമെന്ന പഴമൊഴിയെ അൽപ്പമൊന്നു തിരുത്തി കുറിക്കുന്നുണ്ട് ഈ സൈബർ പോരാളികൾ. 'രാജാവിനൊത്ത പ്രജകൾ' എന്ന രീതിയിൽ സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻ ആശയങ്ങളും അസഭ്യവർഷങ്ങളും സ്ലട്ട് ഷേമിംഗുമെല്ലാം ആഘോഷമാക്കുന്ന ഫാൻസ്, ഇരുവർക്കും ശക്തമായ പിന്തുണയുമായി, നിതാന്ത ജാഗ്രതയോടെ എപ്പോഴും പുറത്തുണ്ടായിരുന്നു.
തങ്ങളുടെ ഇഷ്ടമത്സരാർത്ഥിയെ പിന്തുണയ്ക്കുക മാത്രമല്ല ഇരുവരുടെയും ഫാൻസ് ചെയ്തത്. തങ്ങളുടെ പ്രിയ മത്സരാർത്ഥിയ്ക്ക് പ്രതിയോഗിയാകുമെന്ന് തോന്നിയ മത്സരാർത്ഥികൾക്കെതിരെ സൈബർ ആക്രമണങ്ങൾ അഴിച്ചു വിടുക കൂടിയാണ്. എലിമിനേഷൻ പ്രക്രിയയെ വോട്ടിംഗിലൂടെ അട്ടിമറിക്കാൻ മാത്രം ശക്തമായൊരു ഫാൻ ബേസ് ഇരുവർക്കും ഉണ്ടായിട്ടും ഇവർ പുറത്തായി എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. 'ബിഗ് ബോസ്' തന്നെ നേരിട്ട് അന്തിമവിധി കൈക്കൊള്ളുകയായിരുന്നു ഇരുവരുടെ കാര്യത്തിലും.
/indian-express-malayalam/media/media_files/uploads/2020/03/Rajith-kumar-bigg-boss-amp.jpg)
'ദ ഷോ മസ്റ്റ് ഗോ ഓൺ' എന്നാണ് 'ബിഗ് ബോസ്' മലയാളത്തിന്റെ ഈ സീസണിലെ ആപ്തവാക്യം. എന്തൊക്കെ സംഭവിച്ചാലും ഷോ മുന്നോട്ട് പോവുക തന്നെ ചെയ്യും. പുതിയ ശത്രുക്കളും സൗഹൃദങ്ങളും സ്ട്രാറ്റജി ഗെയിമുകളും 'ബിഗ് ബോസ്' വീട്ടിൽ ഇനിയുമുണ്ടായേക്കാം. ചിലപ്പോൾ ആദ്യം മുതൽ വിജയപ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയാവാം ഫൈനലിലെത്തുക. മറ്റു ചിലപ്പോൾ, ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തെ ഓർമ്മിപ്പിച്ചു കൊണ്ട് തുടക്കത്തിൽ ഏറ്റവും ദുർബലനെന്നു തോന്നിപ്പിച്ച ഒരാൾ നിരന്തരമായ ശ്രമങ്ങൾക്ക് ഒടുവിൽ വിജയിയായേക്കാം.
'ബിഗ് ബോസി'ന്റെ മുന്നോട്ടുള്ള പ്രയാണം അതിന്റെ വഴിക്ക് തന്നെ മുൻപോട്ടു പോവുമ്പോഴും ഡോ. രജിത് കുമാറും ഫിറോസ് ഖാനും സമൂഹത്തിന് നൽകുന്ന ചില പാഠങ്ങളും ഓർമ്മപ്പെടുത്തലുകളുമുണ്ട്. ഒരു അധ്യാപകൻ/ സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു വാഗ്മി എങ്ങനെയാവരുത് എന്നതിന്റെ ഉദാഹരണമായിരുന്നു ഡോ. രജിത് കുമാർ. അതേ സമയം, 'ബിഗ് ബോസ്' ഷോയിൽ പ്രേക്ഷകർ കണ്ട മത്സരാർത്ഥിയാണ് യഥാർത്ഥജീവിതത്തിലും ഫിറോസ് ഖാൻ എങ്കിൽ, ഒരു വ്യക്തി എങ്ങനെ ആവരുത് എന്നതിന്റെ ഒരു മിനിയേച്ചർ രൂപമാണ് അത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ധാർഷ്ട്യം, താൻപോരിമ, പ്രതിപക്ഷ ബഹുമാനമില്ലായ്മ, സ്ത്രീവിരുദ്ധത, എത്ര തരം താണ കളി കളിച്ചും എതിരാളിയെ തളർത്താൻ ശ്രമിക്കുന്ന വക്രബുദ്ധി എന്നിവയെല്ലാം ഒരു വ്യക്തിയെ എത്രത്തോളം പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുമെന്ന് 50 ദിവസത്തിലേറെ നീണ്ട ഫിറോസ് ഖാന്റെ 'ബിഗ് ബോസ്' ജീവിതം പ്രേക്ഷകർക്ക് കാണിച്ചു തരുന്നു. ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു വലിയ റിയാലിറ്റി ഷോയിൽ നിന്നും തല കുനിച്ച് ഇറങ്ങി നടക്കേണ്ടി വന്ന ഫിറോസ് ഖാനും രജിത് കുമാറും അനാരോഗ്യകരമായ മത്സരങ്ങളുടെ പരിണിതഫലം എന്തെന്നു കൂടി ഓർമ്മപ്പെടുത്തുന്നുണ്ട്.
Read Here: Bigg Boss Malayalam Season 3 Latest Episode Online Updates: ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.