/indian-express-malayalam/media/media_files/uploads/2022/11/WhatsApp.jpg)
ന്യൂഡല്‍ഹി:വാട്ട്സ്ആപ്പിന്റെ കമ്മ്യൂണിറ്റി ഫീച്ചര്‍ ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നുവെന്ന് മെറ്റാ സിഇഒയും സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആയി വര്‍ദ്ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന വീഡിയോ കോളിങ്ങും പുതിയ അപ്ഡേറ്റിലുണ്ട്. ഉപയോക്താക്കള്‍ക്ക് ഒരു ലിങ്ക് ക്രിയേറ്റ് ചെയ്ത് 32 പേരുമായി ഗ്രൂപ്പ് വീഡിയോ കോള്‍ നടത്താന്‍ സാധിക്കുന്ന ഫീച്ചറുകള്‍ കമ്പനി സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.
''ഇന്ന് ഞങ്ങള്‍ വാട്‌സ്ആപ്പ് കമ്മ്യൂണിറ്റികള്‍ ആരംഭിക്കുകയാണ്. ഉപഗ്രൂപ്പുകള്‍, ഒന്നിലധികം ത്രെഡുകള്‍, അറിയിപ്പ് ചാനലുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ ഇത് ഗ്രൂപ്പുകളെ മികച്ചതാക്കുന്നു. ഞങ്ങള്‍ വോട്ടെടുപ്പുകളും 32 പേരുടെ വീഡിയോ കോളിങ്ങും കൊണ്ടുവരുന്നു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി എല്ലാം സുരക്ഷിതമാക്കിയതിനാല്‍ നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് സ്വകാര്യയതുണ്ടാകും'' മെറ്റാ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ ഫീച്ചര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.
കമ്മ്യൂണിറ്റി ഫീച്ചര്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു, ഇത് ഉപയോക്താക്കളെയും അഡ്മിന്‍മാരെയും അവരുടെ ഗ്രൂപ്പുകളെ മികച്ച രീതിയില്‍ നിയന്ത്രിക്കാനും കൂടുതല്‍ അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്താനും സഹായിക്കുന്നു. വാടസ്ആപ്പ് കമ്മ്യൂണിറ്റികളെ ഒരു 'ഗ്രൂപ്പുകളുടെ ഡയറക്ടറി' ആയി കാണുന്നു, ആര്‍ക്കും പ്ലാറ്റ്ഫോമില്‍ സ്വന്തമായി ഒരു കമ്മ്യൂണിറ്റിയുണ്ടാക്കാനാകും, ഒന്നിലധികം ഗ്രൂപ്പുകളെ ചേരാന്‍ ക്ഷണിക്കാനും കഴിയും. എന്നാല്‍ ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അനുവദിച്ചാല്‍ മാത്രമേ കമ്മ്യൂണിറ്റിയില്‍ ചേര്‍ക്കപ്പെടൂ. ഒന്നിലധികം വാട്സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം. അല്ലെങ്കില്‍ ഒരു സ്‌കൂളില്‍ നിന്ന് വ്യത്യസ്ത രക്ഷാകര്‍തൃ-അധ്യാപക ഗ്രൂപ്പുകളുടെ ഒരു കമ്മ്യൂണിറ്റി ഉണ്ടായിരിക്കാം. ഇതാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനം.
ഫീച്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകളുടെ മുകളിലും ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് താഴെയുള്ള പുതിയ കമ്മ്യൂണിറ്റി ടാബിലും ടാപ്പ് ചെയ്യാമെന്ന് വാട്‌സാപ്പ് പറയുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമെ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ അംഗമാവുകയുള്ളൂ.
കമ്മ്യൂണിറ്റികളിലും വാട്ട്സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടരുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഒരു പ്രത്യേക ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമേ ആ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കാണാന്‍ കഴിയൂ. കമ്മ്യൂണിറ്റിക്ക്, ഗ്രൂപ്പുകളിലുടനീളം എല്ലാവര്‍ക്കും സന്ദേശമയയ്ക്കാന്‍ ഒരു ബ്രോഡ്കാസ്റ്റ് ഓപ്ഷന്‍ ഉണ്ടെങ്കിലും, ഈ സന്ദേശങ്ങള്‍ അനുവദിച്ചവര്‍ക്ക് മാത്രമേ അത് ദൃശ്യമാകൂ. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പിന്റെ ദുരുപയോഗം റിപ്പോര്‍ട്ടുചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ഇനി ഭാഗമാകാന്‍ ആഗ്രഹിക്കാത്ത കമ്മ്യൂണിറ്റികളില്‍ നിന്ന് പുറത്തുപോകാനുമുള്ള മാര്‍ഗങ്ങളുണ്ട്. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.