/indian-express-malayalam/media/media_files/uploads/2019/07/face-newface.jpg)
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചാറ്റിലുമടക്കം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഇപ്പോള്‍ ഫെയ്‌സ് ആപ്പ് ആണ് താരം. 2017 ജനുവരിയില്‍ പുറത്തിറങ്ങിയ ഫെയ്‌സ് ആപ്പ് ആപ്ലിക്കേഷനാണ് ഒരിടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ആപ് ഉപയോക്താക്കള്‍ക്ക് ‘വാര്‍ധക്യ’ ഫോട്ടോകള്‍ ഉണ്ടാക്കാന്‍ സാധ്യമാക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍.
റഷ്യന്‍ ഡെവലപ്പര്‍മാര്‍ നിര്‍മിച്ചതാണ് ഈ ആപ്ലിക്കേഷന്‍. എന്നാൽ ഫെയ്സ് ആപ്പിനെ കുറിച്ചുള്ള പരാതികളും ആശങ്കകളും ഇതിനൊപ്പം തന്നെ സജീവമായി. ഫെയ്സ് ആപ്പ് സ്വകാര്യതയിലേക്കു കടന്നു കയറുന്നതായാണ് പ്രധാന ആരോപണം. ആപ്പിന്റെ 'വ്യവസ്ഥകളിലും നിബന്ധനകളിലും' ഇത് വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
Read Also: ഫെയ്സ് ആപ്പ് പറയുന്നു, ഇതാണ് നിങ്ങളുടെ ലാലേട്ടൻ
ട്വിറ്ററില്‍ ഇപ്പോള്‍ തന്നെ ഇത് ചൂണ്ടിക്കാണിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നതിലുടെ നിങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രം എവിടെ വേണമെങ്കിലും ഉപയോഗിക്കാനുളള അനുമതി ആപ്പിന് നല്‍കുന്നുണ്ട്. വാണിജ്യ സംബന്ധമായും അപ്പോള്‍ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ചുരുക്കം.
Read More: ബോളിവുഡിനും ഫെയ്സ് ആപ്പ് ജ്വരം; ചിത്രങ്ങൾ കാണാം
ഒരു തവണ നമ്മള്‍ ആപ്പില്‍ ചിത്രം എഡിറ്റ് ചെയ്താല്‍ ഈ ചിത്രം പ്രചരണാടിസ്ഥാനത്തില്‍ ലോകത്ത് എവിടെ വേണമെങ്കിലും ആപ്ലിക്കേഷന്‍ ഉണ്ടാക്കിയ കമ്പനിക്ക് ഉപയോഗിക്കാനാവും. ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് ചിലപ്പോള്‍ നമ്മള്‍ പോലും അറിയില്ല. ചിലപ്പോള്‍ അത് റഷ്യയിലെ തിരക്കേറിയ നഗരത്തില്‍ ബില്‍ബോര്‍ഡ് ആയിട്ടാവാം. അങ്ങനെ ഉപയോഗിക്കപ്പെട്ടാല്‍ അതിനെ യാതൊരു തരത്തിലും ചോദ്യം ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് ആപ്ലിക്കേഷന്റെ വ്യവസ്ഥകളും നിബന്ധനകളും.
ഇനി ചിത്രത്തില്‍ ഏതെങ്കിലും തരത്തിലുളള പേര്, അതുപോലെയുളള മറ്റ് കാര്യങ്ങള്‍, ശബ്ദം, രൂപം എന്നിവ ഉണ്ടെങ്കിലും ഇതും കമ്പനിക്ക് എവിടെ വേണമെങ്കിലും ഉപയോഗിക്കാനാവുമെന്നും ആണ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ നമ്മള്‍ അനുവാദം നല്‍കുന്നത്. 'വാണിജ്യാടിസ്ഥാനത്തില്‍ ഈ ചിത്രങ്ങള്‍ കമ്പനിക്ക് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരിക്കും' എന്നും നിബന്ധനകളില്‍ പറയുന്നുണ്ട്. ആപ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങളൊക്കെയും പൊതുവായി ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും.
കൂടാതെ നമ്മുടെ ലൈബ്രറിയില്‍ നിന്നും എഡിറ്റ് ചെയ്യാനായി എടുക്കുന്ന ചിത്രം ആപ്ലിക്കേഷനില്‍ മാത്രമല്ല സേവ് ചെയ്യപ്പെടുന്നത്, ഇത് നേരെ ക്ലൗഡിലേക്കാണ് അപ്‌ലോഡ് ചെയ്യപ്പെടുക. എന്നാല്‍ ഈ ചിത്രങ്ങള്‍ 48 മണിക്കൂറിനുളളില്‍ ഡിലീറ്റ് ചെയ്യുന്നതായി കമ്പനി വിശദീകരണം നല്‍കുന്നുണ്ട്. എന്നാല്‍ ക്ലൗഡ് സെര്‍വറില്‍ സേവ് ചെയ്യുന്ന ചിത്രം ഡിലീറ്റ് ചെയ്യുമോയെന്ന് 'വ്യവസ്ഥകളിലും നിബന്ധനകളിലും' പരാമര്‍ശിക്കുന്നില്ല. കൂടാതെ ഉപയോക്താവിന്റെ വിവരങ്ങള്‍ കമ്പനിയുമായി ബന്ധപ്പെട്ടുളള മറ്റ് പാര്‍ട്ടികള്‍ക്ക് വില്‍ക്കാനുളള അവകാശവും ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.