/indian-express-malayalam/media/media_files/uploads/2018/07/dhoni-4.jpg)
മൊഹാലി: ധോണിയെ വിമർശിക്കുന്നത് അവസാനിപ്പിക്കാതെ യുവരാജ് സിങ്ങിന്റെ അച്ഛൻ യോഗ്‌രാജ് സിങ്. ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ് സിങ് ആയിരുന്നെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു. യുവരാജിനെ മാറ്റിനിർത്തിയാണ് ധോണി ക്യാപ്‌റ്റനായതെന്നും വിധി ധോണിക്കൊപ്പം ആയിരുന്നെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. "വിധിയെന്ന് പറയാം, ഗാംഗുലിക്ക് ശേഷം യുവരാജ് ആയിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. പക്ഷേ, നറുക്ക് ധോണിക്ക് വീണു. ഗാംഗുലി പാകപ്പെടുത്തിയ ഒരു നല്ല ടീമിനെ നയിക്കുക മാത്രമാണ് ധോണിക്ക് ചെയ്യേണ്ടി വന്നത്," യോഗ്‌രാജ് പറഞ്ഞു.
"വിധിയാണ് എല്ലാം മാറ്റിമറിച്ചത്. ഗാംഗുലിക്ക് ശേഷം യുവിയായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. ഗാംഗുലി വാർത്തെടുത്ത ടീമിനെയാണ് ധോണി നയിച്ചത്. എല്ലാംകൊണ്ടും പൂർണതയുള്ള ടീമിനെയാണ് ധോണിക്ക് ലഭിച്ചത്. ഏഴാം റാങ്കിൽ നിന്നിരുന്ന ഒരു ടീമിനെയാണ് ഗാംഗുലി നയിച്ചത്. ഏഴാം റാങ്കിൽ നിന്ന് ഇന്ത്യയെ ഉയർത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണ്. എന്താണ് ഗാംഗുലിയെ ആരും കുറ്റം പറയാത്തത്? ഞാൻ പല വീഡിയോകൾ കണ്ടിരുന്നു. യുവരാജ്, സെവാഗ്, ഗംഭീർ തുടങ്ങിയ താരങ്ങൾ പ്രത്യക്ഷത്തിലും പരോക്ഷമായും ധോണിയെ വിമർശിച്ചിട്ടുണ്ട്. എന്നാൽ, ഗാംഗുലിയെ ആരും വിമർശിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല. കാരണം, ഗാംഗുലി യുവതാരങ്ങളെ വേണ്ടവിധം പരിഗണിച്ചിരുന്നു. എല്ലാവരും ഗാംഗുലിയെ വാനോളം പുകഴ്‌ത്തുന്നതും അതുകൊണ്ടാണ്. യുവരാജ്, കൈഫ്, ഗംഭീർ, ഹർഭജൻ സിങ്, സഹീർ ഖാൻ, സെവാഗ് തുടങ്ങിയ താരങ്ങളെ കണ്ടെത്തിയതും വളർത്തിക്കൊണ്ടുവന്നതും ഗാംഗുലിയാണ്. ഒരു പുതിയ ടീമിനെ ഗാംഗുലി വാർത്തെടുക്കുകയായിരുന്നു." യോഗ്‌രാജ് സിങ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/06/yograj-yograj-singh.jpg)
Read Also: മദ്യം വീട്ടിലെത്തിക്കാൻ സൊമാറ്റോ; അപേക്ഷ നൽകി
കഴിഞ്ഞ ദിവസം ധോണിയെയും വിരാട് കോഹ്‌ലിയെയും അതിരൂക്ഷമായി വിമർശിച്ച് യോഗ്രാജ് സിങ് രംഗത്തെത്തിയിരുന്നു. “വിരാട് കോഹ്‌ലിക്കും എം.എസ്.ധോണിക്കുമൊപ്പം സെലക്ടർമാർ പോലും യുവരാജിനെ ഒറ്റുകൊടുത്തു. അടുത്തിടെ രവി ശാസ്ത്രിയെ കണ്ടപ്പോൾ എല്ലാ മികച്ച കളിക്കാർക്കും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി യാത്രയയപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. ധോണി, കോഹ്‌ലി, രോഹിത് എന്നിവർ വിരമിക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിനായി അവർ വളരെയധികം ചെയ്തതിനാൽ അവർക്ക് നല്ലൊരു യാത്രയയപ്പ് തന്നെ വേണമെന്ന് ബോർഡിനോട് ആവശ്യപ്പെടുകയാണ്. ഇവരിൽ പലരും അവനെ പിന്നിൽ നിന്ന് കുത്തിയവരാണ്,” യോഗ്‌രാജ് പറഞ്ഞു.
ഇന്ത്യൻ സെലക്ടർമാരെയും കടുത്ത ഭാഷയിലാണ് യോഗ്‌രാജ് വിമർശിച്ചത്. പ്രത്യേകിച്ച് മുൻ സെലക്ടറായിരുന്ന ശരൻദീപ് സിങ്. എപ്പോഴും യുവരാജിനെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തി. “ക്രിക്കറ്റിന്റെ എബിസി പോലും അറിയാത്തവരിൽ നിന്നും ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. യുവരാജ് വീണ്ടും കളിക്കുന്നതിൽ എല്ലാരും ആകുലരായിരുന്നു,” യോഗ്‌രാജ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.