രാജ്യതലസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ മോഷണം ഏറെക്കാലമായി സജീവമാണ്. കേസുകളുടെ എണ്ണത്തില്‍ പോയ വര്‍ഷത്തേക്കാള്‍ 11-15 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 28 വരെ 4,660 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഉപയോഗം തടയുന്നതിനായി ഇന്റർനെറ്റ് സേവന ദാതാക്കളുമായും ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായും ചേര്‍ന്ന് പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് ഡല്‍ഹി പൊലീസ്.
മൊബൈല്‍ ഫോണിന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡെന്റിറ്റി (ഐഎംഇഐ) ഉപയോഗിച്ചായിരിക്കും ഇത് ചെയ്യുക.
എന്താണ് ഐഎംഇഐ നമ്പര്‍?
ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡെന്റിറ്റി അല്ലെങ്കിൽ ഐഎംഇഐ എന്നത് ഒരു നെറ്റ്വർക്കിനുള്ളിലുള്ള മൊബൈല്‍ തിരിച്ചറിയാൻ ഉപയോഗിക്കുന്ന നമ്പറാണ്. ഇതിന് 15 അക്കങ്ങളുണ്ട്. നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ ഒരു കോൾ ചെയ്യുമ്പോഴോ, നിങ്ങളുടെ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കാൻ ഈ നമ്പർ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഒരു ഡ്യുവൽ സിം ഫോൺ ഉണ്ടെങ്കിൽ, നിങ്ങൾക്ക് രണ്ട് ഐഎംഇഐ നമ്പറുകൾ ഉണ്ടായിരിക്കും.
നിങ്ങളുടെ ഐഎംഇഐ നമ്പർ എങ്ങനെ പരിശോധിക്കാം?
മൊബൈല്‍ ഫോണിലും ഡിവൈസിന്റെ കവറിലും ഈ നമ്പര്‍ നിര്‍മ്മാതാക്കള്‍ പതിപ്പിക്കാറുണ്ട്. നിങ്ങളുടെ ഫോണിന്റെ പുറകിലായിരിക്കും ഇത് കാണുക.
ഐഎംഇഐ നമ്പര്‍ അറിയാന്‍ മറ്റൊരു എളുപ്പ വഴിയുമുണ്ട്, *#06# ഡയല് ചെയ്താല്‍ മതിയാകും. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ ഐഎംഇഐ തെളിഞ്ഞു വരും.
ഐഎംഇഐ നമ്പരിന്റെ ഉപകാരങ്ങള്‍
ഒരു ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാല്‍ പോലും മൊബൈല്‍ ബ്ലോക്ക് ചെയ്യാം. ഇതിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗശൂന്യമാക്കാന്‍ കഴിയും. കോള്‍ ചെയ്യാനോ സ്വീകരിക്കാനോ പിന്നീട് സാധിക്കില്ല.
പൊലീസിന് ഇത് എത്തരത്തിലാണ് ഉപാകപ്രദമാകുന്നത്
മോഷ്ടിക്കപ്പെട്ട എല്ലാ ഫോണുകളുടെയും വിവരങ്ങള്‍ ഉടനടി റജിസ്റ്റർ ചെയ്ത് ഞങ്ങളുടെ സർവറുകളിലും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്കിലും സിസ്റ്റത്തിലും (സിസിടിഎൻഎസ്) അപ്ലോഡ് ചെയ്യും. ഇതിലൂടെയാണ് ഫോണിന്റെ ഉപയോഗം തടയുന്നതെന്ന് ഡല്‍ഹി പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
“ഒരു മാസത്തെ പരീക്ഷണ കാലയളവിൽ, ഞങ്ങൾക്ക് 950 ലധികം ഐഎംഇഐ നമ്പറുകൾ/ഫോണുകൾ ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്ററിൽ (സിഇഐആർ) റജിസ്റ്റർ ചെയ്യാനുള്ള സഹായം പരാതിക്കാര്‍ക്ക് പൊലീസ് തന്നെയാണ് നല്‍കുന്നത്.
വെല്ലുവിളികള്‍
മോഷ്ടാക്കള്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യുന്നുവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഫോണുകളുടെ ഐഎംഇഐ നമ്പറുകളും മാറ്റാൻ കഴിയുന്ന ഒരു സോഫ്റ്റ്വെയർ ഉണ്ട്, അതിനാല്‍ പല ഫോണുകളും ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.