ന്യൂഡൽഹി:
സൂം സുരക്ഷിതമല്ലെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. നേരത്തേ ഇന്ത്യയുടെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട് ഇൻ) സൂമിന്റെ സുരക്ഷാ, സ്വകാര്യതാ പ്രശ്നങ്ങളെക്കുറിച്ച് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർ ഔദ്യോഗിക ആവശ്യങ്ങൾക്കായി സൂം ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സൂം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർ സുരക്ഷയ്ക്കായി അതിലെ ചില ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു.
Also Read: അത് വേണ്ട; സുരക്ഷാ കാരണങ്ങളാൽ തൊഴിലാളികൾ ‘സൂം’ ഉപയോഗിക്കണ്ടായെന്ന നിർദേശവുമായി ഗൂഗിൾ
കോവിഡ് വ്യാപനത്തെത്തുടർന്ന് സാമൂഹിക അകലം പാലിക്കേണ്ടി വന്നതോടെ ലോകത്താകെ സൂം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുത്തനയുള്ള വർധനവാണുണ്ടായത്. വീഡിയോ കോളുകളും മീറ്റിങ്ങുകളും മുതൽ സ്കൂൾ കോളജ് ക്ലാസ്സുകൾക്കായിവരെ കോവിഡ് കാലത്ത് സൂം ഉപയോഗിക്കുന്നുണ്ട്. കോവിഡ്-19 രോഗബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനാരംഭിച്ച മാർച്ച് മാസത്തിൽ പ്രതിദിനം 20 കോടി മീറ്റിങ്ങുകൾക്കായി ആപ്ലിക്കേഷൻ ഉപയോഗിച്ചതായി സൂം അധികൃതർ അവകാശപ്പെട്ടിരുന്നു. പ്രചാരം വർധിച്ചതോടെ സൂം ആപ്പിന് സുരക്ഷാ, സ്വകാര്യതാ പ്രശ്നങ്ങളുള്ളതായി പരാതികളുയരുകയും ചെയ്തു.
ഓൺലെെൻ യോഗങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾ കയറിവരുന്ന സൂം ബോംബിങ് എന്ന പ്രശ്നം ഈ ആപ്ലിക്കേഷനിൽ വരുന്നതായും പരാതികളുയർന്നിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് സൂം പിന്നീട് നടപടി സ്വീകരിച്ചു. സൂം ആപ്ലിക്കേഷനിലെ വെയിറ്റിങ് റൂം എന്ന ഓപ്ഷൻ വഴിയാണ് പ്രശ്നം പരിഹരിച്ചത്. മീറ്റിങ്ങുകൾക്കുള്ള ലിങ്ക് ലഭിച്ചവർ ജോയിൻ ചെയ്യാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്താൽ വെയിറ്റിങ് റൂമിലെത്തുന്ന തരത്തിലാണിത് ക്രമീകരിച്ചത്. തുടർന്ന് ഹോസ്റ്റിന്റെ അനുമതിയോടെ മാത്രമേ മീറ്റിങ്ങിന്റെ ഭാഗമാവാൻ സാധിക്കൂ. ഇതോടെ മീറ്റിങ്ങിൽ പെട്ടെന്ന് കയറി വരുന്നവരെക്കൊണ്ടുള്ള ശല്യം ഒഴിവാക്കാനാവുമെന്നും സൂം അധികൃതർ പറഞ്ഞിരുന്നു.
Also Read: ഗ്രൂപ്പ് കോളുകൾ എളുപ്പമാക്കി വാട്സ്ആപ്പ്, സൂം സുരക്ഷിതമാക്കാം
സൂം വീഡിയോ, വോയ്സ് കോളുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷനില്ലെന്നാണ് മറ്റൊരു പ്രശ്നം. ഉപഭോക്താക്കളുടെ ഇ മെയിൽ വിവരങ്ങൾ ചോർത്തുന്നുവെന്നും സൂം ആപ്പിനെതിരേ ആരോപണമുയർന്നിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ
വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൂം ഉപയോഗിക്കുന്നവർ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സൂം കോൺഫറൻസുകളിൽ അനധികൃതമായി ആരും കടന്നുവരാതിരിക്കുന്നതിനായി മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ മീറ്റിങ്ങിനും വ്യത്യസ്ത യൂസർ നെയിമും പാസ്വേഡും ഉപയോഗിക്കണം, വെയിറ്റിങ് റൂം ഫങ്ഷൻ പ്രവർത്തനക്ഷമമാക്കി വയ്ക്കണം, മീറ്റിങ്ങിന് ആതിഥേയത്വം വഹിക്കുന്ന ആൾ മാത്രമേ സ്ക്രീൻ ഷെയർ ചെയ്യാവൂ എന്നീ നിർദേശങ്ങൾ മന്ത്രാലയം മുന്നോട്ടു വയ്ക്കുന്നു. ഫയൽ ട്രാൻസ്ഫർ ഫങ്ഷൻ നിയന്ത്രിക്കുകയോ ഡിസേബിൾ ചെയ്യുകയോ വേണം, മീറ്റിങ്ങിൽ നിന്ന് മാറ്റിയവരെ വീണ്ടും പ്രവേശിപ്പിക്കരുത്, മീറ്റിങ്ങിൽ പങ്കെടുക്കാനുള്ള എല്ലാവരും എത്തിച്ചേർന്നാൽ പുതിയ ആളുകൾക്ക് പങ്കെടുക്കാനാവാത്ത തരത്തിൽ മീറ്റിങ് ലോക്ക് ചെയ്യുക, മീറ്റിങ് റെക്കോഡ് ചെയ്യാനുള്ള ഫീച്ചർ നിയന്ത്രിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
Read More: Zoom is not safe, says MHA in new guidelines; issues advisory for individuals