വാഷിങ്ടൺ: വെരിഫൈഡ് അക്കൗണ്ടുകൾക്ക് പണം ഈടാക്കാനൊരുങ്ങി ട്വിറ്റർ. ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ ഈടാക്കുമെന്ന് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്ക് അറിയിച്ചു. ബ്ലൂ-ടിക്ക് സബ്സ്ക്രൈബേഴ്സിന് മുൻഗണന ലഭിക്കുമെന്നും ദൈർഘ്യമേറിയ വീഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയുമെന്നും മസ്‌ക് പറഞ്ഞു.
നേരത്തെ ബ്ലൂ ടിക്കിന് 20 ഡോളർ ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിരക്ക് കുറയ്ക്കുകയായിരുന്നു. അതേസമയം, അടുത്തിടെ നടന്നൊരു സർവേയിൽ 80 ശതമാനം ട്വിറ്റർ യൂസർമാരും ബ്ലൂ ടിക്കിന് പണം നൽകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, 10 ശതമാനം പേർ പ്രതിമാസം 5 ഡോളർ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് 44 ബില്യൻ ഡോളർ മുടക്കി ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ തുടങ്ങിയിരുന്നു.