/indian-express-malayalam/media/media_files/uploads/2022/08/charger-1.jpg)
നിങ്ങളുടെ ഐഫോണ്‍, ആന്‍ഡ്രോയ്‌ഡ് ടാബ്‌ലെറ്റ്, വിന്‍ഡോസ് 11 ലാപ്‌ടോപ്പ് എന്നിവയെല്ലാം ഒരൊറ്റ ചാര്‍ജര്‍ കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കുമോ? ഇത് എളുപ്പത്തില്‍ സാധ്യമല്ല, എന്നാല്‍ ഭാവിയില്‍ ഇത് സാധ്യമായേക്കും. ഗാഡ്ജറ്റ്‌സുകള്‍ക്ക് 'പൊതുവായ ചാര്‍ജര്‍' എന്ന ആശയം െകാണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യവസായ പങ്കാളികളെ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുകയാണ്.
നവംബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 26) പ്രധാനമന്ത്രി പ്രഖ്യാപിച്ച ലൈഫ് - ലൈഫ് സ്‌റ്റൈല്‍ ഫോര്‍ ദ എന്‍വയോണ്‍മെന്റ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നീക്കം. കൂടാതെ, ഇന്ത്യയുടെ പുതുക്കിയ നാഷണല്‍ ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷനും (എന്‍ ഡി സി) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്‍ഡിസി പ്രകാരം, 2030-ഓടെ ജിഡിപിയുടെ തീവ്രത 45 ശതമാനം കുറയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്ത്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനായി മന്ത്രാലയം നീക്കങ്ങള്‍ നടത്തുന്നതായണ് റിപ്പോർട്ട്.
ഒന്നില്‍ കൂടുതല്‍ ഗാഡ്‌ജറ്റുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഒരോന്നിനും വ്യത്യസ്തമായ ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയ ഗാഡ്ജറ്റ്‌സുകള്‍ വാങ്ങുമ്പോള്‍ പഴയ ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് െചയ്യാന്‍ കഴിയാത്തതിനാല്‍ പുതിയവ വാങ്ങാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നുെവന്നും മന്ത്രാലയം ചൂണ്ടികാട്ടുന്നു.
വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇലക്ട്രോണിക്സ് പ്രോഡക്ട്സ് ഇന്നവേഷന്‍ കണ്‍സോര്‍ഷ്യം (ഇപിഐസി) ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് പങ്കാളികളെയും മന്ത്രാലയം പുതിയ ആശയം അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (എം എ ഐ ടി); ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ന്‍ഡസ്ട്രി (ഫിക്കി); കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ); അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം); കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (സി ഇ എ എം എ); ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മാനുഫാക്ചേഴ്‌സ് അസോസിയേഷന്‍ (ഐ ഇ ഇ എം എ) എന്നിവരെയാണു ക്ഷണിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് പുറമെ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി), വാരണാസി, ഇന്ത്യ സെല്ലുലാര്‍ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ഒറ്റ ചാര്‍ജര്‍ എന്ന ആശയം വരുന്നതോടെ ഇത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക ആപ്പിളിനെ ആയിരിക്കും. കാരണം ആപ്പിള്‍ ലൈറ്റിങ് പോര്‍ട്ടുകളാണ് ചാര്‍ജിങ്ങിനായി ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ചാര്‍ജിങ് കേബിളുകളാണ് ആപ്പിളിനുള്ളത്.
നിങ്ങള്‍ക്ക് ഒരു ഐഫോണും മാക്‌ബുക്ക് എയർ എം1 ഉം ഉണ്ടെങ്കില്‍ രണ്ട് വ്യത്യസ്ത ചാര്‍ജറുകള്‍ ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഐപാഡും മാക്ബുക്കും ഉണ്ടെങ്കില്‍, ഒരേ ടൈപ്പ്-സി കേബിളില്‍ നിന്ന് നിങ്ങള്‍ക്ക് അവ രണ്ടും ചാര്‍ജ് ചെയ്യാം. പുതിയ എം2-പവര്‍ മാക്ബുക്കുകളില്‍ ആപ്പിള്‍ അതിന്റെ പ്രശസ്തമായ ഗാഗ് സേഫ് ചാര്‍ജിങ് വീണ്ടും അവതരിപ്പിച്ചപ്പോള്‍ ടൈപ്പ്-സി ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ ഇവയും നിലനിര്‍ത്താന്‍ സാധാരണ ടൈപ്പ്-സി ചാര്‍ജിങ് ഉപയോഗിക്കാം.
