ന്യൂഡൽഹി: മദ്യവിതരണത്തിന് തയ്യാറായി ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. മദ്യം വീട്ടിലെത്തിക്കാൻ തയ്യാറാണെന്ന് കാണിച്ച് സൊമാറ്റോ അപേക്ഷ നൽകി. ആദ്യഘട്ടമായി ഇന്റർനാഷണൽ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്‌ക്കാണ് സൊമാറ്റോ ശുപാർശ നൽകിയിരിക്കുന്നത്. രാജ്യം സമ്പൂർണ അടച്ചുപൂട്ടലിൽ ആയതിനാൽ മദ്യം വീടുകളിലെത്തിക്കാനുള്ള സജ്ജീകരണത്തെ കുറിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതിനിടെയാണ് സൊമാറ്റോ രംഗത്തെത്തിയത്.

സമ്പൂർണ അടച്ചുപൂട്ടൽ തുടങ്ങിയതിനു പിന്നാലെ ചിലയിടത്ത് പച്ചക്കറി വിതരണവും സൊമാറ്റോ ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സൊമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.

Read Also: കോവിഡ്-19 കേസുകൾ: 40,000 ത്തിൽ നിന്ന് 50,000 ത്തിലേക്ക് എത്തിയത് നാലു ദിവസം കൊണ്ട്

അതേസമയം, മദ്യം വീട്ടുപടിക്കലെത്തിക്കാനുള്ള നടപടികൾ ഛത്തീസ്‌ഗഡ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക വെബ് പോർട്ടലും സർക്കാർ ആരംഭിച്ചു. ഛത്തീസ്‌ഗഡ് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഹോം ഡെലിവറിയുടെ ചുമതല വഹിക്കുക. മാർച്ച് 23 നു അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായ മേയ് മൂന്ന് തിങ്കളാഴ്‌ച വീണ്ടും തുറന്നത്. എന്നാൽ, പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് മദ്യശാലകൾക്ക് മുൻപിൽ വരി നിന്നത്.

സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ മദ്യവിൽപ്പന ഓൺലൈനായി നടക്കും. മൊബൈൽ വഴി ഓൺലൈനായി മദ്യം ഓർഡർ ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്ന് സിഎസ്എംസിഎൽ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. മൊബൈൽ നമ്പർ, ആധാർ നമ്പർ, മദ്യം എത്തിക്കേണ്ട സ്ഥലം എന്നിവയെല്ലാം ഓർഡർ ചെയ്യുമ്പോൾ പൂരിപ്പിക്കണം. ഒരാൾക്ക് അഞ്ച് ലിറ്റർ മദ്യം വരെ ഓൺലൈനായി ഓർഡർ ചെയ്യാം. ഡെലിവറി ചാർജ് 120 രൂപയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook