ന്യൂഡൽഹി: ജനപ്രിയ മെസെഞ്ചർ സേവനമായ വാട്‌സാപ്പ് പുതിയ പതിപ്പുകളിൽ ഗ്രൂപ്പ് കോൾ പരിധി വർധിപ്പിക്കുന്നതിന് പുറമേ കൂടുതൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയേക്കും. അടുത്തിടെ വാട്‌സാപ്പ് ഡാർക്ക് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒരു ഫീച്ചറായിരുന്നു അത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ, മെസേജുകൾ ഫോർവേഡ് ചെയ്യുന്നതിൽ വാട്‌സാപ്പ് നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു.
ഇപ്പോൾ കോവിഡ്-19 ഭീഷണിയെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ ലോക്ക്ഡൗണുകളും സാമൂഹിക അകല നിയന്ത്രണങ്ങളും വന്നതോടെ വാട്‌സാപ്പിന്റെ ഗ്രൂപ്പ് വീഡിയോ കോളിങ്ങിനും വോയ്സ് കോളിങ്ങിനും ആവശ്യക്കാർ വർധിച്ചു. പക്ഷേ നാലുപേരിലധികം ആളുകളെ ഗ്രൂപ്പ് കോളുകളിൽ ഉൾപ്പെടുത്താനാവില്ല എന്ന പരിമിതി വാട്‌സാപ്പ് ഉപഭോക്താക്കളെ നിരാശരാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പുതിയ പതിപ്പിൽ വർധിച്ചേക്കും. ആപ്പിന്റെ പുതിയ അപ്ഡേറ്റ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.
ഗ്രൂപ്പ് കോൾ പരിധി
വോയ്സ്, വീഡിയോ കോളുകളിൽ ഉൾപ്പെടുത്താവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കാൻ വാട്‌സാപ്പ് തീരുമാനിച്ചതായി ഡബ്യുഎ ബീറ്റ ഇൻഫോ എന്ന ടെക്നോളജി ബ്ലോഗ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ചു ചർച്ചചെയ്യുന്ന ബ്ലോഗാണ് ഡബ്യുഎ ബീറ്റ ഇൻഫോ. ഗ്രൂപ്പ് കോളുകളിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ് എന്നും നാലിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ ആ പരിധി വർധിപ്പിക്കാൻ അവർ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാട്‌സാപ്പിന്റെ പുതിയ പതിപ്പിൽ എത്ര പേരെയാണ് വോയ്സ് കോളിൽ ഉൾപ്പെടുത്താനാവുക എന്ന കാര്യം ബ്ലോഗിൽ കൃത്യമായി പറയുന്നില്ല.
ആറിനും 12നും ഇടയിൽ ആളുകൾക്കാവും ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കാനാവുക എന്ന തരത്തിലുള്ള സൂചന മാത്രമാണ് ഡബ്ല്യുഎ ബിറ്റ ഇൻഫോ പങ്കുവയ്ക്കുന്നത്. മിക്കവാറും ആറുപേർ ചിലപ്പോൾ എട്ടോ പത്തോ പന്ത്രണ്ടോ പേർ എന്നാണ് ബ്ലോഗ് പോസ്റ്റിൽ പറയുന്നത്. വാട്‌സാപ്പ് ഫീച്ചറുകളിൽ കൂടുതൽ മാറ്റം പ്രതീക്ഷിക്കാമെന്നും ബ്ലോഗിൽ പറയുന്നു.
ഒന്നിൽ കൂടുതൽ ഉപകരണങ്ങളിലെ ഉപയോഗത്തിനുള്ള പിന്തുണ
നിലവിൽ ഒരു ഫോണിലോ, ടാബ്ലറ്റിലോ ആണ് വാട്‌സാപ്പ് ഒരു സമയം ലോഗിൻ ചെയ്യാൻ പറ്റുക. ഇതിനൊപ്പം ബ്രൗസറിലോ ഡെസ്ക്ടോപ്പ് ആപ്പിലോ വാട്സ്ആപ്പ് വെബ് പതിപ്പും ഉപയോഗിക്കാം. എന്നാൽ ഒന്നിലധികം ഫോണുകളിലോ ടാബുകളിലോ ഒരേസമയം ലോഗിൻ ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഒന്നിലധികം ഫോണുള്ളവർക്ക് ഉപകാരപ്പെടുന്ന ഫീച്ചറാണിത്.
ഫോണില്ലെങ്കിലും വാട്‌സാപ്പ്
വാട്‌സാപ്പ് വെബ് നിലവിൽ ഫോണിലെ ആപ്പിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വാട്‌സാപ്പ് വെബ് വഴി ഡെസ്ക്ടോപ്പിൽ നിന്ന് ചാറ്റ് ചെയ്യാനും മെസേജുകൾ പരിശോധിക്കാനുമൊക്കെ സാധാക്കും. പക്ഷേ ഇതിന് ഫോൺ ഇൻറർനെറ്റുമായി കണക്ടഡ് ആയിരിക്കണം. ഫോണിലെ ഇൻറർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാൽ വാട്‌സാപ്പ് വെബിൽ പിന്നെ പുതുതായി വരുന്ന മെസേജുകൾ കാണാനോ ആർക്കെങ്കിലും സന്ദേശമയക്കാനോ സാധിക്കില്ല.
Also Read: 40W ന്റെ വയർലെസ് ചാർജിങ്ങും സ്നാപ്ഡ്രാഗൻ 865 പ്രൊസസറും; ഒപ്പോ ഏസ് 2 വിന്റെ സവിശേഷതകൾ
ഈ പ്രശ്നം മറികടക്കാൻ, ഫോൺ ഓഫ് ആയാൽ പോലും വാട്‌സാപ്പ് വെബ് ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം പുതിയ വെർഷനുകളിലുണ്ടാവുമെന്ന് ഡബ്ല്യുഎ ബിറ്റ ഇൻഫോയിലെ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഇതിനായി യൂണിവേഴ്സൽ വിൻഡോസ് പ്ലാറ്റ്ഫോമാണ് വാട്‌സാപ്പ് തയ്യാറാക്കുന്നതെന്നും ബ്ലോഗിൽ പറയുന്നു.
അദൃശ്യമാവുന്ന മെസേജുകൾ
സ്നാപ് ചാറ്റ് പോലുള്ള ആപ്പുകളിലേതിന് സമാനമായി അദൃശ്യമാവുന്ന മെസേജുകളും വാട്‌സാപ്പ് പുതിയ പതിപ്പിൽ അവതരിപ്പിച്ചേക്കും. വാട്‌സാപ്പ് സ്റ്റാറ്റസ് പോലെ പ്രത്യേക സമയ പരിധി കഴിഞ്ഞാൽ ഇല്ലാതാവുന്ന തരത്തിലാവും ഇത്തരം സന്ദേശങ്ങൾ. ഈ ഫീച്ചർ എനേബിൾ ചെയ്താൽ നിശ്ചിത സമയം കഴിഞ്ഞാൽ നശിക്കുന്ന തരത്തിലുള്ള മെസേജുകളയക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.
സെർച്ച് ഇമേജ്
വാട്‌സാപ്പിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള ഫീച്ചറാണിത്. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ചിത്രങ്ങൾക്കടുത്ത് സെർച്ച് ഐക്കൺ കാണാൻ സാധിക്കും. ഈ ഐക്കൺ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് സെർച്ച് വഴി ചിത്രം പരിശോധിക്കാനാവും.
ഇൻ ആപ്പ് ബ്രൗസിങ്
വാട്‌സാപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പിലെ അപ്ഡേറ്റുകളിൽ ഇൻ ആപ്പ് ബ്രൗസർ സംവിധാനമുണ്ടാവുമെന്നാണ് സൂചന. വാട്‌സാപ്പിൽ ലഭിക്കുന്ന ലിങ്കുകൾ മറ്റൊരു ആപ്ലിക്കേഷനിലേക്ക് പോകാതെ വാട്‌സാപ്പിൽ തന്നെ തുറക്കാൻ കഴിയും. സുരക്ഷിതമല്ലാത്ത് വെബ് പേജുകൾ കണ്ടെത്താനും ഇതിനൊപ്പം സൗകര്യമുണ്ടാവും.