കൊറോണക്കാലത്ത് വിദേശത്ത് അകപ്പെട്ടുപോയ പ്രവാസികൾ ഇന്നു മുതൽ കേരളത്തിലേക്ക് മടങ്ങി തുടങ്ങുകയാണ്. കേരളത്തിൽ ഇന്ന് രണ്ട് വിമാനങ്ങൾ പ്രവാസികളുമായി എത്താനിരിക്കെ, നാട്ടിലേക്ക് മടങ്ങുന്നവര്‍ വിമാനത്തില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെ കുറിച്ച് പറയുകയാണ് നടിയും എയർഹോസ്റ്റസുമായ റീനു മാത്യൂസ്. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു റീനു മാത്യൂസ് ഇക്കാര്യം സംസാരിച്ചത്. എമിറേറ്റ്സിൽ എയർഹോസ്റ്റസ് ആയി ജോലി ചെയ്യുകയാണ് റീനു മാത്യൂസ്.
“ഓരോ എയർലൈൻസിനും കർശന നിയന്ത്രണങ്ങൾ ഉണ്ടാവും, അവ പാലിക്കുക. ഒപ്പം സർക്കാർ നൽകിയ ജാഗ്രതാനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര. കൊറോണ നെഗറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ റിപ്പോർട്ട് വേണം യാത്രക്കാരുടെ കയ്യിൽ. ഫ്ളൈറ്റിനകത്ത് ആണേലും സാമൂഹിക അകലം പാലിക്കുക. നാട്ടിൽ എത്തിയാലും പെട്ടെന്ന് ആളുകളുമായി ഇടപെടാതെ ക്വാറന്റെയിൻ പാലിക്കുക. വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ അവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണം, ക്വാറന്റെയിൻ സമയം കഴിയുന്നതു വരെ അവരുമായി കഴിവതും ഇടപെടാതെ ശ്രദ്ധിക്കുക,” റീനു മാത്യൂസ് പറഞ്ഞു.
അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് ഇന്ന് എത്തുക. നിലവിലെ സമയപ്പട്ടികയനുസരിച്ച് ദുബായിൽനിന്നുളള വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 171 യാത്രക്കാരാണ് ഈ വിമാനത്തിലെത്തുക.
വിമാനത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ മുതൽ കർശന നിയന്ത്രണങ്ങളാണ് ബാധകമായിട്ടുള്ളത്. വിമാനത്തിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാണ്. യാത്രക്കാർ പൂർണമായും സാമൂഹിക അകലം പാലിക്കണം. ലാൻഡിങ്ങിന് 45 മിനിറ്റ് മുമ്പ് വിമാനത്താവളത്തിലും ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അറിയിപ്പുണ്ടാകും. സ്വന്തം വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഫോമും നൽകും. ഇതു പൂരിപ്പിച്ച് ഹെൽപ് ഡെസ്കിൽ നൽകണം. 15-20 പേരെ ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കും. ഇറങ്ങും മുൻപ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധിയാക്കണം.
ഫ്ളൈറ്റ് ഓപ്പറേഷൻ ഇല്ലാതെയായതോടെ ദുബായിലെ ഫ്ളാറ്റിലാണ് റീനു മാത്യൂസ് ഇപ്പോൾ. “ലോക്ക്ഡൗൺ ആയതുകൊണ്ട് ഫ്ളൈറ്റ് ഓപ്പറേഷൻ ഇല്ല. പിന്നെയുള്ളത് ചിലയിടങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ കൊണ്ടുപോവാനുള്ള റിപ്രാട്ടിയേഷന്‍ ഫ്ളൈറ്റുകളും മരുന്നുകളും മറ്റും പലയിടങ്ങളിലായി എത്തിക്കാനുള്ള കാർഗോ ഫ്ളൈറ്റുകളുമാണ്. അത്തരം ഫ്ളൈറ്റുകളിൽ ഇതുവരെ എനിക്ക് ഡ്യൂട്ടി വന്നിട്ടില്ല. കൊറോണക്കാലത്തും നമ്മുടെ ആരോഗ്യപ്രവർത്തകരെ പോലെ തന്നെ കർമ്മനിരതരാണ് കാർഗോ ഫ്ളൈറ്റുകളിലെ കോക്പിറ്റ് ക്രൂ,” റീനു മാത്യൂസ് പറയുന്നു.
“മാർച്ച് 25 നാണ് ഞങ്ങളുടെ ഫ്ളൈറ്റ് സർവീസുകൾ നിർത്തലാക്കിയത്. അതിനു മുൻപ് ഒന്നു രണ്ടു തവണ ചൈനയിലേക്ക് ഫ്ളൈ ചെയ്തിരുന്നു. യാത്രക്കാരെല്ലാം മാസ്ക് ഉപയോഗിച്ച് സംസാരിക്കുന്നതുകൊണ്ട് ഫ്ളൈറ്റിന് അകത്തും സുരക്ഷിതമായി തോന്നി,” റീനു ചൈനയിൽ പോയ തന്റെ യാത്രാനുഭവവും പങ്കുവെച്ചു.
Read more: മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില്‍ എത്തിയത് ഐശ്വര്യ റായ്