/indian-express-malayalam/media/media_files/uploads/2019/07/netflix.jpg)
ന്യൂഡൽഹി: കോവിഡ്-19 ഭീഷണിയെത്തുടർന്നുള്ള ലോക്ക്ഡൗൺ കാരണം നെറ്റ്ഫ്ലിക്സും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ആമസോൺ പ്രൈമും അടക്കമുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സ്ട്രീമിങ് സേവനങ്ങളോട് താൽപര്യമുള്ളവരെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുകയും ചെയ്തു. സ്ട്രീമിങ് വെബ്സൈറ്റുകളുടെ വ്യാജ പതിപ്പ് നിർമിച്ചാണ് ചിലർ സൈബർ തട്ടിപ്പ് നടത്തുന്നത്. ഇത്തരം വെബ് സൈറ്റിലൂടെ സൈബർ കുറ്റവാളികൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം അപഹരിക്കുകയും ചെയ്യുന്നു.
നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് പോലുള്ള സ്ട്രീമിങ് സേവനങ്ങളെ അനുകരിക്കുന്ന 700ലധികം തട്ടിപ്പ് വെബ് സൈറ്റുകൾ കണ്ടെത്തിയതായി സൈബർ സുരക്ഷാ സേവനദാദാക്കളായ മൈംകാസ്റ്റിനെ അധികരിച്ച് ദ് ഗാർഡിയൻ റിപോർട്ട് ചെയ്യുന്നു.
Also Read: വാട്സ്ആപ്പ് പുതിയ പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആറ് ഫീച്ചറുകൾ
ചില വ്യാജ വെബ് സൈറ്റുകൾ നിലവാരമില്ലാത്ത തരത്തിൽ രൂപകൽപന ചെയ്തവയും ഉള്ളടക്കത്തിൽ തെറ്റുകൾ കണ്ടെത്താവുന്നവയുമാണ്. പക്ഷേ മറ്റു ചിലത് രൂപത്തിലും ഉള്ളടക്കത്തിലും യഥാർഥ വെബ്സൈറ്റുകളോട് അടുത്തു നിൽക്കുന്നവയാണെന്നും ഗാർഡിയൻ റിപോർട്ടിൽ പറയുന്നു. സൗജന്യമായി അക്കൗണ്ട് നിർമിക്കാം, സ്ട്രീമിങ് സേവനങ്ങളുടെ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കാം തുടങ്ങിയ വാഗ്ദാനങ്ങളുമായി ആളുകളെ കെണിയിൽ വീഴ്ത്തുകയാണ് ഇത്തരം വെബ് സൈറ്റുകൾ. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളടക്കമുള്ള വിവരങ്ങൾ ഇതുവഴി തട്ടിപ്പുകാർ ചോർത്തുന്നതായും മൈംകാസ്റ്റ് മുന്നറിയിപ്പ് നൽകുന്നു.
സ്ട്രീമിങ് സേവനങ്ങളെ അനുകരിക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവുണ്ടായതായി മൈം ക്രാഫ്റ്റിന്റെ ഇലക്ട്രോണിക് ക്രൈം വിഭാഗം തലവൻ കാൾ വിയേൺ പറയുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾക്ക് പുറമേ പേരും വിലാസവും ഫോൺ നമ്പറും അടക്കമുള്ള മറ്റ് വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
കോവിഡ് ഭീതിയെ മുതലെടുത്ത് തട്ടിപ്പുകാർ
വ്യാജ വീഡിയോ സ്ട്രീമിങ് വെബ്സൈറ്റുകൾ വഴി മാത്രമല്ല കോവിഡ് കാലത്ത് മറ്റ് അനേകം വഴികളിലൂടെയും സൈബർ കുറ്റവാളികൾ പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്നുണ്ട്. കോവിഡ് ഭീതിയെ മുതലെടുത്ത് പണം തട്ടുന്നവരെക്കുറിച്ചുള്ള റിപോർട്ടുകൾ ഇതിനകം പുറത്തുവന്നിരുന്നു. വ്യാജ കോവിഡ് ട്രാക്കിങ് വെബ്സൈറ്റുകളിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യാജ കോവിഡ്-19 ആപ്പുകൾ വഴിയുള്ള തട്ടിപ്പായിരുന്നു അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ട മറ്റൊരു സൈബർ ക്രൈം. എന്നാൽ ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതോടെ പ്രശ്നത്തിന് ഭാഗിക പരിഹാരം കാണാൻ സാധിച്ചിരുന്നു. സർക്കാരുകളോ ഔദ്യോഗിക ഏജൻസികളോ മാത്രം വികസിപ്പിച്ച കോവിഡ് ആപ്പുകൾ മാത്രം അനുവദിക്കുന്ന തരത്തിൽ ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
'കുടുംബാംഗങ്ങളിലൊരാളിലേക്ക് കൊറോണ വൈറസ് പടർത്തും'
ലോകാരോഗ്യ സംഘടനയുടെ ഉദ്യോസ്ഥരായി ഭാവിച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചും അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. സുരക്ഷിതമല്ലാത്ത വെബ്സൈറ്റ് ലിങ്കുകളും ഡൗൺലോഡ് ലിങ്കുകളും നൽകി, ഉപഭോക്താക്കൾ അത് ക്ലിക്ക് ചെയ്യുമ്പോൾ ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ അപകടകരമായ സോഫ്റ്റ്വെയറുകൾ എത്തുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പുകാർ പ്രവർത്തിച്ചിരുന്നത്.
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളിലൊരാളിലേക്ക് കൊറോണ വൈറസ് പകർത്തും എന്നു പറഞ്ഞുകൊണ്ടുള്ള റാൻസം വെയർ ആക്രമണങ്ങളും അടുത്തിടെ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ ചിത്രങ്ങൾ കൈവശമുണ്ടെന്നും അത് പുറത്തുവിടാതിരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്ന സൈബർ കുറ്റകൃത്യ സംഘങ്ങളായിരുന്നു കൊറോണ വൈറസ് പടർത്തുമെന്ന ഭീഷണിയുമായി കോവിഡ് കാലത്ത് കളം മാറ്റി ചവിട്ടിയത്.
Read More: Scam alert: Fake Netflix, Disney+ websites stealing user information, credit card details
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.