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മികച്ച അഞ്ച് ബ്രാന്‍ഡുകളായ സാംസങ്, ഷവോമി, ഒപ്പോ, വിവോ, റിയൽമി എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ആപ്പിളിന്റെ ലൈറ്റ് പോര്‍ട്ട്. അഞ്ച് കമ്പനികളും ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുകളുള്ള ഫോണുകളിലേക്ക് മാറി. ഇപ്പോള്‍, ഓരോ ഉപകരണത്തിലും സപ്പോര്‍ട്ട് ചെയ്യുന്ന ചാര്‍ജിങ് വേഗത വ്യത്യസ്തമായിരിക്കാം, മിക്കതിനും താഴെ ഒരു ടൈപ്പ്-സി പോര്‍ട്ട് ഉള്ളതിനാല്‍, ചാര്‍ജറുകള്‍ പരസ്പരം മാറിമാറി ഉപയോഗിക്കാനാകും.
വാസ്തവത്തില്‍, സാംസങ് പോലുള്ള ബ്രാന്‍ഡുകള്‍ പരിസ്ഥിതി സുസ്ഥിരതയുടെ പേരില്‍ അവരുടെ ഉപകരണങ്ങളില്‍നിന്ന് ചാര്‍ജറുകളും കേബിളുകളും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. പഴയ ടൈപ്പ്-സി ചാര്‍ജറുകള്‍ പുതിയ ഫോണുകള്‍ക്കും ഉപയോഗിക്കാം. റെഡ്മി അല്ലെങ്കില്‍ റിയല്‍മി സീരീസ് പോലുള്ള മൈക്രോ-യുഎസ്ബി കേബിളുള്ള ചില പഴയ ബജറ്റ് ഫോണുകള്‍ വിപണിയിലുണ്ടെങ്കിലും ഇവയുടെ വില 10,000 രൂപയില്‍ താഴെയാണ്. 10,000 രൂപയ്ക്ക് മുകളിലുള്ള സെഗ്മെന്റ് പ്രധാനമായും ടൈപ്പ്-സി കേബിളാണ്.
ആമസോണിന്റെ ചില പഴയ കിന്‍ഡില്‍ ഇബുക്കുകള്‍ പത്താം ജനറേഷനിലുള്ളത് ഇപ്പോഴും വില്‍ക്കുന്നു - പഴയ മൈക്രോ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ക്കൊപ്പം വരുന്നു. എന്നിട്ടും, പുതിയ കിന്‍ഡില്‍ പേപ്പര്‍വൈറ്റ് സിഗ്‌നേച്ചര്‍ ടൈപ്പ്-സി യുഎസ്ബിയിലേക്ക് മാറി. യഥാര്‍ത്ഥ വയര്‍ലെസ് സ്റ്റീരിയോ (ടി ഡബ്ല്യു എസ്), ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ സെഗ്മെന്റില്‍ പോലും മിക്ക ബ്രാന്‍ഡുകളും ടൈപ്പ്-സി ചാര്‍ജിങ് വാഗ്ദാനം ചെയ്യുന്നു. വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ബജറ്റ് സെഗ്മെന്റ് ഇയര്‍ബഡുകള്‍ക്ക് പോലും ഇത് ബാധകമാണ്.
ഗാഡ്ജറ്റ്‌സുകള്‍ക്ക് 'ഒരു ചാര്‍ജര്‍' എന്ന ആശയം പുതിയതല്ല
ജൂണില്‍ യൂറോപ്യന്‍ യൂണിയനും 'ഒരു ചാര്‍ജര്‍' എന്ന ആശയം നിര്‍ദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്‌നം. കൂടാതെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ചാര്‍ജറുകള്‍ വാങ്ങേണ്ടിവരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിയമം പാസാക്കിയതിനുശേഷം മാത്രമേ പുതിയ
ആശയം നടപ്പിലാക്കൂ. നിയമം പാസാകുന്നതോടെ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് 24 മാസത്തെ ഗ്രേസ് പിരീഡ് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലാപ്ടോപ്പുകളുടെ കാര്യത്തില്‍, നിര്‍മാതാക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് 40 മാസം നല്‍കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us